ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ഒരു കൊറോണ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലത്ത്     

ഉണ്ണി രാവിലെ ഉണർന്നത് ഏറെ സന്തോഷത്തോടെയാണ് ആ സന്തോഷത്തിന് ഒരു കാരണവുമുണ്ടായിരുന്നു ഏറെ വർഷങ്ങൾക്ക് ശേഷം അയാൾക്ക്‌ തന്റെ നാട്ടിലേക്കു പോകാനുള്ള അവധി ലഭിച്ചി രിക്കുകയാണ്. സ്വന്തം കുടുംബത്തെ കണ്ടിട്ട് മൂന്നു വർഷം കഴിഞ്ഞി രുന്നു. യു.എ.ഇ.യുടെ തലസ്ഥാനമായ അബുദാബിയിലെ ഒരു കടയിലെ സെയിൽസ്മാൻ ആയിട്ടായിരുന്നു അയാളുടെ ജോലി. അബുദാബിയിലാണ് ജോലിയെങ്കിലും അയാൾക്ക്‌ ശമ്പളം അത്ര വലുതൊന്നുമായിരുന്നില്ല, എങ്കിലും അയാൾ നാട്ടിൽ സ്വന്തമായൊരു വീട് പണിതിരുന്നു. അതിന്റെ കടം ഇതുവരെ വീട്ടി തീർന്നിട്ടില്ല.

നാട്ടിലേക്ക് പോകുമ്പോൾ കൊണ്ടുപോകാനുള്ള സാധനങ്ങൾ വാങ്ങാനായി പുറത്തേയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണ് അവൻ. അയാളുടെ തയ്യാറെടുപ്പ് കണ്ട് റൂംമേറ്റായ ജോസഫ് ചോദിച്ചു “എങ്ങോട്ടാ ഉണ്ണീ ഇന്ന് നിനക്ക് അവധി അല്ലേ?” ഇതിനു മറുപടിയായി അവൻ പറഞ്ഞു "നാളെക്കഴിഞ്ഞു നാട്ടിലേക്ക് പോകേണ്ടതല്ലേ എന്തെങ്കിലുമൊക്കെ വാങ്ങണം. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ പിന്നെ ലക്ഷ്മിക്ക് കുറച്ച് സാധനങ്ങൾ അങ്ങനെ ചിലതൊക്കെ. ഇതുകേട്ടിട്ടു ജോസഫേട്ടൻ ചോദിച്ചു. “ഇതിനൊക്കെ പൈസ എവിടുന്നാ” ഉണ്ണി പറഞ്ഞു ”ഇത്രയും നാൾ മിച്ചം പിടിച്ചതും പിന്നെ കുറച്ചു ബോണസും കിട്ടിയിട്ടുണ്ട് ”. “നീ ഇറങ്ങാറായോടാ" ജോസഫേട്ടൻ ചോദിച്ചു. “ആ ഞാനിതാ ഇറങ്ങി” ഉണ്ണി പറഞ്ഞു. “എങ്കിൽ ആ മാളിന്റെ അവിടെ ഇറക്കാം, നീ വാ”. ജോസഫേട്ടൻ പറഞ്ഞു."ശരി"അവൻ മറുപടി പറഞ്ഞു. ഉടനെ തന്നെ അവർ അവിടെ നിന്നും ഇറങ്ങി.

തൃശൂർ സ്വദേശിയായ ജോസഫേട്ടൻ എന്ന് വിളിക്കുന്ന ജോസഫ് മാത്യു, പ്രായം അറുപതിനോട് അടുത്തിട്ടും കുടുംബപ്രാരാബ്ധം കാരണ മാണ് ഇപ്പോഴും പ്രവാസിയായി തുടരുന്നത്. അദ്ദേഹത്തിന് കുറച്ചു നാളായി നേരിയ പനി, ജലദോഷം, ചുമ എന്നിവയുണ്ടെങ്കിലും ജോലിക്ക് പോകുന്നുണ്ടായിരുന്നു. സാധനങ്ങൾ വാങ്ങിയ ശേഷം ഉണ്ണി മടങ്ങിയെത്തി. കൈയിലെ കാശെല്ലാം ഏകദേശം തീർന്നിരുന്നു. എങ്കിലും മനസ്സിലൊരു സന്തോഷം അവനിൽ തങ്ങിനിന്നു.

