ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദി ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 19ന് വായനാദിനത്തിൽ ആരംഭിച്ചു. പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തി വര‌ുന്നത്. വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിൽ ആസൂത്രണം ചെയ്യാറുണ്ട്. സാഹിത്യ ക്വിസ്, കവിതാലാപനം, പ്രസംഗം, ഉപന്യാസരചന, കഥാപാത്രചിത്രീകരണം, ശ്രാവ്യവായന എന്നിവയിൽ മത്സരം നടത്തി. .

ലക്ഷ്യം

  • കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ
  • കലാമേളയ്ക്ക് പരിശീലനം
  • സാഹിത്യവും സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര.

കവിതകൾ

ബസ് സ്റ്റോപ്പുകൾ

മകൾ ഉന്നതപഠനത്തിനായി പോകുന്നു
ബസ് സ്റ്റോപ്പുവരെ അമ്മയും വരാം
മോളേ നിന്റെ പേരിലീ നാടറിയപ്പെടണം
അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു
"ദൈവമേ ഒരു പെൺകുഞ്ഞും
നാടിന്റെ പേരിലറിയപ്പെടരുതേ"
ബസ് വന്നു
അയ്യോ മോളേ കയറരുത്
ഇത് നമുക്കുള്ള വണ്ടിയല്ല
അമ്മ മകളെ ചേർത്തുപിടിച്ചു
കിളി പുറത്തേക്കിട്ട തല
അകത്തേക്കു വലിച്ചു
വണ്ടി കടന്നു പോയി
മകൾ പിൻബോർഡ് വായിച്ചു

സൂര്യനെല്ലി ,വിതുര, പറവൂർ.......!

ഇസ . വി


ആയുധം

കൂട്ടുകാരിയില്ലാത്ത താഴ്വരയിൽ
പൂക്കളെന്തിന് പൂമ്പാറ്റകെളന്തിന്
ഈ ഞാൻതന്നെ എന്തിന്
ആരോ മൈക്കിലൂടെ ഓരിയിടുന്നൂ
രാജ്യദ്രോഹികളെ നേരിടാൻ
കർമ്മഭടന്മാർ"പുതിയആയുധങ്ങളുമായ്
സമരസജ്ജരാണ്"
ഓ,അവൾരാജ്യദ്രോഹിയായിരുന്നല്ലോ!
ഈ ആയുധമാണല്ലേ
അവളിലേക്കവർ കുത്തിയാഴ്ത്തിയത്.അയ്യോ!
അതേ ആയുധവുമായി അവർ
എൻെറനേരെയാണല്ലോ വരുന്നത്
രാജ്യദ്രോഹികളേ ഓടിവരണേ.......

രക്ഷിക്കണേ.....

നഷീദ


നഗ്നപാദർ

നീ താണ്ടിയ
ചരൽ വഴികൾ
എനിക്കന്നത്തിനായിരുന്നു.
വരണ്ടുകീറിയ
മുളകുപാടങ്ങളിൽ നിന്നും
വിണ്ടുകീറിയ
പാദങ്ങളുമായി
നീ നടന്നത്
എന്റെ
മൗനത്തിനു
നേർക്കായിരുന്നു'.
നിന്റെ സിരകളിൽ നിന്നും
ഊർന്നിറങ്ങിയ
രക്തച്ചാലുകൾ
മണ്ണിനെ നനക്കുന്നു
ഗർവ്വിന്റെ
കൊത്തളങ്ങൾ
നിലംപതിക്കുന്നുവോ
സ്വപ്നങ്ങളുടെ
തളിരിലകൾ
മുളപൊട്ടുന്നു
കതിരു നിറഞ്ഞ
പാടങ്ങൾ
ഞാൻ

സ്വപ്നം കാണുന്നു.

സജാദ് സാഹിർ
(ലോങ്ങ് കിസാൻ മാർച്ചിലെ പോരാളികൾക്ക് )


ഒരു റോഹിങ്ക്യൻ പക്ഷി പാടുന്നു
റോഹിങ്ക്യൻ കിളികളും കൂഞ്ഞിളം പൈതങ്ങളും
കൊച്ചു സന്തോഷ ജീവിതം നയിക്കവേ
ഒരു വൻമര കൊമ്പിലെ കൂട്ടിൽ…..
മറ്റു പക്ഷികളോടൊത്തു വസിച്ചു
പരസ്പര സൗഹൃദം കൊണ്ടവർ സുകൃതം
നെയ്തു കഴിഞ്ഞു.
കാല ചക്രം തിരിയവേ…..
ദൈവം തൻ അഹങ്കാര സൃഷ്ടികളും
മറ്റു ചില പക്ഷികൾ ദുർബലരാം ഈ പക്ഷികൾ
ക്കെതിരെ തിരിഞ്ഞു.
കൊത്തി വലിച്ചും കടിച്ചു കീറിയും നോവിന്റെ സുഗമറിയിച്ചു.
വെറും ജാതി മതത്തിന്റെ പേരിൽ….
തന്റെ വിയർപ്പും കഷ്ടപ്പാടും ആയ കൂട്ടിൽ നിന്നും
ആട്ടിയോടിച്ചു.
സ്വന്തം കൂട്, സ്വന്തം മരം എന്ന പദവിയെ
അവർ തുടച്ചു നീക്കി.
സ്വന്തമായി ഇനി തന്റെ പേരും മക്കളും മാത്രം
പറന്നു അവർ മറ്റൊരു കൂട്ടം തേടി
അഹന്തത മുതലാക്കിയ മറ്റു മരങ്ങളധികവും
കനിവു കാട്ടിയില്ല…
കനിവു കാട്ടിയ മരങ്ങളിൽ അവർ വസിക്കുന്നു.
ഇനിയെപ്പോ മറ്റൊരു കൂടു തേടേണ്ടിവരുമെന്നു ചിന്തിച്ച്.
ആരുമില്ലാത്തവർക്കു ദൈവമുണ്ട്
മറ്റൊരു ലോകവുമുണ്ടെന്നതു മാത്രമാണൊരു
ആശ്വാസം.
മുഫ്‌ലിജ 10.F


