എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ മാളുവിന്റെ പനി
മാളുവിന്റെ പനി
മാളു തന്റെ കട്ടിലിൽ കിടന്നു കൊണ്ട് അല്പം മാത്രം തുറന്നു കിടക്കുന്ന ജനാലയിലൂടെ പുറത്തേക്ക് എത്തി നോക്കുകയാണ്. ഓടിലൂടെ വെള്ളം മുറ്റത്തേക്ക് ഊർന്നിറങ്ങുന്നുണ്ട്. എന്നാൽ അതിനേക്കാൾ ശക്തിയാണ് മാളുവിന്റെ കവിളിലൂടെ ഊർന്നിറങ്ങുന്ന കണ്ണുനീരിന്. കോരിച്ചൊരിയുന്ന മഴ! തന്റെ കൂട്ടുകാരെല്ലാം ഇപ്പോൾ മഴയത്ത് കളിച്ചു രസിക്കുകയായിരിക്കും എന്നോർത്തപ്പോൾ അവളുടെ കണ്ണുകൾ കടലായി. അപ്പോഴാണ് മുത്തശ്ശി മുറിയിലേക്ക് കടന്നു വന്നത്. മാളു വേഗം മുഖം തിരിച്ച് കിടന്നു. മുത്തശ്ശി കട്ടിലിന്റെ ഒരറ്റത്തിരുന്നു "എന്റെ കുട്ടീ, നീ ഇങ്ങനെ കരഞ്ഞിട്ടും പിണങ്ങീട്ടും ഒന്നും കാര്യമില്ല വൈദ്യര് പറഞ്ഞത് നീയും കേട്ടില്ലേ. എല്ലാം നിനക്കുവേണ്ടിയല്ലേ. സുഖമായിക്കഴിഞ്ഞാൽ നിനക്കും മറ്റു കുട്ട്യോൾടെ കൂടെ കളിക്കാലോ. നീയ് ഇപ്പം ചായ കുടിച്ചേ" മാളു കട്ടിലിൽ ഒന്നുകൂടി അമർന്നതേയുള്ളൂ. "എന്നാ ഇനി ഞാൻ മിണ്ടില്ല, ഞാൻ പൊവ്വാ" മാളു കേട്ടഭാവം നടിച്ചില്ല. മഴ അവൾക്ക് അത്ര ഇഷ്ടമാണ്. അതു മാത്രമല്ല, അത്രയും നാളും തന്റെ കൂടെ നിന്നിരുന്ന മുത്തശ്ശിയാണ് ഇപ്പൊ ഇങ്ങനെ പറയുന്നത്. അതും കൂടി ആയപ്പോൾ തന്റെ സങ്കടങ്ങളെ അടക്കാനാവാതെ തലയിണയിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു. മാളു പനി കാരണം സ്കൂളിൽ പോയിട്ട് അഞ്ച് ദിവസമായി. ഇപ്പോൾ പനി കുറഞ്ഞ് വരുന്നു. എന്തൊക്കെയായാലും അവൾ മെല്ലെ തന്റെ കട്ടിലിൽ നിന്ന് എഴുന്നേറ്റു. ഉമ്മറത്തിരിക്കുന്ന അച്ഛന്റെ അടുത്തേക്കുനടന്നു. അവൾക്കറിയാം, അമ്മയുടെ അടുത്തുചെന്നാൽ നല്ല വഴക്കു പറയും. പിന്നെയും കട്ടിലിൽ! പക്ഷേ സ്നേഹം കൊണ്ടാണ് എന്നും അറിയാം. മാളുവിനെ കണ്ടപ്പോൾ അച്ഛൻ ഓടിവന്ന് അവളെ എടുത്തു നിറഞ്ഞു തുളുമ്പിയ ആ കണ്ണുങ്ങൾ തുടച്ച് അച്ഛൻ പറഞ്ഞു: "വിളിച്ചാൽ മതിയായിരുന്നില്ലേ മോളേ, അച്ഛൻ അവിടെ വരുമായിരുന്നല്ലോ." നീണ്ട മൗനത്തോടെ അവൾ മഴയത്തേക്ക് നോക്കുക മാത്രമേ ചെയ്തുള്ളൂ. അച്ഛൻ അവളെ അകത്തു കൊണ്ടുപോയി കിടത്തി. "നല്ല കുറവുണ്ട്, നാളെ സ്കൂളിൽ വിടാം." അപ്പോഴും മാളു ഒന്നും മിണ്ടിയില്ല. ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ട് കിടന്നു. മുത്തശ്ശിയുടെ ചില പൊടിക്കൈകളാൽ പിറ്റേന്നായപ്പോഴേക്കും പനി തീർത്തു മാറി. നാളെ സ്കൂളിൽ പോയാൽ മതി. ഇന്നും കൂടി വിശ്രമിക്ക് എന്ന് അമ്മ പറഞ്ഞെങ്കിലും ശാഠ്യം പിടിച്ച് അവൾ സ്കൂളിൽ പോയി. മഴയത്ത് കളിക്കരുത് എന്ന് പറഞ്ഞ് അമ്മ കുട കൊടുത്തുവിട്ടെങ്കിലും അവൾ സ്കൂളിലെത്തിയത് കൂട്ടുകാരുമൊത്ത് നനഞ്ഞു കുളിച്ചാണ്. എങ്കിലും അവൾ അതു കാര്യമാക്കിയില്ല. സ്കൂളിൽ ആദ്യത്തെ ഇന്റർവെല്ലിന് അവൾ കൂട്ടുകാരികളുടെ ഒപ്പം വാരന്തയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നായിരുന്നു അത്. മാളു കലകറങ്ങി വീണു! മയക്കം തെളിഞ്ഞ് അവൾ കണ്ണുതുടന്നു നോക്കിയപ്പോൾ താൻ ഒരു കട്ടിലിൽ കിടക്കുന്നു. പക്ഷേ തന്റെ വീടല്ല! അടുത്ത് അമ്മയും അച്ഛനും ഉണ്ട്. താൻ ഒരു ആശുപത്രിയിലാണ് എന്ന് അവൾ സാഹചര്യത്തെളിവുകളാൽ മനസ്സിലാക്കി. മകൾ കണ്ണുതുറക്കുന്നത് കണ്ടപ്പോൾ അവർ ഓടി വന്നു. അമ്മ മാളുവിന്റെ നെറ്റിയിൽ ഉമ്മ വച്ചു. "ഞാൻ അപ്പോഴേ പറഞ്ഞതാ നാളെപ്പോയാൽ മതിയെന്ന്" അപ്പോൾ അച്ഛൻ പറഞ്ഞു. "നീ ഇനി അതൊന്നും പറയണ്ട". അവൾ കണ്ണു തുറന്നല്ലോ അതു മതി." അപ്പോഴേക്കും ഡോക്ടർ എത്തി: 'പേടിക്കാനൊന്നുമില്ല. ഇത് രോഗപ്രതിരോധശേഷി ഇല്ലാത്തതുകൊണ്ടാണ്. ഇപ്പോൾ ഒരുപാട് കുട്ടികൾ ഇതേ കാരണത്താൽ ഇവിടെ വരുന്നു. ഇതിന് ശരിയായ രീതിയിൽ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുകയും വെള്ളം നന്നായി കുടിക്കുകയും ഇലക്കറികളും മത്സ്യ-മാംസാദികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്താൽ ശരിയാക്കാവുന്നതേയുള്ളൂ. ഇപ്പോഴത്തെ കുട്ടികൾ ഇതൊന്നും കഴിക്കാത്തതിന്റെ കുഴപ്പമാണ് ഇതെല്ലാം. അച്ഛൻ ദീർഘമായി നിശ്വസിച്ചു: "താങ്ക് യൂ ഡോക്ടർ" "ഇപ്പോൾ മനസ്സിലായില്ലേ മോളേ നന്നായി ഭക്ഷണം കഴിക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം! അപ്പോൾ രോഗപ്രതിരോധശേഷി ഉണ്ടാകും. നിനക്ക് ഇനിയും മഴയിൽ കളിക്കുകയും ആവാം" പിന്നീട് അവർ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി, രോഗ പ്രതിരോധത്തിനുള്ള പ്രവർത്തനങ്ങൾ എല്ലാവരും ഒരുമിച്ച് ആരംഭിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