ചിത്രരചനാ പരിശീലനം.

Schoolwiki സംരംഭത്തിൽ നിന്ന്
08:41, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ)

ചിത്രരചനാ പരിശീലനം

ചിത്രരചനാപരിശീലനത്തിനായി ജിമ്പ് - ഞങ്ങളുടെ സ്‌കൂളിൽ തയ്യാറാക്കിയ ടൂട്ടോറിയൽ യൂട്യൂബിൽ കാണാം. ഇവിടെ ക്ലിക്ക്ചെയ്യുക
                  ചിത്രരചനാപരിശീലനത്തിനായി പല പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.  കഴിഞ്ഞ വർഷങ്ങളിലെല്ലാം വിജയകരമായി നടത്തിയിട്ടുള്ള പരിപാടികൾ തന്നെയാണെങ്കിലും ഈ വർഷം ഹൈടെക്ക് ക്ലാസ്‌മുറികൾ ഉപയോഗിക്കാനാകുന്നതിനാൽ സാദ്ധ്യതകൾ കൂടുതലുണ്ട്.
                  പ്രശസ്തരായ ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ചു വച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളിൽ അവ പ്രദർശിപ്പിച്ചു. കൂടാതെ ചിത്രങ്ങളുടെ പ്രിൻറ് ഔട്ടുകൾ എടുത്തതിനുശേഷം ഒരു പ്രദർശനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പിന്നീടുള്ളത് ചിത്രരചനയുടെ സങ്കേതങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നുള്ളതാണ്. അതിനു രണ്ടു തരത്തിലുള്ള പ്രവർത്തനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഒന്ന് നേരിട്ട് ചിത്രം വരച്ച് കുട്ടികളെ കാണിക്കുക എന്നുള്ളതാണ്. അതു തന്നെയാണ് ഏറ്റവും നല്ല രീതി. പരമാവധി അതുതന്നെ ചെയ്യുവാൻ ശ്രമിക്കുന്നതാണ്. എന്നാൽ ഇതിന് പലപ്പോഴും പ്രായോഗിക ബുദ്ധിമുട്ടുണ്ടാകും. അങ്ങനെയുള്ള അവസരങ്ങളിൽ ഉപയോഗിക്കുന്നതിനുവേണ്ടി . വീഡിയോ ട്യൂട്ടോറിയലുകൾ ശേഖരിച്ചു വച്ചിട്ടുണ്ട്. വീഡിയോ ട്യൂട്ടോറിയലുകൾ പലപ്പോഴും നല്ലത് ആയിരിക്കണമെന്നില്ല. അതുകൊണ്ട് പരിശോധിച്ച് ഉറപ്പുവരുത്തി തിരഞ്ഞെടുത്ത വീഡിയോ ട്യൂട്ടോറിയലുകൾ മാത്രമേ ഇതിനു വേണ്ടി ഉപയോഗിക്കുന്നുള്ളൂ. ലോക പ്രശസ്ത ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ ഇതിനകം തന്നെ കുട്ടികളെ പരിചയപ്പെടുത്തി കഴിഞ്ഞു. ഓരോ ചിത്രങ്ങളും രചിച്ച സങ്കേതവും വിവരിച്ചു കഴിഞ്ഞു. 

