കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ആനയും കടലാസും - ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
03:35, 23 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskodumon (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ചിത്രം:elephant1.jpg <br />'''ആനയും കടലാസും''' - (ലേഖനം) 21..12..2009 <br />'''-ആര്‍.പ്രസ…)


ആനയും കടലാസും - (ലേഖനം) 21..12..2009
-ആര്‍.പ്രസന്നകുമാര്‍.
ത്തനംതിട്ട ജില്ലയിലുള്ള കോന്നിയിലെ ആനക്കൂടും നിബിഡ വനാന്തരങ്ങളും കൊടുമണ്‍ ഗ്രാമ പഞ്ചായത്തുമായി അതിരു പങ്കിടുന്നു. രബ്ബര്‍ പ്ളാന്റേഷന്റെ മേഖലകള്‍ കൈകോര്‍ത്തു പിടിക്കുന്നു. കോടനാട്ടിലെ ആനത്താവളം പോലെ കോന്നിയിലെ ആനക്കൂടും ആന പരിപാലന കേന്ദ്രവും പ്രസിദ്ധമാണ്. ഒരുകാലത്ത് വാരിക്കുഴികളും താപ്പാനകളും അരങ്ങു വാണിരുന്ന കോന്നിയിലെ സാമ്രാജ്യം കാലത്തിന്റെ കുത്തൊഴുക്കില്‍ നിറം മങ്ങി വെറും കൂടു മാത്രമായി പരിണമിച്ചു.
ആധുനിക കാലത്ത് ടൂറിസത്തിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞപ്പോള്‍ ആനക്കൂടിനെ ആനത്താവളമായി പരിഷ്കരിച്ചു. കൂടുതല്‍ ആനകളെ ഉള്‍പ്പെടുത്തി ആനപരിപാലനക്കളരിയായും സന്ദര്‍ശകര്‍ക്ക് ആനയെ അടുത്തറിയാനും സവാരി നടത്തുവാനും ഉള്ള ടൂറിസ്റ്റ് സ്പോട്ടായും പരിവര്‍ത്തിതമാക്കി.
ടൂറിസം, വരുമാനത്തോടൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും എവിടെയും കൊണ്ടു വരാറുണ്ട്. ഇവിടെയും അതു തന്നെ സംഭവിച്ചു. ആനകളുടെ എണ്ണം കൂടിയപ്പോള്‍ ആനപ്പിണ്ടത്തിന്റെ അളവും കൂടി. അത് ആനകള്‍ക്ക് വൃത്തിഹീനവും അനാരോഗ്യപരവുമായ ജീവിത സാഹചര്യം സൃഷ്ടിച്ചു. പരിസരവാസികള്‍ക്ക് ദുസ്സഹമായി.
ആവശ്യം സൃഷ്ടിയുടെ മാതാവാണല്ലോ? ആനപ്പിണ്ട നിര്‍മാഞ്ജനം എങ്ങനെ ശാസ്ത്രീയമായി നിര്‍വഹിക്കാം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി കടന്നു വന്നത് കൊച്ചിയിലെ ശ്രീ. ടി.എം.വേണുഗോപാലനാണ്. ('ശ്രീനിവാസ്', തമ്മനം, കൊച്ചി - റിട്ട.ഉദ്യോഗസ്ഥ൯, വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി).അദ്ദേഹത്തിന്റെ രൂപകല്പനയില്‍ ഇക്കോ ടൂറിസം പദ്ധതിയായി കോന്നി ഫോറസ്റ്റ് റേഞ്ച് ആഫീസിനരികിലായി ആനപ്പിണ്ടത്തില്‍ നിന്നും കടലാസ് നിര്‍മ്മിക്കാനുള്ള പ്ളാന്റ് തയ്യാറായി കഴിഞ്ഞു.
പ്രവര്‍ത്തന രീതി - ആനപ്പിണ്ടം കഴുകി തരം തിരിച്ച് പഴയ പേപ്പറുകളുമായി ഇടകലര്‍ത്തി നന്നായി യന്ത്രത്തില്‍ അരച്ച് പള്‍പ്പാക്കി കടലാസാക്കി മാറ്റുന്നു. ആദ്യ ഘട്ടത്തില്‍ തന്നെ കാര്ഡിനത്തില്‍ കട്ടിയുള്ളതും അല്ലാത്തതുമായ പേപ്പര്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കാം. ഇത് പൂര്‍ണമായും ബാക്ടീരിയ, ഫംഗസ്, ഗന്ധ മുക്തമാണ്.