പിറ്റേന്ന് അവൻ വളരെ സന്തോഷത്തോടെ ജോലിക്ക് പോയി. തിരിച്ചു റൂമിൽ എത്തിയപ്പോൾ അവൻ വളരെ യധികം ക്ഷീണിച്ചിരുന്നു. അന്ന് ജോസഫേട്ടന് നൈറ്റ് ഡ്യൂട്ടി ആയിരുന്ന തിനാൽ റൂമിൽ അവൻ ഒറ്റക്കായിരുന്നു. ബാഗും പെട്ടി യുമൊക്കെ അവൻ നേരത്തെ പായ്ക്ക് ചെയ്തുകഴിഞ്ഞിരുന്നു. ശാരീരികക്ഷീണവും പിന്നെ രാവിലെ പോകേണ്ടതുമായതിനാൽ അവൻ നേരത്തെ ഉറങ്ങാൻ കിടന്നു. വളരെക്കാലത്തിനു ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ ഒരു ആവേശം അവന്റെ ഉറക്കത്തെ മാറ്റിനിർത്തി.

രാവിലെ എണീറ്റപ്പോൾ നേരിയ തലവേദന അനുഭവപ്പെട്ടു. ഉറക്കക്കുറവ് കാരണമാകാം അത് എന്ന് കരുതി അവനൊരു ഗുളികയും കഴിച്ചിട്ടിറങ്ങി. ജോസഫേട്ടൻ ഉണ്ണിയെ യാത്ര അയക്കാൻ എയർപോർട്ടിലേക്കു കൂടെ പോയി. ജോസഫേട്ടൻ ഉണ്ണിയുടെ പെട്ടികളെടുത്ത് ഒരു ഉന്തുവണ്ടിയിൽ വച്ചു കൊടിത്തിട്ടു യാത്രപറഞ്ഞു. വിമാനം പുറപ്പെടാൻ അല്പസമയം താമസിച്ചതിനാൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ണിക്ക് കാത്തിരിക്കേണ്ടിവന്നു. ഒരു മൂന്നര മണിക്കൂർ യാത്രക്ക് ശേഷം അവന്റെ സ്വന്തം നാടായ കണ്ണൂരിലെ പുതിയ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതിന്റെ സന്തോഷവും അവനിൽ നിറഞ്ഞിരുന്നു. പോയ സമയത്ത് ഇതിന്റെ പ്രവർത്തനം തുടങ്ങിയിരുന്നില്ല. പതിവ് പരിശോധന കൾക്ക് ശേഷം അവൻ വിമാനത്താവളത്തിൽനിന്നും പുറത്തേക്കിറങ്ങി. അവിടെ നിന്നും ഒരു ടാക്സി വിളിച്ചു അവൻ വീട്ടിലേക്ക് യാത്ര തിരിച്ചു. നാട്ടിൽ വന്ന മാറ്റങ്ങൾ ഒരു കുട്ടിയുടെ കൗതുകത്തോടെ അവൻ നോക്കിക്കണ്ടു. കുറച്ചു സമയത്തെ യാത്രക്ക് ശേഷം അവൻ സ്വന്തം ഗ്രാമത്തിലേക്ക് പ്രവേശിച്ചു. നാടിൻറെ സാമീപ്യം അവന്റെ ആവേശം ഇരട്ടിപ്പിച്ചു.

