സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/അമ്മ എന്ന മാഹാത്മ്യം

Schoolwiki സംരംഭത്തിൽ നിന്ന്
10:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ എന്ന മാഹാത്മ്യം

ഒരിക്കൽ ഒരിടത്ത് ഒരു അമ്മയും മകനും ജീവിച്ചിരുന്നു. ഭർത്താവിന്റെ മരണ ശേഷം വളരെ കഷ്ടത നിറഞ്ഞ ജീവിതമായിരുന്നു അവരുടേത്. കഷ്ടതകൾക്കിടയിലുംതന്റെ മകനെ തന്നാലാവും വിധം ആ അമ്മ നോക്കിയിരുന്നു. പലയിടത്തായി പലപല ജോലികൾ ചെയ്ത് ജീവിതം മുന്നോട്ടു നീക്കി. നാളുകൾ ചെല്ലും തോറും തന്റെ ചിലവുകൾ ഏറി വന്നു. മകന്റെ പഠനം മുന്നോട്ടു കൊണ്ടു പോകാൻ കഠിനമായ ജോലികൾ ചെയ്യാനും അമ്മ തയ്യാറായി. മകൻ അമ്മയുടെ ആഗ്രഹം പോലെ പഠനത്തിൽ മികവു പുലർത്തുകയും ചെയ്തു.അമ്മയും മകനും ചേർന്ന് ആ കൊച്ചു ജീവിതം സന്തോഷത്തോടെ മുന്നോട്ടു നയിച്ചു. അമ്മയുടെ ആഗ്രഹം പോലെ പഠിപ്പു പൂർത്തിയാക്കി മകൻ ഒരു വലിയ കമ്പനിയിൽ ഉദ്യോഗം നേടി. അവന്റെ ആത്മാർത്ഥതയും സത്യസന്ധതയും അവനെ മുതലാളിയുടെ വിശ്വസ്തനാക്കി. കാലം കടന്നു പോകെ അവൻ വലിയ വീടും കാറും ഒക്കെ സ്വന്തമാക്കി. തന്റെ അമ്മയുടെ ആഗ്രഹ പ്രകാരം അവൻ ഒരു വിവാഹം കഴിച്ചു. പക്ഷെ ആ അമ്മയുടേയും മകന്റേയും പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചു കൊണ്ട് ആ പെൺകുട്ടി ആ അമ്മയെ വെറുത്തു. എന്തിനും ഏതിനും കുറ്റപ്പെടുത്തലുകളും ശകാരങ്ങളും. ഒടുവിൽ മകനും പതിയെപ്പതിയെ അമ്മയെവെറുത്തു തുടങ്ങി. ആ വലിയ വീട്ടിൽ ആ അമ്മ തനിച്ചായി. അമ്മയ്‍ക്ക് അല്പമെങ്കിലും ആശ്വ‍ാസം നൽകിയത് പേരക്കുട്ടികളുടെ സാന്നിദ്ധ്യം ആയിരുന്നു. അമ്മ കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും അവരോടൊത്തുകൂടി.എന്നാൽ പരിഷ്കാരിയായ മരുമകൾക്ക് അത് അസഹനീയമായിരുന്നു. ഇനി അമ്മയെ വീട്ടിൽ നിർത്താനാവില്ലായെന്നവർ ഉറപ്പിച്ചു പറഞ്ഞു. ഭാര്യയുടെ വാക്കു കേട്ട് അയാൾ തന്റെ അമ്മയെ കരുണാലയമെന്ന വൃദ്ധസദനത്തിലാക്കി .ഭാര്യയും മക്കളുമൊത്ത് സന്തോഷത്തോടെ മുന്നോട്ടു നീങ്ങി. ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ അയാൾക്കു്"അമ്മയെന്ന മഹാസത്യ"ത്തെക്കുറിച്ച് പത്രക്കാരോടു സംസാരിക്കേണ്ടി വന്നു. നാളുകൾക്കു ശേഷം അന്നയാൾ അമ്മയെക്കുറിച്ചോർത്തു. താനിന്നനുഭവിക്കുന്ന "തണൽ തന്റെ അമ്മയെന്ന മഹാവൃക്ഷ"ത്തിന്റെ വിയർപ്പാണെന്ന സത്യം അന്ന് ആദ്യമായി അയാൾ ഓർത്തു. ഒടുവിൽ അമ്മയെത്തേടി അയാൾ കരുണാലയത്തിലെത്തി. അവസാന ശ്വാസം വരെ തന്റെ മകന്റെ ഓർമ്മകളിൽ ജീവിച്ചിരുന്ന ആ അമ്മയെക്കുറിച്ചാണ് അവിടെ എല്ലാവർക്കും അയാളോടു പറയാനുണ്ടായിരുന്നത്. എന്നെങ്കിലും തന്നെ തേടി വന്നാൽ "താൻ അവനെ ഒരിക്കലും വെറുത്തിട്ടില്ലായെന്നും, എന്നും തന്റെ അനുഗ്രഹം അവനുണ്ടാകുമെന്നും പറയണം"എന്നു് ആ അമ്മ പറഞ്ഞിട്ടുണ്ട് എന്നു കൂടി കേൾക്കാനുള്ള ഭാഗ്യം അയാൾക്കുണ്ടായി. തനിക്കു തണലായി തീർന്ന തന്റെ അമ്മയ്‍ക്ക് ചെറിയൊരു കുട പോലുമാകാൻ കഴിയാതിരുന്ന തന്റെ നിസ്സഹായതയെ പഴിച്ചു കൊണ്ട് പടിയിറങ്ങുമ്പോൾ അയാൾക്ക് ഒന്നു കരയാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല...........................

സ്റ്റെല്ല മേരി പി.എ.
10 B സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