ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/ഒരു തിരിഞ്ഞുനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് ഭീതിയിലാണ് നാമെല്ലാം. ഒരു പ്രദേശത്തെയോ, ജില്ലയെയോ, സംസ്ഥാനത്തെയോ, രാജ്യത്തെയോ എന്നില്ലാതെ ഭൂഖണ്ഡങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് അതിക്രമിച്ചു കൊണ്ട് ലക്ഷക്കണക്കിന് ജീവൻ അപഹരിച്ച് കോവിഡ് യാത്ര തുടരുന്നു. തോരാതെ തീർന്നു കൊണ്ടിരിക്കുന്ന എത്ര എത്ര കണ്ണുനീരുകൾ എത്ര പ്രാർത്ഥനകൾ. കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ മരണനിരക്കും രോഗ ബാധിതരുടെ എണ്ണവും താരതമ്യേന കുറഞ്ഞു എങ്കിലും അവിടുത്തെ ആതുരാലയങ്ങളിൽ ഒരു രോഗി പോലും അവശേഷിക്കാതെ ഇരിക്കില്ല, കേവലം ഒരു രോഗം എന്നതിലുപരി ഇതൊരു പാഠമാണ്, മനുഷ്യനും, മനുഷ്യന്റെ ആധിപത്യ ഭാവത്തിനുമുള്ള മറുപടിയാണ്. പ്രളയം വന്നപ്പോൾ കോർത്ത കൈകളും തുണച്ച സഹായഹസ്തങ്ങളും വീണ്ടുമിതാ മുമ്പിൽ എത്തിയിരിക്കുന്നു. കാലത്തിന്റെ കരിനിഴലായ കൊറോണ എന്ന ഈ വിപത്തിനെ നേരിട്ട്ടത്, "ഉന്നതരല്ല, രാഷ്ട്രീയമല്ല, മതങ്ങളല്ല ജാതിയല്ല, ഒന്നിച്ചായിരുന്നു രാഷ്ട്രം ഒന്നായാണ്". സാമൂഹിക അകലം എന്ന പദ്ധതിക്ക് അനുബന്ധമായി 'ബ്രേക്ക് ദ ചെയിൻ' പരിപാടി സർക്കാർ ആഹ്വാനം ചെയ്തതോടെ ഇന്ത്യ സമ്പൂർണ്ണമായി വീടുകളിൽ ആയി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള ദിവസങ്ങളിൽ പത്രത്താളുകളിലൂടെ നാമറിഞ്ഞ വാർത്തകൾ ഒരു നിമിഷം ഓർക്കാം. വാർത്തകളിൽ ഉടനീളം നിലനിന്നത് എന്താണ്? കോവിഡ് 19 എന്ന മഹാമാരി. ഇത്രയേറെ ശാസ്ത്ര ലോകം പുരോഗതി പ്രാപിച്ചിട്ടും, കണ്ടെത്തിയ മരുന്നുകളൊന്നും തന്നെ ഇതിനൊരു ഉത്തമ പ്രതിവിധിയായി ഇല്ല. വിവരസാങ്കേതികവിദ്യയുടെ അത്ഭുതാതീത മായ നേട്ടം വഴിവെച്ചത് ഭാഗികമായ കുടുംബ ബന്ധത്തിന്റെ കെട്ടുറപ്പിനെ ആണ്. എന്നാൽ കൂടുമ്പോൾ ഇമ്പമുള്ള കുടുംബംകൾ ഇന്ന് ഈ ലോക്ക് ഡൗൺ കാലത്ത് വളരെ സജീവമായി. നാടൻ കളികളും നാട്ടുവർത്തമാനങ്ങളും നാടൻ ഭക്ഷണരീതിയുമായി രംഗത്തെത്തി. കാർഷിക കേരളത്തിന്റെ ഗൃഹാതുരത്വത്തെ ഓർമപ്പെടുത്തുന്ന അടുക്കളത്തോട്ടങ്ങളും പറമ്പിലെ കൃഷിയും സംജാതമായി. ഇതിനെല്ലാം പുറമേ ആതുര സേവനത്തിന്റെ മാലാഖകൾ ആയ നഴ്സുമാർ ഊണും ഉറക്കവും ഒഴിഞ്ഞു