തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/നാടോടി വിജ്ഞാനകോശം
ദഫ് അറബി ബൈത്തുകള്‍ അല്ലെങ്കില്‍ അറബി സാഹിത്യഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. ഈ കലാരൂപം അനുഷ്ഠാനകർമ്മങ്ങളായ കുത്തുറാത്തീബ്, നേര്‍ച്ചകള്‍തുടങ്ങിയവയുടെ ഭാഗമായും വിവാഹം പോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. ഇന്നും നിലവിലുള്ള അറേബ്യന്‍ പാരമ്പര്യവുമുള്ള മാപ്പിള കലകളിലൊന്നാണ് ദഫ് മുട്ട്.ഇസ്‌ലാമിന്റെ കലാപാരമ്പര്യമായിട്ടാണ് ഇത് അറിയപ്പെടുന്നത്. മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് പരിശുദ്ധവും ഏറെ പുറം സ്വാധീനങ്ങള്‍ ആവേശിക്കാത്തതുമായ ഒരു ഇനമാണിത്. രൂപത്തിലും ഭാവത്തിലും ഒരു ആത്മീയ വശ്യതയും ആകര്‍ഷണീയതയുമുണ്ടിതിന്. ദഫ് ഉപയോഗിച്ചുകൊണ്ട് താളത്തിനെത്തുള്ള കൊട്ടിക്കളിയാണിത്. ഇരുന്നും നിന്നും ഇടത്തും വലത്തും മുന്നോട്ടും പിന്നോട്ടും ചാഞ്ഞും ചെരിഞ്ഞുമുള്ള ശാരീരിക ചലനങ്ങളാണ് ഇതിന്റെ പ്രത്യേകത. ദഫിന്റെ ചരിത്രം കടലിനക്കരയിലേക്ക് നീളുന്നതാണ്. നൂറ്റാണ്ടുകളുടെ ചരിത്രവും പഴക്കവും പാരമ്പര്യവുമുണ്ടിതിന്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈജിപ്തിലാണ് ഇതിന്റെ ഉല്‍ഭവം എന്നാണ് പറയപ്പെടുന്നത്. ചര്‍മ വാദ്യോപകരണമായ ദഫ് പലരൂപത്തില്‍ പലയിടങ്ങളിലും കാണപ്പെട്ടിരുന്നു. വ്യത്യസ്ത നാമങ്ങളിലാണ് അത് അറിയപ്പെട്ടിരുന്നത്. മുസ്തദീറുല്‍ മറബ്ബഅ, മുസ്തദീറുല്‍ അജ്‌റാസ്, മുസ്തദീറു അദവാതി റിനാന, മുസ്തദീറുല്‍ ബസീത്, മുസ്തദീറുല്‍ ഔഖാത്ത്, മുസ്തദീറുല്‍ ജലാലില്‍…. തുടങ്ങിയവ അതിന്റെ ചിലനാമങ്ങളാണ്.വ്യത്യസ്ത നാട്ടുകാര്‍ വ്യത്യസ്ത പേരുകളാണ് ഇതിനെ വിളിച്ചിരുന്നത്. കുര്‍ദുകള്‍ ദഫ്ക് എന്നാണ് വിളിച്ചത്. സ്പാനിഷില്‍ ഉദ്ഫ് എന്നും സിറിയയില്‍ ദീറ എന്നും ഇന്ത്യയില്‍ ദഹ്‌റ എന്നും ദഫ്‌ലി എന്നുമെല്ലാം അത് വിളിക്കപ്പെട്ടിരുന്നു. ലബനോന്‍, ബോസ്‌നിയ, യൂറോപ്യന്‍ നാടുകള്‍ എന്നിവിടങ്ങളില്‍ സാധാരണപോലെ ദഫ് എന്നുതന്നെയാണ് അറിയപ്പെട്ടിരുന്നത്. അറബികള്‍ക്കിടയില്‍ വളരെ മുമ്പുതന്നെ ദഫ്മുട്ട് സമ്പ്രദായം ഉണ്ടായിരുന്നു. പവിത്രമായ ഒരു ആചാരമോ പരിപാടിയോ ആയിട്ടാണ് അവര്‍ ഇതിനെ കണ്ടിരുന്നത്. കല്യാണ പ്രോഗ്രാമുകള്‍, സ്വീകരണ പരിപാടികള്‍ തുടങ്ങിയ മുഹൂര്‍ത്തങ്ങളിലായിരുന്നു പ്രധാനമായും അവര്‍ ഇതിനെ അവലംബിച്ചിരുന്നത്.സ്വാഅ്, ഗിര്‍ബാല്‍ തുടങ്ങിയ രണ്ടുതരം ദഫുകളാണ് ഹിജ്‌റ വര്‍ഷത്തിനു മുമ്പ് പൊതുവെ അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നത്. അളവ് പാത്രത്തിന്റെ ആകൃതിയിലുള്ള ദഫിന് സ്വാഅ് എന്നും ചില്ലട രൂപത്തിലുള്ളതിന് ഗിര്‍ബാല്‍ എന്നും അവര്‍ വിളിച്ചു പോന്നു. ഈ രണ്ടുതരം ദഫുകള്‍ മുട്ടിയായിരുന്നുവത്രെ മദീനക്കാര്‍ പ്രവാചകരെ സ്വീകരിച്ചിരുന്നത്. നിരുപാധികം, ദഫ് മുട്ടിന്റെ പവിത്രതയും ശുദ്ധതയും മനസ്സിലാക്കാന്‍ മദീനക്കാര്‍ അതിനോടൊന്നിച്ച് പാടിയ പാട്ടിന്റെ തനിമയും ശുദ്ധതയും ഓര്‍ത്താല്‍ മതി. ലോകാനുഗ്രഹിയായ പ്രവാചകരെ സ്വീകരിക്കാന്‍ അവര്‍ തെരഞ്ഞെടുത്തിരുന്ന രീതി ഇതായിരുന്നു. പ്രവാചകര്‍ അതിനെ വിലക്കുകയും ചെയ്തില്ല. മാത്രമല്ല, പില്‍ക്കാലത്തെ തന്റെ മദീന ജീവിതത്തില്‍ പലതവണ അതിനെ കാണുകയും ചെയ്തു തിരുമനി. അപ്പോഴും അതേ സമീപനം തന്നെയാണ് തിരുമേനി സ്വീകരിച്ചിരുന്നത്. പ്രവാചകരുടെ അംഗീകാരം ലഭിച്ച ഒരു കലാശൈലിയായിരുന്നു ദഫ് മുട്ടെന്ന് ചുരുക്കം. അതിന്റെ തനിമയിലേക്കാണ് അത് സൂചിപ്പിക്കുന്നത്. ഒരു കാലത്തും ആ അതിര്‍വരമ്പുകള്‍ ലംഘിച്ച് കടന്നുപോകാന്‍ പാടില്ലെന്ന് ചുരുക്കം.