ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 30 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK18021 (സംവാദം | സംഭാവനകൾ) (→‎പോഷൻ മാ (8-10-2025))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം (2-6-2025)

2025-26അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൻ്റെ സ്കൂൾ തല ഉദ്ഘാടനം 2-6-2025 തിങ്കളാഴ്ച മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിൽ നടന്നു. വർണാഭമായ ചടങ്ങ് നാടൻപാട്ട് കലാകാരൻ ജയറാം മഞ്ചേരി ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ ഉണ്ണി അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യാഷിഖ് മേച്ചേരി മുഖ്യാതിഥിയായി. പ്രധാനാധ്യാപിക  ജസീന എൻ.വി അധ്യാപകരമായ അബ്ദുൾ നാസിർ .വി , ജോസ് ജസ്റ്റിൻ, സുകുമാരൻ എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവം 2025
പ്രവേശനോത്സവം 2025

സ്കൂളിലേക്കെത്തിയവരെ സ്വീകരിക്കാൻ അണിനിരന്ന ബാൻ്റ്മേളം കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. സ്കൂളിലെ നർത്തകിമാർ പ്രവേശനോത്സവഗാനം നൃത്തശില്പമായി അവതരിപ്പിച്ചു.

ജനപ്രിയ സീരിയൽ ബാലതാരവും ഫ്ലവേഴ്സ് ടോപ്പ് സിംഗറും സ്കൂൾ വിദ്യാർഥിയുമായ ശ്രീദേവിൻ്റെ നേതൃത്വത്തിൽ ആകർഷകമായ കലാപരിപാടികൾ നടന്നു. മുഴുവൻ വിദ്യാർത്ഥികൾക്കും ലഡുവിതരണം ചെയ്തു.

  പരിപാടിക്ക് അധ്യാപകരായ മണികണ്ഠൻ വി.പി, സന്ധ്യ പി.വി,രാജു ,സതീശൻ പ്രസൂൺ,ഷൈജു, അശ്വതി, യൂനൂസ്,ബിന്ദു ഇ, അഞ്ജു ടി.ജി, സരസ്വതി ടി. പി, സാലിഫ,മിന്നമോൾ ,താഹിറ എന്നിവർ നേതൃത്വം നൽകി.

സിൽ മണി കോർപ്പറേഷൻ സ്ഥാപകനും, സി.ഇ.ഒ യു മായ സബീർ നെല്ലിപ്പറമ്പൻ ഈ വർഷം എട്ടാം ക്ലാസിൽ പ്രവേശനം നേടിയ സംസ്ഥാനതല ഗണിത പ്രതിഭ ലനാ മെഹർ ഇന്ത്യൻ എന്ന കുട്ടിക്ക് കമ്പ്യൂട്ടർ നൽകി.

മധുരം മലയാളം പദ്ധതിയുടെ ഭാഗമായി മാതൃഭൂമി പത്രത്തിന്റെ കോപ്പി സ്കൂൾ ലീഡർക്ക് നൽകി.

ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശിഖയുടെ നേതൃത്വത്തിൽ നടന്ന ജാലവിദ്യയോടെ ഉദ്ഘാടന പരിപാടികൾക്ക് തിരശ്ശീല വീണു.

പരിസ്ഥിതി ദിനം (05-06-2025)

ഫ്ലാഷ് മോബ്
ഫ്ലാഷ് മോബ്

2025ലെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ആചരിച്ചു.

പരിസ്ഥിതി ദിനാചരണ സന്ദേശത്തിനും പ്രതിജ്ഞയ്ക്കും ശേഷം സ്കൂൾ ഗായക സംഘം പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു. ക്ലാസ് തല ക്വിസ് മത്സരം , പോസ്റ്റർ നിർമാണം ,പ്രദർശനം ഇവ നടന്നു. ഒരു ക്ലാസ് ഒരു ചെടിച്ചട്ടി എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി അലങ്കാരച്ചെടികൾ നട്ടു. കവിത ഗോൾഡ് മഞ്ചേരി  സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു.ഹരിത ക്ലബിൻ്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം നിർമ്മിച്ചു. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കച്ചേരിപ്പടി സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

  പരിപാടിക്ക് അധ്യാപകരായ  മുരളീധരൻ പി കെ,മനേഷ് പി,അഞ്ജു ടി ജി, രാജു എം, ബബിത കെ പി, സരിത കെ വി, റൈനി കെ കെ, അശ്വതി പി പി, സാജിത കെ, ശ്രീജ എ പി, നജ്ല പി എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്ലാസ്റ്റിക് രഹിത ജീവിതത്തെ പറ്റി ശിവന്യ കെ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ജവഹർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം സന്ധ്യ പി വിജയൻ നന്ദി പറഞ്ഞു.

പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ് (06-05-2025)

പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ്
പോസ്റ്റർ രചനാമത്സരം ഉർദു ക്ലബ്ബ്

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഉ‍ർദു ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.ക്ലാസ്സ്തല മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദ‍ർശനവും നടന്നു.

റീൽസ് നിർമാണ മത്സരം ലിറ്റിൽ കൈറ്റ്സ് (06-05-2025)

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് റീൽസ് നിർമാണ മത്സരം സംഘടിപ്പിച്ചു മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ റീൽസ്കളുടെ പ്രദ‍ർശനവും നടന്നു.

മത്സര വിജയികൾ

ഒന്നാം സ്ഥാനം : ഫാത്തിമ റീം 9 L

രണ്ടാം സ്ഥാനം: ഫാത്തിമ നഷ്‍വ 9 N

മൂന്നാം സ്ഥാനം: നിഹാലുറഹ്മാൻ 9 M

എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025

എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025
എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025

എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് വീണ്ടും മഞ്ചേരി ജി.ബി.എച്ച്.എസ്.എസിന്. 2025-ഏപ്രിൽ മാസത്തിലെ മികവാർന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തിലെ മികച്ച സ്കൂളുകൾക്കായുള്ള അടൽ ഇന്നൊവേഷൻ മിഷന്റെ ഈ പുരസ്കാരം വീണ്ടും സ്കൂളിലേക്കെത്തിയത്.

സ്കൂൾതല പരിസ്ഥിതിദിന ക്വിസ് മത്സരം(11-06-2025)

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്ലാസ്തല  ക്വിസ് മത്സര വിജയികൾക്കുള്ള സ്കൂൾതല പരിസ്ഥിതിദിന ക്വിസ് മത്സരം നടന്നു.

അതിശയ. എസ് (7A

സംഗമിത്ര സജിത്ത് (7E)

ആർദ്ര എ. പി (7D) എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി

ലോക ബാലവേല വിരുദ്ധ ദിനം (12-6-2025)

ലോക ബാലവേല വിരുദ്ധ ദിനം
ലോക ബാലവേല വിരുദ്ധ ദിനം

ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജി ബി എച്ച് എസ് എസ് മഞ്ചേരിയിൽ സൈക്കോ സോഷ്യൽ കൗൺസിലർ  സിജിയുടെ അഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി അമീന കുട്ടികൾക്കായി ബാലവേല വിരുദ്ധദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂളിലെ യുപി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി.ഏറ്റവും നല്ല പോസ്റ്റർ രചനകൾക്കുള്ള മത്സര വിജയികളെ തിരഞ്ഞെടുത്തു.യു പി വിഭാഗം കുട്ടികൾക്കായി പ്രസംഗമത്സരം നടത്തി. 5 , 6 ക്ലാസ്സുകളിലെ കുട്ടികൾക്കായി ബാലവേല വിരുദ്ധ ദിന ബോധവൽക്കരണ ക്ലാസ് നൽകി.

സർവ‍ർ മെഗാ ക്വിസ്സ് (13-06-2025)

സർവ‍ർ മെഗാ ക്വിസ്സ്
സർവ‍ർ മെഗാ ക്വിസ്സ്

കേരളത്തിലെ പ്രശസ്ത ഉർദു കവി മുഹമ്മദ് സർവർ സാഹബിന്റെ അനുസ്മരണത്തിന്റെ ഭാഗമായി ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സർവ‍ർ മെഗാ ക്വിസ്സിന്റെ സ്ക്കൂൾതല മത്സരം സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വിജയികൾ

ഒന്നാം സ്ഥാനം  : ഷാനഫാത്തിമ ( 9 I )

രണ്ടാം സ്ഥാനം : റന കെ ( 8 J )

മൂന്നാം സ്ഥാനം : ദിയാന കെ (8 D )

വായന വാരാചരണം(19-6-2025)

വായന വാരാചരണത്തിൻ്റെയും, വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഔപചാരിക ഉദ്ഘാടനം
വായന വാരാചരണത്തിൻ്റെയും, വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഔപചാരിക ഉദ്ഘാടനം

"വായന മനുഷ്യനെ സംസ്ക്കാര സമ്പന്നനാക്കുന്നു. സ്വയം നവീകരിച്ച് കൂടുതൽ കൂടുതൽ മെച്ചപ്പെടാൻ വായന നമ്മെ സഹായിക്കുന്നു !"

മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്സിന്റെ 2025 -26 അധ്യയന  വർഷത്തെ വായന വാരാചരണത്തിൻ്റെയും, വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഔപചാരിക ഉദ്ഘാടനം അധ്യാപകനും ഗാനരചയിതാവും ഗായകനുമായ അനിൽ മങ്കട 19- 6-25 ന് വ്യാഴാഴ്ച നിർവഹിച്ചു .അക്ഷരമെന്നത് നമ്മൾ പൊരുതി നേടയതാണെന്നും വായനയിലൂടെ നാം അനുദിനം സംസ്ക്കരിക്കപ്പെടണ്ടേതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വിദ്യാരംഗം കൺവീനർ ഡോ: ബബിത പ്രസ്തുത യോഗത്തിന് സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ആമിന ബീഗം അധ്യക്ഷത വഹിച്ചു. പാഠപുസ്തകങ്ങൾക്കപ്പുറത്ത് കുട്ടികൾ ധാരാളം വായിക്കേണ്ടതുണ്ടെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. അധ്യാപകരായ സന്ധ്യ.പി, മനേഷ് . പി , മണികണ്ഠൻ വി.പി ,സരസ്വതി ടി.പി ഷെറീന.കെ എന്നിവർ ആശംസകൾ നേർന്നു.  കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന  പോസ്റ്ററുകൾ, ചുമർപത്രികകൾ, പതിപ്പുകൾ എന്നിവ പ്രദർശിപ്പിച്ചു. വായനദിന പ്രതിജ്ഞ,വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ, കാവ്യാലാപനം എന്നിവയും നടത്തി.  വായന വളരട്ടെ എന്ന കാവ്യഭാഗം കുട്ടികൾ ദൃശ്യാവിഷ്കാരം നടത്തി .പരിപാടിക്ക് വിദ്യാരംഗം ജോയിൻ്റ് കൺവീനർ ശ്രീജ എ. പി നന്ദി പറഞ്ഞു.

വായനദിനം ഒരു ഓർമ്മപ്പെടുത്തലാണ്. വായനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടതുണ്ടെന്നും മനസ്സിനെ സമ്പുഷ്ടമാക്കാൻ അതൊരു തുടർപ്രക്രിയയാക്കണമെന്നുമുള്ള  ഓർമ്മപ്പെടുത്തൽ. വായന വളരട്ടെ!

വീട്ടു ലൈബ്രറിയിൽ നിന്ന് സ്കൂൾ ലൈബ്രറിയിലേക്ക് (20-6-2025)

"പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്."

സാമുവൽ ബട്ലറിൻ്റെ ഈ വാക്കുകളെ അന്വർത്ഥമാക്കിയ ഒരു പ്രവർത്തനത്തിനാണ് 20-6- 25 വെള്ളിയാഴ്ച മഞ്ചേരി ജി.ബി.എച്ച്.എസ്. എസ് സാക്ഷ്യം വഹിച്ചത്.

ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ നൽകുന്നു
ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ നൽകുന്നു

ഡിഡിഇ ഓഫീസിൽ നിന്ന് വിരമിച്ച ബോയ്സ് കുടുംബത്തിലെ പൂർവ ജീവനക്കാരി പി.കെ അജിതകുമാരിയും പങ്കാളി പി.ഡി ഉദയനും അവരുടെ വീട്ടു ലൈബ്രറിയിൽ ഉണ്ടായിരുന്ന 69 പുസ്തകങ്ങൾ നമ്മുടെ വിദ്യാലയത്തിൻ്റെ ലൈബ്രറിയിലേക്ക് സംഭാവനയായി നൽകി. ഹെഡ്മിസ്ട്രസ് ആമിനാ ബീഗവും സ്കൂൾ വിദ്യാരംഗം ടീം അംഗങ്ങളും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായിച്ച ശേഷം

പുസ്തകങ്ങൾ വീടകങ്ങളിൽ  കാഴ്ചവസ്തുക്കളായി സൂക്ഷിക്കാതെ സമൂഹത്തിൻ്റെ വളർച്ചയ്ക്കു  പ്രചോദനപ്പെടുത്താനാവും വിധം കൈമാറുന്നത് മഹനീയമായ മാതൃകയാണ്. എസ് ആർ ജി കൺവീനർ മനേഷ്.പി ചടങ്ങിന് നന്ദി പറഞ്ഞു.