നിസ്വാർത്ഥമായി ഐസൊലേഷൻ വാർഡുകളിൽ രോഗികൾക്ക് താങ്ങും തണലുമായി സേവന സമർപ്പിതമായ തന്റെ കർത്തവ്യം നിറവേറ്റുന്നു. ഡോക്റ്റേഴ്സും വളരെ വലിയ പങ്കു വഹിച്ചു കൊണ്ട് രംഗത്തുണ്ട്. വയോധികരെ സംരക്ഷിച്ചുകൊണ്ടും, വൃദ്ധർക്ക് താങ്ങായും ആരോഗ്യ പ്രവർത്തകരുടെ കർമ്മനിരതമായ സേവനങ്ങൾ. വെയിലെന്നോ ചൂട് എന്നോ ഇല്ലാതെ റോഡിൽ ഈലോക്ക് ഡൗൺ കാലയളവിൽ കേന്ദ്രവും സംസ്ഥാനവും ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിക്കുന്നവരെ യും പെരുമാറ്റചട്ടങ്ങൾ ക്ക് വിസമ്മതിക്കുന്ന വരെയും സംയമനത്തോടെ, ബോധവാന്മാരാക്കുന്ന, നിയമത്തെയും ജനങ്ങളെയും രാജ്യത്തിന്റെയും കാവൽഭടൻ മാരായ കാക്കിയിട്ട പടയാളികളുടെ പ്രവർത്തനങ്ങൾ എക്കാലത്തും ചാരിതാർത്ഥ്യം അർഹിക്കുന്നവയാണ്. നാം ഒന്നാണ് നമ്മൾ ഒന്നാണ് എന്ന ആപ്തവാക്യം രാഷ്ട്രം ഒട്ടാകെ ആഹ്വാനം ചെയ്തുകൊണ്ട് സമത്വം, സാഹോദര്യം എന്ന ആശയങ്ങളെ യഥാർത്ഥ ജീവിതത്തിൽ ഊട്ടിയുറപ്പിച്ചു. ദൈനംദിന തൊഴിലിൽ ഏർപ്പെട്ട് അരവയർ നിറയ്ക്കുന്ന പാവങ്ങൾക്ക് ഒരു സഹായഹസ്തം ആയി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നൽകിവരുന്ന റേഷൻ സംവിധാനം കനിവിന്റെ, കാരുണ്യത്തിന്റെ, കടമയുടെ, വാഗ്ദാനങ്ങളുടെ, ഒരു ഉത്തമ ഉദാഹരണമാണ്. "കൂടെയുണ്ട്" എന്നും തണലായി താങ്ങായി ' പ്രവാസികൾക്കും, വിദേശികൾക്കും, സ്വദേശികൾക്കും, എന്ന നമ്മുടെ സർക്കാരിന്റെ വാക്കുകൾ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ അഭിമാനമാണ്. പല കാലഘട്ടങ്ങളിലായി നമുക്ക് പല വിപത്തുകളും നേരിടേണ്ടിവരും. പ്രശ്നങ്ങൾ സാധാരണമാണ് നമ്മുടെ സമീപനം ആണ് നമ്മെ വ്യത്യസ്തമാക്കുന്നത്. കോവിഡ് സൃഷ്ടിച്ച ഈ ഇരുണ്ട കാർമേഘത്തെ ധൈര്യസമേതം വെളിച്ചം കൊണ്ട് നാം നേരിട്ടു എന്നതിന് തെളിവായി വീടുകളിൽ തെളിഞ്ഞ പ്രതീക്ഷയുടെ നാമ്പായ വെളിച്ചം ഒരിക്കലും മങ്ങാതെ ഇരിക്കട്ടെ എന്നും, സേവന സമർപ്പിതമായി നിലകൊള്ളുന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുകയും, ' തുടച്ചുമാറ്റും അതിജീവിക്കും നമ്മൾ ഒരുമിച്ച് കൂട്ടായി ഐക്യത്തോടെ' എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട്....

അഫ്നാ നാസർ ബി
പ്ലസ് വൺ ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം