ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ഏദൻസ് ഗാർഡൻ
ഏദൻസ് ഗാർഡൻ
ഏപ്രിൽ 8 അയാൾ മരിച്ചു. അടുത്തത് ഞാനാണ്. അടുത്തത് എന്നത് എത്രയും അടുത്തുതന്നെയുണ്ടാവും.അതിനു ശേഷമോ?-അതിനു ശേഷവും മരിയ്ക്കാനാളു വേണമല്ലോ - അതാരാണ്.അത് എന്തായാലും ഒരു പുരുഷനാവില്ല.സ്ത്രീയാവാം.അതല്ലെങ്കിൽ ഒരു മൂന്നാംലിംഗക്കാരി;പക്ഷെ അവർ റെയിൽവേ സ്റ്റേഷനിൽ പാടാൻ പോവില്ല! അന്യഗൃഹങ്ങളിൽ രാത്രി സന്ദർശനത്തിനുമുണ്ടാവില്ല!അവരെയും സന്ദർശിക്കില്ല.അതേസമയം അവർക്ക് പ്രസവിയ്ക്കുവാനും മുലയൂട്ടുവാനും പുരുഷ സ്വരത്തിൽ കൂടെ നിൽക്കാനും കഴിയും!--അങ്ങനെയായിരുന്നെങ്കിൽ...ഇനിയൊരുപക്ഷെ ഇവരാരുമല്ലെങ്കിലോ? തനിക്കു ശേഷം വേറെ യാരെങ്കിലുമാണെങ്കിലോ? - അതോ ... യുഗങ്ങൾക്കിപ്പുറം ആഫ്രിക്കയിലെ നിരാശയുടെ തുരുത്തിൽ തങ്ങളോടൊപ്പം അജ്ഞാതവാസത്തിലായിരുന്ന പിതാവിന്റെ മരണത്തെക്കുറിച്ച് പരിതപിച്ചുകൊണ്ട് സ്വന്തം മുറിയിലെ എൽ.ഇ.ഡി ലൈറ്റിനു താഴെ പൂർണ്ണ നഗ്നനായിരുന്ന ആദം തൊട്ടടുത്ത് സാത്താൻ നൽകിയ കൂൾലിപ്പും വായിൽത്തിരുകി ബോധരഹിതയായി ആദിയിലെന്നപോലെ കിടന്ന ഹൗവ്വയെ നോക്കി. അയാൾക്ക് ഏകാന്തത അനുഭവപ്പെട്ടു.എകാന്തത! ഏപ്രിൽ 9 ഒന്നു മയങ്ങിയെണീറ്റപ്പോൾ ആദമിന് ആഫ്രിക്ക ഇന്ത്യയായി അനുഭവപ്പെട്ടു. സ്ഥലമെവിടെയെന്നറിയാൻ ഗൂഗിൾ മാപ്പസിൽ ടച്ച് സ്ക്രീനിനു മുകളിലേ ചെറുശുഷിരങ്ങളിൽ നിന്നുമുള്ള ചീവീടിന്റെ കരച്ചിലോടെള്ള ഇബിലീസിന്റെ വാട്സപ്പ് സന്ദേശം വരുന്നത്.അയാളുടെ കോൺടാക്ട് നമ്പർ ഇല്ലാതിരുന്നതിനാൽ ആദമിന് ആദ്യം ആളെ മനസ്സിലായിരുന്നില്ല.പക്ഷെ സ്ഥിരമായി സോഡയും നെപ്പോളിയനും അനാവശ്യത്തിന് കൂൾലിപ്പും സപ്ലൈ ചെയ്തിരുന്ന ഇബിലീസിക്കയെ ഹൗവ്വ തിരിച്ചറിഞ്ഞു.സന്ദേശം ഫ്രഞ്ചിലായിരുന്നു.ഹൗവ്വയാണ് തർജ്ജമ ചെയ്തത്:'അതിന്റെ സുഖം ഇനിയും നീ മനസ്സിലാക്കിയിട്ടില്ല;അത് നിന്റെ തൊട്ടടുത്തു വരെ എത്തിയിട്ടുപോലും,' ആദമിന് ആദ്യം ഒന്നും മനസ്സിലായില്ല. അയാൾ അത് ഒരുതവണകൂടി വായിച്ചു. - അപ്പോൾ മനസ്സിലാവുന്നു. പക്ഷെ അതല്ല,അവളെപ്പോൾ ഫ്രഞ്ചു പഠിച്ചു. അതുപോലെ ഇബിലീസെന്തിന് ഫ്രഞ്ച് സംസാരിയ്ക്കണം - ആദം വാട്സപ്പിൽ നിന്നു മാപ്സിലേയ്ക്ക് വലിഞ്ഞു.കേരളത്തിലാണ്.കേരളത്തിൽ.. തിരുവനന്തപുരം - മതി.അത്രമാത്രം അറിഞ്ഞാൽ മതി.ആദത്തിന് തന്റെ നാവിനെല്ലുണ്ടോയെന്ന സരസമായ സംശയമുണ്ടായി. അയാൾ കാലുകൾ ജീൻസ് പാന്റ്സിലേയ്ക്ക് കഷ്ടപ്പെട്ട് വലിച്ചു കയറ്റി.ആ അദ്ധ്വാനത്തിനിടയിൽ സഹായിക്കാനെത്തിയ ഹൗവ്വയുടെ കഴുത്തിൽ പെട്ടന്നുള്ള വെപ്രാളത്തിൽ ഒരു കടിവീണു.അടുത്തത് തന്റെ വകയാണല്ലോ എന്നോർത്ത് അവൾ ക്ഷമിച്ചുവെങ്കിലും മേശയിലെ ഡ്രായറിൽ നിന്നു വീണ്ടും മറ്റവനെയെടുത്ത് വായിൽ പ്രയോഗിച്ചതോടെ സ്ഥിരത നഷ്ടപ്പെട്ട് ഹൗവ്വ കിടക്കയിലേയ്ക്കു ചാഞ്ഞു. അപ്പോഴാണ് ജീവനത്തിന്റെ പ്രധാന ഘടകമായ ആ വിശുദ്ധ പുറംതള്ളലിനെക്കുറിച്ച് അയാൾ ഓർക്കുന്നത്.പാന്റ്സ് വലിച്ചുകയറ്റിയ ക്ഷീണവും വിലകൂടിയ ഫോണുമായി - ആ പ്രഭാതകർമ്മത്തിന്റെ രണ്ടു മണിക്കൂർ നീണ്ട കാൻഡി ക്രഷ് സ്വപ്നവുമായി അയാൾ പതുക്കെ കക്കൂസിനുള്ളിൽ മറഞ്ഞു. ഇത് എവിടെയായിരുന്നാലുമുള്ള പതിവാണ്.ആദ്യം ക്ലാഷ് ഓഫ് ക്ലാൻസുകളിച്ചിരുന്നു.പിന്നെ വന്നവയിലൊക്കെയും പയറ്റി നോക്കിയ അടവാണ് ഇപ്പോൾ വീണ്ടും ഈ പ്രഭാത 'ക്രഷി'ലെത്തിയത്.ഹൗവ്വയ്ക്ക് അതിനെക്കാളും ഭ്രമം ഈ മയങ്ങി നടക്കുന്നതിനോടാണ്. ആദ്യം സിഗരറ്റിലായിരുന്നു.ചെറുപ്പത്തിൽ. അന്നൊക്കെ വഴിവക്കിൽ അതൊരു രസത്തിനു വേണ്ടി ചെയ്തു.നാലാളു കാൺകെ ഒരു കൂസലുമില്ലാതെ വലിച്ചു കയറ്റുമ്പോൾ പുകയ്ക്കു കറുപ്പ് നിറമായിരുന്നിട്ടും നെഞ്ചെരിഞ്ഞിട്ടും പരിഷ്കാരത്തിനു കുറവുണ്ടായിരുന്നില്ല. പിന്നെയാണ് പാനീയങ്ങളൊക്കെ വന്നത്.അതിലൊക്കെ അയാളും കൂട്ടുനിന്നിരുന്നു.കൂട്ടുനിന്നിരുന്നു എന്നതിനെക്കാൾ കൂടുതലുപയോഗിച്ചിരുന്നു.പക്ഷെ ഈ കൂൾലിപ്പുകൾ - സിഗരറ്റിനെക്കാൾ തൊണ്ണൂറ്റിരണ്ട് ശതമാനത്തോളം സുരക്ഷിതമാണത്രെ സ്നസ് വിഭാഗത്തിൽപ്പെട്ടവ.