വെള്ളറട ഗ്രാമപഞ്ചായത്തിലെ

Schoolwiki സംരംഭത്തിൽ നിന്ന്
17:02, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്കു പഞ്ചായത്തിലാണ് അമ്പൂരി, ആനാവൂർ, കുന്നത്തുകാൽ, വെള്ളറട എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന വെള്ളറട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പർവ്വത പ്രദേശങ്ങളും ചരിവു പ്രദേശങ്ങളും താഴ്വരകളും പാറപ്രദേശങ്ങളും ഒട്ടനവധി നീരൊഴുക്കുകലും എല്ലാമുള്ള അതിമനോഹരമായ മലയോര പഞ്ചായത്താണ് വെള്ളറട. 1953-ലാണ് വെള്ളറട ഗ്രാമപഞ്ചായത്ത് നിലവിൽ വരുന്നത്. നിലവിൽ വരുന്ന സമയത്ത് അമ്പൂരി പഞ്ചായത്തുൾപ്പെടെയുള്ള വിസ്തൃതമായ പഞ്ചായത്തായിരുന്നു വെള്ളറട. വളരെക്കാലം മുൻപു മുതൽ തന്നെ അറിയപ്പെടുന്ന മലഞ്ചരക്കു വ്യപാര കേന്ദ്രമാണ് വെള്ളറട. വെള്ളത്തിന്റെ ഉറവിടം എന്ന അർത്ഥത്തിലാവാം വെള്ളറട എന്ന പേരുണ്ടായതെന്നു അനുമാനിക്കപ്പെടുന്നു. 1950-കൾക്കു മുൻപ് വെള്ളറടയും പരിസര പ്രദേശങ്ങളുമെല്ലാം കൊടുംവനമായിരുന്നു. ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധമായ വെള്ളറട കുരിശുമല എന്ന് അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

                                                                       നാട്ടുമ്പുറത്തുകാരായ കർഷകരും ആദിവാസികളായ കാണിക്കാരുമായിരുന്നു ഈ പ്രദേശത്തെ പൂർവ്വികർ.ചോളർ, പാണ്ഡ്യർ, ചേരർ തുടങ്ങിയ രാജാക്കന്മാരുടെ കാലത്ത് നാട്ടുരാജാക്കന്മാർ തമ്മിലുള്ള ശത്രുതയുടേയും കുടിപ്പകയുടേയും ഭാഗമായി ഇടയ്ക്കിടെ ഉണ്ടാകുന്ന ചേരിപ്പോരുകൾക്ക് സാക്ഷ്യം വഹിച്ച ഭൂമിയാണിതെന്ന് കരുതപ്പെടുന്നു. പഞ്ചായത്തു പ്രദേശത്തെ നല്ലൊരു വിഭാഗം ജനങ്ങളും പുരാതന കാലത്ത് പല പ്രദേശങ്ങളിൽ നിന്നും ഇവിടെ കുടിയേറി പാർത്തവരുടെ പിന്മുറക്കാരാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായിരുന്നു ഇവരുടെ വരവ്. കാലക്രമേണ രൂപപ്പെട്ട ജന്മി-കുടിയാൻ വ്യവസ്ഥിതിയുടെ ഭാഗമായി ജന്മിമാരുടെ കൃഷിയിടങ്ങളിൽ പണിയെടുക്കാൻ ഹരിജനങ്ങളെയും കൊണ്ടുവന്നു പാർപ്പിച്ചിരുന്നു. താഴ്വരകളും പാടശേഖരങ്ങളും റബ്ബർ മരങ്ങളും പാറകൾ കൊണ്ട് ചുറ്റപ്പെട്ട കുന്നിൻ പ്രദേശങ്ങളും ഉൾപ്പെട്ട വെള്ളറട പ്രദേശത്ത് മുക്കാൽ നൂറ്റാണ്ടുമുമ്പ് കർഷകരും, കർഷകത്തൊഴിലാളികളും പുല്ലുകൊണ്ടും, ഈറ ഇലകൊണ്ടും, ഓലകൊണ്ടും മേഞ്ഞ വീടുകളിലാണ് താമസിച്ചിരുന്നത്. സമ്പന്നരായ കർഷകർ പോലും വലിയ വീടുകൾ നിർമ്മിച്ചാലും ആഡംബരങ്ങൾ വളരെ കുറവായിരുന്നു. 