തോലുകള്‍ ഉപയോഗിച്ചാണ് ദഫുകള്‍ നിര്‍മ്മിക്കുന്നത്. ഒരു ചാണ്‍ ‘വ’ വട്ടത്തില്‍ മരച്ചട്ടത്തിന്റെ ഒരു ഭാഗത്ത് തോലുകൊണ്ട് പൊതിഞ്ഞ് ചരടുകൊണ്ട് ചുറ്റും വലിച്ചുകെട്ടുന്നു. ഇങ്ങനെയുള്ള ഒരു ദഫിന് മൂന്നോ നാലോ അംഗുലം ഉയരമുണ്ടായിരിക്കും. ചരടുകള്‍ മുറുക്കുന്നതിനനുസരിച്ച് ദഫിന്റെ ശ്രുതി താര സ്ഥായിയിലേക്ക് അല്‍പാല്‍പം വന്നുകൊണ്ടിരിക്കുന്നു. എല്ലാ ദഫുകളുടെയും ശ്രുതി ഒരു ദഫില്‍നിന്നെന്ന പോലെ ഏകോപിക്കുമ്പോഴാണ് ശബ്ദ ഭംഗി കൈവരുന്നത്. താളമാണ് ദഫ് മുട്ടിന്റെ സുപ്രധാനമായ മറ്റൊരു കാര്യം. ദഫിന് അതിന്റേതായ ചില പ്രത്യേക താളങ്ങളും ക്രമങ്ങളുമുണ്ട്. അവ മനോഹരമായി സംരക്ഷിക്കപ്പെടണം. ഒറ്റ മുട്ട്, രണ്ട് മുട്ട്, മൂന്ന് മുട്ട്, അഞ്ചു മുട്ട്, ഏഴുമുട്ട്, വാരി മുട്ട്, കോരി മുട്ട് എന്നിങ്ങനെയാണവ. ഈ ഈണങ്ങള്‍ക്കനുസരിച്ച് നിന്നും ഇരുന്നും ചാഞ്ഞും ചെരിഞ്ഞും ദഫ് മുട്ടുമ്പോഴാണ് അത് വശ്യസുന്ദരമായി മാറുന്നത്. ഇതില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുന്ന പക്ഷം ഭംഗിഭംഗം സംഭവിക്കുന്നു. ഇവിടെപറഞ്ഞ താളങ്ങള്‍ക്കിടയില്‍ മണിപ്പുതാളം എന്നപേരില്‍ ഒരു ഇനംകൂടിയുണ്ട്. കൈവിരല്‍തുമ്പുകളില്‍നിന്നുമുള്ള താള ശൈലിയാണിത്. മറ്റുള്ള താള മുട്ടുകളെ ഭംഗിയാക്കുന്നത് ഇതാണ്.ശ്രുതി, താളം, ലയം, ടൈമിംഗ് എന്നിവയാണ് ദഫില്‍ പ്രധാനമായും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങള്‍.‘കേരളത്തിലേക്ക് ലക്ഷദ്വീപില്‍ നിന്നോ മലായില്‍നിന്നോ ആണ് ദഫ് കടന്നു വന്നത്. ലക്ഷദ്വീപില്‍ മതാനുഷ്ഠാന കര്‍മങ്ങളായി ദഫിന് പ്രചാരമുണ്ടായിരുന്നു. ക്ഷേത്ര കലകള്‍ ഇവിടെ പ്രചരിച്ചതോടെ ദഫ് മുട്ട് മുസ്‌ലിംകളുടെ ഒരു കലയായി മാറുകയാണ് ചെയ്തത്. നാട്ടിലുണ്ടാകുന്ന വസൂരി രോഗത്തിനെതിരെ രിഫാഈ ശൈഖിന്റെ പേരില്‍ നടത്തിയിരുന്ന കുത്തുറാത്തീബുകള്‍ ഉണ്ടായിരുന്നു. ഇതിന് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് കിഴക്ക് പടിഞ്ഞാറായി ഒരു പന്തല്‍ ഒരുക്കും. രാത്രിയില്‍ ഇതിനായി പ്രത്യേകം പരിശീലനം നേടിയ ബൈത്തു സംഘം പടിഞ്ഞാറു ഭാഗത്ത് തിരിഞ്ഞു നിന്ന് ജവാബ് ഉരുവിടും. തുടര്‍ന്ന് അല്ലാഹുവിന്റെയും നബിയുടെയും പേരില്‍ ഹംദും സ്വലാത്തും ചൊല്ലി നബിയെക്കുറിച്ച് മദ്ഹ് ബൈത്തുകളും ദിക്‌റുകളും രിഫായി ബൈത്തുകളും ചൊല്ലി പത്തില്‍ കൂടുതല്‍ പേര്‍ രണ്ടു വരിയയി നിന്നും ഇരുന്നുംചാഞ്ഞും ചെരിഞ്ഞും ദഫ് മുട്ടുന്നു.’ മതചടങ്ങളുകളില്‍ വ്യാപകമായി ദഫ് മുട്ട് ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കുത്ത്‌റാതീബുകളാണ് ഇതില്‍ പ്രധാനം. പള്ളിയിലോ വീട്ടിലോ എവിടെയായാലും മങ്ങിയ വെളിച്ചത്തിലാണ് ഇത് നടന്നിരുന്നത്. പാട്ടിനൊപ്പം കത്തി, കുന്തം, സൂചി, വാള്‍ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ള മയ്യഭ്യാസവും ഉണ്ടാകുന്നു. ചൊല്ല് റാത്തീബ്, കുത്ത് റാത്തീബ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള റാത്തീബുകളുണ്ട്. ചൊല്ലുറാത്തീബില്‍ സൂചിപ്പിക്കുന്ന പോലെത്തന്നെ ചൊല്ലല്‍ മാത്രമേ ഉണ്ടാകുന്നുള്ളു. കുത്തു റാത്തീബില്‍ കുത്തലും മുറിക്കലും കൂടി ഉണ്ടാകുന്നു. ദബ്ബൂസ്, കഠാരി, കതിര്‍ എന്നിവയാണ് പ്രധാനമായും കുത്താനായി ഉപയോഗിക്കുന്നത്. ദഫ്മുട്ടിന്റെയും കീര്‍ത്തനങ്ങളുടെ ആരവങ്ങള്‍ക്കിടയിലാണ് ഇത്തരം റാത്തീബുകള്‍ അരങ്ങേറിയിരുന്നത്. മുഹ്യദ്ദീന്‍ റാത്തീബ്, രിഫാഈ റാത്തീബ് തുടങ്ങിയവ റാത്തീബുകളില്‍ പ്രധാനമാണ്. നേര്‍ച്ചപ്പരിപാടികള്‍, കല്യാണമുഹൂര്‍ത്തങ്ങള്‍, നബിദിനാഘോഷം തുടങ്ങിയ സമയങ്ങളിലെല്ലാം ഇന്നും ദഫ് മുട്ട് നിലനിര്‍ത്തിപ്പോരുന്നു. പണ്ടൊക്കെ ഓരോ നാട്ടിലും പ്രത്യേകം ദഫ് മുട്ട് സംഘങ്ങള്‍ ഉണ്ടായിരുന്നു. നാട്ടിലെ ഓരോ മത ചടങ്ങളിലേക്കും അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. പരമ്പരാഗതമായിട്ടാണ് പലരും ഈ കല നിലനിര്‍ത്തിയിരുന്നത്. കാസര്‍കോട് പോലെയുള്ള ഭാഗങ്ങളില്‍ അല്‍പ്പമായെങ്കിലും ഇന്നും ഇത് കാണാന്‍ സാധിക്കുന്നു. എന്നാല്‍, യഥാര്‍ത്ഥത്തിലുള്ള ദഫുകള്‍ -സ്വാഅ്-ഗിര്‍ബാല്‍- കേരളത്തില്‍ വളരെ കുറവാണെന്നതാണ് വസ്തുത. ദഫിനോട് സാദൃശ്യമുള്ള തകരത്തില്‍ ഫൈബര്‍ കൊണ്ട് പൊതിഞ്ഞ് നട്ടും ബോള്‍ട്ടും മുറുക്കിയ ഗഞ്ചിറകളാണ് ഇവിടെ പൊതുവെ ഉപയോഗിച്ചുവരുന്നത്. കാപ്പാട് സൈദ് മുസ്‌ലിയാര്‍, അത്തോളി ഉസ്സന്‍ കുട്ടി മുസ്‌ലിയാര്‍, ഇടിയങ്ങര ചെക്കുട്ടിക്കാക്ക, ചേമഞ്ചേരി ചിറ്റടുത്ത് ഇമ്പിച്ചി അഹ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഈ മേഖലയില്‍ സംഭാവനകള്‍ അര്‍പ്പിച്ച പ്രധാനികളാണ്.