ആദ്യമൊക്കെ ഹൗവ്വയെക്കാൾ ഉപയോഗിച്ചിരുന്നു.പക്ഷെ ഇപ്പോൾ - ഇപ്പോൾ ഒരു വിരക്തി.ഏകാന്തത. പിതാവിന്റെ മരണവാർത്തയറിഞ്ഞപ്പോഴും അതുതന്നെ തോന്നിയത്.എങ്കിലുമൊരാശങ്ക ആകെ തകിടം മറിച്ചുകൊണ്ട് ഒളിഞ്ഞും തെളിഞ്ഞും കത്തിനിൽക്കുംപോലെ ആദമിനു തോന്നി. അടുത്തതാര് എന്ന ചോദ്യം. ആദം ഫോണിൽ നിന്നു തലയുയർത്താതെ പുറത്തിറങ്ങി വന്നു. "ആദം - " അയാൾ തലയുയർത്തി നോക്കി.ഹൗവ്വ ഒരു റോഡ്സ്റ്റെർ ഷോർട്ട്സിൽ പുറത്തുപോകാനിറങ്ങി നിൽക്കുന്നു.അവൾക്കതു നന്നായിച്ചേരുന്നുമുണ്ട്.ആദം അവളെ ആകമാനം ഒന്നു നോക്കി.പിന്നെ ഒന്നു ചിരിച്ചു :- " ഉണയേൻദ വാപി, ഹൗവ്വാ?" "ജേ!ഹൗഠാക്കി സിയാരാ ഞ്ചീനി ഇൻഡ്യ?" അവൾ പ്രത്യാശയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി. " ക്വ നീനി " " ടൂകോ കാതീകാ 'ഞ്ചീ യാ മൂംഗു മെന്യേവേ!! '" "ഇമെക്വീഷാ!! ഹൗവ്വാ!" ഏ?" "ഇമെക്വീഷാ!!ലകീനി -" "ഉം."ഹൗവ്വ ഷോർട്ട്സഴിച്ചുവച്ചു;ഉടുക്കാനുണ്ടായിരുന്ന ഷർട്ട് തിരിച്ചലമായിലേയ്ക്കു വച്ച് വീണ്ടും മയങ്ങാൻ തയ്യാറായി. ഏപ്രിൽ 9 മൂന്നു മുപ്പതു പി.എം. അവൾക്ക് ഒരുപാട് മോഹങ്ങളുണ്ട്.ഒരു നിമിഷത്തിന്റെ ദൗർബല്യത്തിൽ കഴിച്ചുപോയ കനി ജ്ഞാനത്തിന്റേതായിരുന്നെന്നട്ടഹസിച്ച ദൈവങ്ങൾക്ക് തെറ്റി.തന്റെ ഭൂമികയിൽ പതനത്തിന്റെ ആദ്യ വെട്ടായിരുന്നു അത്. അതുകൊണ്ടാണിന്നും പുകക്കറയിലും ദുർഗന്ധത്തിലും പാപത്തെ ഏച്ചുകെട്ടിക്കഴിഞ്ഞു പോവുന്നത്. മദ്യക്കുപ്പിയുടെയും കഞ്ചാവിന്റെയും സാന്നിധ്യം മത്തുപിടിപ്പിയ്ക്കുന്നു.വിട്ടൊഴിയാത്ത പാപത്തിന്റെ രുചി.അതെ,പാപത്തിന് വല്ലാത്തൊരു മാധുര്യമാണ്.ഇബിലീസിനെപ്പോലെ അതിന്റെ ഓരോ ചലനത്തിനും ഒരു രഹസ്യാത്മകത.സാഹസികമായി എന്തെങ്കിലും ചെയ്യൂ എന്ന് ബോധ നിലാവിന്റെ കൃഷ്ണപക്ഷത്തിലെ സാന്ദ്രതയിലോതുന്ന അപൂർവ്വതകളുടെ ഹരം! ഹൗവ്വ ആദമിനോടു ചേർന്നു കിടന്നു. ഹൗവ്വാ ".ഒരു തളർന്ന വിളിയുയർന്നു.ആദം തന്റെ പുരുഷബലിഷ്ഠതയിൽ അവളെ അടക്കി.മനസ്സിൽ നിന്നെന്തൊക്കെയോ ചോർന്നു പോകുന്നത് തങ്ങളുടെ ശരീരങ്ങളിലേക്കു തന്നെയെന്ന് അവർ മനസ്സിലാക്കി. ഹൗവ്വ ചാടിയെഴുന്നേൽറ്റ് രാവിലെ എടുത്തുവച്ച കുട്ടിയുടുപ്പുകളിൽ കയറിക്കൂടി.ആദം ഒന്നും ചോദിയ്ക്കാതെ തന്റെ വസ്ത്രങ്ങളിലേക്ക് നടന്നു.ജാലകങ്ങളും കവാടങ്ങളും ഇനി അവർക്കു മുന്നിൽ തുറക്കപ്പെടും അന്ത്യനാളുകളിൽ അവർ അവർക്കുള്ള അപ്പവും വീഞ്ഞും ഒരേ പാത്രങ്ങളിൽ നിന്നു തന്നെ പങ്കിടുന്നതിനെക്കുറിച്ചു സ്വപ്നം കാണും; സ്വപ്നം കണ്ടുകൊണ്ട് തെരുവീഥികളിലൂടെ കൈകോർത്തു നടക്കും. അവരാദ്യമായി മരിച്ച ദൈവത്തിന്റെ സ്വന്തം നാടുകാണാനായി ചുറ്റി നടന്നു.ആദമിന് ഒരോ വളവും സുപരിചിതമായിത്തോന്നി.മുൻപെന്നോ വന്നുപോയ വഴികളാണോ ഇത് എന്ന് ഹൗവ്വയ്ക്കു സംശയം തോന്നാതിരുന്നില്ല.ഒന്നുമില്ലെങ്കിലും അയാളുടെ ശ്വാസമാണല്ലോ അവൾ.പക്ഷെ ലോകത്തെല്ലാ വഴികളും ഒറ്റനോട്ടത്തിൽ ഒരു പോലെയാണ് എന്ന് പിന്നീട് മനസ്സിലായി. ഉത്തരാധുനികത ബാധിച്ച വഴികൾ. കെട്ടിടങ്ങൾ.വാഹനങ്ങൾ. അപൂർവ്വമായെങ്കിലും കാണുന്ന വൃക്ഷങ്ങൾ;മലകൾ.ഉത്തരാധുനിക മനുഷ്യർ.ഉത്തരാധുനിക ലോകം. ഇതുതന്നെയാണോ ഞ്ചീ യാ മൂംഗു മ്യെന്യേവേ? ഹൗവ്വ ചോദിച്ചു. ആദമിന്റെ മുഖത്ത് പരിഭ്രാന്തി പരന്നു. എവിടെ പർവ്വതങ്ങൾ...എവിടെ നാല്പത്തിനാല് നദികൾ... എവിടെയാണ് വിശ്വപ്രസിദ്ധമായ സുഗന്ധദ്രവ്യങ്ങൾ...അതെ,പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായിരിയ്ക്കുന്നു. ഇമെക്വീഷാ!! അതു പോയി!! ലകീനി - പക്ഷെ - അവർ ഇരുട്ടുംവരെ ഒന്നും മിണ്ടാതെ നടന്നു.ക്ഷീണിച്ചപ്പോൾ നടത്തത്തിന്റെ ഊക്കു കുറച്ചു.മുന്നിൽക്കാണുന്ന എതെങ്കിലും വീട്ടിൽ വിശ്രമിയ്ക്കാൻ കഴിയുകയില്ലല്ലോ.അവർ ലക്ഷ്യമില്ലാതെ വീണ്ടും നടന്നു.ഒടുവിൽ മുന്നിൽക്കണ്ട ശ്രീകൃഷ്ണന്റെ വീട്ടിലെ കോളിങ് ബെല്ലമർത്തി. വാതിൽ തുറന്നത് രുഗ്മിണിയായിരുന്നു. "കൃഷ്ണൻ സർ" "ഇല്ല.ഇവിടെയില്ല" ആദം സംശയഭാവത്തിൽ നോക്കി. " പുറത്തു പോയിരിയ്ക്കുന്നു.