1950-കൾക്കു മുൻപ് ഈ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശവും വനമായിരുന്നു. കൊല്ലവർഷം 1108 -ൽ ഈ പ്രദേശത്ത് ഭീകരമായ വെള്ളപ്പൊക്കമുണ്ടായി. തുടർന്നുണ്ടായ മാരകമായ മലമ്പനിയിൽ അനേകം കുടുംബങ്ങൾ ചത്തൊടുങ്ങി. പ്രജകൾക്ക്  ഗുളികകൾ സൌജന്യമായി നൽകുന്നതിനു രാജാവ് ഇവിടേക്ക് എഴുന്നള്ളി. ജനങ്ങളുടെ പരാതി പ്രകാരം അതുവരെ കാട്ടുപാതയായിരുന്ന ഒറ്റശേഖര മംഗലം- ചെമ്പൂര്- വെള്ളറട റോഡ് ജനോപകാര പ്രദമായി വെട്ടുന്നതിന് മുട്ടിയറ പാക്യനാഥൻ നാടാർക്ക് കല്പനയായി. അങ്ങനെ നിർമ്മിച്ച ഇന്നത്തെ ചെമ്പൂര്- വെള്ളറട- റോഡ് പാക്യനാഥൻ റോഡ് എന്ന് പഴമക്കാർ പറയുന്നു. ധാരാളം നീരുറവകളും തോടുകളും കൊണ്ടു സമൃദ്ധമായ ഈ നാടിനെ വെള്ളത്തിന്റെ ഉറവിടം എന്ന അർത്ഥത്തിലാവാം പൂർവ്വികർ വെള്ളറട എന്നു വിളിച്ചതെന്നു അനുമാനിക്കാം.ശക്തമായിട്ടല്ലെങ്കിലും ജന്മിത്തത്തിന്റെ അലയൊലികൾ ഈ പ്രദേശത്തെ കർഷകരും കുടിയാന്മാരും ആവോളം ഏറ്റുവാങ്ങിയിട്ടുണ്ട്. കൃഷി ചെയ്യാൻ മാത്രം അനുമതിയുണ്ടായിരിക്കുകയും കൃഷിഭൂമിയിൽ യാതൊരു അവകാശവും ഇല്ലാതിരിക്കുകയുമായിരുന്നു അക്കാലത്തെ കർഷകന്റെ അവസ്ഥ. കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം ഉയർത്തിയും കൈവശ കൃഷിക്കാർക്കു ഭൂമി പതിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ടും മലയോര കർഷകരുടെ സംഘടന ഇവിടെ രൂപം കൊണ്ടിരുന്നു. മലഞ്ചരക്കു ബിസിനസ്സ് കേന്ദ്രമായ പനച്ചമൂട് മാർക്കറ്റും  ഇതര പ്രദേശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടു സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം നിരവധി ഗ്രാമീണ റോഡുകൾ ഈ പഞ്ചായത്തിലുണ്ടായി. 1953-ലാണ് ആദ്യത്തെ പഞ്ചായത്തു ഭരണ സമിതി നിലവിൽ വരുന്നത്. അമ്പൂരി പഞ്ചായത്തുൾപ്പെടെയുള്ള വിസ്തൃതമായ പഞ്ചായത്തായിരുന്നു അക്കാലത്ത് വെള്ളറട പഞ്ചായത്ത്. വെള്ളറട പഞ്ചായത്തിന്റെ 88%-വും തികച്ചും ഗ്രാമപ്രദേശങ്ങളാണ്. സുപ്രസിദ്ധമായ കുരിശുമല തീർത്ഥാടന കേന്ദ്രം വെളളറടയിലാണ് സ്ഥിതി ചെയ്യുന്നത്.