എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പ്രണയം....
കൊറോണക്കാലത്തെ പ്രണയം....
കൊറോണക്കാലത്ത് എനിക്കൊരു പ്രണയമുണ്ടായി.. വെറും പ്രണയമല്ല,.ഒരൊന്നൊന്നര പ്രണയം.. പള്ളിക്കൂടത്തിലായിരുന്നെങ്കിൽ പ്രണയമെന്ന് കേട്ട് എല്ലാരും കൂടി എന്നെ പഞ്ഞിക്കിട്ടേനെ.. ലോക് ഡൗൺ കാലമല്ലേ? അടുക്കാനായി അകലം പാലിക്കുന്നതിനിടയിലാണ് എനിക്കീ അടുപ്പമുണ്ടായത്. എന്റെ കണ്ണെത്തും ദൂരത്ത് ഇങ്ങനെയൊരു സുന്ദരി ഉണ്ടായിരുന്നത് എന്തുകൊണ്ട് ഞാനിത്ര നാളും കണ്ടില്ലെന്നോർത്ത് എനിക്ക് ലജ്ജ തോന്നി. പാടത്തും പറമ്പിലും പള്ളിക്കൂട യാത്രകളിലും വേലിപ്പുറങ്ങളിലും ഒക്കെ വച്ച് ഞാനവളെ എത്രയോ വട്ടം കണ്ടതാണ്. എന്നിട്ടും.. അപ്പോഴെല്ലാം പാണ്ടി ലോറി കയറി വരുന്ന പരിഷ്ക്കാരി പെണ്ണുങ്ങളോടായിരുന്നു എനിക്ക് പ്രിയം,.. പണിക്കു വന്ന ബംഗാളിച്ചെക്കൻമാർ കോവിഡ് വിരസതയകറ്റാൻ അവളെ ഒളിഞ്ഞും തെളിഞ്ഞും നോക്കി... അതെനിക്കത്ര പിടിച്ചില്ല.. ഇനി ഇവൻമാർ.....? വിരുന്നുകാർ വീട്ടുകാരായ ചരിത്രവും നമുക്കുണ്ട്.. കോ വിഡ് വിരസതയിൽ എന്റെ പ്രണയം വളർന്നു.പ്രണയത്തിന് കണ്ണില്ലെന്ന് പറഞ്ഞവ നാരാണ്? കണ്ണും മൂക്കും ഒന്നുമില്ലെന്ന് എനിക്ക് തോന്നി. അവളെന്റെ അടുക്കളയിലെ നിത്യസാന്നിധ്യമായി മാറിയത് എത്ര പെട്ടന്നാണ്.' അമ്മക്ക് അവളില്ലാതെ പറ്റില്ലെന്നായി... അമ്മയിലൂടെ അവളിലേക്കുള്ള ദൂരം കുറയുന്നതിൽ ഞാൻ രഹസ്യമായി സന്തോഷിച്ചു.. അങ്ങനെ ആനന്ദ ലോലുപനായി കോവിഡ് ദിനങ്ങൾ കടന്നു പോകുന്നതിനിടയിലാണ് പെട്ടന്നത് സംഭവിച്ചത്.. അലസമായൊരു സായാഹ്നത്തിൽ, അയൽപക്കത്തെ ബംഗാളിച്ചെക്കന്റെ ആർത്തിപ്പിടിച്ച കഴുകൻ കണ്ണുകൾ അവളിലേക്ക് നീണ്ട് ചെന്നതും... എന്റെ സമനില തെറ്റി.പീടിന്റെ പിന്നാമ്പുറത്തേക്ക് ഞാൻ ചാടിയിറങ്ങി പുറകിൽ നിന്നും അമ്മ... മോനേ. അതിഥികളല്ലേടാ... കൊണ്ടു പൊയ്ക്കോട്ടെ... അതിഥി ദേവോ ഭവ: എന്നല്ലേ.. തകർന്നു തരിപ്പണമായ ഞാനാ പ്ലാവിൻ ചോട്ടിൽ തകർന്നിരുന്നു. ചക്കക്കുപ്പുണ്ടോ,,, എന്ന് പാടിക്കൊണ്ട് ഒരു കിളി എന്റെ തലക്കു മീതേ പറന്നു പോയി ഞാനാ പ്ലാവിലേക്ക് നോക്കി. ചെറുതും വലുതുമായ നിരവധി ചക്ക സുന്ദരികൾ. എന്റെ പ്രണയം കിട്ടാതെ പോയവർ... എന്റെ വീടിന്റെ പിന്നാമ്പുറത്ത്... വീട്ടുമുറ്റത്തെ ചക്കയെ പ്രണയിക്കാൻ ഒരു കൊറോണക്കാലം വരെ കാത്തിരിക്കേണ്ടി വന്നതോർത്ത് ഞാൻ പശ്ചാത്തപിച്ചു. പ്ലാവിൻ ചോട്ടിൽ, കാലാകാലങ്ങളായി വീണു മരിച്ച ആയിരം ചക്കകളേ... മാപ്പ്,...
|