Schoolwiki സംരംഭത്തിൽ നിന്ന്
മുക്കം ഒരു കുടിയേറ്റ ഗ്രാമമാണ്. ആയിരത്തി തൊള്ളായിരത്തി നാല്പതുകളിലാണ് മലബാറിൻറെ കിഴക്കൻ മലയോരങ്ങളിൽ കുടിയേറ്റം ആരംഭിക്കുന്നത്.രണ്ടാം ലോക മഹാ യുദ്ധം വിതച്ച കെടുതികളിൽ പ്രധാനമായ ഒന്നായിരുന്നു ദാരിദ്ര്യവും പട്ടിണിയും.ലോകം മുഴുവൻ അനുഭവിച്ച ഈ ദുരിതത്തിൽ നിന്നും ഇന്ത്യക്ക് മാത്രമായി മാറി നില്കാനാവില്ലല്ലോ.കേരളത്തിൽ (ഐക്യ കേരളം അന്ന് രൂപപ്പെട്ടില്ല) ക്ഷാമവും വിലക്കയറ്റവും സൃഷ്ടിച്ച ദുരിതക്കയം താങ്ങാനാവാതെ സാധാരണക്കാർ വലഞ്ഞു.വിശപ്പടക്കാൻ സാധിക്കാതെ ദുരിതക്കയത്തിൽ ആണ്ടു പോയ ആ പാവങ്ങളെ പകർച്ച വ്യാധികളും വേട്ടയാടി. വിഭവങ്ങളുടെ ദുർലഭ്യത പൊതു വിതരണ സംവിധാനത്തെയും അപര്യാപ്തമാക്കി എന്നല്ല പരാജയപ്പെടുത്തി. ഒരു നേരത്തെ ഒരു കുമ്പിൾ കഞ്ഞി പോലും സ്വപ്നമായി.പനങ്കഞ്ഞിയും താളും തവരയും ഒക്കെ ആയിരുന്നു സാധാരണക്കാരൻ അന്ന് ജീവൻ നിലനിർത്താൻഭക്ഷണമാക്കിയത്. കൃഷി ജീവിതോപാധിയാക്കിയ വലിയൊരു ജന വിഭാഗം മധ്യ തിരുവിതാംകൂറിൽ ഉണ്ടായിരുന്നു. കൃഷിയിൽ നിന്നുള്ള വരുമാനം ജീവിതത്തിൻറെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ തികയാതെ കഷ്ടപ്പാടിൻറെ കര കാണാ കടല്ലിൽ നിന്നുള്ള മോചനം അവരുടെ പ്രതീക്ഷയും സ്വപ്നവുമായിരുന്നു. നാടിലെ ചെറിയ ഭൂമി വിറ്റാൽ മലബാറിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കമെന്ന അറിവ് അവർക്ക് സ്വർഗത്തിലേക്കുള്ള വാതിലായിരുന്നു. ഈ പ്രദേശത്തെക്കുറിച്ച് വ്യക്തമായ വിവരവും ധാരണയും ഇല്ലാതെയായിരുന്നു ഒരു വാഗ്ദത്ത ഭൂമിയിലേക്കുള്ള തീർഥാടനം പോലെ അവർ മലബാറിലെത്തിയത്. ഇരുവഞ്ഞിപ്പുഴയും അവളുടെ കൈവഴി ചെറുപുഴയും സംഗമിക്കുന്ന ദേശം മുക്ക്, നീരിലാക്ക് മുക്ക് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നാടാണ് ഇന്ന് മുക്കം എന്ന പേരിൽ അറിയപ്പെടുന്നത്. കുടിയേറ്റത്തിൻറെ കവാടമായിരുന്നു ഇന്ന് അഗസ്ത്യൻ മൂഴി എന്നറിയപ്പെടുന്ന പഴയ അത്തിമൂഴി. ഭാരതത്തിൻറെ സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് അംശം അധികാരികളുടെ അധികാരതിൻ കീഴിലായിരുന്നു ഈ പ്രദേശം.