അല്പസമയത്തിനകം അവൻ വീടിന്റെ ഗേറ്റിൽ എത്തി ച്ചേർന്നു. അവന്റെ ഭാര്യയും മക്കളും മാതാപിതാക്കളും അവനെ കാത്തു നിൽപ്പുണ്ടായിരുന്നു. അവർ അതിരറ്റ സന്തോഷത്തോടെ അവനെ സ്വീക രിച്ചു. ലക്ഷ്മി അറിയാതെ അവളുടെ കണ്ണിൽ നിന്നും ആനന്ദാശ്രു പൊഴിഞ്ഞു. പിറ്റേന്ന് മുതൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും വീടുക ളിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇത് പ്രവാസികളുടെ ഒരു ഉത്തര വാദിത്വമായി മാറിയിരുന്നു. ഉറങ്ങി എണീറ്റതിന് ശേഷവും തലേന്ന് മുതലുള്ള തലവേദന കുറഞ്ഞില്ലെന്ന് മാത്രമല്ല കൂടുതൽ കടുത്തുവരുകയായിരുന്നു 2.അത് അവനെ തീർത്തും അസ്വസ്ഥനാക്കി. ലക്ഷ്മിയുടെ നിർബന്ധം കാരണം അവൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായി.

ആശുപത്രിയിൽ ഡോക്ടർ സാധാരണ തലവേദനയ്ക്ക് ഉള്ള മരുന്ന് കുറിച്ച് കൊടുത്തു. അത് കഴിച്ചിട്ടും തലവേദന മാറിയില്ല. അത് പനിയായി കൂടെ വിട്ടുമാറാത്ത ചുമയും. വീണ്ടും അവൻ ആശുപത്രിയി ലെത്തി. അപ്പോൾ ഡോക്ടർ പനിക്കുള്ള മരുന്നും കൂടെ കുറിച്ച് നൽകി. അത് കഴിച്ചിട്ടും പനി മാറിയില്ല. പനിക്കൊപ്പം തൊണ്ട വേദനയും, തലവേദനയും, ജലദോഷവുമെല്ലാം കടുത്തുവന്നു. പനി മാറാത്തതിനാൽ വിദഗ്ധചികിത്സക്കായി ഒരു മുതിർന്ന ഡോക്ടറെ കണ്ടു. അദ്ദേഹം ചില പരിശോധനകൾ നിർദ്ദേശിച്ചു. ഇതിൽ നിന്നും ഒരു വൈറസിന്റെ സാന്നിധ്യം ഉണ്ണിയിൽ ഉള്ളതായി അദ്ദേഹത്തിന് തോന്നി. അതുകൊണ്ടു തന്നെ ഉണ്ണിയെ അവിടെ അഡ്മിറ്റ് ചെയ്തു.

ഈ സമയത്താണ് ചൈനയിൽ കൊറോണ എന്ന നാമത്തിൽ ഒരു വൈറസ് പടർന്നുപിടിക്കുന്നതായി വാർത്തകൾ പുറത്തുവന്നുകൊണ്ടി രുന്നത്. അത് പല രാജ്യങ്ങളിൽ പടർന്നുപിടിച്ചു കഴിഞ്ഞിരുന്നു. അതിനാൽ ഉണ്ണിക്കും ഇതിന്റെ പരിശോധന നടത്തുവാൻ ഡോക്ടർ നിർദ്ദേശിച്ചു. അതിനായി സാമ്പിളുകൾ വിദഗ്ധപരിശോധനക്കായി വൈറോളജി ലാബിലേക്ക് അയച്ചു. എന്നാൽ ഈ സംശയം ഡോക്ടർ മറ്റാരോടും പങ്കുവച്ചില്ല. പിറ്റേന്ന് ലാബ് റിസൾട്ട് വന്നതും ഉണ്ണിക്ക് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഉണ്ണിക്കും അവന്റെ കുടുംബ ത്തിനും ഏറെ പരിഭ്രാന്തിയായി. ഉടൻ തന്നെ ഉണ്ണിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഈ സമയത്താണ് ഉണ്ണിയുടെ റൂംമേറ്റാ യിരുന്ന ജോസഫേട്ടൻ കൊറോണ ബാധിച്ച് മരിച്ചെന്നുള്ള വിവരം ലഭിക്കുന്നത്. ഇത് അവരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. ഈ സമയം ഉണ്ണിയുമായി സമ്പർക്കം നടത്തിയവരെയെല്ലാം പോലീസ് നിരീക്ഷണത്തിലാക്കി.

