എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഫീൽഡ് ട്രിപ്പ് 2020
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളായ ഞങ്ങൾ 2020 ഫെബ്രുവരി പത്തൊമ്പതാം തീയതി ബുധനാഴ്ച മുത്തോലപുരം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (വിസാറ്റ്) സന്ദർശിച്ചു. കൈറ്റ് മാസ്റ്റർ ശ്യാം സാറിന്റെയും കൈറ്റ് മിസ്ട്രസ് ഗീത ടീച്ചറിന്റെയും എസ്.ഐ.റ്റി.സി. അജിത്ത് സാറിന്റെയും നേതൃത്വത്തിൽ രണ്ടുബാച്ചുകളിൽ നിന്നായി അമ്പത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ 9.30 ന് സ്ക്കൂളിൽ നിന്നും മുത്തോലപുരത്തേയ്ക്ക് പുറപ്പെട്ടു. വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഞങ്ങളെ കൊണ്ടുപോകുന്നതിനായി കോളേജ് ബസ് അയച്ചിരുന്നു. ഇടയാർ വഴി മുത്തോലപുരത്തേയ്ക്കുള്ള യാത്ര രസകരമായിരുന്നു. മൂവാറ്റുപുഴ റിവർവാലി ഇറിഗേഷൻ പ്രോജക്ടിൽ നിന്നും വർഷംമുഴുവൻ വെള്ളം ലഭിക്കുന്ന ഇടയാറിലെ വയലുകളിൽ നെല്ല് വിളഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. വയലിൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് വിളവെടുക്കുന്നതു് ഞങ്ങളിൽ അദ്ഭുതം ഉണർത്തി. കൊയ്ത്ത് യന്ത്രം നെല്ല് മെതിച്ചെടുക്കുക മാത്രമല്ല കച്ചി കെട്ടുകളാക്കി പാടത്ത് നിരനിരയായി വിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിശാലമായ പാടശേഖരങ്ങൾ കടന്ന് ഞങ്ങൾ കൂരുമലയുടെ താഴ്വാരത്തിലെത്തി. പിന്നീടങ്ങോട്ട് കൂറ്റൻ പാറക്കെട്ടുകളും ഇടയ്ക്കിടയ്ക്ക് വൻമരങ്ങളും റബ്ബർ തോട്ടങ്ങളും നിറഞ്ഞ മലയോരപാതയിലൂടെ ഞങ്ങളുടെ ബസ് മുന്നോട്ടുനീങ്ങി.
കൂരുമലയുടെ പിൻഭാഗത്തായി പീഠഭൂമിപോലെ ഉയർന്നു പരന്നുകിക്കുന്ന ഒരു പ്രദേശത്തായിരുന്നു മുത്തോലപുരം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (വിസാറ്റ്) സ്ഥിതിചെയ്തിരുന്നത്. 10 മണി ആയപ്പോഴേക്കും ഞങ്ങൾ വിസാറ്റിന്റെ പ്രൗഢഗംഭീരമായ പ്രവേശനകവാടത്തിലെത്തിയിരുന്നു. മനോഹരമായ ചെറുമരങ്ങൾ തണൽ വിരിക്കുന്ന കോളേജ് കാമ്പസ് പ്രശാന്ത സുന്ദരമായിരുന്നു. മലയുടെ മട്ടുപ്പാവിലായിരുന്നു കാമ്പസ് എന്നതുകൊണ്ട് മൂന്നു വശത്തും വിശാലമായ ഭൂപ്രദേശം പരന്നുകിടക്കുന്നതു കാണാമായിരുന്നു. പ്രധാനകെട്ടിടത്തിന് മുൻവശത്ത് ഞങ്ങൾ ബസിൽ നിന്നും ഇറങ്ങി. അവിടെ ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനായി ഇലക്ട്രോണിക്സ് ഡിപ്പാർട്ട് മെന്റ് തലവൻ അസോസിയേറ്റ് പ്രൊഫ. വി. എം. മനേഷ് കാത്തു നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ രണ്ടു ഗ്രൂപ്പുകളായി പിരിഞ്ഞു. പ്രാക്ടിക്കൽ തിയറി ക്ലാസ്സുകൾ എടുക്കുന്നതിനുള്ള സൗകര്യത്തിനായാണ് രണ്ടു ഗ്രൂപ്പുകളാക്കിയത്.
തുടർന്ന് ആ വലിയകെട്ടിടത്തിന്റെ വിശാലമായ ഇടനാഴികളും നടകളും പിന്നിട്ട് ഞങ്ങളുൾപ്പെടുന്ന ഗ്രൂപ്പ് തിയറി ക്ലാസ്സ് നടക്കുന്ന പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന പദ്ധതിയിലുൾപ്പെട്ട പരിശീലന കേന്ദ്രത്തിലെത്തി. അവിടെ ഞങ്ങളെ സ്വാഗതം ചെയ്തത് ബേസിക് സയൻസ് ആന്റ് ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റ് തലവനും അസോസിയേറ്റ് പ്രോഫസറുമായ ആർ. അയ്യപ്പദാസും അസിസ്റ്റന്റ് പ്രൊഫ. ആർ. റിഫാനയും ആയിരുന്നു. റോബോട്ടിക്സിന്റെയും റാസ്പെറി പെയുടെയും അടിസ്ഥാനാശയങ്ങൾ വിശദമാക്കുന്ന ക്ലാസ്സ് നയിച്ചത് അസിസ്റ്റന്റ് പ്രൊഫ. ആർ. റിഫാന ആയിരുന്നു.