എന്റെ സഹായിയുടെ വീട്ടിൽ -" "എന്നായിരുന്നു ഇങ്ങോട്ടുള്ള മാറ്റം?" "കുറച്ചായി" രുഗ്മിണി അകത്തേയ്ക്കു കയറി.ക്ഷണിച്ചില്ലെങ്കിലും പിന്നാലെ അവരും - വീട് വിശേഷമായിരുന്നു. കൃഷ്ണന് വല്ലാത്ത സൗന്ദര്യബോധമുണ്ടെന്ന് അയാൾക്ക് തോന്നി.തൂണുകളിലും കട്ടളകളിലും കൂടി അതുണ്ടായിരുന്നു. ചുമരിന്റെ ഒരു കോണിലെ ഇരുനിറവും കുഴിഞ്ഞ കണ്ണുകളും കഴുത്തിനെ മറയ്ക്കുന്ന നരവീണ താടിയുമുള്ള മനുഷ്യന്റെ ഫോട്ടോ വസുദേവരുടേതാണെന്ന് മനസ്സിൽ പറഞ്ഞു. അടുത്ത് കരുത്തുറ്റ മുഖവും തോളോളമെത്തുന്ന ചുരുളൻ മുടിയുമുള്ള - ഒരു പ്രത്യേക അലങ്കാരമുള്ള മാലയിട്ടിരുന്ന ചിത്രം - അത് - " കംസനെന്നു കേട്ടിട്ടുണ്ടോ - " ഉം." "അതുതന്നെ "രുഗ്മിണി ഫോട്ടോയിൽ നിന്നു കണ്ണെടുക്കാതെ നിന്ന ആദമിനോടു പറഞ്ഞു. അയാൾ സംശയത്തോടെ അവളെ നോക്കി. "ആദം - " "ഓ - " "എന്താ വേണ്ടത്, കഴിയ്ക്കാൻ - " അയാൾ ഒന്നും മിണ്ടിയില്ല. ഹൗവ്വയും മൗനിയായിരുന്നു. കഞ്ചാവും മദ്യവും അകത്തുചെല്ലുമ്പോളൊഴിച്ച് എല്ലാ നേരവും നാവനക്കാറുള്ള അവളും മിണ്ടാതെ നിൽക്കുന്നതിൽ അയാൾ അതിശയിച്ചു. രുഗ്മിണി അടുക്കളയിലേയ്ക്കുപോയപ്പോൾ സോഫയിൽ അകലമിട്ടിരുന്ന അവൾ അടുത്തേയ്ക്ക് ചേർന്നിരുന്ന് അയാളുടെ നീണ്ട ചെമ്പിച്ച താടി മൃദുലമായി തടവിക്കൊണ്ട് ചോദിച്ചു: ആദം,നിനക്കെന്തുപറ്റി ." അവളുടെ ശബ്ദത്തിന് തണുപ്പുണ്ടെന്ന് തോന്നി. "ആദം, നിനക്കെന്തുപറ്റി -"അയാൾ സ്വയം ചോദിച്ചു. "ആദം,നിനക്കെന്തുപറ്റി - " ഹൗവ്വ നിരാശയോടെ അയാളുടെ താടിയിൽ നിന്നും കൈ പിൻവലിച്ചു. എത്രയോ കാലമായി കാണാൻ തുടങ്ങിയിട്ട്. ബോട്സ്വാനയിലെ നഗ്നത മുതൽ കേരളത്തിലെ അർദ്ധനഗ്നത വരെ ഈ കണ്ണുകൾക്ക് പരിചിതമാണ്. തമാലവനങ്ങളും സ്മാർട്ട് സിറ്റികളും കാലത്തിന്റെ ഉടുതുണികൾ മാത്രമാണ്.ജീർണ്ണവസ്ത്രങ്ങൾ വെടിയുന്നത് ആത്മാവല്ല.കാലമാണ്.കാലത്തിനാണ് മാറ്റങ്ങളുണ്ടാവുന്നത്.മനുഷ്യന് മാറ്റങ്ങളുണ്ടാവുന്നുണ്ടോ - "ആദം - " "ഉം." "മനുഷ്യന് മാറ്റമുണ്ടാവാറുണ്ടോ ആദം - " അയാൾ ഒന്നു തലയുയർത്തി നോക്കി. പിന്നെ ചുമരിലെ കംസന്റെ ചിത്രത്തിലേയ്ക്കും. "ഉണ്ടാവുമായിരിയ്ക്കും - അറിയില്ല - " " അറിയില്ലാ- " "ഇല്ല.ഉണ്ടാവുമായിരിയ്ക്കും." രുഗ്മിണി നൂഡിൽസുമായി വരും വരെ അവർ ചേർന്നിരുന്നു.സമയം വൈകുന്നു.ഇന്നിവിടെ തങ്ങിയാലോ എന്ന ഹൗവ്വയുടെ ചിന്ത ആദമിന് മനസ്സിലായിരുന്നു.അതവൾക്കുമറിയാം.ആദം മിണ്ടില്ല.പറയുംവരെ അറിഞ്ഞ ഭാവം കാണിയ്ക്കില്ല. പറഞ്ഞാൽത്തന്നെ സമ്മതിക്കില്ല.സമ്മതിപ്പിയ്ക്കാനറിയാത്ത വളല്ലല്ലോ താനും. യുഗങ്ങൾക്കപ്പുറമൊരു തോട്ടത്തിൽ വച്ച് പാതി പങ്കിട്ട കനിയുടെ ഓർമ്മ ഉണങ്ങാത്ത മുറിവിലേക്ക് വെള്ളം വീഴുമ്പോഴെന്ന പോലെ തരിച്ചു കയറി. എങ്കിലും ഊൺമേശയ്ക്ക് മുന്നിലിരുന്നപ്പോൾ സൂചിപ്പിച്ചു .(അന്നും ഇങ്ങനെയായിരുന്നു). രുഗ്മിണിക്ക് സന്തോഷം. അവർ ഹൗവ്വയുടെ പ്ലെയ്റ്റിലേയ്ക്ക് അൽപ്പം കൂടി നൂഡിൽസു വിളമ്പി. പിന്നെ വീട്ടിലെ സൗകര്യങ്ങളെക്കുറിച്ച് പറയുകയായി. പക്ഷെ അത്ഭുതം ആദിമന്റെ പ്രതികരണത്തിലാണ് . അയാൾ ഒന്നും മിണ്ടിയില്ല. എതിർക്കുമെന്നാണ് കരുതിയത്. എതിർത്തില്ല - - ഊണു കഴിഞ്ഞ് മുറിയിലേയ്ക്ക് പോകും മുൻപ് രുഗ്മിണി അടുത്തു വന്നു. മുഷിഞ്ഞ വസ്ത്രം മാറ്റാൻ പറഞ്ഞു. രാത്രി ഉടുക്കാൻ തന്റെ നൈറ്റ് ഡ്രസ്സ് ഉണ്ട്. ആദമിന് ശ്രീകൃഷ്ണന്റെ വസ്ത്രങ്ങൾ കണക്കാവും . ആദ്യം സ്നേഹപൂർവ്വം നിരസിക്കാൻ ശ്രമിച്ചു. ( അപ്പോഴും ഉപചാര വാക്കിനു പുറകേയുള്ള നിർബന്ധിക്കൽ പ്രതീക്ഷിച്ചിരുന്നു എന്ന് ഭാവാർത്ഥം) . കിടക്കും മുൻപ് സമയം നോക്കി.പന്ത്രണ്ട്. അത്രേ ആയിട്ടുള്ളു. ഇടയ്ക്ക് രുഗ്മിണി വന്നു. മുറിയിൽ നിന്നിറങ്ങി ഇടതുവശത്തേയ്ക്ക് തിരിയുന്നിടത്തെ മുറിയിലാണ് അവൾ കിടക്കുന്നത്, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി എന്നു പറയാൻ. "സുന്ദരി" അവൾ പോയപ്പോൾ ഹൗവ്വ പറഞ്ഞു. ആദം ദീർഘമായി നിശ്വസിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു . ഏപ്രിൽ 10 ഹൗവ്വ ഉണർന്നപ്പോൾ ആദം തോട്ടത്തിലാണ് . കൃഷ്ണൻ വല്ലപ്പോഴും സാധകം ചെയ്യാൻ അവിടെയാണ് പോവുക .