ഡോക്ടർമാരും നഴ്സുമാരുമെല്ലാം ഉണ്ണിയുടെ ജീവൻ നിലനിർത്താനായി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ സമയം ഉണ്ണിക്ക് ശ്വാസംമുട്ടൽ തുടങ്ങിയിരുന്നു. ഇതേ സമയത്തു തന്നെ കേരളത്തിൽ പലസ്ഥലത്തും കോറോണയുടെ പോസിറ്റീവ് കേസുകൾ കണ്ടുപിടിച്ചു തുടങ്ങിയിരുന്നു. ലോകമെമ്പാടും കൊറോണ പരന്നു കഴിഞ്ഞിരുന്നു. തുടർപരിശോധനകളിൽ നിന്നും ഈ വൈറസ് ഉണ്ണിയിൽ നിന്നും 3ഭാര്യയിലേക്ക് പകർന്നിട്ടുള്ളതായി കണ്ടെത്തുകയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച വേണ്ടുന്ന ചികിത്സകൾ നൽകുകയും ചെയ്തു.യഥാസമയം രോഗ നിർണ്ണയം നടത്താൻ കഴിഞ്ഞതിനാൽ ലക്ഷ്മിക്ക് അതിവേഗം വിമുക്തി നേടാൻ സാധിച്ചു.

ഈ വൈറസിന്ലോകാരോഗ്യ സംഘടന "കൊവിഡ് -19" എന്ന് നാമകരണം ചെയ്തു.ഈ രോഗത്തിന് അന്നുവരെ ലോകത്താരും മരുന്ന് കണ്ടു പിടിച്ചിരുന്നില്ല. ഇത് കൂടുതൽ ഭയാനകമായ അവസ്ഥയിലേക്ക് ലോകത്തെ തള്ളിയിട്ടു. ശാരീരിക പ്രതിരോധശേഷി വീണ്ടെടുക്കു ന്നതിനുള്ള ചികിത്സയാണ് രോഗികൾക്ക് നൽകിയിരുന്നത്.

ഏറെ നാളത്തെ ഡോക്ടർമാരുടെയും മറ്റു ആരോഗ്യപ്രവർത്തകരുടെയും പ്രവർത്തനം മൂലം ഉണ്ണി ക്രമേണ ആരോഗ്യം വീണ്ടെടുത്തുതുടങ്ങി. നീണ്ടനാളത്തെ ചികിത്സക്ക് ശേഷം അവൻ കൊറോണ രോഗത്തിൽ നിന്നും മുക്തനായി. അവന്റെ കുടുംബത്തിലാർക്കും കോറോണയുടെ ലക്ഷണങ്ങളില്ലായിരുന്നു. ഏറെ നാളത്തെ മാനസിക സംഘർഷങ്ങൾക്ക് ശേഷം ഉണ്ണിയും കുടുംബവും വീണ്ടും സന്തോഷത്തിന്റെ പാതയിലായി. ഉണ്ണി തൻറെ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഇതിനെ കണ ക്കാക്കുന്നു. ഉണ്ണിയും കുടുംബവും ഈ രോഗത്തിന് പ്രതിവിധി കണ്ടെത്താനായി പ്രാർത്ഥിക്കുന്നു. കൊറോണ ഭീതി അവസാനിക്കുന്നില്ല.

ഹരിഗോവിന്ദ്.എ.എസ്സ്,
10 F ഗവ. വി& എച്ച്.എസ്സ്.എസ്സ്, കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]