അന്താരാഷ്ട്ര യോഗദിനം(21-6-2025)

യോഗദിനം
യോഗദിനം

അന്താരാഷ്ട്ര യോഗദിന ത്തിന്റെ  ഭാഗമായി മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ കേഡറ്റ് കോറിൻ്റേയും ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റേയും സംയുക്താഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. "ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ" എന്നതാണ് ഈ വർഷത്തെ പ്രമേയം.റിട്ടയേർഡ് ആയുർവേദ ഡോക്ടറും യോഗാചാര്യനുമായ ഡോക്ടർ സത്യനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു.  യോഗ ഒരു കായിക പ്രവർത്തനം മാത്രമല്ല, മറിച്ച് അതൊരു ജീവിതരീതിയാണെന്നും പ്രകൃതിയുടെ തന്നെ ഭാഗമാണെന്നും ഡോ. സത്യനാഥൻ പറഞ്ഞു. ശാരീരിക മാനസിക ആരോഗ്യവും , പ്രകൃതിയെയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നി പറഞ്ഞ അദ്ദേഹം ലഹരിക്കെതിരെ പോരാടാനും ആഹ്വാനം ചെയ്തു. യോഗയുടെ ഇൻസ്ട്രക്ടർമരായ ശ്രീ മനോജ്, ശ്രീ വിജയൻ, ശ്രീ ദിലീപ് എന്നിവർ കുട്ടികളെ പരിശീലിപ്പിച്ചു. പ്രസൂൺ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇസ്മയിൽ പി പി കുട്ടികൾക്കാവശ്യമായ നിർദേശങ്ങൾ നൽകി. എൻസിസി ഓഫീസർ സാജിത കെ നന്ദി പറഞ്ഞു

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ഫ്ലാഷ് മൊബ്
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ഫ്ലാഷ് മൊബ്

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം (26-6-2025)

ബോധവൽക്കരണ ക്ലാസ്
ബോധവൽക്കരണ ക്ലാസ്

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ  അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.സ്കൂൾ കൗൺസിലർ ശ്രീമതി സിജിയുടെ നേതൃത്വത്തിൽ എൻസിസി കേഡറ്റുകളും കൗൺസിലിംഗ്  യൂണിറ്റ് അംഗങ്ങളും ചേർന്ന് ലഹരിക്കെതിരെ ഒരു നൃത്തശില്പം അവതരിപ്പിച്ചു.അധ്യാപകരെയും കുട്ടികളെയും സംയോജിപ്പിച്ച് ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണം നടത്തി.


ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ  എസ്പിസി അംഗങ്ങക്കായി  സ്കൂൾ ഭക്ഷണഹാളിൽ വെച്ചു ബോധവൽക്കരണ ക്ലാസ് നടന്നു. സീനിയർ  സിവിൽ പോലീസ്  ഓഫീസർ ശ്രീ  ബിജു  മോൻ ഈ പരിപാടിക്ക് നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ച് പ്രതിജ്ഞയും നടന്നു. എസ്പിസി അധ്യാപകരായ സാജിറ, ജംഷാദ്  എന്നിവർ പങ്കാളികളായി.


ഡിജിറ്റൽ വായനയും - സെമിനാറും(27-6-2025)