മുസ്ലിം സമുദായക്കാരുടെ ഇടയില്‍ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് ദഫ്മുട്ടുകളി. ദപ്പ് റാത്തിബ് എന്നും ദപ്പ് കവാത്ത് എന്നും ഇതിന് പേരുണ്ട്. ദഫ് അഥവാ ദപ്പ് ഒരു വാദ്യോപകരണമാണ്. ഏകദേശം രണ്ടടി വ്യാസത്തില്‍ മരം വട്ടത്തില്‍ കുഴിച്ച് ഒരു ഭാഗം കാളത്തോല്‍ കൊണ്ട് വരിഞ്ഞാണ് ഇതുണ്ടാക്കുന്നത്. ഇതിനു ദഫ്, ദപ്പു, തപ്പിട്ട എന്നീ പേരുകളുണ്ട്. ദഫ് മുട്ടിക്കൊണ്ട് പാട്ടുപാടിയാണ് കളിക്കുന്നത്. മതപരമായ അനുഷ്ഠാനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ദഫ്മുട്ടുകളിയാണ് ദപ്പ് റാത്തീബ്. മുസ്ലിംങ്ങള്‍ പ്രാര്‍ത്ഥനയായി ദപ്പ് റാത്തിബ് നടത്താറുണ്ട്. കുത്ത് റാത്തിബ് എന്നും ഇതിനു പേരുണ്ട്. അനുഷ്ഠാനമെന്നതിനു പുറമെ ഒരു സാമൂഹ്യവിനോദമായും ദഫ്മുട്ടുകളി അവതരിപ്പിക്കാറുണ്ട്. മുന്‍പു കാലങ്ങളില്‍ ആണുങ്ങള്‍ മാത്രമായിരുന്നു ദഫ്മുട്ടുകളി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ചില നിയന്ത്രണങ്ങളോടെ സ്ത്രീകളുടെ സംഘങ്ങളും ദഫ്മുട്ടുകളി അവതരിപ്പിക്കാറുണ്ട്. അയ്യപ്പന്‍പാട്ടും അയ്യപ്പന്‍വിളക്കും അയ്യപ്പഭക്തന്മാര്‍ നടത്തുന്ന അനുഷ്ഠാനകലയാണ് അയ്യപ്പന്‍പാട്ട്. ശാസ്താംപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. . ശബരിമലക്ക് പോകാനായി വ്രതമെടുക്കുന്ന ഭക്തന്മാര്‍ വീട്ടില്‍വെച്ചും ക്ഷേത്രത്തില്‍വെച്ചും അയ്യപ്പന്‍പാട്ട് നടത്താറുണ്ട്. പ്രത്യേകം ഉണ്ടാക്കിയ പന്തലിലാണ് ചടങ്ങുകള്‍ നടത്തുന്നത്. പന്തലില്‍ പീഠവും നിലവിളക്കും വെക്കും. ഗണപതിത്താളം കൊട്ടിയതിന് ശേഷമാണ് പാട്ട് തുടങ്ങുന്നത്. ഉടുക്കു കൊട്ടിയാണ് പാടുന്നത്. ഇലത്താളവും ഉപയോഗിക്കും. പന്തളത്തു രാജാവിന്റേയും ശാസ്താവിന്റേയും കഥകളടങ്ങുന്നതാണ് പാട്ട്. ദേവാസുര യുദ്ധം, പാലാഴി മഥനം തുടങ്ങിയ കഥകളും പാട്ടിലുണ്ട്. പാട്ടിനൊപ്പം അയ്യപ്പന്മാര്‍ തുളളുകയും ചെയ്യും. കനലില്‍ ചാടുന്ന ചടങ്ങും ഈ അനുഷ്ഠാനത്തിന്റെ ഭാഗമായുണ്ട്. ചില സ്ഥലങ്ങളില്‍ അയ്യപ്പന്‍പാട്ട് കൂടുതല്‍ ആര്‍ഭാടപൂര്‍വ്വം നടത്താറുണ്ട്. ഇതിനെ അയ്യപ്പന്‍വിളക്ക് എന്നും വിളിക്കും. പരിപാടികളുടെ ഭാഗമായി കഥാഭിനയവും നടത്താറുണ്ട്. അയ്യപ്പന്‍, വാവര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ രംഗത്തു വരും. യുദ്ധരംഗങ്ങളടക്കം നൃത്തരൂപത്തില്‍ അവതരിപ്പിക്കാറുണ്ട്. കളമെഴുത്തും പാട്ടുകളും സംഘകാലത്തോളം പഴക്കമുള്ള കേരളീയ അനുഷ്ഠാനമാണ് കളം. കേരളീയ ആചാരങ്ങളില്‍ സുപ്രധാനമായ സ്ഥാനം കളങ്ങള്‍ക്കുണ്ട്. കര്‍മ്മങ്ങളോടുകൂടി ഇഷ്ടദേവതയുടെ രൂപം വരക്കും. പാട്ട് അടക്കമുള്ള ചടങ്ങുകള്‍ നടത്തി കളത്തില്‍ ആവാഹിക്കപ്പെട്ടിരിക്കുന്ന ചൈതന്യത്തെ പ്രീതിപ്പെടുത്തുന്നു. വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കളങ്ങള്‍ വരയും. പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് കളം ഇടുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പിലുളള അനുഷ്ഠാനങ്ങളില്‍ വ്യത്യാസങ്ങള്‍ പ്രകടമാണ്. നാടന്‍ നിറക്കൂട്ടുകളുപയോഗിച്ച് കലാകാരന്മാര്‍ തീര്‍ക്കുന്ന വര്‍ണ്ണവിസ്മയങ്ങള്‍ കേരളീയ ചിത്രകലാപാരമ്പര്യത്തിന്റെ നിദര്‍ശനങ്ങളാണ്. പഞ്ചവര്‍ണ്ണ പൊടികളാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്. മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയാണ് പഞ്ചവര്‍ണ്ണങ്ങള്‍. മഞ്ഞള്‍ പൊടിച്ച് മഞ്ഞപ്പൊടിയും, ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്ത് ചുവന്ന പൊടിയും ഉമിക്കരികൊണ്ട് കരിപ്പൊടിയും ഉണ്ടാക്കുന്നു. വെള്ളപ്പൊടി ഉണ്ടാക്കുന്നത് ഉണക്കലരി പൊടിച്ചാണ്. വാകയിലയാണ് പച്ചപ്പൊടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. നാഗക്കളത്തില്‍ വാഴയിലക്കുപകരം മഞ്ചാടിയിലയുടെ പൊടിയാണ് ഉപയോഗിക്കുന്നത്. വാകയില വിഷഹാരിയാണ് എന്നതാണ് ഇതിനുകാരണം.
