എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ആനന്ദ പൂർണ്ണമീ കാത്തിരിപ്പ്
ആനന്ദ പൂർണ്ണമീ കാത്തിരിപ്പ്
തികച്ചും അപ്രതീക്ഷിതവുംഅനിശ്ചിതത്വം നിറഞ്ഞതുമായൊരവസരത്തിൽ കൂടെയാണ് ലോകരാജ്യങ്ങളെല്ലാം തന്നെ കടന്നു പോകുന്നത് .ലോകത്തിന്റെ ഒരു കോണിൽ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇത്ര വേഗം നമ്മുടെ ഈ കൊച്ചു കേരളത്തിൽ എത്തുമെന്നും നമ്മെ ഭയപ്പെടുത്തുമെന്നും ആരും തന്നെ ചിന്തിച്ചിട്ടുണ്ടാവില്ല. നിപ പോലെയുള്ള മഹാമാരികളെ ചെറുത്തു തോൽപ്പിച്ച ധീര സംസ്ഥാനമാണ് നമ്മുടെ മലയാളനാട് .കൊറോണാ വൈറസിന്റെ വ്യാപനത്തിലും ലോകം തന്നെ പ്രശംസിക്കുന്ന തരത്തിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ .നമുക്ക് വേണ്ടി കേരളത്തിലെ മാലാഖമാരും, ആരോഗ്യ പ്രവർത്തകരും ,നിയമ സംരക്ഷകരും കൈമെയ് മറന്നു പ്രവർത്തിക്കുമ്പോൾ ശരിയായി സംസ്ഥാനം കൈക്കൊള്ളുന്ന നടപടികളും ,ജാഗ്രതാ നിർദേശങ്ങളും പാലിച്ച് ഒരു നല്ല പൗരനായി നമ്മുടെ നാടിന്റെയും നമ്മുടെ കുടുംബത്തിന്റെയും അഭിവൃദ്ധിക്കായി നമുക്ക് ഒന്നിച്ച് പങ്കാളികളാകാം. തികച്ചും പുതുമയുള്ളതാണീ അടച്ചിരിപ്പ്. വേനലവധിക്ക് കൂട്ടുകാരുമായി കളിക്കുവാനും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോകുവാനും കൊതിച്ചിരുന്ന നാമിന്ന് വീടിന്റെ പുറത്തേക്കിറങ്ങാൻ ഭയപ്പെടുന്നു. എന്നാൽ ഇത്തരമൊരു സാഹചര്യം എങ്ങനെ കാര്യക്ഷമമാക്കാം എന്നാണ് ഈ സാഹചര്യത്തിൽ നമ്മൾ ചിന്തിക്കേണ്ടത് .തിരക്കിട്ടു പാഞ്ഞിരുന്ന വാഹനങ്ങൾ ഇന്ന് നമ്മുടെ വീടുപടിക്കൽ ഒരു അലങ്കാരവസ്തുവായി നിലകൊള്ളുന്നു. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധർവരെ ഇന്ന് വീടുകളിൽ തന്നെ തുടരുന്നു. പലഭാഗത്തായി ജോലി ആവശ്യങ്ങൾക്കും പഠിപ്പിനുമായി പോയിരുന്നു അച്ഛൻ അമ്മമാരും സഹോദരങ്ങളും ഇന്ന് വീടുകളിൽ ഒന്നിച്ചുകൂടിയിരിക്കുന്നു. ഇത്തരം കൂടിച്ചേരലുകൾ കരുതൽ വിടാതെ ആനന്ദകരമാക്കാൻ സാധിക്കും. അച്ഛനമ്മമാരും കുട്ടികളും ഒന്നിച്ച് കഥകൾ പറഞ്ഞു രസിച്ചും, കളികൾ കളിച്ചും കുടുംബ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാൻ സാധിക്കും. ഇത്തരം ഒത്തുചേരലുകൾ പഴമയിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ് . ഉപഭോഗ സംസ്കാരത്തിനടിമപ്പെട്ട കേരളീയർ പതിയെ വീട്ടു പറമ്പുകളിൽ കൃഷി ചെയ്യുവാനും പറമ്പിൽ വിളയുന്ന ചക്കയും കപ്പയും കൊണ്ട് ആഹാരം പാകം ചെയ്യാനും തുടങ്ങിയിരിക്കുന്നു. ഇതര സംസ്ഥാനങ്ങളെ ഭക്ഷ്യവസ്തുക്കൾക്കുപോലും ആശ്രയിച്ചിരുന്ന നമ്മൾ നമ്മുടെ മട്ടുപ്പാവും,പിന്നാമ്പുറവും ചെറിയ അടുക്കളത്തോട്ടങ്ങളാക്കാൻ ശ്രമിക്കുന്നു. ഇത്തരം കൂട്ടായ ശ്രമങ്ങൾ നൽകുന്ന സന്തോഷവും നമ്മുടെ ശ്രമങ്ങൾ ഫലം കാണുമ്പോഴുണ്ടാകുന്ന അഭിമാനവും ഒന്നു വേറെ തന്നെയാണ്. ഇന്നലെവരെ അമ്മമാർ മാത്രം ചെയ്തിരുന്ന ജോലികൾ ഇന്ന് കുടുംബത്തിലെ ഓരോ അംഗങ്ങളും ചെയ്യാൻ ശ്രമിക്കുന്നു .