സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ധർമ്മസങ്കടങ്ങൾ
ധർമ്മസങ്കടങ്ങൾ
ഉച്ചയൂണ് കഴിഞ്ഞ് ഒന്നു നടു നീർത്താൻ കിടന്നതാണ് ഭവാനിയമ്മ.പുറത്തെന്തോ വീണുടയുന്ന ശബ്ദം .ഒച്ചകേട്ട് ഞെട്ടിയുണർന്ന് ഭവാനിയമ്മ ചാരിയിട്ട വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ കണ്ടു - പൂമുഖത്തെ ഘടികാരം നിലത്ത് പൊട്ടി ചിതറികിടക്കുന്നു.അരഡസൻ പേരക്കുട്ടികൾ ഉള്ള വീടാണ് .'കൃത്യം' നടന്നശേഷം ഒരെണ്ണത്തിനെയും കാണാനില്ല. കള്ളത്തിരുമാലികൾ ! ഇനി എവിടെ തിരഞ്ഞാലും ഒന്നിനെയും കണ്ടെത്താൻ കഴിയില്ല.അതാണല്ലൊ പതിവ്.നിലത്തുവീണ ചില്ലു പൊടികൾ സസൂക്ഷ്മം പെറുക്കിയെടുക്കുമ്പോൾ ഭവാനിയമ്മയുടെ മനസ്സ് ഗഥകാലങ്ങളിലൂടെ സഞ്ചരിച്ചുതുടങ്ങി. കഴിഞ്ഞയാണ്ടിലെ മഹാപ്രളയത്തിലാണ് തന്റെ പ്രാണനായ ഗോപാലേട്ടനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടത്. വിദേശത്തുള്ള മക്കൾക്കാർക്കും അന്ന് വരാനോ അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാനോ നേരമുണ്ടായില്ല. അയൽക്കാരൻ ബാലുവാണ് ശേഷക്രിയകൾ ചെയ്തത്. എന്നിട്ടിപ്പോൾ 'കൊറോണ'യാന്നും പറഞ്ഞ് പെട്ടിയും കിടക്കേമെടുത്ത് വന്നിരിക്കുന്നു! ആർക്കും ഒരു തിരക്കുമില്ല. എങ്ങും പോകുകേം വേണ്ട. പടുവികൃതികളായ കൊച്ചുമക്കൾ. ഇവരിൽ പലരേം ഗോപാലേട്ടൻ കണ്ടിട്ടുപോലുമില്ല. എത്ര ആശിച്ചതാ ആ മനുഷ്യൻ .പാവം! അതിനെങ്ങനാ ആർക്കും നേരമില്ലല്ലോ? ഒാർമ്മപ്പെയ്ത്തിൽ ഒഴുകിയിറങ്ങിയ മിഴിനീർച്ചാലുകൾ. മുണ്ടിന്റെ കോന്തലയിൽ ഒപ്പിയെടുത്ത് അവരടുക്കളയിലേക്ക് നടന്നു. വെെകീട്ടത്തെ അത്താഴത്തിനൊരുക്കണ്ടേ ? മരുമക്കൾക്ക് കേരളാഫുഡ് കുക്ക് ചെയ്യാനറിയില്ല പോലും ! എന്തായാലും തിന്നണേന് കുറവൊന്നും കാണാനില്ല.തികട്ടിവന്ന ഈർഷ്യ ഉള്ളിലൊതുക്കി അവർ കർത്തവ്യബോധമുള്ള ഗൃഹനായികയായി.'കൊറോണ' കൊലയാളിയാണേലും മരിക്കണേന് മുമ്പ് മക്കളെയൊക്കെയൊന്ന് അടുത്ത് കാണാനായല്ലോ ഭഗവാനേ...! അവർ നെടുവീർപ്പിട്ടു. അച്...ഛമ്മേ... കൊഞ്ചലോടെയുള്ള വിളികേട്ട് അവർ തലയുയർത്തി നോക്കി.കൂട്ടത്തിൽ ഇളയവനായ മൂന്നുവയസ്സുകാരൻ ഉണ്ണിക്കുട്ടനാണ്. കയ്യിൽ പൊട്ടിയ ചില്ലുഗ്ലാസ്സുമായി വന്നുനിൽപ്പാണ്.. അച്...ഛമ്മേ... എനിച്ചി കാച്ചീ തന്നെ പാല് മേണം... വാശിക്കാരനെ വാരിയെടുത്ത് നെറുകയിലൊരുമ്മ കൊടുത്തു. കുഞ്ഞിന്റെ അമ്മ സീരിയലിൽ മുഴികിയിരിപ്പാണ്.സാരമില്ല. സൂത്രത്തിൽ പൊട്ടിയ ഗ്ലാസ്സ് വാങ്ങിച്ചെടുത്തു. മറ്റൊരു ഗ്ലാസ്സിൽ പാൽ നൽകുമ്പോൾ ഒരു നടുക്കത്തോടെ ഭവാനിയമ്മയോർത്തു. ഈ നില തുടർന്നാൽ ഈ വീട്ടിലിനി പൊട്ടാത്ത വല്ല പാത്രവും ഉണ്ടാകുമോ? ഒരാഴ്ചകൊണ്ട് പൊട്ടിത്തീർന്ന പാത്രങ്ങൾക്ക് കയ്യും കണക്കുമില്ല..... 'കൊറോണ' വരാൻ കണ്ടൊരു നേരം. ഭവാനിയമ്മ അറിയാതെ പറഞ്ഞുപോയി. ഇനിയെന്നാണൊ കൊറോണയുടെ മടക്കയാത്ര? അല്ലേലും ഒന്നിനുമിപ്പൊ ഒരു നിശ്ചയമില്ലാണ്ടായല്ലോ. ന്റെ ഈശ്വരന്മാരെ, സ്വയം പിറുപിറുത്തുകൊണ്ട് ഭവാനിയമ്മ അടുക്കളസാമ്രാജ്യത്തിലേക്ക്........
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