സ്ഥലത്തില്ലാത്ത സമയത്ത് രുഗ്മിണി നോക്കിനടത്തണം എന്നാണ്. പക്ഷേ കൃഷ്ണനു തന്നെ അതിൽ താൽപര്യം നശിച്ചിരുന്നു. ആദമിന് തന്റെ ഭൂതകാലം ഓർമ്മ വന്നു. അയാൾ മരങ്ങൾക്കരകിലൂടെ നടന്നു. " പെട്ടെന്നു വളരുന്ന ഇനമാണ് .എല്ലാം അതന്നെ .ഓരോന്നും പൂർണ്ണ വളർച്ച എത്തും വരെ ഓരോ ദെവസോം പൊങ്ങും. ഒരു വർഷം ഒരു കുട്ടി വളരുന്നത്ര .പക്ഷെ നോക്കാനാളു വേണ്ടേ - ആദം -" ആദം തലയാട്ടി. " ഹൗവ്വ ഉണർന്നോ - " "ഇല്ല " രുഗ്മിണി വീട്ടിനുള്ളിലേയ്ക്ക് തലയുയർത്തി നോക്കി. ആദം ഒരു മൺവെട്ടി എടുത്തുകൊണ്ട് വന്നു. "തെങ്ങുകൾക്ക് തടമെടുക്കണം.മറ്റു ചെറിയ തൈകൾക്കും വേരിറങ്ങും വരെ മതി.അറിയില്ലേ കൃഷ്ണന് - " അവൾ ചിരിച്ചു. "പണ്ട് - ഇതിനെക്കാളും വലുതായിരുന്നു തോട്ടം.ഒരു പക്ഷേ കേട്ടിട്ടുണ്ടാവും. ഇല്ലേ - " അയാൾ നിലത്തെ പുല്ലുകളിലേയ്ക്ക് തലതാഴ്ത്തി. " തോട്ടത്തിലെ അജ്ഞതയായിരുന്നു വിധിച്ചത്. ആ അജ്ഞത തന്നെയാണ് മലക്കപ്പെട്ടത് മോഹിച്ചതിനു കാരണം .ഒടുവിൽ പാപികളായതോ... ഒന്നു ചിന്തിച്ചാൽ ആരുടെ തെറ്റായിരുന്നു - അജ്ഞത തന്ന ദൈവത്തിന്റെയോ - അതോ - " അയാൾ അമർഷത്തോടെ വെട്ടി. ഹൗവ്വ വന്നപ്പോൾ രുഗ്മിണി അകത്തേയ്ക്ക് പോയി. രാത്രി മദ്യപിച്ചില്ല എന്നത് അവളുടെ മുഖം പറയുന്നുണ്ടായിരുന്നു. അമിതമായി കുടിച്ചു ബോധംകെട്ടുറങ്ങിയാൽ പിറ്റേന്ന് നെറ്റിയിൽ രണ്ടു ഞരമ്പുകൾ തുടിക്കുന്നത് കാണാനാവും.സംസാരത്തിലും നടത്തത്തിലും ആകെ ഒരു പിരിമുറുക്കം. എന്നാലും കുടിക്കും.വീടുമാറിയത് കൊണ്ടാവും ഇന്നലെ അതുണ്ടായില്ല.രാവിലെ കക്കൂസിനുള്ളിലെ കാൻഡി ക്രഷും താനും വേണ്ടാന്നു വച്ചു. കുറച്ചു നേരം നിന്നു ചുറ്റിത്തിരിഞ്ഞിട്ട് അവളും അകത്തേയ്ക്ക് പോയി. അയാൾ തോട്ടത്തിൽ പണി അന്വേഷിച്ചു നടന്നു. തോട്ടത്തിൽ ഒരു ചെറു കുളമുണ്ട്.അത് വൃത്തിയാക്കണം.പറ്റുമെങ്കിൽ താമരയോ ആമ്പലോ വളർത്തണം.നഗരത്തിൽ കോഴിയേയും വാത്തയേയും വിൽക്കുന്ന കടകളില്ലാതിരിയ്ക്കില്ല.അവിടെ നിന്ന് എന്തിനെയെങ്കിലും വാങ്ങി വളർത്തണം. പിന്നെ തോട്ടത്തിലൊന്നു രണ്ട് മരങ്ങൾ പട്ടു പോയിട്ടുണ്ട്.അതുമാറ്റി പുതിയതു നടണം.എവിടെ നിന്നെങ്കിലും കുറച്ച് രാസവളവും ഒപ്പിയ്ക്കണം.അപ്പോൾ ഇവിടം ഭൂമിയിലെ സ്വർഗ്ഗമാവും.ചന്ദനത്തിന്റെയും സൗഗന്ധികത്തിന്റെയും പൂക്കൾ ഇവിടെ കൊഴിഞ്ഞു വീഴും.അതിൽ ചവിട്ടിയുള്ള മാലാഖമാരുടെ പോക്കുവരവ് കാണാൻ ഇലകൾ തല താഴ്ത്തും.അവർക്കു വേണ്ടി മാതള നാരുകൾ പൂത്ത് ഗന്ധം പൊഴിയ്ക്കും. ഇടയ്ക്കിടെ ഭൂമിയിലെ ഉഷ്ണക്കാറ്റുകൾ ഉത്തമഗീതങ്ങൾ പാടും.അപ്പോൾ ശലോമോൻ അവന്റെ പ്രണയം തരും. അങ്ങനെ സ്വർഗ്ഗത്തെപ്പോലെ ഭൂമിയിലും ആകും.ആളുകൾ തങ്ങളുടെ കടക്കാരോട് ക്ഷമിക്കുകയും അവരുടെ പാപങ്ങൾ പൊറുക്കുവാൻ സ്വർഗ്ഗസ്ഥനായ പിതാവിനോട് ഏറ്റുപറയുകയും യെരുശലേമിലും നസറേത്തിലും സൂര്യൻ നല്ലതിനായി ഉദിക്കുകയും ചെയ്യും. ചെകുത്താന്റെ നഗരങ്ങളിലുള്ളവരോട് പാടങ്ങളിലേയ്ക്കിറങ്ങി ഗ്രാമങ്ങളിൽ രാപ്പാർക്കാൻ അരുളിചെയ്യുകയും അവർ തിരുഇഷ്ടത്തിനായി അങ്ങനെത്തന്നെ ചെയ്യുകയും ചെയ്യും. - അല്ല. അയാൾ തന്റെ ശുഭചിന്തയിൽ നിന്നും തന്നെ വെളിപാടിലേയ്ക്കുണർന്നു. -"ഈ യുഗത്തിൽ പാപം ചെയ്യാത്തവർ കല്ലെറിയപ്പെടുകയും പാപികൾ അവിടത്തെ തിരുഇഷ്ടത്തിന് പാത്രമാവുകയും ചെയ്യും." രുഗ്മിണി തോട്ടത്തിലേയ്ക്കു വന്നു. അയാൾ മാവിന്റെ നിഴലിലേയ്ക്ക് നോക്കി സമയം കണക്കുകൂട്ടി. "ഭക്ഷണമായോ - " "ഉം.വന്നാൽ -" ആദം മൺവെട്ടി ഉറക്കെ നിലത്തു വച്ചു. "എന്നായിരുന്നു ഇങ്ങോട്ടു മാറിയത് - " " ദ്വാരക ! കടലെടുത്തതോടെ കഴിഞ്ഞുവല്ലോ എല്ലാം .ഞങ്ങൾ അതിജീവിച്ചു.യദുവംശം തകർന്നുവെന്ന് ഘോഷിച്ചവർക്ക് അറിയോ ഇതു വല്ലതും... " "പക്ഷെ കൃഷ്ണൻ മരിച്ചുവെന്ന് - " " വിരലിൽ അസ്ത്രമേറ്റ് മരിച്ച കഥ ചോറുണ്ണാൻ കൂട്ടാക്കാതെ കരയുന്ന ഉണ്ണികൾക്കു പറഞ്ഞു കൊടുക്കുന്നതാവും ഭേദം! നല്ലൊരു പങ്ക് കളിച്ചിരിക്കുന്നു - വേടൻ.