സമുദായ ആചാരങ്ങളിൽ നിഷ്ഠയും ഭ്രഷ്ടും കൽപിക്കാൻ ദേശത്തെ നാടുവാഴികളായിരുന്ന മണ്ണിലിടം നായന്മാർക്ക് സാമൂതിരി അധികാരം കല്പിച്ചു നൽകിയിരുന്നു. വിവിധ മതസ്ഥർ താമസിച്ചു വരുന്ന ഈ നാടിന്നോളം തന്നെ പഴക്കമുണ്ട് പ്രദേശത്തെ മത സൗഹാർദ്ദത്തിന്നു പുളിയക്കോട്ട്, വയലിൽ,ബല്യംബ്ര തുടങ്ങിയവയാണ് പ്രധാന മുസ്ലിം തറവാടുകൾ. അത്തിക്കമണ്ണിൽ, കൊറ്റങ്ങൽ,കോടക്കാട്ട്താലശ്ശേരിത്താഴത്ത്, പാലക്കടവത്ത്,പാലിയിൽ, പെരുമ്പടപ്പിൽ, പനകരിമ്പനങ്ങോട്ട്, കല്ലൂര്, വാലത്ത്, മേക്കുണ്ടാറ്റിൽ, എരഞ്ഞങ്കണ്ടി, വഴക്കാമണ്ണിൽ, പാട്ടശ്ശേരി തുടങ്ങിയവയാണ് പ്രധാന ഈഴവ തറവാടുകൾ. ഈ മേഖലയിൽ കുടിയേറ്റം ആരംഭിച്ചത് തിരുവംപാടിയിലാണ്.1942-ൽ. അന്ൻ ആ പ്രദേശം നായര്കൊല്ലി എന്നാണ് അറിയപ്പെട്ടിരുന്നത്.കുടിയേറ്റക്കാരിൽ മഹാ ഭൂരിഭാഗവും സുറിയാനി കത്തോലിക്കരായിരുന്നു.(തെളിവ്: കെ.വി.വി.ഇ.എസ്. മുക്കം യൂണിറ്റ് പ്രസിദ്ധീകരിച്ച 'ഇരുവഞ്ഞി' സോവനീർ.) ഒരു ചെറുപുഴയുടെയും ഇത്തിരികൂടി വലിയ പുഴയായ ഇരുവഞ്ഞിയുടെയും സംഗമ സ്ഥാനമാണിത്. മഹാമുനി അഗസ്ത്യൻ പ്രതിഷ്ഠ നിർവ്വഹിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തൃക്കുടാമണ്ണ ശിവ ക്ഷേത്രം ഇവിടെയാണ്. ഈ ഗ്രാമത്തിലെ പൊറ്റശ്ശേരിയിൽ വെച്ചാണ് സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്കിടയിൽ കേരളത്തിൻറെ വീര പുത്രൻ എന്ന് ഗാന്ധി വിശേഷിപ്പിച്ച മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് അന്ത്യ ശ്വാസം വലിച്ചത്.റോഡുകൾക്കും പാലങ്ങൾക്കും മുമ്പ് ഗതാഗതത്തിനും ചരക്ക് നീക്കത്തിനും മനുഷ്യൻ പുഴകളെയും തോടുകലെയുമായിരുന്നു ആശ്രയിച്ചിരുന്നത്.മൂന്ന് ഭാഗവും ഇരുവഞ്ഞിയാൽ ചുറ്റപ്പെട്ട മുക്കം ഗതാഗത സൗകര്യത്തിൽ മുന്നിട്ടു നിന്ന്. അതുകൊണ്ട് തന്നെ ഇവിടെ ജനവാസ മേഖലയായി. സമീപത്തെ മലകളിൽ നിന്നും മരം മുറിച്ചെടുത്ത് തെരപ്പം കെട്ടിയും വെപ്പുതോണികളിൽ കയറ്റിയും കോഴിക്കോട്ട് എത്തിക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന തൊഴിൽ. മരക്കച്ചവടക്കാരായ മുതലാളിമാരും അന്ന് മുക്കത്തിൻറെ സാമ്പത്തിക മേഖലയുടെ നെടുംതൂണായി. ജന്മിമാരായ ഭൂവുടമകൾ ആതിഥ്യ മര്യാദക്ക് പേര് കേട്ടവരായിരുന്നു.