ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

തച്ചങ്ങാട്: മിത്ത്,ചരിത്രം

തയ്യാറാക്കിയത്: വർഷ പി, ഒമ്പതാംതരം എ

ആമുഖം

ഭാഷയെപ്പോലെ ഫോക് ലോറും സംസ്കാരത്തിന്റെ നിദർശനമാണ്. നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ സമസ്ത ഘടകങ്ങളെയും സൂചിപ്പിക്കുവാൻ 'ഫോക്ലോർ' എന്ന പദം വ്യാപകമായി ഉപയോഗിച്ചുപോന്നു. ഒരു ദേശത്തിന്റെയോ ജനതയുടെയോ സാംസ്കാരിക ചരിത്രമായ ഫോക് ലോറിൽ നാടോടി ജീവിതം പ്രതിഫലിക്കുന്നു. പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനവുമെന്ന നിലയിൽ 'ഫോക്ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.(കടപ്പാട്-സർവ്വവിജ്ഞാനകോശം വെബ്എഡിഷൻ) ബേക്കൽ കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.

കാസറഗോഡ്‌ ജില്ല (കാസർകോട് ജില്ല )

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ്. ആസ്ഥാനം കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു ഭാഷ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസറഗോഡ്‌ ജില്ല. 1956 നവമ്പർ ഒന്നിന് സംസ്ഥാന പുനർവ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാങ്കൂർ-കൊച്ചിയിലേക്ക് മലബാർ ജില്ലയും ദക്ഷിണ കന്നഡയിലെ കാസറഗോഡ് താലൂക്കും വിലയനം ചെയ്തുകൊണ്ട് കേരള സംസ്ഥാനം നിലവിൽ വന്നു.

സംസ്കൃത പാരമ്പര്യം

സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.

സ്ഥലനാമ ചരിത്രം

അരവത്ത് മട്ടൈ _ യാദവ സമുദായങ്ങളുടെ കഴകം തച്ചങ്ങാട് - തച്ചന്മാർ താമസിച്ചതുകൊണ്ട് തച്ചങ്ങാട്. നരിമാടിക്കാൽ - പഴയ കാലത്ത് നരികളുടെ സങ്കേതമാണ്. കുന്നുമ്പാറ- കുന്നും പ്രദേശങ്ങൾ ആയതു കൊണ്ട്. വള്ളിയാലിങ്കാൽ- വള്ളി വയലുകൾ ഉള്ളതു കൊണ്ട്.( വീതി കുറഞ്ഞതും നീളമുള്ളതുമായ വയൽ)