ഡിജിറ്റൽ വായനയും - സെമിനാറും
ഡിജിറ്റൽ വായനയും - സെമിനാറും

വായന വാരാചരണത്തിന്റെ ഭാഗമായി മഞ്ചേരി ബോയ്സിലെ അടൽ ടിങ്കറിംഗ് ലാബിലെ കുട്ടികൾ ഡിജിറ്റൽ വായനയെക്കുറിച്ചുള്ള സെമിനാർഅവതരിപ്പിച്ചു.ബഹുമാനപ്പെട്ട എച്ച്. എം ശ്രീമതി ആമിനാബീഗം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യു. പി എച്ച്.എം ശ്രീമതി സരസ്വതി.ടി.പി.മുഖ്യപ്രഭാഷണംനടത്തി.എടിഎൽ ഇൻചാർജ് അശ്വതി. പി. പി സ്വാഗതമാശംസിച്ചു. ശ്രീപാർവതി.കെ, ശിഖ ബിജു. പി. പി, അതുൽരാജ്.എ. കെ, പ്രണവ്.കെ, യദുകൃഷ്ണൻ എന്നീ വിദ്യാർത്ഥികളാണ് ഈ കാലഘട്ടത്തിലെ ഡിജിറ്റൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ വെച്ച് സെമിനാറിലൂടെ അവതരിപ്പിച്ചത്. ഡിജിറ്റൽ വായനയ്ക്ക് സഹായകമായ വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ, അപ്ലിക്കേഷനുകൾ, ഡിജിറ്റൽ ലൈബ്രറി, ഓഡിയോ ബുക്ക് എന്നിവയെല്ലാം ഇവർ പരിചയപ്പെടുത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രീ പാർവ്വതി. കെ നന്ദി അറിയിച്ചു.

കവിത പൂക്കുമ്പോൾ(30-6-2025)

കവിത ശില്പശാല
കവിത ശില്പശാല

കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 30.6.25 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കവിത ശില്പശാല നടത്തി. കവയിത്രിയും അധ്യാപികയുമായ ഉഷ കാരാട്ടിൽ എങ്ങനെയാണ് ഒരു കവിത എഴുതേണ്ടതെന്നും,നല്ല കവിതയ്ക്ക് ആവശ്യമായ ചേരുവകളെന്തൊക്കെയെന്നും ഉദാഹരണ സഹിതം വിശദമാക്കി. വിഷയബന്ധിതമായി കുട്ടികൾക്ക് കവിതയെഴുതുവാൻ അവസരം നൽകി. വിദ്യാരംഗം കൺവീനർ ഡോ.ബബിത സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ആമിനാ ബീഗം , അധ്യാപകരായ സന്ധ്യ പി വിജയൻ,സുചിത എന്നിവർ സംസാരിച്ചു.ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

പ്രതിഭകൾക്ക് ആദരവും ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും (4-7-2025)

പ്രതീക്ഷകൾക്ക് തിളക്കത്തിന്റെ ഭാവമാണ് . മികവുകൾ നിരന്തര പ്രയത്നത്തിന്റെ പ്രതിഫലനവും.

അനുമോദന ചടങ്ങ്
അനുമോദന ചടങ്ങ്

അർഹമായ അംഗീകാരം കുട്ടിയുടെ മാനസിക വളർച്ചക്ക് ഏറെ പ്രയോജനപ്രദമാണ് എന്ന തിരിച്ചറിവോടെയാണ്  4-6-25 വെള്ളി, 2024 -25അധ്യയനവർഷത്തിൽ മഞ്ചേരി ബോയ്സിൽ നിന്ന് എൻ.എം.എം.എസ് നേടിയ 22 ഉം യുഎസ്എസ്.നേടിയ 53 ഉം ,എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ 127 കുട്ടികളെയും ആദരിക്കാൻ തീരുമാനിച്ചത്.മഞ്ചേരി ടൗൺഹാളിൽ വച്ച് ബോയ്സിൻ്റെ നർത്തകി ഗൗരിനന്ദയുടെ മോഹിനിയാട്ടത്തോടെ കൃത്യം 10 മണിക്ക് പരിപാടി ആരംഭിച്ചു. പരിപാടിക്ക്  ഹെഡ്മിസ്ട്രസ് ആമിന ബീഗം സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ജൗഹർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ അവാർഡ് സമർപ്പണത്തിൻ്റെ ഉദ്ഘാടനം മഞ്ചേരി എം. എൽ. എ അഡ്വ:യു.എ ലത്തീഫ് നിർവഹിച്ചു. നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യാഷിഖ് മേചേരി മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബുകളുടെ ഉദ്ഘാടനം ഗായകനും ചിത്രകാരനുമായ ശശി. കെ .സി ഗാനങ്ങൾ ആലപിച്ചു കൊണ്ട് നിർവഹിച്ചു. എസ്. പി. സി യുടെ സംസ്ഥാനതല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച കാഡറ്റ് ഷഹബാസ് എന്ന കുട്ടിയെയും ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.ടി മണിക്കണ്ഠൻ യോഗത്തിന് നന്ദി പറഞ്ഞു. ഉച്ചക്ക് 12.30 ന് പരിപാടി അവസാനിച്ചു.