ഓരോ പ്രദേശത്തും കളം വരയുന്നത് വ്യത്യസ്ത സമുദായക്കാരാണ്. തീയാട്ടുണ്ണികള്‍, തീയാടി നമ്പ്യാന്മാര്‍, തെയ്യമ്പാടികള്‍, പുള്ളുവന്‍, വണ്ണാന്‍, കണിശന്‍ തുടങ്ങിയ സമുദായക്കാര്‍ പരമ്പരാഗതമായി കളം വരയുന്നവരാണ്. കുറുപ്പന്മാര്‍, തീയ്യര്‍, വേലന്മാര്‍, മണ്ണാന്‍, മലയന്‍, പാണന്‍, പറയന്‍, വേലന്‍, മുന്നൂറ്റാന്‍, കോപ്പാളന്‍ തുടങ്ങിയവരും കളം വരയാറുണ്ട്. അനുഷ്ഠാനത്തിന്റെ സ്വഭാവത്തിനനുസരിച്ച് വരയുന്ന രൂപങ്ങള്‍ക്ക് വ്യത്യാസമുണ്ടാകും. യക്ഷി, സര്‍പ്പം, ഭദ്രകാളി, ഗന്ധര്‍വന്‍, ഗുളികന്‍ എന്നിങ്ങനെ നിരവധി കളങ്ങള്‍ വിവിധ അനുഷ്ഠാനങ്ങളിലായി വരയാറുണ്ട്. കളമെഴുത്തും പാട്ട്, മുടിയേറ്റു്, പാന, തീയാട്ട്, പുള്ളുവന്‍പാട്ട്, കെന്ത്രോന്‍പാട്ട്, ഗന്ധര്‍വന്‍ തുള്ളല്‍, മലയന്‍ കെട്ട്, ബലിക്കള, ഭഗവതിപ്പാട്ട്, കളത്തിലരിപ്പാട്ട് തുടങ്ങിയ നിരവധി അനുഷ്ഠാനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള കളങ്ങള്‍ എഴുതുന്നു. ചിത്രരചനയില്‍ പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ അറിവുകളും സങ്കേതങ്ങളും കളമെഴുത്തില്‍ പ്രകടമാക്കപ്പെടുന്നു. കളം വരയുന്നതിനോടനുബന്ധിച്ച് പാട്ടുകളും പാടും. ഓരോ അനുഷ്ഠാനത്തിനും പ്രത്യേകം പാട്ടുകളാണ്.
ഭദ്രകാളിക്കളവുംപാട്ടും ഭദ്രകാളിക്ഷേത്രങ്ങളിലാണ് പ്രധാനമായും കളമെഴുത്തുംപാട്ട് നടത്താറുള്ളത്. വേട്ടക്കൊരുമകന്‍ ക്ഷേത്രങ്ങളിലും ഈ അനുഷ്ഠാനമുണ്ട്. ഭദ്രകാളിയുടെ കളമെഴുത്തും പാട്ടും സാധാരണ നടത്തുന്നത് മണ്ഡലകാലത്താണ്. സംഹാരരൂപിണിയായ കാളിയെയാണ് വരയുന്നത്. കാളിയുടെ കൈകളുടെ എണ്ണത്തിനനുസരിച്ചാണ് കളത്തിന്റെ വലുപ്പം. പതിനാറു മുതല്‍ അറുപത്തിനാലു വരെ കൈകളുള്ള കളങ്ങള്‍ വരയാറുണ്ട്. കളം പൂര്‍ത്തിയാകുന്നതോടെ നെല്ലും നാളികേരവും പൂക്കുലയും വെക്കും. അതോടെ പാട്ട് ആരംഭിക്കുകയായി.പാട്ട് കഴിഞ്ഞാല്‍ പിണിയാള്‍ കളത്തിന് ചുറ്റും പ്രദക്ഷിണം വെക്കണം. വാദ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഉറഞ്ഞു തുള്ളാറുമുണ്ട്. തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കു ശേഷം കളം മായ്ക്കും. കാളി ദാരികനെ വധിച്ച കഥയാണ് കളം പാട്ടില്‍ പ്രധാനമായും പാടുന്നത്. ഇവയെ 'തോറ്റം' പാട്ടുകളെന്നും പറയാറുണ്ട്. കേരളത്തിന്റെ തനത് സംഗീതത്തിന്റെ വര്‍ണാഭമായ നിറക്കൂട്ടുകളാണ് കളംപാട്ടുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
നാഗക്കളവുംപുള്ളുവന്‍പാട്ടും നാഗങ്ങള്‍ അഥവാ പാമ്പുകള്‍ മണ്ണിന്റെ അധിദേവതകളാണ് എന്ന ഒരു സങ്കല്‍പ്പമുണ്ട്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ വീടുകളിലും ക്ഷേത്രങ്ങളിലും സര്‍പ്പങ്ങള്‍ക്കു പ്രത്യേക സ്ഥാനം നല്‍കി അനുഷ്ഠാനങ്ങളും മറ്റും നടത്തിപ്പോരുന്നത്. അത്യുത്തരകേരളത്തില്‍ നാഗത്തെയ്യങ്ങളും ഉണ്ട്. സര്‍പ്പങ്ങളെ സന്തോഷിപ്പിക്കാനും അതിലൂടെ സമാധാനവും ഐശ്വര്യവും നിലനിര്‍ത്താനും ഒട്ടേറെ അനുഷ്ഠാനങ്ങളുണ്ട്. അതില്‍ പ്രധാനമാണ് നാഗക്കളവും പാട്ടും. കേരളത്തിലെ പല പ്രദേശങ്ങളിലും നാഗാരാധനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിലെ കാര്‍മ്മികര്‍ പുള്ളുവരാണ്.
നാഗക്കളം എഴുതുന്നത് പുള്ളുവരാണ്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കളം ഉണ്ടാക്കുന്നത്. ത്രിസന്ധ്യ കഴിഞ്ഞാല്‍ ഗണപതി പൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. നാഗങ്ങളെയും നാഗരാജാവിനേയുമാണ് കളത്തില്‍ ചിത്രീകരിക്കുന്നത്. കളമെഴുത്ത് പൂര്‍ത്തിയായാല്‍ പഞ്ചാര്‍ച്ചന നടത്തും. ഇതിനെ തുടര്‍ന്ന് പുള്ളുവക്കുടം കൊട്ടിക്കൊണ്ട് 'അകമുഴിയല്‍' എന്ന ചടങ്ങാണ്. ഗരുഡനുവേണ്ടിയുള്ള മുറംപൂജയും സര്‍പ്പങ്ങള്‍ക്കു വേണ്ടിയുള്ള 'നൂറും പാലും' കൊടുക്കലും തുടര്‍ന്നു നടക്കും. അതു കഴിഞ്ഞ് ന്ധദ്രകാളിയേയും അഷ്ടവസ്തുക്കളേയും പൂജിക്കും. അതോടെ വ്രതം അനുഷ്ഠിച്ച പെണ്‍കുട്ടികള്‍ കളത്തില്‍ പ്രവേശിച്ച് തുളളല്‍ നടത്തും. കൈയില്‍ കവുങ്ങിന്‍ പൂങ്കുലയും പൂമാലയും നാഗത്തിന്റെ ആകൃതിയിലുള്ള കിരീടവും കുട്ടികള്‍ ധരിച്ചിരിക്കും. ഈ സന്ദര്‍ഭത്തില്‍ പുള്ളുവനും പുള്ളുവത്തിയും പാടും. ഗണപതി വന്ദനവും തുടര്‍ന്ന് അഷ്ടനാഗങ്ങളെ ആവാഹിച്ചുകൊണ്ടുള്ള പാട്ടുമാണിവിടെ പാടുക. അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖുപാലന്‍, മഹാപത്മന്‍, പത്മന്‍, കാളിയന്‍ എന്നിവയാണ് അഷ്ടനാഗങ്ങള്‍. കന്യകമാര്‍ പാട്ടിന്റെ താളത്തിനൊത്തു് പൂങ്കുല കുലുക്കിക്കൊണ്ടാണ് തുള്ളുന്നത്. പാമ്പുകളുടെ ചലനങ്ങളെ അനുകരിച്ചുകൊണ്ടുള്ള ആട്ടം ക്രമേണ ദ്രുതഗതിയിലാകും. ആട്ടത്തിനു ശേഷം കളം മായ്ക്കും. സര്‍പ്പംപാട്ട് സര്‍പ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും അപൂര്‍വ്വമായി ഗൃഹങ്ങളിലും നടത്തുന്ന ഒരു അനുഷ്ഠാനകല. പുള്ളുവസമുദായാംഗങ്ങളാണ് ഈ അനുഷ്ഠാന കലയുടെ അവതരണവും മേല്‍നോട്ടവും. പാമ്പുതുള്ളല്‍, പാമ്പിന്‍കളം, നാഗംപാട്ട്, സര്‍പ്പോത്സവം എന്നിങ്ങനെയും അറിയപ്പെടുന്നുണ്ട്. വ്രതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കിയ സ്ത്രീകളാണ് അവതരിപ്പിക്കുക.