പേനയുപയോഗിച്ച് ചിത്രരചന

ചിത്രരചനാപരിശീലനത്തിനായി ബാൾ പെൻ
ബാൾ പെൻ ഉപയോഗിച്ച് വരച്ച്ഗാന്ധിജിയുടെ ചിത്രം
           ബാൾപേന ഉപയോഗിച്ചുള്ള ചിത്രരചനയ്ക്ക് നിരവധി കുട്ടികളെ സംബന്ധിച്ചിടത്തോളം നിരവധി സൗകര്യങ്ങൾ ഉണ്ട്.  കാരണം അവർക്ക് എളുപ്പത്തിൽ ലഭ്യമായ ഒരു മാധ്യമമാണ് ഇത്.  കൂടാതെ ക്ലാസുകളിൽ ഉപയോഗിക്കുന്നതിനും വളരെ സൗകര്യപ്രദമാണ്. കാരണം ജലച്ചായം എണ്ണച്ചായം ഇവ ഉപയോഗിച്ച് സ്കൂളുകളിലെ ക്ലാസ് മുറികളിൽ ചിത്രരചന നടത്തുമ്പോൾ അതിനു പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട്. ഉദാഹരണമായി നിറങ്ങൾ മറ്റുള്ളവരുടെ വസ്ത്രങ്ങളിലോ ഭിത്തിയുടെ മേലെയോ ഒക്കെ തെറിച്ചുവീണ്  ക്ലാസ്‌മുറി ആകെ അലങ്കോലമായിത്തീരാൻ സാധ്യതയുണ്ട്. അതുകൊണ്ട് സ്കൂളുകളിൽ ഇതിന്റെ പരിശീലനത്തിന് പരിമിതികളുണ്ട്. എന്നാൽ ബാൾപേന കൊണ്ടുള്ള ചിത്രരചന എല്ലാ കുട്ടികൾക്കും എവിടെവച്ചും പരിശീലിക്കാൻ കഴിയും എന്നതിലുപരി പലതരത്തിലുള്ള വരകളിലൂടെ ഇതിൽനിന്ന് ലഭിക്കുന്ന ദൃശ്യാനുഭവം കുട്ടികളെ സംബന്ധിച്ചെടുത്തോളം സാധാരണ ചിത്രങ്ങളിൽനിന്ന് ലഭിക്കുന്നതിൽ നിന്നും വളരെയധികം വ്യത്യസ്തമായിരിക്കും. 
            സാധാരണയായി ഒരു ചിത്രം വരച്ച് നിറം കൊടുക്കുന്നത് പരിശീലിപ്പിക്കുന്നതിന് മുന്നോടിയായി പെൻസിലുകൾ കൊണ്ട് നിറം കൊടുക്കുന്ന രീതിയാണ് ആദ്യം പരിശീലിപ്പിക്കുന്നത്. ഇവിടെയും ആദ്യം അത് ചെയ്തതിനുശേഷമാണ് പേന കൊണ്ടുള്ള ചിത്രീകരണ രീതി പരിശീലിപ്പിക്കുന്നത്. ചിത്രരചന ക്യാമ്പുകളിലും ക്ലാസ് മുറികളിലും ഒരുപോലെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഇതിനെ മേന്മ.

ചില ചിത്രരചനാ പരിശീലനവീഡിയോകൾ

1. ജലച്ചായത്തിൽ കപ്പൽ വരയ്ക്കുന്നത് കണ്ടുപഠിക്കാം
2. ജലച്ചായത്തിൽ ഒരു പെൺകുട്ടിയെ വരയ്ക്കുന്നു
3. ജലച്ചായത്തിൽ മറ്റൊരു പെൺകുട്ടിയെ വരയ്ക്കുന്നു
4. ജലച്ചായത്തിൽ ഒരു കോഴിയെ വരയ്ക്കുന്നു
5. ജലച്ചായത്തിൽ മറ്റൊരു കോഴിയെ വരയ്ക്കുന്നു
6. ജലച്ചായത്തിൽ ഒരു പ്രകൃതിദൃശ്യം വരയ്ക്കുന്നു