സാധാരണ തീറ്റ എടുക്കുന്ന ഒരു ആന ഒരു ദിവസം ശരാശരി 50 കിലോ ആനപ്പിണ്ടം തരുമെന്നു കണക്കു കൂട്ടിയാല്‍ ഏതാണട് 115 ഷീറ്റ് തയ്യാറാക്കാം. കോന്നിയില്‍ ട്രയല്‍ റണ്‍ ഘട്ടത്തില്‍ ഇവിടുത്തെ മാത്രം പിണ്ടം ഉപയോഗിക്കും. പിന്നീട് ഇതര ആന സങ്കേതങ്ങളെ (ഗുരുവായൂര്‍, നിലമ്പൂര്‍, വയനാട്, പെരിയാര്‍, ആനമുടി...)കോര്‍ത്തിണക്കി പദ്ധതി വിപുലീകരിക്കും.
ചരിത്രം - തായ്ല൯ഡാണ് ആനപ്പിണ്ടത്തില്‍ നിന്ന് കടലാസ് ഉണ്ടാക്കുന്നതില്‍ നമുക്കു മുന്നേ ബഹുദൂരം മുന്നേറിയ രാജ്യം. വിദഗ്ദരായ തൊഴിലാളികള്‍ , വ്യത്യസ്ഥതയുള്ള നിര്‍മാണ രീതി, വൈവിദ്ധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ട് അവര്‍ സമ്പന്നരാണ്.
ഗതി കെട്ടാല്‍ ആനയും പുല്ലു തിന്നും ...- കാട്ടില്‍ യഥേഷ്ടം തിന്നു തിമര്‍ത്തു നടന്നിരുന്ന ആനകള്‍ക്കിതു കഷ്ടകാലമാണെന്നു തോന്നുന്നു. പനംപട്ടയും തെങ്ങോലയും കിട്ടിയിരുന്ന നാട്ടാനകള്‍ പുല്ലു തിന്നു പശി അടയ്ക്കേണ്ട സാഹചര്യത്തിലാണ്. ആന ഉടമ സംഘം അടുത്തിടെ ഗവേഷണത്തിലൂടെ, ആനയ്ക്ക് പനംപട്ടയേക്കാള്‍ നല്ലത് പുല്ലാണെന്ന് കണ്ടെത്തിയത്രെ....!അതിനായി വ൯ തോതില്‍ പുല്ലു വളര്‍ത്തല്‍ പദ്ധതി തുടങ്ങാ൯ പോകുകയാണത്രെ.
ആനകളുടെ ഭക്ഷണ രീതി മാറ്റിയാല്‍ ആനയ്ക്കും കടലാസ് നിര്‍മാണ പദ്ധതിക്കും പ്രശ്നം സൃഷ്ടിക്കും. കൂടുതല്‍ നാരുള്ള പനംപട്ട ഗുണമേറിയതാണ്. ആനയുടെ ദഹന വ്യവസ്ഥ പ്രകാരം ഭക്ഷണം പാതി മാത്രമേ പൂര്‍ണമായും ദഹിക്കുകയുള്ളു. പനംപട്ടയിലെ നാരിന്റെ അളവ് ഇതിന് തെളിവാണ്. ഈ സാഹചര്യത്തില്‍ കുറഞ്ഞ ഊര്‍ജമടങ്ങിയ പുല്ല് (പശു, ആട്... തുടങ്ങിയ ചെറുജീവികളുടെ [ലൈറ്റ്] ആഹാരം) വലിയ ജീവികള്‍ക്കു [ഹെവി] നല്‍കിയാല്‍ കാലാന്തരത്തില്‍ അവയെ കലോറി ക്ഷാമത്തിലേക്കും അനാരോഗ്യത്തിലേക്കും നയിച്ച് അല്പായുസുകളാക്കും. അല്പ ലാഭം പെരും ചേതം.....!