പുളളുവവീണയും, കുടവും മറ്റുമാണ് വാദ്യോപകരണങ്ങള്‍. കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യം നക്ഷത്രത്തിലാണ് സാധാരണമായി സര്‍പ്പംപാട്ട് നടത്താറുളളത്.അലങ്കരിച്ച പന്തലില്‍ സര്‍പ്പക്കളം ചിത്രീകരിക്കും. ഉച്ചയ്ക്കും രാത്രിയിലും പഞ്ചവര്‍ണ്ണപ്പൊടികള്‍കൊണ്ട് സര്‍പ്പയക്ഷിക്കളം, നാഗയക്ഷിക്കളം, അഷ്ടനാഗക്കളം എന്നിങ്ങനെ പലവിധത്തിലുളള കളങ്ങള്‍ പുളളവര്‍ ചിത്രീകരിക്കും. പന്തലില്‍ വിളക്കുകള്‍ തൂക്കും. കളത്തിനു ചുറ്റും തെറ്റ്, അരി, നാളികേരം, വെറ്റില, പഴുക്ക, പാല്‍കുടം, എന്നിവയില്‍ അലങ്കരിക്കും. കളം പൂജിച്ചു കഴിഞ്ഞാല്‍ സര്‍പ്പം തുളളുന്ന സ്ത്രീയെ പന്തലിലേക്ക് ആനയിക്കും. നാഗരാജാവ്, നാഗയക്ഷി, സര്‍പ്പയക്ഷി, മണിനാഗം, എരിനാഗം, കരിനാഗം, കുഴിനാഗം, പറനാഗം, കന്യാവ് എന്നീ സങ്കല്‍പങ്ങളിലാണ് തുളളുക. ആര്‍പ്പും കുരവയും കഴിഞ്ഞശേഷം സ്ത്രീകള്‍ പൂക്കുല കൈകളിലേന്തി ആടാന്‍ തുടങ്ങും. വീണ, കുട, കൈമണി എന്നീ വാദ്യങ്ങളോടെ പുളളവര്‍ പാടാന്‍ തുടങ്ങും. ആ പാട്ടുകളുടെ രാഗതാളങ്ങള്‍ മുറുകുമ്പോള്‍ തുളളലുമുണ്ടാകും. സര്‍പ്പസങ്കല്പത്തിലാടുന്നവര്‍ അതിനിടയില്‍ ജനങ്ങളില്‍നിന്ന് വഴിപാടും സ്വീകരിക്കും. അവരെ അനുഗ്രഹിക്കുകയും ചെയ്യും. സര്‍പ്പംതുളളുന്നവരുടെ അരുളപ്പാടും നടക്കും. ആടുന്നവര്‍ വീണുരുണ്ട് കളങ്ങള്‍ മായ്ക്കുകയും ഒടുവില്‍ ആടിത്തളര്‍ന്ന് കിടക്കുകയും ചെയ്യും. ദിവസം മൂന്നു നേരം ഈ കര്‍മ്മങ്ങള്‍ ആവര്‍ത്തിക്കും. ചിലപ്പോള്‍ തുളളല്‍ ഒരാഴ്ചയിലധികം നീണ്ടു പോയേക്കാം.
കാവടിയാട്ടം
സുബ്രഹ്മണ്യനെ ആരാധിക്കുന്ന രീതിയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാരൂപമാണ് കാവടിയാട്ടം. സുബ്രഹ്മണ്യന്‍ തുള്ളല്‍ എന്നും ഈ അനുഷ്ഠാനത്തിന് പേരുണ്ട്. കമാന ആകൃതിയിലുള്ള കാവടി ചുമലില്‍ വെച്ചുകൊണ്ടാണ് ആട്ടം നടത്തുന്നത്. മരം കൊണ്ടാണ് പ്രധാനമായും കാവടിയുണ്ടാക്കുന്നത്. മയില്‍പ്പീലി, വര്‍ണ്ണവസ്തുക്കള്‍ ഇവകൊണ്ട് കാവടിയെ ആകര്‍ഷകമായ രീതിയില്‍ അലങ്കരിക്കും. ആട്ടത്തിന് ഉപയോഗിക്കുന്ന കാവടികള്‍ പലരൂപത്തിലും വലിപ്പത്തിലും ഉണ്ട്. ആട്ടത്തിന് പഞ്ചവാദ്യം, നാഗസ്വരം തുടങ്ങിയ വാദ്യഘോഷങ്ങളും ഉപയോഗിച്ചുവരുന്നു.
പാട്ടിന്റെ താളത്തിനൊത്ത് കാവടി വിവിധ രീതിയില്‍ ചലിപ്പിച്ചുകൊണ്ടാണ് കാവടിയും നടത്തുന്നത്. ഒറ്റക്കും, സംഘം ചേര്‍ന്നും ആട്ടം നടത്തും. കാണികളെ വിസ്മയിപ്പിക്കുന്ന രീതിയില്‍ മെയ് വഴക്കത്തോടെ ആട്ടം അവതരിപ്പിക്കുന്ന കളിക്കാരുണ്ട്. കാവടിയാട്ടത്തോടൊപ്പം നാവ് തുടങ്ങിയ ശരീരഭാഗങ്ങളിലൂടെ ശൂലം (സുബ്രഹ്മണ്യന്റെ ആയുധം) കുത്തിക്കയറ്റുന്ന അനുഷ്ഠാനം നടത്താറുണ്ട്.
അറബനമുട്ട് മുസ്ലിംകളുടെ ഇടയില്‍ പ്രചാരമുള്ള ഭക്തിരസപ്രധാനമായ കലാരൂപമാണ് അറബനമുട്ട്.മുസ്ലിം സമുദായത്തിലെ ഭക്തി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് അറബനമുട്ടിന് പ്രചാരമുണ്ടായത്. "അറബന" എന്ന വാദ്യോപകരണം കൈ കൊണ്ട് മുട്ടിയാണ് കളിക്കുന്നത്. റാത്തിബുകള്‍ക്ക് താളപ്രയോഗത്തിനാണ് അറബന ഉപയോഗിച്ചിരുന്നത്.മരച്ചട്ട കൊണ്ടാണ് അറബന നിര്‍മ്മിക്കുന്നത്.മരച്ചട്ടക്ക് ഒന്നര ചാണെങ്കിലും വിസ്താരമുണ്ടാകണം. അഞ്ച് ഇഞ്ചോളം വീതിയും കാണും. തോലു കൊണ്ടാണ് മരച്ചട്ട പൊതിയുന്നത്. ആട്ടിന്‍തോലോ മൂരിക്കുട്ടന്റെ തോലോ ഇതിന് ഉപയോഗിക്കും. പിത്തളവാറ് കൊണ്ട് കിലുക്കങ്ങളും കെട്ടും. ബൈത്തിന്റെ ഈണത്തിന് അനുസരിച്ച് ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ് കൊണ്ടാണ് കളിക്കുന്നത്.പതിഞ്ഞ ചലനങ്ങളോടെ തുടങ്ങി ക്രമേണ വേഗത കൂട്ടും. കളിയുടെ ഓരോ ഭാഗത്തിനും 'അടക്കം' എന്നു പറയും. ആശാനാണ് ബൈത്ത് ചൊല്ലിക്കൊടുക്കുന്നത്. കളിക്കാര്‍ അത് ഏറ്റുപാടും. കളിക്കാര്‍ കൈത്തണ്ട, മൂക്ക്, തോള്‍ തുടങ്ങിയ ശരീര ഭാഗങ്ങളില്‍ മുട്ടിയും തട്ടിയും ശബ്ദമുണ്ടാക്കും.അഭ്യാസ പ്രകടനത്താല്‍ ഊര്‍ജ്ജസ്വലമാണ് അറബന. അറബനയുടെ ഭാഗമായി ആയുധപ്രയോഗവും അവതരിപ്പിക്കാറുണ്ട്. റാത്തിബ്, കുത്തുറാത്തിബ് തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്കൊപ്പമാണ് ആയുധ പ്രയോഗം നടത്തുന്നത്. കുത്തുറാത്തിബ് നടത്തുമ്പോള്‍ മുനയുള്ള ആയുധങ്ങള്‍ കൊണ്ട് (ദബ്ബുസ്) ശരീരത്തില്‍ കുത്തുന്ന രീതിയും ഉണ്ട്. മെയ്യഭ്യാസത്തോടൊപ്പം പല പ്രത്യേക ശരീരപ്രകടനങ്ങളും അവതരിപ്പിക്കും. തല ചെരിവും നോട്ടവും ഇതിന്റെ ഭാഗമായി അഭ്യസിക്കേണ്ടതുണ്ട്. തികഞ്ഞ ഭാവാഭ്യാസപ്രകടനം വെളിവാക്കുന്ന കലാരൂപമാണ്അറബനമുട്ട്.
