കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ടീച്ചറുടെ പേജ്

Schoolwiki സംരംഭത്തിൽ നിന്ന്


ടീച്ചറുടെ പേജ്


2. ഇന്ന് ജനവരി 30. കൃത്യം 62 വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു സായന്തനം. ഘടികാരസൂചികള്‍ പോലെ കൃത്യം ചലിക്കുന്ന ആ മനുഷ്യപുത്രന്‍, അല്ല മനുഷ്യരാശിക്ക് ഗോചരമായ ദേവന്‍ വൈകീട്ടത്തെ പ്രാര്‍ത്ഥനക്കായി തന്റെ ജീവിക്കുന്ന ഊന്നുവടികളായ മനുവിന്റേയും ആഭയുടെയും ചുമലില്‍ മെല്ലിച്ച കരങ്ങള്‍ ചുറ്റി നടന്നു നീങ്ങി. ആ മിഴികള്‍ ആകാശത്തേക്കു നീണ്ടു,.... അല്പം താമസിച്ചുവോ....?. സന്ദേഹത്തോടെ പതിവു തെറ്റിച്ച് പുല്‍ത്തകിടിയിലൂടെ തിടുക്കത്തില്‍ പ്രാര്‍ത്ഥനാ സ്ഥലത്തേക്ക്, സ്നേഹത്തോടെ ആരാധകര്‍ക്ക് ചെറുമന്ദഹാസം നല്‍കി, ആദരവിന്റെ നറുകണികള്‍ ചൊരിഞ്ഞ് നീങ്ങി.
ഗാന്ധിക്കും സഹായികള്‍ക്കും അതൊരു പതിവു കാഴ്ചയാണ്, അനുഭവമാണ്. പരാതി പറയുന്നവര്‍, പരിഭവത്തോടെ കേഴുന്നവര്‍, ഒന്നു ദര്‍ശിച്ച് സായൂജ്യമടയുന്നവര്‍, കരം സ്പര്‍ശിച്ച് നിര്‍വൃതിയടയുന്നവര്‍,.... ചിലര്‍ക്ക് കാല്‍ക്കല്‍ വീണെങ്കിലേ മതിയാകൂ. അതേ അന്നും ആ ദേവപദം തേടിയ മനുഷ്യസഹസ്റങ്ങള്‍ അങ്ങനെ തന്നെ വികാരപ്രകടനങ്ങള്‍ നടത്തി. ഒരു രാജ്യം മുഴുവന്‍ കാല്‍ക്കല്‍ അടിയറ വെച്ചിട്ടും പിതാവിന്റെ വാക്ക് പാലിക്കാന്‍ 14 സംവത്സരം കാടുപൂകിയ ശ്രീരാമനായിരുന്നു മാതൃക. ആ മര്യാദാപുരുഷോത്തമന്റെ ജീവരൂപമായി ഗാന്ധിയെ ഭാരതം കാണ്ടു,... അല്ല ലോകം കാണാന്‍ തുടങ്ങി.
മഹാത്മാ ....മഹാത്മാ എന്ന മന്ത്രോച്ഛാരണങ്ങള്‍ ഉച്ചണ്ഡം എങ്ങും മുഴങ്ങവെ, ജനാരണ്യത്തിന്റെ മറവില്‍ നിന്നും ഒരാള്‍ നമസ്കരിക്കാനെന്നവണ്ണം മുന്നോട്ടു വന്നു. അയാളുടെ അസാധാരണ തിടുക്കം കണ്ട് ഗാന്ധിയുടെ ഊന്നുവടികള്‍, മനുവും ആഭയും തടുക്കാന്‍ ശ്രമിക്കവെ, അവരെ ഇരുവശത്തേക്കും തള്ളിമാറ്റി, വലംകൈയില്‍ പിസ്റ്റളുമായി അയാള്‍ മുന്നോട്ടു വന്നു.... ക്ളോസ് റേഞ്ചില്‍ തന്നെ. മഹാത്മനെ കൈകൂപ്പി, .....പിന്നെ പിസ്റ്റള്‍ ഗര്‍ജ്ജിച്ചു.
ഹേ ...റാം...!
കണ്ണേ മടങ്ങുക.... ഒരു ജനതയുടെ ആദരവും സ്നേഹവും ചോരക്കളത്തില്‍ പിടയവെ, ആകാശത്ത് ചെഞ്ചോരക്കളം തീര്‍ത്ത് സൂര്യനും അസ്തമിച്ചു.
അന്ന് 1948 ജനവരി 30. ഭൂമിയിലെ സൂര്യദേവന്റെ അസ്തമനം. കവിയും ആദ്യപ്രധാനമന്ത്രിയുമായ ജവാഹര്‍ലാല്‍ നെഹ്റു, ആകാശവാണിയിലൂടെ ഹൃദയസ്പര്‍ശിയായി ഇന്ത്യന്‍ ജനതയോട് കേണു. കൂടെ ശ്രോതാക്കളായ കോടാനുകോടികളും....
"സുഹൃത്തുക്കളേ, സഖാക്കളേ ആ ദീപം നമ്മുടെ ജീവിതത്തില്‍ നിന്ന് പൊലിഞ്ഞുപോയിരിക്കുന്നു. എങ്ങും അന്ധകാരമാണ്. .... ദീപം പൊലിഞ്ഞു എന്നു ഞാന്‍ പറഞ്ഞത് തെറ്റാണ്. കാരണം അതൊരു സാധാരണ ദീപമായിരുന്നില്ല. ആയിരം കൊല്ലം കഴിഞ്ഞാലും ആ പ്രകാശം അപ്പോഴും കാണും. അദ്ദേഹത്തിന്റെ ആത്മാവ് എല്ലാം നോക്കി കാണുന്നതിനാല്‍ ആ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നതൊന്നും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂട......"
ഇന്ന് 2010 ജനവരി 30. കൃത്യം 62 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ളൊരു സായന്തനം. നെഹ്റു പറഞ്ഞതു പോലെ ആ ആത്മാവ് എല്ലാം നോക്കി കാണുന്നു. കാരണം അത് മഹാത്മാവാണ്. ആ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നതേ നാം ചെയ്യുന്നുള്ളു. അസത്യം മൊത്തമായും ചില്ലറയായും നാം വില്‍ക്കുന്നു. മദ്യം ക്യൂ നിന്ന് പരസ്യമായി ഒരു ലജ്ജയുമില്ലാതെ വാങ്ങുന്നു, കൂട്ടു ചേര്‍ന്ന് മോന്തുന്നു, സാമൂഹ്യപ്രശ്നങ്ങള്‍ക്ക് അടിവളമിടുന്നു. ജാതി - മത - വര്‍ഗ - വര്‍ണ വ്യത്യാസങ്ങള്‍ ചികഞ്ഞ് നാം അന്ധരായിത്തീര്‍ന്നിരിക്കുന്നു. അഹിംസയുടെ തിരുസ്വരൂപത്തെ മറന്ന് സഹജീവികളെ ഹിംസയുടെ കുരിശേറ്റുന്നു.
നാഥുറാം വിനായക് ഗോഡ്സേ മഹാത്മാവിന്റെ മാറിലേക്ക് വെടിയുതിര്‍ത്തത് മൂന്നേ മൂന്നു തവണ മാത്രം..... നാമോ.....?
പ്രിയവിദ്യാര്‍ത്ഥികളേ, മഹാത്മാവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് കിട്ടട്ടെ... ഇന്ത്യയെ ഇന്നു വരെ ഒരാളെ ശരിയായ അര്‍ത്ഥത്തില്‍ കണ്ടിട്ടുള്ളു, അത് ഗാന്ധിജി അല്ലാതെ മറ്റാരുമല്ല. നിങ്ങള്‍ക്ക് ഇന്ത്യ എന്താണെന്ന് അറിയണമോ...? മഹാത്മാവിന്റെ ജീവചരിത്രം വായിക്കുക.... പന്ഥാവ് പിന്‍തുടരുക....!