എന്തേ നീ...??

വാതിൽ ഞാൻ തഴുതിട്ടിരുന്നില്ലല്ലോ....
ചേർത്തടച്ചല്ലേയുള്ളൂ..?
പിന്നെയെന്തേ നീ ഇത്രയും ഭയാനകമായി തള്ളിത്തുറന്നത്.?
ആടിക്കഴിഞ്ഞില്ലേ നിന്റെ സംഹാര താണ്ഡവം...
എന്റെ....
സ്വപ്നം തുളുമ്പുന്ന മിഴികളിലൂടെ...
ഗാനമുറങ്ങുന്ന ചുണ്ടിലൂടെ...
പ്രണയം തുടിക്കുന്ന മാറിലൂടെ...
ആടിത്തിമർത്തില്ലേ നീ...????
നിനക്കാണോ സഹസ്ര സാഗരങ്ങളുടെ കുളിർമ്മ.?
നീയാണോ ഇന്ദ്രാനുഗ്രഹം..?
നീയോ മൃതസഞ്ജീവനി..?
ഒരല്പം മാറി നിൽക്കൂ..
ഞാനൊന്ന് കരഞ്ഞോട്ടെ
.. നീ കവർന്നെടുത്ത മാനമോർത്ത്...
മുങ്ങിത്താണ കിനാക്കളോർത്ത്.
ഒന്ന് പൊട്ടിക്കരഞ്ഞോട്ടെ ഞാൻ...
നിന്നെത്തഴഞ്ഞ നിമിഷങ്ങൾക്ക്
എങ്ങിനെയാണിനി
മാപ്പ് പറയേണ്ടത്..?
ഇനി താങ്ങാനാവില്ലെനിക്ക്...
സൗമ്യനാകൂ...
. വിധേയയാണ് ഞാൻ..
ബീന സി കെ


കഥകൾ

ഒരു പെരുമഴക്കാലം‌

“അമ്മേ , വിശക്കുന്നു. ങ്ങും...”
അനി മോൾ മാക്സി തുമ്പ് പിടിച്ചു വലിച്ചു. അത്രയും നേരം തണുത്ത മിഴികളാൽ ഇമവെട്ടാതെ ആർന്നിറങ്ങുന്ന മഴയിലേക്ക് നോക്കി നിന്ന ലത ഞെട്ടിയുണർന്നു.
മോള് രാവിലെയൊന്നും കഴിച്ചിട്ടില്ല. താൻ കഴിഞ്ഞ രാത്രിയും പട്ടിണിയായിരുന്നു. കനിവോടെ ലത മോളുടെ മുടിയഴകളിലൂടെ കയ്യോടിച്ചു. ചീകയിട്ട് രണ്ടു ദിവസമായിരുന്ന മുടിയിഴകൾ എണ്ണമയമില്ലാതെ പാറി പറന്നു.

“സുരഭേച്ചീ , ഭക്ഷണമെത്തിയോ ?”
“ഒന്നും എത്തീട്ടില്ല. ദേ കൊച്ച് കരഞ്ഞൊറങ്ങി.” ദയനീയ ഭാവത്തോടെ സുരഭി പറഞ്ഞു. അവര് വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പേരമക്കളുമായ് തിന്നാനും ഉറങ്ങാനും കഴിയാതെ കഷ്ടപ്പെടുകയാണ് ഭാവം.

ലത ഓർത്തു. കഴിഞ്ഞ ഒരാഴ്ചയായി താനീ ക്യാമ്പിലാണ് . ജീവിക്കാനാവശ്യമായ വെള്ളവും ഭക്ഷണവും ഈ ദുരിതാശ്വാസക്യാമ്പിലും കിട്ടുന്നുണ്ട്.ബഹളമയമായ ചുറ്റുപാടിലും പക്ഷേ, മനസ്സ് ശാന്തമാണ്. അനന്തമായ ശൂന്യതയിലൂടെ സഞ്ചരിക്കുകയാണ്.

