എ.എൽ.പി.എസ്. വടക്കുമുറി/2019-20 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2019_20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറ്റവും ഗംഭീരമായിത്തന്നെ വടക്കുമുറി എ.എൽ.പി.സ്ക്കൂളിൽ ആഘോഷിച്ചു. ഒരുക്കങ്ങൾക്കു വേണ്ടി അവധിയായിട്ടും അഞ്ചാം തീയതി എല്ലാ അധ്യാപകരും എത്തിച്ചേർന്നു.' സ്ക്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ നടത്തി.അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും ഹാളും മോടിയാക്കി.പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് സ്ക്കൂളും പരിസരവും സജ്ജമാക്കി.മഴക്കൊയ്ത്തിനു വേണ്ടി കിണറും പരിസരവും ശുചിയാക്കി. അടുത്ത ദിവസം മുതൽ ഉച്ചഭക്ഷണം തയ്യാറാക്കേണ്ടതിലേക്കായി അടുക്കളയും സ്റ്റോർ മുറിയും വൃത്തിയാക്കി.പച്ചക്കറിയും മറ്റ് സാധനങ്ങളും ഒരുക്കി. ജൂൺ 6ന് കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടന യോഗം ചേർന്നു. വർണ്ണശബളിമയാർന്ന വിദ്യാർത്ഥികളെക്കൊണ്ടും രക്ഷിതാക്കളെക്കൊണ്ടും സ്ക്കൂൾ അങ്കണം നിറഞ്ഞിരുന്നു. സർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ആനീസ് പി.സി.സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷ വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.സ്ക്കൂൾ മാനേജർ ഫാ.ജോസ് എടക്കളത്തൂർ ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും നറുക്കിട്ടെടുത്ത് ഒരു കുട്ടിയെ കൊണ്ട് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് ബഹുമാനപ്പെട്ട മാനേജർ നിർവ്വഹിച്ചു.സ്ക്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ ജോബി വഞ്ചിപ്പുര, എം.പി ടി.എ.പ്രസിഡൻറ് ശ്രീമതി. ശ്രീവിദ്യ ജയൻ എന്നിവർ ആശംസകളർപ്പിച്ചു.ഈ സ്ക്കൂളിലേക്ക് പുതിയതായി പ്രവേശനം എടുത്ത എല്ലാ വിദ്യാർത്ഥികൾക്കും യോഗമദ്ധ്യേ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് സമ്മാനമായി നല്കി. പരിപാടികൾക്കിടയിൽ കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രവേശനോത്സവം കൂടുതൽ മിഴിവുള്ളതാക്കാൻ സഹായകമായി.കൺവീനർ മേഴ്സി ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു കൊണ്ട് ഏകദേശം പതിനൊന്നരയോടെ യോഗത്തിന് സമാപനം കുറിച്ചു.കുട്ടികളെല്ലാം വരും തന്നെ അവരവരുടെ ക്ലാസ്സുകളിലേക്ക് പിരിഞ്ഞു പോയി.പന്ത്രണ്ടരയോടെ സ്ക്കൂളിൽ വന്നു ചേർന്നിട്ടുള്ള എല്ലാ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നല്കി.