ചന്ദനക്കുടം നേര്‍ച്ച അണ്ടത്തോട് ജാറത്തിങ്കല്‍ അന്ത്യവിശ്രമം കൊള്ളുന്ന അശൈഖ് ഹയാത്തുല്‍ ഔലിയ(റ)യുടെ ജാറത്തിങ്കല്‍ ചന്ദനക്കുടം കൊടിക്കുത്ത് കാഴ്ചനേര്‍ച്ച എല്ലാ വര്‍ഷവും നടത്തുന്നു. രാവിലെ 10ന് ചന്ദനക്കുടവുമായി ആദ്യകാഴ്ച ജാറത്തിലെത്തി കൊടിയുയര്‍ത്തും. ഇതോടെ രണ്ടുദിവസത്തെ നേര്‍ച്ചയ്ക്ക് തുടക്കമാവും. നാടന്‍ കളികളും വിനോദങ്ങളും നാടന്‍ വിനോദങ്ങള്‍ക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതിപ്രാചീന കാലഘട്ടത്തിലെ മനുഷ്യരുടെ വിനോദങ്ങളെക്കുറിച്ച് ഊഹിക്കുവാനും സങ്കല്പിക്കുവാനും മാത്രമേ സാധിക്കു. എങ്കിലും, ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും കാലംതൊട്ടെങ്കിലും ചില വിനോദങ്ങളെക്കുറിച്ചുള്ള സൂചനകളും വിവരങ്ങളും ലഭ്യമാണ്.ചില കളികള്‍ ശ്രീകരങ്ങളും മററു ചിലത് അശ്രീകരങ്ങളുമാണെന്ന വിശ്വാസം ഇന്നും നിലനില്ക്കുന്നു. കളികളെയും വിനോദങ്ങളെയും കുറിച്ച് പല വിശ്വാസങ്ങളും നിലവിലുണ്ട്.പെണ്‍കുട്ടികള്‍ ഒരു കാല്‍ മടക്കി 'കൊത്തന്‍ മാടിക്കളി'യില്‍ ഏര്‍പ്പെടുമ്പോള്‍ മുതിര്‍ന്നവര്‍ അവരെ ഗുണദോഷിക്കാറുണ്ട്. കൊത്തന്‍കളി ശുഭകരമായ വിനോദമല്ലെന്നാണ് നാടന്‍ വിശ്വാസം. ഭവനങ്ങളില്‍ ഐശ്വര്യക്ഷയവും ദാരിദ്യ്രവുമുണ്ടാകുവാന്‍ ഇതുപോലുള്ള വിനോദങ്ങള്‍ ഹേതുവാകുമത്രെ. കല്ലാടിയ മുറ്റത്ത് നെല്ലാടില്ലെന്ന് പഴമക്കാര്‍ പറയാറുണ്ട്.നാടന്‍കളികളെയും വിനോദങ്ങളെയും അവയുടെ ധര്‍മം, സ്വഭാവം, കളിരീതി, കളിക്കുന്നവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ പല രീതിയില്‍ തരംതരിച്ചിട്ടുണ്ട്.ശാരീരികമായ അധ്വാനവും ആരോഗ്യവും ആവശ്യപ്പെടുന്നതാണ് കായികവിനോദങ്ങള്‍. ചാട്ടം, ഓട്ടം, ശരീരത്തിന്റെ സന്തുലനം, വിവിധ അഭ്യാസമുറകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. അനുകരണ കളികള്‍, അഭിനയ കളികള്‍ തുടങ്ങിയവ തൊട്ട് 'കളി'കളായ കലാപ്രകടനങ്ങളെല്ലാം കലാവിനോദങ്ങളാകുന്നു. ചതുരംഗക്കളി, പകിടകളി തുടങ്ങി പറയത്തക്ക ശാരീരികാധ്വാനം ആവശ്യമില്ലാത്തതും, എന്നാല്‍ മാനസിക ചിന്തയ്ക്ക് വകനല്കുന്നതുമായ വിനോദങ്ങളാണ് മാനസിക വിനോദങ്ങള്‍. വാങ്മയ രൂപത്തിലുളള മത്സരങ്ങളും അഭ്യാസങ്ങളും കൂട്ടക്ഷരപ്പാട്ടുകള്‍, മൊഴിത്തെറ്റുകള്‍, കടംകഥകള്‍ മുതലായവയാണ് ഭാഷാപരമായ വിനോദത്തില്‍പ്പെടുക.രണ്ടു ഭാഗവും ഒരേരീതിയില്‍ കളിയില്‍ ഏര്‍പ്പെടുന്നതരം, ഒരു ഭാഗത്തിന്റെ കളി മുഴുമിപ്പിച്ചശേഷം മറുഭാഗത്തിന്റെ കളി ആരംഭിക്കുന്നതരം എന്നീ മട്ടിലും ഒരു വര്‍ഗീകരണമുണ്ട്. ആദ്യത്തേതില്‍ ഫുട്ബോള്‍, കബഡി, തലപ്പന്ത്, സെവന്റീസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ചെസ്സും തായകളിയുമെല്ലാം രണ്ടാമത്തെ വിഭാഗത്തിലാണ് പെടുന്നത്. സാഹസവിനോദങ്ങള്‍, കലഹക്കളികള്‍, കൗശലക്കളികള്‍, ഭാഗ്യക്കളികള്‍, പരതക്കളി, അന്വേഷണക്കളികള്‍, അനുകരണക്കളികള്‍ എന്നീ രീതിയിലും നാടന്‍ കളികളെയും വിനോദങ്ങളെയും തരംതിരിക്കാവുന്നതാണ്.അങ്കപ്പോര്, കവണയേറ്, നായാട്ട് തുടങ്ങിയവയാണ് സാഹസവിനോദങ്ങള്‍. വിനോദപരമായ കലഹത്തിലും പിടിയിലും വലിയിലും കോലാഹലങ്ങളിലും പര്യവസാനിക്കുന്ന കളികളായ തുമ്പിതുള്ളല്‍, വലപിടിച്ചുകളി, കാളപ്പോര്, പോത്തോട്ടം തുടങ്ങിയവയാണ് കലഹക്കളികള്‍ക്കുദാഹരണങ്ങള്‍. ബുദ്ധിവികാസത്തിനുതകുന്ന കല്ലുകളികള്‍, ചീട്ടുകളികള്‍ തുടങ്ങിയവ കൗശലക്കളികളില്‍ ഉള്‍പ്പെടുന്നു. കളിയുടെ വിജയം അതിലുള്ള കൗശലത്തെയും നൈപുണ്യത്തെക്കാള്‍ വിധിയെയോ ഭാഗ്യത്തെയോ ആശ്രയിച്ചിരിക്കുന്ന വിനോദങ്ങളാണ് ഭാഗ്യക്കളികളില്‍ ഉള്‍പ്പെടുക. പകിടകളി, ചൂതുകളി തുടങ്ങിയവ ഉദാഹരണങ്ങള്‍. കുട്ടികളുടെ നാടന്‍വിനോദങ്ങളായ ഒളിച്ചുകളി, പൂഴ്ത്തിക്കളി തുടങ്ങിയവയാണ് അന്വേഷണക്കളികള്‍ക്കുദാഹരണങ്ങള്‍. തവളച്ചാട്ടം, കാക്കപ്പറക്കല്‍ തുടങ്ങിയ കളികള്‍ അനുകരണ ക്കളികളുടെ കൂട്ടത്തില്‍പ്പെടുന്നു. കോല്‍ക്കൂത്ത് കളി. കുട്ടികളുടെ ഒരു വിനോദമാണിത്. കുറേ കുട്ടികള്‍ക്ക് നില്‍ക്കാന്‍ പാകത്തില്‍ കളിസ്ഥലത്ത് വലിയൊരു വൃത്തം വരയ്ക്കുക. അതാണ് കോട്ട. അതിനകത്ത് എല്ലാവരും ചെന്നു നില്ക്കും. ഒരു കുട്ടി മാത്രം പുറത്ത് നില്ക്കണം. ഇയാള്‍ ഉള്ളിലുള്ള ഒരു കുട്ടിയെ പുറത്തേക്ക് ആവശ്യപ്പെടുകയും ഒരാള്‍ പുറത്ത് വരികയും ചെയ്യും. പുറത്തുവന്ന കുട്ടി 'കോട്ട'യ്ക്കുള്ളില്‍ കടക്കാതെ ഉള്ളിലുള്ളവരെ പുറത്തേക്ക് വലിച്ചുകൊണ്ട് വരാന്‍ ശ്രമിക്കും. അതില്‍ ജയിച്ചാല്‍ പുറത്തുള്ള കുട്ടിയോടൊപ്പം രണ്ടാമത് വന്ന കുട്ടിയും ഉള്ളിലുള്ളവരെ വലിക്കാന്‍ കൂടും. ശക്തിപരീക്ഷയില്‍ പുറത്തുള്ള കുട്ടിയെ ഉള്ളിലേക്ക് വലിച്ച് കൊണ്ടുപോയാല്‍ ഉള്ളിലുള്ളവര്‍ ആ കുട്ടിയുടെ പുറത്ത് കുത്തും. 'കോട്ട'യിലുള്ളവരെ പുറത്തുകൊണ്ടുവരുന്നതുവരെ കളി തുടരും. ഓണക്കാലകളികളിലൊന്നാണിത്. കുറുക്കനും കോഴിയും കളി. ഇരുപതോ ഇരുപത്തഞ്ചോ കുട്ടികള്‍ ചേര്‍ന്നുള്ള ഒരു വിനോദമാണിത്. കുട്ടികള്‍ വട്ടത്തില്‍ നിന്ന് കൈകോര്‍ത്ത് പിടിക്കും. വൃത്തവലയത്തിനകത്ത് കോഴിയെ പ്രതിനിധാനം ചെയ്യുന്ന ഒരു കുട്ടിയും പുറത്ത് കുറുക്കനെ പ്രതിനിധാനം ചെയ്യുന്ന ഒരു കുട്ടിയുമുണ്ടാകും. കൈബന്ധം ഭേദിച്ച് 'കുറുക്കന്‍' വൃത്തവലയത്തിനകത്തേക്ക് കടക്കുമ്പോള്‍ 'കോഴി' പുറത്തേക്ക് ഇറങ്ങും. 'കുറുക്ക'നെ പുറത്തേക്ക് വിടുകയില്ല. ശക്തി പ്രയോഗിച്ച് കൈബന്ധം വിടുവിച്ചാലേ 'കുറുക്ക'ന് പുറത്തു കടക്കാനാവൂ. കൈബന്ധങ്ങള്‍ ഓരോന്നും ശക്തിപ്രയോഗിച്ച് വേര്‍പെടുത്തി കുറുക്കന്‍ പുറത്തുകടക്കും. കൈബന്ധം ഇളക്കിയ കുട്ടികളാണ് പിന്നീട് കുറുക്കനും കോഴിയും ആകേണ്ടത്.
പെണ്ണിനെത്തരുമോ കളി. രണ്ടു ചേരികളായി തിരിഞ്ഞ് വനിതകള്‍ കളിക്കുന്നതാണ് 'പെണ്ണിനെത്തരുമോ' കളി. ഇത് വിനോദപരമായ കലഹത്തിലാണ് പര്യവസാനിക്കുന്നത്. കുരുകുരുമച്ചം കളി. മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് ഈ കളി കളിക്കുന്നത്. ചില സ്ഥലങ്ങളില്‍ ഇതിന് 'കുലു കുലുമച്ചം കളി' എന്നാണ് പറയുക. ഇതിന് 'പെണ്ണിനെത്തരുമോ കളി' യുടെ രൂപം തന്നെയാണ്.
ചട്ടികളി. ഡപ്പക്കളി അഥവാ ചട്ടി കളി എന്നും ഈ വിനോദം അറിയപ്പെടുന്നു. വൃത്താകൃതിയില്‍ ഉള്ള ഏതാനും പലകക്കഷണങ്ങളോ കുറേ ചിരട്ടകളോ മേര്‍ക്കുമേല്‍ അടുക്കിവച്ച്, കളിക്കാര്‍ രണ്ട് ചേരികളിലായിത്തിരിഞ്ഞ് രണ്ട് വശത്തായി കുറച്ചകലെ നിന്ന് ചെറുപന്തുകള്‍ കൊണ്ട് എറിഞ്ഞ് വീഴ്ത്തുന്നു. കൊത്തന്‍ കല്ലുകളി. പെണ്‍കുട്ടികളുടെയും പ്രായമായ സ്ത്രീകളുടെയും ഒരു വിനോദമാണിത്. 'കൊത്തന്‍കളി' ഒരു 'കല്ലുകളി'യായതിനാല്‍ ഇതിനെ കൊത്തന്‍ കല്ലുകളിയെന്നും പറയുന്നു. ഉരുണ്ട ചെറുകല്ലുകളാണ് ഈ കളിയുടെ കരുക്കള്‍. കരുക്കളുടെ എണ്ണത്തിനനുസരിച്ച് നാലു കല്ലുകളി, അഞ്ചുകല്ലുകളി, ഏഴു പൂട്ടുകളി, പന്ത്രണ്ടു പൂട്ടുകളി എന്നിങ്ങനെയാണ് കളിയുടെ പേര്. കുട്ടിയും കോലും കളി. ഉണ്ടയും കോലും, കുട്ടിയും കോലും, ഇട്ടീം കോലും, ലട്ടീം കോലും, ചൊട്ടയും മണിയും, കോടയും കോലും, കൊട്ടിയും പൂളും, ചേരിയും കോലും എന്നിങ്ങനെ കളിക്കുന്ന കുട്ടികളുടെ തരഭേദമോ പ്രാദേശിക ഭേദമോ അനുസരിച്ച് പല പേരുകളില്‍ ഈ കളി അറിയപ്പെടുന്നു. ഉത്തരേന്ത്യയില്‍ ഗുല്ലിസണ്ട എന്ന പേരിലറിയപ്പെടുന്ന ഈ കളി, ആണ്‍കുട്ടികളുടെ ഒരു കായികവിനോദമാണ്. പന്തുകളി. ആണ്‍കുട്ടികളുടെ ഒരു വിനോദമാണിത്. ഓലപ്പന്തുകളി, തലപ്പന്തുകളി, തമലകളി എന്നിങ്ങനെ പ്രാദേശികമായ മറ്റു ചില പേരുകള്‍ കൂടി ഈ കളിക്കുണ്ട്. അമ്മാനക്കളി. വനിതകളുടെ ഒരു വിനോദമാണിത്. മെച്ചിങ്ങ , പുന്നക്കായ തുടങ്ങിയ ഉരുണ്ട ചിലതരം കായകളും അമ്മാനക്കരുവായി ഉപയോഗിച്ചാണ് ഇത് കളിക്കുന്നത് കയറുകളി.