ഇതുവരെ ഒരവതാരവും ഭൂമി വിട്ട് പോയിട്ടില്ല. ശക്തി ചോർന്ന് നരച്ച് വിറച്ച് - മനസ്സു പാറുമ്പോൾ - " അയാൾ രുഗ്മിണിയുടെ മുഖത്ത് നോക്കി. കരയുകയാണോ. കണ്ണുകൾ കലങ്ങിയിരിക്കുന്നത് ഒരുപക്ഷെ അമർഷം കൊണ്ടായിരിക്കാം കലിയുഗമാണ് നന്നാക്കാൻ പിറന്നിട്ട് മുച്ചൂടും മുടിയുന്നതുവരെ നോക്കി നിൽക്കേണ്ട ഗതി " അയാൾ അവളുടെ ചുമലിൽ കൈയ്യമർത്തി അയാളുടെ കൈയ്യിലേക്കൊഴുകുന്ന കണ്ണീരിന് തീയിനെക്കാൾ ചൂടാണെന്ന് തോന്നി. രുഗ്മിണി കരച്ചിലടക്കി. " തോട്ടമിഷ്ട്ടപ്പെട്ടോ " "ഉം " ആദം ഇളഭ്യനായതുപോലെ നിന്നു . "എന്നാ കുറച്ച് ദെവസം കൂടി നിക്കണം. അദ്ദേഹം വന്നിട്ട് പോയാൽ മതി." ആദം എന്തോ പറയാനൊരുങ്ങി. പിന്നെ പിൻവലിഞ്ഞു. -ചപ്പാത്തി നല്ല പാകത്തിലായിരുന്നു. രുഗ്മിണിക്ക് നന്നായി പാചകം അറിയാം. വീട്ടിൽ വേലക്കാർ ഒന്നുമില്ല. എല്ലാം ഒറ്റയ്ക്ക് ചെയ്യണമെങ്കിലുള്ള ആരോഗ്യം ചില്ലറയ്ക്കാവില്ല .ചപ്പാത്തി പരത്തി വേവിച്ചെടുക്കാനുള്ള യന്ത്രമുണ്ട്. ഇടയ്ക്ക് ഒന്ന് മറിച്ചിട്ടു കൊടുത്താൽ മതി. ചായയുണ്ടാക്കാനുള്ളത് രാത്രി ചാർജ്ജ് ചെയ്യണം.അതുകൊണ്ട് അടുക്കളയിൽ ബുദ്ധിമുട്ടില്ല. പിന്നെ വീടു വൃത്തിയാക്കുന്നത്.നിലം തുടയ്ക്കുന്നതിന് പഴയതുപോലെ കഷ്ടപാടില്ല. അതുപോലെ ചുമരിൽ വലകെട്ടില്ല. എങ്കിലും - പണ്ടത്തേ തിനെക്കാൾ എളുപ്പമാണെങ്കിലും - അതും കഷ്ടപ്പാടല്ലേ? ഹൗവ്വയ്ക്ക് ഒന്നും വച്ചുണ്ടാക്കാനറിയില്ല.വലിച്ചുകയറ്റുന്നതും കുടിച്ചിറക്കുന്നതും ഒഴിച്ച് വേറൊന്നും ആത്മാർത്ഥമായി അവൾ ചെയ്തിട്ടുമില്ല. ഹൗവ്വ കൈ കഴുകാനായി ഊൺമേശയക്കു മുന്നിൽ നിന്നും എഴുന്നേറ്റു പോയി. അദ്ദേഹം എന്നു വരും? അയാൾ രുഗ്മിണിയോട് ചോദിച്ചു. അറിയില്ല അവൾ ഹൗവ്വയ്ക്കു പിന്നാലെ എഴുന്നേറ്റു. ഏപ്രിൽ 11 തോട്ടത്തിൽ കുറച്ചു ദിവസത്തിനുള്ളിൽ ആമ്പലുവിരിയും. വാത്തയും കോഴിയും ഇന്നിലെ വാങ്ങിച്ചു. തൊട്ടടുത്ത് ഗാർഡനിങ് ഷോപ്പിൽ നിന്നു വാങ്ങിയ തൈ നട്ടുകൊണ്ടിരിയ്ക്കുമ്പോൾ അയാൾ കാര്യങ്ങൾ കണക്കുകൂട്ടി.ഒന്നു രണ്ടു കിലോമീറ്റർ ഡ്രൈവ് ചെയ്താൽ വളം കിട്ടും. പക്ഷെ ആ നേരമുണ്ടെങ്കിൽ തോട്ടം കുറച്ചു കൂടി മോടിപിടിപ്പിക്കാം,ഓൺലൈനിൽ ഓർഡറീയാം കാശ് താൻ കൊടുത്തുകൊള്ളാമെന്ന് രുഗ്മിണിയാണ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് അവൾ വളരെ അടുത്ത് പെരുമാറാൻ തുടങ്ങിയിരിക്കുന്നു.ഇന്നലെ വസ്ത്രങ്ങൾ കഴുകിയിട്ടത് അവളായിരുന്നു. തോട്ടത്തിലേയ്ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം കൊണ്ടുവരണമെന്നു പറയുന്നത് അവമാനിക്കുന്നതാമോ എന്നാലോചിച്ചിരിക്കുമ്പോളാണ് അവളതിങ്ങോട്ട് ചോദിക്കുന്നത്.വലിയ തോട്ടത്തിലൂടെ നൂറു തവണ നടന്നു വരുന്നത് സുഖമുള്ള ഏർപ്പാടല്ല.എന്നിട്ടും അവൾ ചെയ്യുന്നു. ഒരു കാലത്തിത് ഹൗവ്വാ ചെയ്തിരുന്നു.അക്കാലത്ത് ഒരു പഴം മാത്രം പങ്കിട്ടു കഴിച്ച ദിവസങ്ങളുണ്ടായിട്ടുണ്ട്.ഒരാളുടെ വായിൽ ക്കൊണ്ട വെള്ളം മറ്റയാളുടേതിലേയ്ക്ക് പകരുന്ന സൂത്രവിദ്യ അന്നു പഠിച്ചതാണ്.രാവിലെ നോക്കിയപ്പോൾ ഹൗവ്വ ഗീതയുടെ കിൻഡിൽ എഡിഷൻ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഇടയ്ക്ക് രുഗ്മിണി വന്നപ്പോൾ അടുക്കളയിൽ പാചകം പഠിയ്ക്കുകയാണെന്ന് പറഞ്ഞു.നല്ലത്. മയങ്ങിമയങ്ങി നടക്കുന്നതിനെക്കാൾ ഹരമുണ്ട് ഉണർന്നിരിക്കുന്നതിന് എന്ന് ഇനിയെങ്കിലും മനസ്സിലാക്കട്ടെ.ഉച്ചക്ക് ഇബിലീസിന്റെ മെസേജ് വന്നിരുന്നു.അവളുടെ ഫോണിൽ.പറഞ്ഞില്ല.അത് ഡിലീറ്റു ചെയ്തു കളഞ്ഞു.ഒന്നുരണ്ട് കൂൾലിപ്പെങ്കിലും അവളുടെ ഹാൻഡ് ബാഗിൽ ഉണ്ടാവേണ്ടതാണ്.പിന്നെ എന്തുകൊണ്ട് പുറത്തെടുക്കുന്നില്ല. ഇനിയതും മടുത്തിട്ടുണ്ടാവും.മടുക്കട്ടെ. മടുക്കാനുള്ളതാണെങ്കിൽ മടുക്കുക തന്നെ വേണം. അയാൾ അടുക്കള ഭാഗം ലക്ഷ്യം വച്ച് നടന്നു - ഒരു സീൽക്കാരം! വെയിൽ ചരിഞ്ഞ് പതിയ്ക്കുന്നുവെന്ന് ശ്രദ്ധിച്ചു.