വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

.കുന്നത്തൂർ

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുന്നത്തൂർ . കൊട്ടാരക്കരയിൽ നിന്നും ഏകദേശം 12 കി.മീറ്റർ വടക്കുപടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്നു കുന്നുകളാൽ സമൃദ്ധമായിരുന്ന പ്രദേശമായതിനാലാവണം ഈ സ്ഥലത്തിന് കുന്നത്തൂർ എന്ന പേരു വന്നത്.[ഈ പഞ്ചായത്തിന്റെ വടക്കുകിഴക്കും, കിഴക്കും തെക്കും ഭാഗങ്ങൾ 11.4 കി.മീറ്റർ നീളത്തിൽ കല്ലടയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്നു.രാജഭരണ കാലത്ത് കുന്നത്തൂർ ഉൾപ്പെട്ട പ്രദേശം കായംകുളം രാജാവിന്റെ പരിധിയിലായിരുന്നു. കല്ലടയാറ് അതിരിട്ട കുന്നത്തൂരിന്റെ കിഴക്കതിർത്തിയിൽ കോട്ടയുടെ പഴകിതുടങ്ങിയ ഭാഗങ്ങൾ ഇപ്പോഴും ഉണ്ട്. കല്ലടയാറ് കിഴക്കോട്ടൊഴുകുന്ന കൊക്കാം കാവ് ക്ഷേത്രത്തിനു ചേർന്നുള്ള ഈ പ്രദേശം തിരുവിതാംകൂർ രാജാവിനധീനപ്പെട്ടതായിരുന്നു.ഭൂപ്രകൃതിയനുസരിച്ച് കുന്നത്തൂർ ഇടനാട്ടിലാണ് ഉൾപ്പെടുന്നത്. വിശാലമായ താഴ് വരകളും, കുന്നിൻ പ്രദേശങ്ങളും, മിതമായി ചരിഞ്ഞ പ്രദേശങ്ങളുമടങ്ങുന്ന ഒരു ഭൂപ്രകൃതിയാണുള്ളത്. പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ ചേലൂർ കായലിന്റെ കുറച്ചുഭാഗം ഉൾപ്പെടുന്നു. 21.84 ഹെ. ആണ് അതിർത്തിയ്ക്കുള്ളിൽ വരുന്ന കായലിന്റെ വിസ്തീർണ്ണം. പഞ്ചായത്തിന്റെ മിക്കവാറും എല്ലാ വാർഡുകളിലും കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ എത്തിപ്പെട്ടിട്ടുണ്ട്.

സാംസ്കാരികരംഗം

1934-ൽ ഐവർകാല കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ചങ്ങനാശ്ശേരി, സ്മാരക ഗ്രന്ഥശാല കുന്നത്തൂരിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒരു നാഴിക കല്ലാണ്. സർദാർ കെ എം പണിക്കരായിരുന്നു ഇതിന്റെ ആദ്യത്തെ രക്ഷാധികാരി. കൊക്കം കാവ് ക്ഷേത്രത്തിനു സമീപമുള്ള ആറ്റുമണൽ പരപ്പിൽ ആലുവാ ശിവരാത്രിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ശിവരാത്രി ഉത്സവം നടത്തുക പതിവായിരുന്നു. 18 കരക്കാർ ചേർന്നു നടത്തിയ ഈ ആഘോഷങ്ങളിൽ ദിവാൻ , ഉയർന്ന ഉദ്യോഗസ്ഥർ , പണ്ഡിതൻമാർ , കവികൾ തുടങ്ങിയവർ സജീവമായി പങ്കെടുത്തിരുന്നു. ഈ ക്ഷേത്രത്തിൽ മാർത്താണ്ഡവർമ്മ യാഗങ്ങളും നടത്തുമായിരുന്നു. സാഹിത്യരംഗവുമായി പഞ്ചായത്ത് പ്രദേശത്തിന് അഗാധമായ ബന്ധമാണുള്ളത്. ഹാസ്യസാഹിത്യ സമ്രാട്ടായിരുന്ന ശ്രീമാൻ ഇ വി കൃഷ്ണപിള്ളയുടെ ജന്മം കൊണ്ടനുഗ്രഹീതമായ നാടാണിത്.