ചിത്രകലാ നിരൂപണം

                 ചിത്രകലാ പഠനരംഗത്ത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ് ചിത്രങ്ങളെ വേണ്ടതരത്തിൽ വിലയിരുത്തുക എന്നത്. ഇത് കാലഘട്ടത്തിന്റെ പ്രത്യേകതയനുസരിച്ച് വേണ്ടതരത്തിൽ കുട്ടികളുടെ ചിത്രരചനാ താൽപര്യങ്ങളെ തിരിച്ചുവിടുന്നതിന് കളമൊരുക്കുന്നു. വെറും സാങ്കേതികതകളിൽ ഊന്നിക്കൊണ്ട് നടത്തപ്പെട്ടിരുന്ന പഴയ ചിത്രരചന പഠന സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിയാത്മകതയുടെയും സർഗ്ഗാത്മകതയുടെയും അംശങ്ങൾ ഉൾക്കൊള്ളുന്ന തരത്തിൽ നമ്മളുടെ ചിത്രകലാ പഠനസമ്പ്രദായങ്ങൾ മാറേണ്ടതുണ്ട്. അതിനുള്ള ഒരു ചെറിയ സംരംഭം എന്ന നിലയിലാണ് ചിത്രകലാ നിരൂപണം എന്ന പരിപാടി ഇവിടെ തുടങ്ങി വച്ചിട്ടുള്ളത്. രണ്ടുദാഹരണങ്ങൾ

രവിവർമ്മയുടെ ശകുന്തള

രവിവർമ്മയുടെ ശകുന്തളയെക്കുറിച്ച്

രവിവർമ്മയുടെ ശകുന്തള - ചിത്രം പകർപ്പവകാശത്തിന് വിധേയമല്ല. എഡിറ്റ് ചെയ്ത് പുനരുപയോഗത്തിന് അനുമതി ഉള്ളതാണ്
   അത്യന്തം നാടകീയതനിറഞ്ഞ ഒരു ഉജ്വല മുഹൂർത്തത്തെ, പ്രതിമകൾപോലെ ആത്മാവുനഷ്ടപ്പെട്ട ചിലമനുഷ്യരൂപങ്ങളുടെ നിർവികാരമായ ചിത്രീകരണം കൊണ്ടു ലഘൂകരിച്ചു എന്നതാണീചിത്രത്തിന്റെ പ്രധാനദോഷം. കാളിദാസന്റെ ശാകുന്തളത്തെപ്പറ്റി അറിയാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഈ ചിത്രം അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നിൽക്കുന്ന ചില മനുഷ്യരൂപങ്ങൾ മാത്രമാണ്. ഇനി ഇയൊരു ദോഷം അവഗണിച്ചാൽത്തന്നെ, ഉദാത്തമായ ഒരു കാവ്യ സങ്കല്പത്തെ അവതരിപ്പിക്കുന്നതരത്തിൽ പൂർണ്ണതയിലേയ്കെത്തുവാൻ കൊതിക്കുന്ന ശില്പചാതുര്യത്തിന്റെ അത്ഭുതസ്പർശ്ശം ഈ ചിത്രത്തിലില്ല. ചുരുക്കിപ്പറഞ്ഞാൽ കലണ്ടർപാകമായ കഥാചിത്രീകരണത്തിന്റെ ഒരു സാധാരണ ദൃശ്യാവിഷ്ക്കരണം മാത്രമാണിത്. ചിത്രകലാബാഹ്യമായ മാനദണ്ഢങ്ങൾക്കനുസരിച്ച് വിഷയങ്ങൾ സ്വികരിക്കുമ്പോൾ ഒരു ചിത്രകാരനു സംഭവിക്കുന്ന അപകടകരമായ നിലംപതനമാണിത്.  – സുശീൽ കുമാർ
     An incident of great dramatic brilliance is simplified here with the depiction of certain doll like human figures, void of spirit and passion, and this is the main fault of this picture. For a person who has not read SAKUNTHALAM of Kalidasa may feel this as a mere frame work of certain human figures, standing here and there. Even though we overlook this fault, we can see that this is the pitfall, very dangerous, of an artist who accepted the subject beyond the standards of painting, and failed in exhibiting the surprising touch of his powerful craft needed for the right treatment of such an exquisite poetic notion. In short, this is only a mediocre and calender like illustration work. – SUSEEL KUMAR. C.S

ഗർണിക്ക ( പാബ്ലോ പിക്കാസോ )