നിഴലിലെവിടെയെങ്കിലും ഒളിഞ്ഞു കിടക്കുന്നുണ്ടോ - സൂക്ഷിച്ചുനോക്കി. ഒന്നും കാണുന്നില്ല. അയാൾ നടക്കാനൊരുങ്ങി. - വീണ്ടും! ആദം അല്പം പരിഭ്രമിച്ചു. അയാൾ ചുറ്റിലും കണ്ണോടിച്ചു. - മതിലിനോട് ചേർന്നുള്ള മരത്തിനരികിൽ ഒരു മാളം.അവിടെ നിന്നായിരിക്കും.പക്ഷേ ഈ മരം ഒരിക്കലും ശ്രദ്ധയിൽപ്പെട്ടിട്ടില്ലല്ലോ.അയാൾ അതേതു മരമാണ് എന്ന് തിരിച്ചറിയാൻ ശ്രമിച്ചു. അറിയാം.ഓർമ്മ വരുന്നില്ല. മുമ്പെപ്പോഴോ കണ്ടിട്ടുണ്ട്.ആദമിന് എന്തൊക്കെയോ തികട്ടി വരും പോലെ തോന്നി. അയാൾ വീണ്ടും നടത്തം തുടർന്നു. അടുക്കളയിൽ ഹൗവ്വ നില്പുണ്ടായിരുന്നു.അവൾ ഒരു ഗ്ലാസിൽ നാരങ്ങാനീരു നീട്ടി.അയാൾക്ക്,പക്ഷേ, അതിൽ രുചി തോന്നിയില്ല.ആ മനംപുരട്ടലിനെക്കുറിച്ച് തൽക്കാലം ആരോടും പറയണ്ട എന്ന തീരുമാനത്തിൽ ആദം ഏ.സിലേക്ക് കാലുവെച്ചു.
ഏപ്രിൽ 12 അയാൾ തന്നിൽ നിന്നകലുകയാണോ എന്നവൾക്ക് തോന്നി.ആദം എപ്പോഴും തോട്ടത്തിലാണ്.പഴയതെന്തൊക്കെയോ തിരിച്ചുപിടിക്കാനുള്ള വാശിയിലാണയാൾ.പക്ഷേ അങ്ങനെ തിരിച്ചു പിടിയ്ക്കാനാവുന്നതാണോ നഷ്ടപ്പെട്ടത്.ഉച്ചയ്ക്ക് ചോറുണ്ണാനിരുന്നപ്പോൾ രുഗ്മിണിയോടു തോട്ടത്തിന് പേരിടുന്നതിനെപ്പറ്റി ചോദിയ്ക്കുന്നതു കേട്ടു. "നിങ്ങളുടെ പഴയ തോട്ടത്തിനെന്തായിരുന്നു പേര്?" - അയാൾ പേരു പറഞ്ഞു. "അതുതന്നെ ഇട്ടാൽ പോരേ - " "അതല്ല - അദ്ദേഹത്തിനിഷ്ടപ്പെടുന്നതെന്തെങ്കിലും -" "എന്തിഷ്ടം.ഒന്നുമില്ല.ആദത്തിന് ഇഷ്ടമുള്ളതിടാം." അയാൾ മിണ്ടാതിരുന്നു. ഊണുകഴിഞ്ഞ് രുഗ്മിണി കുറച്ചു നേരം മുറിയിലായിരുന്നു.അര മണിക്കൂർ കഴിഞ്ഞപ്പോൾ തോട്ടത്തിനുള്ള ബോർഡുമായി ആദമിനെയന്വേഷിച്ചു പോകുന്നതു കണ്ടു. എങ്ങനെയായിരിക്കും അതിൽ എഴുതിയിരിയ്ക്കുക! മനസ്സിൽ സങ്കല്പിച്ചു. - ഏദൻസ് ഗാർഡൻ. അവൾ അടുക്കളയിൽ നിന്നിറങ്ങി ഭൂതായനങ്ങളിലൂടെ നടന്നു.കൈകാലുകളുള്ള സർപ്പം മനസ്സിനെ ചുറ്റിയും പുതിയ കാര്യങ്ങൾ പറഞ്ഞു തന്നതും അതിൽ ഹരം കൊണ്ടതുമൊക്കെ വഴിയോരങ്ങളിൽ ഓർമ്മകളായി ഉയർത്തി നിൽക്കുന്നു.പുതിയ വിദ്യകൾ.പുതിയ അനുഭവങ്ങൾ.പുതിയ ശുശ്രൂഷകൾ.ഒടുവിൽ പതനത്തിലെ നിലവിളി. അവൾ മെത്തയിൽ ഒന്നുകൂടി അമർന്നു കിടന്നു.ധൂളീമെത്തയുടെ സുഖം!- - ആദം തോട്ടത്തിലെ മരങ്ങൾക്കിടയിൽ കിടന്നു.നെറ്റിയിലാദ്യമായി കളങ്കം വീണ നാൾ.സർപ്പസീൽക്കാരം കാതിലെത്തിയതു മുതൽ അത് മനസിലേക്ക് തള്ളിക്കയറുന്നു - - അയാൾക്ക് തോട്ടം മാത്രമാണ് ചിന്ത.ആത്മാർഥമായി അതിനെ സ്നേഹിക്കാൻ കഴിയണേ എന്ന തീവ്രമായ പ്രാർത്ഥന.ഇപ്പോൾ അത് ഏദൻസ് ഗാർഡനാണ്.എന്തിനും 'യുറീക്കാ' എന്നലറുന്ന പേടിത്തൂറികളുടെ വാക്കുകളിൽ തെറ്റിന്റെ ഉറവിടം.പക്ഷേ അയാൾക്കതു പ്രശ്നമല്ല. അയാൾ ആർത്തുവിളിച്ചട്ടഹസിച്ചു:"ലോകരേ!ഞാൻ സ്വതന്ത്രനാണ്!എന്റെ അസ്ഥിത്വം നഷ്ടപ്പെട്ടിട്ടില്ല ദൈവങ്ങളെ!വരിക! വരിക!നിങ്ങൾ ഇനിയും ശ്രമിക്കുക!ചൂഷണം ചെയ്യുക!ഞാൻ സ്വതന്ത്രനാണ്!" തോട്ടത്തിലെ കിളികൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറന്നുപോയി.കുഴിയാനകൾ പ്രണയപാരവശ്യത്തോടെ അശ്ലേഷിച്ചു.അയാളുടെ മനസ്സ് പൊള്ളുന്നുണ്ടായിരുന്നു.അയാൾ മേഘങ്ങളിലേയ്ക്ക് കൈനീട്ടി നിന്നു: മഴയേ വരിക!ഞാൻ നിനക്കായി ഈ ഏദൻ തോട്ടത്തിൽ കാത്തിരിയ്ക്കുന്നു!എന്റെ പാപങ്ങൾ കഴുകിക്കളയൂ!" - അയാൾക്ക് പെട്ടെന്ന് കുറ്റബോധം വന്നു. ആദം അലർച്ചയോടെ വളക്കിറ്റുകൾക്കു നേരെ പാഞ്ഞു.അയാൾ അവയെ തട്ടിമറിച്ചിട്ടു. തോട്ടത്തിലെ കമ്പിപ്പാര അനേകം തവണ ആണ് ഉയർന്നു താണു. അയാൾ വിയർക്കുകയാണ്. - ആരോ അയാളെ പിന്നിൽ നിന്നും മുറുകെ കെട്ടിപ്പിടിച്ചു. ഈ ശരീരം തനിക്ക് അറിയാം - ഹൗവ്വ! അയാളുടെ ഭ്രാന്ത് പതിയെ കെട്ടടങ്ങി. - അവളുടെ കൈകൾ കൂടുതൽ മുറുകുന്നു. വീണ്ടും ആ പഴയ ചോദ്യം: "ആദം നിനക്കെന്തുപറ്റി " "ഒന്നുമില്ല"അയാൾ മറുപടി പറഞ്ഞു. - ഹൗവ്വയ്ക്ക് കരയണമെന്നു തോന്നി. അയാൾ നിശ്ചലനായി നിന്നു. ഏപ്രിൽ 13 രുഗ്മിണി ജൈവവളം വരുത്തിച്ചു.ഇനിമുതൽ ജൈവവളം മാത്രമേ ഉപയോഗിക്കാവൂ എന്ന് അയാൾ തറപ്പിച്ചു പറഞ്ഞിരുന്നു.