സസ്നേഹം ആര്‍. പ്രസന്നകുമാര്‍ 30/01/2010

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
1. ഇന്ന് റിപ്പബ്ളിക് ദിനം കഴിഞ്ഞുള്ള പുലര്‍വേളയാണ്. നാം 60 വയസ്സ് പിന്നിട്ട് 61 ലേക്ക് കടക്കുകയാണ്. രാജ്യം ഭീകരന്മാരുടെ ഭീഷണിയെ സുധീരം നേരിട്ട് സമാധാനത്തിന്റെ തൂവെളിച്ചത്തില്‍ മുങ്ങി നില്‍കുകയാണ്.
വികസ്വര രാഷ്ട്രമായ ഭാരതം വളരെയധികം മുന്നേറിയിരിക്കുന്നു. ഇനിയും നമുക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍വവിധ അഭ്യുന്നതിയാണ് പരമ ലക്ഷ്യം. വിദ്യ അത് എത്ര നേടിയാലും പ്രായോഗികതയില്‍ കാലൂന്നിയതാവണം.
നാളെയുടെ വാഗ്ദാനങ്ങളായ നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കേവലം പുസ്തക പുഴുവായി കാലക്ഷേപം നടത്താനുള്ളതല്ല വിദ്യാര്‍ത്ഥി ജീവിതം. കണ്ണ് തുറന്ന്, കാത് വിടര്‍ത്തി, ഈ മഹാ പ്രപഞ്ചത്തെ അറിയാന്‍ ശ്രമിക്കുക. അതിന് ഒറ്റ മാര്‍ഗമേ ഉള്ളു.....
അന്വേഷിക്കുക.... അന്വേഷിച്ചു കൊണ്ടേ ഇരിക്കുക....

സസ്നേഹം ആര്‍. പ്രസന്നകുമാര്‍ 27/01/2010