പിക്കാസോയുടെ ഗർണിക്ക - ചിത്രം പകർപ്പവകാശത്തിന് വിധേയമല്ല. എഡിറ്റ് ചെയ്ത് പുനരുപയോഗത്തിന് അനുമതി ഉള്ളതാണ്
          ക്യൂബിസത്തിലെ ഏറ്റവും പ്രശസ്തവും പിക്കാസോയുടെ മാസ്റ്റർപീസായതുമായ ഈ ചിത്രം നവീന ചിത്രകലാ ചരിത്രത്തിലെ ഏറ്റവും മഹനീയമായ നേട്ടങ്ങളിൽ ഒന്നാണ്. സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരതയാണ് ദുരന്തബോധവും കുറച്ച് ആക്ഷേപഹാസ്യവും കലർന്ന ഒരു രീതിയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പിക്കാസോയുടെ ചിത്രങ്ങളിൽ സാധാരണ കാണാറുള്ളതും ഈചിത്രത്തിന്റെതന്നെ മുൻരേഖാചിത്രീകരണങ്ങളിൽ സമൃദ്ധവുമായിരുന്ന തീഷ്ണമായ ഒരുതരം വൈകാരികത ഈചിത്രത്തിൽ മിക്കവാറും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എങ്കിലും, രൂപങ്ങളുടെയും വരകളുടെയും ശില്പഭദ്രമായ വിന്യാസരീതിയിലൂടെ പിക്കാസോ തന്റെ ചിത്രത്തിലേയ്ക്ക് ആവാഹിച്ചെടുത്ത വൈകാരികാന്തരീക്ഷം ഈ ചിത്രത്തിന്റെ മേന്മകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഈ വൈകാരികാന്തരീക്ഷം നിലനിർത്തുവാൻ വേണ്ടിയാവണം ഇരുണ്ട നിറങ്ങൾ മാത്രമുപയേഗിച്ചുകൊണ്ടുള്ള ഒരു ചിത്രീകരണരിതി പിക്കാസോ ഈ ചിത്രത്തിനുവേണ്ടി സ്വീകരിച്ചത്.  – സുശീൽ കുമാർ
      Gouernica, the masterpiece of Picasso, and the most famous picture in cubism, is indeed a magnanimous achievement in the history of modern art. This depicts the reaction of an artist to the panic of the Spanish Civil War in 1937, in a tone of grievance mixed with slight satire. A type of piercing emotional depth, normally seen in Picasso’s drawings and had in abundance in the first drawings of this picture is almost lost here. Even if , the emotional atmosphere he evoked into this picture with structurally perfect arrangement of certain forms and lines is of paramount importance. It must be for maintaining such an emotional atmosphere that he used  gray colours only, in this picture.        – SUSEEL KUMAR. C.S

പകർപ്പവകാശത്തെപ്പറ്റി

        ഇതിൽ ഉപയോഗിച്ചിട്ടുള്ള രവിവർമ്മയുടെയും പിക്കാസോയുടെയും ചിത്രങ്ങൾ പകർപ്പവകാശത്തിന് വിധേയമല്ല എന്നും എഡിറ്റ് ചെയ്ത് പുനരുപയോഗത്തിന് അനുമതി ഉള്ളതാണെന്നും ഇതിനാൽ ഉറപ്പുതരുന്നു.  ഈ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനു മുൻപ് അതിന്റെ അനുമതി വിവരങ്ങൾ സൂചിപ്പിക്കുന്ന സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും അറിയിക്കുന്നു.
        അതുപോലെ ഇതിൽ ചേർത്തിട്ടുള്ള ചിത്രകലാ നിരൂപണം ഈ സ്കൂളിലെ അധ്യാപകൻ തന്നെ എഴുതിയതാണെന്നും അത് ഞങ്ങളുടെ സ്‌കൂളിന്റെ ബ്ലോഗിൽ അല്ലാതെ മറ്റൊരിടത്തും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഉറപ്പുനൽകുന്നു.
"https://schoolwiki.in/index.php?title=ചിത്രരചനാ_പരിശീലനം.&oldid=529218" എന്ന താളിൽനിന്ന് ശേഖരിച്ചത്