Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
നാം ഉൾപ്പെടുന്ന നമ്മുടെ സമൂഹം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളിയാണു ശുചിത്വമില്ലായ്മ.ഇന്ത്യ പോലുള്ള പല വികസ്വര രാജ്യങ്ങളിലും പല രോഗങ്ങൾക്കും കാരണം ശുചിത്വമില്ലായ്മയാണ്. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിനു കാരണമെന്ന് പറയാൻ നിർവാഹമില്ല. ശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണം അനുദിനം വിവിധ ഏജൻസികൾ മുഖേന നമ്മിൽ എത്തുന്നുണ്ട്. എന്നാൽ ഇവയ്ക്കു നേരെ നമ്മൾ ബോധപൂർവം കണ്ണടയ്ക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്റെ വീടും ഞാനും വൃത്തിയായാൽ മതി എന്ന ചിന്തയും പ്രവൃത്തിയുമാണ് എപ്പോഴും നമ്മുടെ കൊച്ചു കേരളത്തെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്.അതായത് വീടും ചുറ്റുപാടും ഭംഗിയായി കരുതുമ്പോഴും പൊതു സ്ഥലങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ നമ്മൾ താൽപര്യം കാണിക്കാറില്ല.ചപ്പുചവറുകളും മറ്റും റോഡരികിൽ തള്ളുന്ന കാഴ്ച നമുക്കു ചുറ്റും സർവത്രയാണ്. ആരോഗ്യരംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെങ്കിൽ പോലും ഇവിടെ പ്രത്യക്ഷപ്പെടുന്ന പകർച്ചവ്യാധികൾ ആരോഗ്യമാതൃകയ്ക്ക് കളങ്കമായി മാറുന്നു. നമ്മൾ നിർമ്മാർജനം ചെയ്തു കൊണ്ടിരുന്ന പല രോഗങ്ങളും തിരികെ വന്നു കൊണ്ടിരിക്കുന്നു.മാലിന്യ സംസ്ക്കരണം ശരിയായി നടക്കാത്തതിനാൽ തലസ്ഥാന നഗരിയിലെ മാലിന്യക്കൂമ്പാരം കാരണം എന്തെല്ലാം പുതിയ രോഗങ്ങൾ ഇനി ഉടലെടുത്തേയ്ക്കും. ചപ്പുചവറുകൾ ശരിയായ രീതിയിൽ സംസ്ക്കരിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങൾ നിലവിലുണ്ടെങ്കിലും അവ ശരിക്കും. പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് സത്യം. വ്യക്തി ശുചിത്വത്തോടൊപ്പം ദൈവത്തിന്റെ സ്വന്തം നാടെന്നവകാശപ്പെടുന്ന കേരളത്തെ നമുക്കു ശുചിത്വ കേരളമാക്കി മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്ന വിദ്യാലയങ്ങളിലൂടെ, ചുറ്റുപാടുകളിലൂടെ, സമൂഹത്തിലൂടെ ശുചിത്വ ബോധമുള്ള പുതുതലമുറയെ വാർത്തെടുക്കാൻ ശ്രമിക്കാം. അത്തരത്തിൽ ശുചിത്വ ബോധമുള്ള, മനോഭാവമുള്ള കുഞ്ഞുങ്ങളായി വളർന്ന് ഈ കൊച്ചു കേരളത്തെ അഥവാ ഭാരതത്തെ സുന്ദരമാക്കാൻ നമുക്ക് ഒരു മിച്ച് പ്രവർത്തിക്കാം
|