അവൾ ചുറ്റും കണ്ണോടിച്ചു. യുദ്ധഭൂമിയിൽ മാതാപിതാക്കളേയും സഹോദരങ്ങളെയും മക്കളെയും നഷ്ടപ്പെട്ട ബന്ധുമിത്രാദിക്കു തുല്യം. ഇതും ഒരു യുദ്ധഭൂമി തന്നെയാണല്ലോ. തങ്ങൾക്കുമീതെ, മിസൈൽ ബോംബുകളും പീരങ്കികളും കണക്കെ മഴ കഴിഞ്ഞ 3 മാസമായി കനത്ത യുദ്ധത്തിലാണ് . അത് തങ്ങളുടെ പുരയിടങ്ങൾ പിടിച്ചെടുത്തു. ജീവിത സമ്പാദ്യങ്ങൾ കൈക്കലാക്കി. ദിനരാത്രങ്ങൾ ഇടപഴകിയിരുന്ന വീട്ടുസാമാനങ്ങൾ കൊണ്ടുപോയി. സ്വന്തമായി ഉടുതുണി മാത്രമായിരിക്കുന്ന സമ്പാദ്യം.

“ബാഗ്, അമ്മാ എന്റെ ബാഗ് , ദാ പോണു”അനി മോളുടെ ചുടുകണ്ണീര് കൈതണ്ടയിൽ ഇറ്റി വീണു.
പുതുവർഷത്തിൽ എൽ.കെ.ജി യിലേക്ക് വാങ്ങിച്ച അവളുടെ സ്കൂൾ ബാഗ് വെള്ളത്തിലൂടെ ഒലിച്ചുപോകുന്നു. ബലപിടിത്തത്തിലൂടെ ബാഗ് കൈക്കലാക്കിയ വികൃതി കുട്ടിയെ പോലെ, ക്രൂരഭാവത്തോടെ വെള്ളം ചിരിച്ചൊഴുകി.

“അയ്യോ…..ഏട്ടാ” ഉച്ചത്തിൽ ഒരു ദയനീയ നിലവിളി അവിടമാകെ മുഴുകി. അത് ലതയുടെ ചെവിയിൽ പ്രകമ്പനം കൊള്ളിച്ചു. വലിയൊരു കൂട്ടം അവിടെ രൂപം കൊണ്ടു. ലതയുടെ കണ്ടുകൾ അവിടമാകെ തിരഞ്ഞു. അവളുടെ മനസ്സ് വിറ കൊണ്ടു. ഓർമകളിലേക്ക് അവൾ ഇടറിവീണു.

കഴിഞ്ഞ വ്യാഴാഴ്ച്ച.

രാത്രി ഭക്ഷത്തിനു ശേഷം അനിമോളുടെ പാട്ട് കേൾക്കുകയായിരുന്നു താനും സതീഷേട്ടനും. പെട്ടെന്നാണ് ഒരു ഭൂമി കുലുക്കം കണക്കെ ഒരു പൊട്ടിത്തെറി കാതടപ്പിച്ചത്. പ്രതീക്ഷിച്ചതായിരുന്നു പക്ഷെ , ആ നിമിഷം തിരിച്ചറിയാനാകുന്നതിനുമുമ്പ് വീട്ടിൽ നിന്ന് പുറത്തിറങ്ങ വള്ളത്തിൽ കയറിയിരുന്നു. കൈ പിടിച്ച് തോണിയിൽ കയറ്റിയ ശേഷം സതീഷേട്ടൻ തിരിഞ്ഞു. എങ്ങോട്ടാണെന്ന് ചോദിക്കുമ്പോഴേക്കും ഇപ്പം വരാമെന്നു പറഞ്ഞ് പോയിക്കഴിഞ്ഞിരുന്നു.

നിഷാദിക്കാന്റെ വീട് പൊളിഞ്ഞു വീണു. സമീപത്തെ ആൽ വീണ് തന്റെ വീടും തകർന്നു. അവടിത്തെ ഇളയ മോള് ദിയക്കു വേണ്ടി തിരയാനാണ് സതീഷേട്ടൻ പോയ്ത. അപ്പോഴേക്കും വേറൊരു മരം കൂടി വീണ് അവിടമാകെ മൂടിയിരുന്നു. തങ്ങളുടെ കളിച്ചിരികൾ നിറഞ്ഞിരുന്ന വീട് ഇന്ന് ദുരിതപ്രളയത്തിന്റെ അവശേഷിപ്പുകളാണ്. അനിമോള് അച്ഛനെ അന്വേഷിക്കാറില്ല. കാരണം അവളിപ്പോഴും യാഥാർത്ഥ്യം ഉൾക്കൊണ്ടിട്ടില്ല. പിറ്റേ ദിവസം ദിയയുടെ മൃതദേഹം കൊണ്ടു വെച്ചു ഒപ്പം ……

അന്ന് അവിടമാകെ ലതയുടെ ശബ്ദം നിറഞ്ഞു നിന്നിരുന്നു. ഒപ്പം നിലവിളികൾ ഹരം കൊള്ളിച്ചിരുന്ന ആർത്തിരമ്പുന്ന മഴയുടെയും.

ഹാഷിമിയ്യ . വി
9 . C


ലേഖനങ്ങൾ


മത്സര വിജയികൾ