തലേന്നു രാത്രിയും അയാൾ മുറിയുടെ ഇവിടെ ഇടതുവശത്തേക്ക് പോവുന്നത് കണ്ടിട്ടും ഹൗവ്വ ഒന്നും മിണ്ടിയില്ല.അവൾ വിങ്ങിപ്പൊട്ടുന്നത് അയാൾ അറിയുന്നുണ്ടോ - അറിയുമായിരുന്നു;മുമ്പായിരുന്നെങ്കിൽ. ഇപ്പോൾ അയാൾക്കൊന്നിലും ശ്രദ്ധയില്ല. തോട്ടത്തിൽ വെള്ളമൊഴിക്കാൻ സഹായിക്കാനെത്തിയപ്പോൾ ചിരിച്ചു. അയാളുതന്നെയാണ് അതിനുള്ള സാധനങ്ങൾ കൊണ്ടുതന്നതും. മതിലിനടുത്തുള്ള ഒരു മരത്തിന് നേരെ നടന്നപ്പോൾ കർക്കശമായ ശബ്ദത്തിൽ പോകരുതെന്ന് പറഞ്ഞു. "അതേതു മരമാണ്,ആദം - " "ഉം."അയാൾ ഇയാൾ ഒന്നു തറപ്പിച്ചു നോക്കി. "ആദം -" "ഉം" അതിൽ പഴമുണ്ട് - പഴുക്കാറായത് " "വരൂ"അയാൾ അവളെ അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോയി. "ഏതാണാ മരം?"ആദം നിർവികാരതയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. ചുണ്ടിന്റെ കോണിൽ അമർഷമാണോ എന്ന് സംശയം. - അയാൾ അവളെ ഒറ്റക്കാക്കി നടന്നകന്നു. വൈകുന്നേരം ചായകുടിക്കാനിരുന്നപ്പോൾ അയാൾ രുഗ്മിണിയോട് ചോദിച്ചു:- "കൃഷ്ണന് ഇത്തരം യാത്രകൾ സാധാരണയും ഉള്ളതാണോ?" "ഉം.ചിലപ്പോൾ പെട്ടെന്ന് വരും.ചിലപ്പോൾ മാസങ്ങളോളം നീളും.ഒന്നും പറയാനാവില്ല. അങ്ങനെ ഒരു യാത്രയിലല്ലേ ദ്വാരക പ്രളയമെടുത്തത് - "അവർ ഒന്നു നിർത്തി "അടുത്ത നാശത്തിനു മുമ്പെങ്കിലും എത്തുമെന്നാണ് " ആദം ചായയുമായി തോട്ടത്തിലേക്ക് പോയി.അവളത് നോക്കിയിരുന്നു. അദ്ദേഹത്തിൻറെ രൂപം കാട്ടിൽ മറഞ്ഞപ്പോൾ അവൾ പതുക്കെ വിളിച്ചു:- "ഹൗവ്വാ -" - അവൾ മിണ്ടാതെ കിടന്നു.അയാൾക്ക് ഇത് മനസ്സിലാകുന്നുണ്ടോ?ആദം,നിനക്കെന്തുപറ്റി - ഏപ്രിൽ 14 അവൾ മരിച്ചു. അടുത്തതാണ് ഞാൻ. പക്ഷേ അങ്ങനെ ആയിരുന്നില്ലല്ലോ കരുതിയത്.എന്റെ കണക്കുകൂട്ടലുകൾ പിഴച്ചിരിയ്ക്കുന്നു.സാരമില്ല.ഇനിയും എന്തൊക്കെയോ ഏദൻസ് ഗാർഡൻ എനിക്കായി കാത്തുവച്ചിരിയ്ക്കുന്നു.എനിക്കു ശേഷം ആരാണ് - അവളാവും.അതിനുശേഷമോ - ഇനി അവൾക്കു ശേഷമാണ് ഞാനെങ്കിലുലോ- ഇനി എനിയ്ക്ക് മുമ്പിൽ വേറെയാരെങ്കിലും - അതോ.... രുഗ്മിണിയുടെ മരണവിവരമറിഞ്ഞ് കുത്തിയിരിക്കുകയായിരുന്ന ആദം തോട്ടത്തിലേക്കിറങ്ങി.പിന്നെ തിരിച്ചുവന്ന് ഹൗവ്വയെ വിളിച്ചുണർത്തി വിവരം പറഞ്ഞിട്ട് അകാരണമായി പുറത്തേക്ക് പോയി.നീണ്ട മൂന്നു ദിവസത്തെ തോട്ടവാസത്തിനു ശേഷം പുറത്തിറങ്ങിയ അയാൾക്ക് ചൂട് അനുഭവപ്പെട്ടു.ശ്വാസംമുട്ടി.ഒഴിഞ്ഞ നഗരവീഥിയിൽ നിന്നും അയാൾക്ക് ഏകാന്തത അനുഭവപ്പെട്ടു.അതെ,ഏകാന്തതയുടെ തുരുത്ത് പേടിപ്പെടുത്തുന്നു.മരങ്ങളില്ലാത്ത പൂക്കളില്ലാത്ത കിളികളും ശലഭങ്ങളുമില്ലാത്ത കുഴിയാനകളില്ലാത്ത നഗരവീഥികളുടെ ഏകാന്തത!ആദമിന് വല്ലാത്ത അസ്വസ്ഥത തോന്നി. - ചീവീടിന്റെ നിലവിളിയോടെ ഉടനെ ഒരു സന്ദേശം ഫോണിലെത്തി. ആദം അതു നോക്കി. ഒരു വാർത്താ ചാനലിന്റെ - - "ലോകത്തെ ഞെട്ടിവിറപ്പിച്ചുകൊണ്ട് അത് കത്തിപ്പടരുന്നു.ഉത്തരംമുട്ടി വിദഗ്ധർ " എന്നോ മറ്റുമാണ്. ആദംപൊട്ടിച്ചിരിച്ചു. പിന്നെ അയാൾ മൊബൈൽ ഫോൺ റോഡിൽ എറിഞ്ഞു പൊട്ടിച്ചു! - ആദം അലറി.പൊട്ടിച്ചിരിച്ചു.ഇടയ്ക്ക് കരഞ്ഞു. അയാൾ വീട്ടിലേക്കു തിരിഞ്ഞോടി. വീടിനുള്ളിലേക്ക് പാഞ്ഞെത്തിയ ആദത്തെ കണ്ടു ഹൗവ്വ പകച്ചുനിന്നു. അയാൾ അവിടുത്തെ എയർകണ്ടീഷണറുകൾ അടിച്ചുപൊട്ടിച്ചു.ടീ.വി.ഇളക്കി എറിഞ്ഞു കൊണ്ട് വീട്ടിലെ ട്യൂബ് ലൈറ്റുകളിലേയ്ക്ക് തിരയുമ്പോൾ പിന്നിൽ ഹൗവ്വയുടെ നിലവിളി. അയാൾ പൊട്ടിച്ചിരിച്ചു. എന്നിട്ട് രുഗ്മിണിയുടെ മുറിയിലേക്ക് പോയി. അയാൾ രുഗ്മിണിയെ തോട്ടത്തിൽ കുഴിച്ചുമൂടി.എന്നിട്ട് അതിനടുത്തിരുന്നു തേങ്ങി.അതു പൊട്ടിക്കരച്ചിലായി. ആദം മണ്ണിൽ മുട്ടുകുത്തിയിരുന്നു. അയാളുടെ കണ്ണുനീർ മണ്ണു നനച്ചു. അയാൾക്ക് ചെടികൾ തല താഴ്ത്തുന്നതായിത്തോന്നി. ഹൗവ്വ അയാളെ നെഞ്ചോടണച്ചുപിടിച്ചു. അയാൾ കുതറിമാറി. എന്തൊക്കെയോ സംഭവിക്കുന്നു. ഹൗവ്വ അയാളെ പിന്തുടർന്നു. ആദത്തിന്റെ താടിരോമങ്ങൾക്കിടയിൽ കണ്ണീരിറങ്ങുന്നത് അവൾ കണ്ടില്ലായെന്ന് നടിച്ചു. മരച്ചുവട്ടിൽ വീണു കിടന്നയാൾ ഉറങ്ങിയപ്പോൾ ഹൗവ്വ തിരിച്ചു നടന്നു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കാഴ്ച മങ്ങി. അപ്പോൾ അവ്യക്തമായിട്ടെങ്കിലും ആദ്യമായി അവൾ ഏദൻസ് ഗാർഡനെന്ന ബോർഡ് കണ്ടു. ഉച്ചയ്ക്കുശേഷം ആദം വളരെ ശാന്തനായിരുന്നു.