നമ്മുടെ നിറവുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ,

മഞ്ചേരി ബോയ്സിൽ കുട്ടിയെ ചേർക്കാനെടുത്ത തീരുമാനം തെറ്റിയിട്ടില്ലെന്ന ബോധ്യം ഓരോ രക്ഷിതാവും മനസ്സകത്തെ ഓരോ ന്യൂനകോണിലും ഒന്നുകൂടി ഉൾച്ചേർത്തിട്ടുണ്ടാവും.

ഇത് ഒരു ചെറിയ തുടക്കം. വരാനിരിക്കുന്ന മറ്റനേകം മികവുകളിലേക്കുള്ള  ചൂണ്ടുവിരൽ

വരയിലെ വർണങ്ങൾ(8-7-2025)

ചിത്രകാരി ഉഷ.പി.കെ  ശില്പശാല നയിക്കുന്നു
ചിത്രകാരി ഉഷ.പി.കെ  ശില്പശാല നയിക്കുന്നു

വാക്കിനും വരയ്ക്കും തമ്മിൽ അഭേദ്യമായ ബന്ധവുമുണ്ട്.

വർണങ്ങൾ ചേരുമ്പോഴാണ് വരകൾക്ക് മിഴിവുണ്ടാവുന്നത്.   വാങ്മയചിത്രങ്ങളെ കാൻവാസിൽ പകർത്താനും,  ചിത്രങ്ങളെ വാക്കുകളാകളാൽ പൊലിപ്പിച്ച് വർണിക്കാനും പരിശീലനങ്ങൾ ആവശ്യമാണ്. പ്രകൃതിയുടെ കാൻവാസിൽ കണ്ടു പരിചയിച്ച നിരവധി ചിത്രങ്ങളും, ഭാവനയുടെ വിശാലമായ ഭൂമികയിൽ മൊട്ടിട്ടു നിൽക്കുന്ന ചിത്രങ്ങളും

ഓരോ മനസ്സകത്തും

  " എങ്ങനെ ഞാൻ

     പകർത്തേണം...

     ഏതു വർണം

     നൽക വേണം.... "

എന്ന മട്ടിൽ സന്ദേഹിച്ച്  നിൽക്കുന്നുണ്ടാവും.

ഒരു കുഞ്ഞു തലോടൽ മതി അവയെ പുറത്തെടുക്കാൻ.

വായന പക്ഷാചരണത്തോടനുബന്ധിച്ച് 8 - 7 -25 ചൊവ്വാഴ്ച  വിദ്യാരംഗം ക്ലബിൻ്റെ  ആഭിമുഖ്യത്തിൽ നടന്ന വരയിലെ വർണങ്ങൾ എന്ന പരിപാടി ,വർണങ്ങളെ വരയോട് ഇണക്കിച്ചേർക്കാനുള്ള  ശ്രമമായിരുന്നു.  ചിത്രകാരിയായ ഉഷ.പി.കെ  ശില്പശാല നയിച്ചു.

ഓരോ വർണവും ചാലിച്ചു ചാലിച്ച് കൃത്യമായ അനുപാതത്തിലെത്തി  സുന്ദരമായ വരകൾ പിറവിയെടുക്കട്ടെ!

ബഷീർ അനുസ്മരണം(10-7-2025)

സുനിൽ പെഴുങ്കാട് കുട്ടികളുമായി സംവദിക്കുന്നു
സുനിൽ പെഴുങ്കാട് കുട്ടികളുമായി സംവദിക്കുന്നു

ജി ബി എച്ച് എസ് എസ് മഞ്ചേരിയുടെ ബഷീർ അനുസ്മരണ പരിപാടികൾ അധ്യാപകനും ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ പെഴുങ്കാട് നിർവഹിച്ചു .നിരവധി ബഷീർ കൃതികളെ അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തി. എങ്ങനെയാണ് കുട്ടികൾക്ക് പുസ്തകം വായിക്കാൻ കുട്ടികളിൽ പ്രേരണയുണ്ടാക്കേണ്ടതെന്ന് സോദാഹരണ സഹിതം വിശദമാക്കി. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് പരിപാടികൾക്ക് നേതൃത്വം നൽകി .

