ലോക് ഡൗൺ കാലമാണ്...
അമ്മക്കുണരണം എന്നത്തേം പോലെ ...
കാലത്തു തന്നെ അടുക്കളയുമുണരണം
പ്രഭാത ഭക്ഷണത്തിന് വിഭവങ്ങളൊരുങ്ങണം
വീടു വൃത്തിയാക്കണം , തുണി അലക്കണം
ഉച്ച ഭക്ഷണം കാലമാക്കണം
കറികൾ പലതരം വേണം മക്കളെല്ലാവരും അച്ഛനും വീട്ടിൽ തന്നെയുണ്ടല്ലോ?
ഇടക്കിടെ അവർക്ക് കൊറിക്കാനുള്ളതും എത്തിക്കണം
ഉച്ചയൂണ് കഴിയും വരെയും അമ്മക്കടുക്കളയിൽ തിരക്കോടു തിരക്ക്
അച്ഛനോ ...
അച്ഛനും തിരക്കു തന്നെ
ഓഫീസില്ലെങ്കിലും തിരക്ക്
രാവിലെ പത്രമെല്ലാം അരിച്ചു പെറുക്കണം
പിന്നെ ചാനലുകളായ ചാനലുകളൊക്കെ മാറി മാറിക്കാണണം ...
ചർച്ചകൾ കേൾക്കണം....
ഇനിയോ ഫെയ്സ്ബുക്ക് ...
വാട്ട്സ് ആപ്പ് ...
പിന്നെ ഫോണിൽ വിളിച്ച് സൗഹ്യദം മിനുക്കണം.....
മുഖ്യമന്ത്രി പറഞ്ഞത്രേ അച്ഛൻ അമ്മയെ അടുക്കളയിൽ സഹായിക്കണമെന്ന് ....
പച്ചക്കറി കൃഷി ചെയ്യണമെന്ന് ...
കുട്ടികളോട് കൂട്ടുകൂടണമെന്ന് ...
അച്ഛന് തിരക്കാണ് ...
എന്റെ വീട്ടിലിപ്പോൾ മൂന്നു തുരുത്തുകൾ
അടുക്കളത്തുരുത്തിൽ അമ്മ അടുപ്പുതുന്നു.
പൂമുഖ ക്കവല യിൽ അച്ഛൻ തലപുകക്കുന്നു .....
മുറിക്കുള്ളിലെ ഇത്തിരി ക്കൂട്ടിൽ ഈ ഞാനും ...