അയാൾ വീണ്ടും പഴയതുപോലെ തോട്ടം കണ്ടു നടന്നു.ഹൗവ്വ അന്ന് ഒന്നും കഴിച്ചില്ല.ആദമിന്റെ പെരുമാറ്റത്തിൽ അവൾക്ക് നേർത്തെ സംശയങ്ങളുണ്ടായിരുന്നു.പക്ഷെ ഇപ്പോൾ ...അയാൾ അവളെ നെഞ്ചോട് ചേർത്തു കിടത്തി. - ഹൗവ്വാ,നിനക്കറിയാമോ,ഈ തോട്ടം നമ്മുടെ പഴയ തോട്ടം പോലെയുണ്ട് .അവിടെവച്ച് നാം അകളങ്കിതരായിരുന്നു .ഒരിക്കൽ.പിന്നീട് പാപത്തിലേയ്ക്കുള്ള വിരലായം മുങ്ങിയുയർന്നുവരാൻ നിമിഷങ്ങൾ ബാക്കിയുണ്ടായിരുന്നിട്ടും ആരും വന്നില്ല. ഒടുവിൽ ആട്ടിപ്പുറത്താക്കി.പിന്നെ നമ്മൾ ചുട്ടു നശിപ്പിച്ചതിന് പകരമാണ് ഈ തോട്ടം . എനിക്കിപ്പോൾ ഇതു മാത്രമേയുള്ളൂ. ഹൗവ്വാ! ആദം,നിനക്കെന്തുപറ്റി - " "നീയന്ന് മനുഷ്യന് മാറ്റമുണ്ടാവാറുണ്ടോ എന്ന് ചോദിച്ചില്ലേ - " അവൾ ഒന്നും മിണ്ടിയില്ല. "എന്താ ഒന്നും മിണ്ടാത്തെ - " അയാളുടെ ശബ്ദം അപരിചിതമായി തോന്നി. "മൂളെടീ - " "ഉം."അവൾ മൂളി. "നീയന്ന് ചോദിച്ചില്ലേ - " "ഉം." "അതിന്റെയുത്തരം പറയട്ടെ - " "ഉം." "കാലം മാറിക്കൊണ്ടേയിരിക്കും.അതുപോലെ മനുഷ്യനും.പക്ഷേ ഏതു കൊടുമുടിയിലും മാറാത്ത ഒന്നുണ്ട് - അവന്നുള്ളിലെ പ്രാകൃതനായ മനുഷ്യൻ!"അയാൾ അയാളുടെ കൈകൾ വിരിച്ചു. "പ്രകൃതിയോടുള്ള ബന്ധം.പരിസ്ഥിതി. അയാൾക്ക് ഒടുവിൽ നശിപ്പിച്ച പരിസ്ഥിതിയെ പുനസ്ഥാപിച്ചേ പറ്റൂ - " അയാൾ അവളുടെ അടുത്തേയ്ക്ക് ചെന്നു. " ഹൗവ്വാ - " "ഉം." "നമുക്കും പ്രാകൃതരാവാം.ആദിയിലെപ്പോലെ -" അയാൾ പൊട്ടിച്ചിരിച്ചു. അവരുടെ നഗ്നത ഇരുണ്ട ആകാശവും വരണ്ട ഭൂമിയും കണ്ടുകൊണ്ടിരുന്നു - ആദിയിലെപ്പോലെ. അവർ മണ്ണിൽ ചേർന്നു കിടന്നു. പതിനഞ്ചാം തീയതിയുടെ ആദ്യയാമത്തിൽ കിളികൾ ചിലച്ചപ്പോഴും അവർ ആ കിടപ്പ് തുടർന്നു. അന്തരീക്ഷത്തിന് ചൂടു കൂടി വരുന്നു. ആദമിന്റെ മുഖം വാടി. എത്തി - " "എന്ത് " തീ! -" അവൾക്കൊന്നും മനസ്സിലായില്ല. "എല്ലാം തീരുകയാണ്.യുഗങ്ങളുടെ പാപങ്ങൾ " അയാൾ പുഞ്ചിരിച്ചു.അതൊരു വിലാപത്തെക്കാൾ ദാരുണമായി കുളക്കരയിലേയ്ക്ക് പറന്നുപോയി. "വാ!" അവർ കുളക്കരയിലേക്ക് നടന്നു. "ആദം - " "ഹൗവ്വാ - " "നിനക്കോർമ്മയുണ്ടോ - ആദ്യ ചുംബനം - " അയാൾ വീണ്ടും ചിരിച്ചു. "ആദം,എനിക്കതു വേണം - " "ഇവിടെ ഒരു രഹസ്യമുണ്ട് - " "ആദം - "അവളുടെ ചുണ്ടുകൾ ചുവന്നിരുന്നു. അയാൾ ആരാധനയോടെ അത് ഒപ്പിയെടുത്തു. പ്രാകൃതനായ മനുഷ്യന്റെ മീശരോമങ്ങളിൽ പല്ലുകൾ താണു.അവർ വീണ്ടും വളരെ ശ്രദ്ധയോടെ തങ്ങളുടെ ചുണ്ടുകൾ തൊടുവിച്ചു. തീ അടുത്തുവരുന്നത് അവരറിയുന്നു - "ആദം - " "ഉം." "നമുക്ക് ആ പഴയ സൂത്രവിദ്യ പരീക്ഷിക്കാം - " അവർ വെള്ളത്തിനായി കുളത്തിലേക്ക് കുനിഞ്ഞു.അപ്പോഴേക്കും അത് ആവിയായി കഴിഞ്ഞിരുന്നു .ആകാശത്ത് കാർമേഘക്കെട്ടുകളെ നോക്കി അവർ നിലവിളിച്ചു.മുറിവേറ്റ പ്രകൃതിയുടെ അലർച്ചയിൽ അത് അടിച്ചമർത്തപ്പെട്ടു.
കുറിപ്പുകൾ: • ആദം - പഴയനിയമ പ്രകാരം ഭൂമിയിലെ ആദ്യത്തെ മനുഷ്യൻ. • ഏദൻ തോട്ടം ഇന്നത്തെ ആഫ്രിക്കയിലെ ബോട്സ്വാനയിലായിരുന്നു എന്ന വാദം ഓർക്കുക. • പഴയ നിയമത്തിന്റെ രചന നടന്ന ഗ്രീസിലെ ജനതയും ഹൈന്ദവ പുരാണ രചയ്താക്കളായ ആര്യന്മാരും തമ്മിൽ ഉണ്ടായേക്കാവുന്ന ബന്ധം ഓർക്കുക. • പുരാതന കാലത്ത് പാമ്പുകൾക്ക് കൈകാലുകളുണ്ടായിരുന്നു.ജനിതകമായുണ്ടായ മാറ്റങ്ങളിലാത്രെ അവ നഷ്ടപ്പെട്ടത്. • കല്പാന്തത്തിനു (മഹാപ്രളയം)മുമ്പ് കാലാഗ്നിയെന്ന സംഹാരദാഹിയായ കാട്ടുതീയുണ്ടാവുമെന്ന ഹൈന്ദവ വിശ്വാസം.കലിയുഗത്തിലാണ് ഇതു വരിക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Balaramapuram ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Balaramapuram ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- Thiruvananthapuram ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