കുട്ടികൾ തയ്യാറാക്കിയ ബഷീർദിന പതിപ്പുകളുടെ പ്രകാശനവും നിർവഹിച്ചു. ബഷീർ കൃതികളുടെ പ്രദർശനവും നടന്നു.

പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ഡ്രഗ് അബ്യൂസ് അവയർനസ് ക്ലാസ് നടന്നു (10-7-2025)

ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥികൾ
ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥികൾ

ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കായി ഡ്രഗ് അബ്യൂസ് ക്ലാസ് ചുള്ളക്കാട് ജി.യു.പ്പി സ്കൂൾ ൽ വെച്ച് നടത്തി. ലഹരി ഉപയോഗം തടയാൻ രക്ഷിതാക്കളെ ലഹരി ഉപയോഗം തടയാൻ രക്ഷിതാക്കൾ എന്തെല്ലാം ചെയ്യണമെന്നും,അവർ അത് ഉപയോഗിക്കുന്നുണ്ടോ  എന്നിവയുടെ ലക്ഷണങ്ങളും തുടങ്ങിയവ ഉൾക്കൊള്ളിച്ചു കൊണ്ടാണ്  രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തിയത്. ഗൗരി, നിവേദ്യ റിയ ഗസൽ ,സഫ, റിഫ ഹായ്, ഫിന  എന്നീ വിദ്യാർത്ഥികൾ ഈ ക്ലാസിനു നേതൃത്വം നൽകി.

സ്കൂൾ പത്രം "ബോയ്സ് ടൈംസ്" പ്രകാശനം ചെയ്തു(11-07-2025)

പത്രം പ്രകാശനം ചെയ്യുന്നു
പത്രം പ്രകാശനം ചെയ്യുന്നു

മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയാറാക്കിയ സ്കൂൾ പത്രം ബോയ്സ് ടൈംസ്  മഞ്ചേരി ആകാശവാണി ട്രാൻസ്‌മിഷൻ എക്സിക്യൂട്ടീവായ മുനീർ ആമയൂർ പ്രകാശനം ചെയ്തു. സ്കൂളിന്റെ പ്രധാനധ്യാപിക ശ്രീമതി ആമിന ബീഗം ഏറ്റുവാങ്ങി. നവമാധ്യമങ്ങളും  ആധുനിക സാങ്കേതിക വിദ്യയും ഒരു കരുതലോടെയും സുരക്ഷിതവുമായും നമ്മുടെ കൈപ്പിടിയിലൊതുക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. പരിപാടികൾ അവതരിപ്പിക്കാൻ ആകാശവാണിയിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് രണ്ടാഴ്ചത്തെ സ്കൂൾ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പത്രം തയാറാക്കിയത്.

   പരിപാടിക്ക് കൈറ്റ് മിസ്ട്രെസ് നജ്‌ല പി സ്വാഗതം പറഞ്ഞു.  HM ആമിന ബീഗം അധ്യക്ഷത വഹിച്ചു. പത്രത്തിന്റെ പ്രാധാന്യവും നവമാധ്യമങ്ങളെയും കുറിച്ച് മുൻ HM ടി കെ ജോഷി സംസാരിച്ചു. പത്ര

നിർമ്മാണ പ്രവർത്തത്തിന് അധ്യാപകരായ യൂനുസ് പി. നിത വേണുഗോപാൽ, നജ്ല പി,മനേഷ് പി, മണികണ്ഠൻ വി പി, കുട്ടികളായ ഐഫ യൂസഫ്, ആയിഷ റഫ്‌ന എന്നിവർ നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ നൗഫൽ ടി നന്ദി പറഞ്ഞു.

കഥ വിരിയും വീഥി(14-7-2025)

അനൂപ് ഒ .എം കുട്ടികളുമായി സംവദിക്കുന്നു
അനൂപ് ഒ .എം കുട്ടികളുമായി സംവദിക്കുന്നു

കുട്ടികളുടെ ഭാവനയെയും അനുഭവങ്ങളെയും കഥാരൂപത്തിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ   കുട്ടികൾക്കായി 14 - 7-25 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കഥ ശില്പശാല നടത്തി. കഥാകൃത്തും അധ്യാപകനുമായ അനൂപ് ഒ . എം ആണ് ശില്പശാല നയിച്ചത്.  അധ്യാപകരായ ശ്രീജ. എ.പി ,സന്ധ്യ .പി .വിജയൻ, ഡോ. ബബിത എന്നിവർ സംസാരിച്ചു. നൽകിയ വിഷയത്തിൽ കുട്ടികൾ രചിച്ച കഥകൾ അവതരിപ്പിച്ചു.ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ജി ബി എച് എസ് എസ് മഞ്ചേരിയിൽ ഡയപ്പർ ബാങ്ക് ആരംഭിച്ചു.(8-8-2025)