അടുക്കളയുടെ നാല് ചുവരുകൾ ഇന്ന് ഒരു കുടുംബത്തിലെ മുഴുവൻ കളിചിരികൾ കേൾക്കാൻ പാകത്തിൽ വിശാലമായിരിക്കുന്നു. ഇത്തരം അടച്ചിരിപ്പുകൾ നമ്മുടെയുള്ളിലെ സർഗാത്മകശേഷി വളർത്താനുള്ള ഒരു അവസരം കൂടിയാണ് .മറന്നുപോയ അല്ലെങ്കിൽ തിരക്കിൽ ഉപേക്ഷിച്ച വിനോദപ്രവർത്തനങ്ങൾ ഓർത്തെടുത്ത് വീണ്ടും തുടങ്ങാനുള്ള ഒരു ഉത്തമനേരമായി നമുക്കീ അടച്ചിരിപ്പിനെ കാണാം. ചിത്രരചന, കരകൗശല വസ്തുക്കളുടെ നിർമ്മാണം, പാട്ട്, നൃത്തം തുടങ്ങിയവയുടെ ചിട്ടയായ പരിശീലനം നമുക്ക് ഈ സാഹചര്യത്തിൽ നമുക്ക് തുടങ്ങാവുന്നതാണ്. ഇത്തരം അവസരങ്ങൾ സ്വയം കണ്ടെത്തലിനു കൂടിയുള്ളതാണ് . നമുക്ക് നമ്മളെ കുറിച്ച് ചിന്തിക്കുവാനും നമ്മെത്തന്നെ വിശകലനം ചെയ്യാനും നമുക്ക് അവസരം പ്രയോജനപ്പെടുത്താം. നമ്മുടെ അഭിരുചികൾ, നന്മകൾ, പോരായ്മകൾ, ജീവിത ലക്ഷ്യങ്ങൾ ഇവ എല്ലാം സ്വയം വിശകലനം ചെയ്തു തെറ്റുകളെ തിരുത്താനും നന്മകളെ ഉണർത്താനുമുള്ള സമയമാണിത്. നമ്മുടെ കുടുംബത്തിനു വേണ്ടി കരുതലുള്ള നമ്മൾ നമ്മുടെ സമൂഹത്തിനോടും കരുതലിന്റെ കരങ്ങൾ എത്തിക്കണം. വേനൽക്കാലത്തെ കൊടുംചൂടിൽ വലയുന്ന എല്ലാ പക്ഷി മൃഗാദികൾക്കും ശുദ്ധജലം നൽകിയും ആഹാരം നൽകിയും നമ്മളാൽ കഴിയുന്ന വിധം നമുക്ക് സഹായിക്കാം. ഈ ഭൂമിയിൽ നമുക്ക് മാത്രമായി ഒരു നിലനിൽപ്പില്ല. ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധർക്കും, വഴിയിൽ ഉപേക്ഷിക്കപ്പെട്ട വർക്കും, അശരണർക്കും വേണ്ടത് നമ്മുടെ സർക്കാർ ചെയ്യുന്നുണ്ടെങ്കിൽ കൂടി നമ്മളാൽ കഴിയുന്നത് നമുക്ക് ചെയ്യാം. ഒരു നേരത്തെ ഭക്ഷണം എത്തിച്ചോ അവർക്കുവേണ്ട സഹായങ്ങൾ എന്താണെന്ന് അറിഞ്ഞ് മറ്റു സാമൂഹ്യ പ്രവർത്തകരെ അറിയിച്ചോ നമുക്ക് നമ്മുടെ കടമ നിർവ്വഹിക്കാം. നല്ല ഒരു പൗരനെന്ന നിലയിൽ നമുക്ക് ഇന്ന് ലോകത്തിന് ചെയ്യാൻ കഴിയുന്നത് വളരെ ചെറിയ ഒരു കാര്യം മാത്രമാണ്,വീട്ടിലിരുന്നും, കൈകഴുകിയും, സാമൂഹിക അകലം പാലിച്ചും ,കോവിട് എന്ന മഹാമാരിയെ സാമൂഹിക വ്യാപനത്തിൽ നിന്ന് തടയുക. പുതിയ ഒരു കഴിവ് വളർത്തിയെടുക്കാൻ വീടുകളിൽ കഴിയുന്ന ഈ അവസരം നമുക്ക് പ്രയോജനപ്പെടുത്താം. ഒരു പുതിയ ഭാഷ പഠിക്കാനോ, ഒരു പുസ്തകമെങ്കിലും വായിക്കാനോ, ഒരു തൈ നടാനോ നമുക്ക് ഈ അവസരം ഉപയോഗിക്കാം. നല്ല നാളേക്കായുള്ള ഈ വീട്ടിലിരിപ്പ് നല്ല ശീലത്തിന് കൂടി ആകട്ടെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങ ൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങ ൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