പ്രധാനമായും പെണ്‍കുട്ടികളുടെ വിനോദമാണിത്. കറക്കിക്കൊണ്ടിരിക്കുന്ന ചരടിന് മുകളില്‍ക്കൂടി തുടര്‍ച്ചയായി ചാടുന്ന 'സ്കിപ്പിങ്' എന്ന കളിയുടെ പ്രാചീനരൂപമാണിത്.
അക്ക് കളി. പെണ്‍കുട്ടികളുടെ വിനോദം. കാക്കകളി, ചിക്കുകളി, വട്ടുകളി, മാടിക്കളി, പാണ്ടികളി, മലകളി എന്നിങ്ങനെ പ്രാദേശികമായി പലപേരുകളില്‍ ഈ കളി അറിയപ്പെടുന്നു. കോട്ടിക്കളി. കോട്ടി (ഗോട്ടി, ഗോലി) ഉപയോഗിച്ചുള്ള ഒരു വിനോദം. ഉദ്ദേശ്യം ഓരോ മീറ്റര്‍ ഇടവിട്ട് തുല്യഅകലത്തില്‍ മൂന്ന് ചെറിയ കുഴികള്‍ കുഴിക്കുന്നു. ആദ്യ കുഴിയില്‍ നിന്നും രണ്ടാമത്തേതിലേക്കും അവിടെനിന്ന് മൂന്നാമത്തേതിലേക്കും അവിടെ നിന്നും തിരിച്ച് ഒന്‍പതു പ്രാവശ്യം കോട്ടി കുഴിയില്‍ വീഴ്ത്തണം. വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവന് കളി നഷ്ടപ്പെടും. പിന്നെ അടുത്ത കുട്ടിയുടെ ഊഴമാണ്. ഇങ്ങനെ കളിക്കുമ്പോള്‍, മറ്റുള്ളവരുടെ കോട്ടികള്‍ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ അവയെ അടിച്ച് അകലേക്കു തെറിപ്പിക്കാറുണ്ട്. കശുവണ്ടികളി. കശുവണ്ടി ഉപയോഗിച്ചുള്ള ഒരു വിനോദം. കളിയില്‍ പങ്കെടുക്കുന്നവരെല്ലാം ഓരോ കശുവണ്ടി വീതമെടുക്കണം. അവയെല്ലാം ചേര്‍ത്ത് ആദ്യം ഒരു കുട്ടി മുന്നിലേക്കു നീട്ടിയെറിയും. മറ്റ് കളിക്കാര്‍ നിര്‍ദേശിക്കുന്ന അണ്ടിക്ക് മറ്റൊരു അണ്ടികൊണ്ട് എറിഞ്ഞ് കൊള്ളിച്ചാല്‍ ആ അണ്ടികള്‍ മുഴുവന്‍ ആ കുട്ടിക്കു ലഭിക്കും. ഏറുകൊണ്ടില്ലെങ്കില്‍ മറ്റൊരു കുട്ടിയുടെ ഊഴമായിരിക്കും. ഈര്‍ക്കില്‍ കളി (നൂറാംകോല്‍). ഉദ്ദേശം ഒരു ചാണ്‍ നീളമുള്ള നിശ്ചിത എണ്ണം ഈര്‍ക്കില്‍ ഉപയോഗിച്ചാണ് ഈ കളി കളിക്കുന്നത്. അവയെല്ലാം ഒന്നിച്ചെടുത്ത് നിലത്തിടുന്നു. അവയെ അകലെ തെറിച്ച ഒരു ഈര്‍ക്കിലെടുത്ത്, മേല്‍ക്കുമേല്‍ വീണ് കിടക്കുന്ന ഈര്‍ക്കിലുകള്‍ ഓരോന്നായി മറ്റുള്ളവ ചലിക്കാതെ നീക്കുകയാണ് വേണ്ടത്. ഒളിച്ചു കളി. കുട്ടികളുടെ ഒരു വിനോദമാണിത്. കളിക്കാനുള്ള കുട്ടികള്‍ രണ്ട് വിഭാഗമായി തിരിഞ്ഞ്, ഒരു വിഭാഗം ഇരുട്ടുള്ള സ്ഥലത്തോ, വാതിലിനടിയിലോ, മച്ചിന്‍പുറത്തോ, മരമുകളിലോ ഒളിച്ചിരിക്കും. മറുവിഭാഗം ഇവരെ കണ്ടുപിടിക്കുന്നതാണ് കളി. കണ്ണാമ്പൊത്ത് കളി. ഒരുതരം ഒളിച്ചുകളിതന്നെയാണിത്. ഒരു കുട്ടി കണ്ണ് കെട്ടി ഒരിടത്തു നില്ക്കും. മറ്റുള്ളവര്‍ പലയിടങ്ങളിലായി ഒളിച്ചിരിക്കും. കണ്ണ് കെട്ടിയ കുട്ടി മറ്റുള്ളവരുടെ ശബ്ദം കേട്ട് അവരെ കണ്ടുപിടിക്കുന്ന കളിയാണിത്. പൂഴിക്കളി
കളിക്കാരില്‍ ഒരു കുട്ടിയൊഴികെ ബാക്കിയുള്ളവരെല്ലാം അകലെ ഒളിച്ചിരിക്കണം. ഒളിക്കാത്ത കുട്ടി ഏതെങ്കിലുമൊരു സ്ഥലത്ത് പ്രത്യേക ആകൃതിയില്‍ പൂഴിയിടണം. പിന്നീട് മറ്റുള്ളവര്‍ ഇത് കണ്ടുപിടിക്കണം. ഒളിപ്പിച്ചുവച്ച സാധനം കണ്ടെത്തുന്ന മറ്റൊരു കളിയാണ് തൂപ്പ് വച്ച് കളി. ഇത്തരം കളികളില്‍ കൂടുതലായും പെണ്‍കുട്ടികളാണ് ഏര്‍പ്പെടുന്നത്.
പാമ്പും കോണിയും കളി. പകിട കളിയുടെ കരുക്കള്‍ തന്നെയാണ് ഏറെക്കുറെ ഈ കളിയിലും ഉപയോഗിക്കുന്നത്. നൂറ് കള്ളികളുള്ളതായിരിക്കും കളിക്കളം.
ഇന്ന് പല നാടന്‍ കളികളും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് വന്നുചേര്‍ന്നിരിക്കുന്നത്. നാടന്‍ കളികള്‍ ആധുനികകളികളായ ക്രിക്കറ്റ്, ഫുട്ബോള്‍, ചെസ്സ്, ഗോള്‍ഫ് തുടങ്ങിയവയ്ക്ക് വഴിമാറിക്കൊടുക്കുന്നതായി കാണാം. ഒരര്‍ഥത്തില്‍ ഈ കളികളെല്ലാം പഴയ നാടന്‍ കളികളുടെ പരിഷ്കൃതരൂപങ്ങളായി വിലയിരുത്താനാവും. ഉദാഹരണമായി കുട്ടിയും കോലും കളിയും ക്രിക്കറ്റ് കളിയും തമ്മില്‍ ചില സാദൃശ്യങ്ങളുള്ളതായി കാണാം. അതുപോലെതന്നെ ചതുരംഗവും ചെസ്സും തമ്മില്‍ വലിയ സമാനതകളുണ്ട്.