എജ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ഡയപ്പർ ബാങ്ക്' പദ്ധതി ആരംഭിച്ചു
എജ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ഡയപ്പർ ബാങ്ക്' പദ്ധതി ആരംഭിച്ചു

കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി ഡയപ്പറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടി ഇൻക്ലൂസീവ് എജ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ഡയപ്പർ ബാങ്ക്' പദ്ധതി ആരംഭിച്ചു. സ്കൂളിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് ഡയപ്പറും സഹായ ഉപകരണങ്ങളും വാങ്ങുന്നതിന് ഈ പദ്ധതി വഴി സാധ്യമാകുന്നു. ഡയപ്പർ ബാങ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ലീഡർ അൻഷാൻ അഹമ്മദ് തന്റെ സംഭാവന ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർക്ക് കൈമാറി നിർവഹിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ, അധ്യാപകരായ മുഹമ്മദ് സലീം എൻ, അബ്ദുൾ നാസിർ വി, യുപി പി ഇ ടി പിപി ഇസ്മയിൽ, ഹൈസ്കൂൾ പി ഇ ടി പ്രസൂൺ തോട്ടത്തിൽ, സ്പെഷൽ എജ്യൂക്കേറ്റർ സതീശൻ പി എന്നിവർ പങ്കെടുത്തു.

പഠനപിന്നോക്കമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് (11-8-2025)

രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ്
രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ്

പത്താം ക്ലാസിലെ പഠനപിന്നോക്കമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. ബഹു.ഹെഡ്മിസ്ട്രസ്സ് വി. സിന്ധു ക്ലാസിന്റെ ഓദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇൻക്ലൂസീവ് എജ്യൂക്കേഷൻ ക്ലബ്ബ്, സൈക്കോ സോഷ്യൽ സർവീസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ക്ലാസ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ സ്ക്രീനിംഗിലൂടെ കണ്ടെത്തിയ കുട്ടികളിലെ പഠനപിന്നോക്കാവസ്ഥ, പഠന വൈകല്ല്യം തുടങ്ങിയവയുടെ പൊതുവായ സവിശേഷതകളും ഇത്തരം കുട്ടികൾക്ക് നൽകാവുന്ന പരിഹാരബോധന പ്രവർത്തനങ്ങളും, മാനസിക പിന്തുണയും തുടങ്ങിയ മേഖലകളിൽ ക്ലാസ് നൽകി. കൂടാതെ പത്താം ക്ലാസിലെ എസ് എസ് എൽ സി പരീക്ഷാനുകൂല്ല്യത്തെക്കുറിച്ച് ബന്ധപ്പെട്ട സർക്കുലർ, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ സഹായത്തോടെ വിശദമായി ബോധ്യപ്പെടുത്തുകയും ആനുകൂല്ല്യത്തിന് താൽപര്യമുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്തു.

ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി വി.പി.മണികണ്ഠൻ, പത്താം ക്ലാസ് അധ്യാപകരായ എം സുജ, പി രാധിക, ഡാലി ഡി ചിറയത്ത് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു. സ്കൂൾ സൈക്കോ സോഷ്യൽ കൗൺസിലർ എം സിജി, സ്പെഷൽ എജ്യൂക്കേറ്റർ പി സതീശൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പങ്കെടുത്ത രക്ഷിതാക്കളിൽ നിന്ന് സമ്മതപത്രം സ്വീകരിക്കുകയും ചെയ്തു.

സ്‌കൂൾ ശാസ്ത്രോത്സവം -വമ്പിച്ച പങ്കാളിത്തം(12-8-2025)

യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള
യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള

2025- 26 അധ്യയന വർഷത്തെ ജി.ബി.എച്ച്.എസ്. എസ് മഞ്ചേരിയുടെ യു.പി വിഭാഗം ശാസ്ത്രോത്സവമാണ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. കുഞ്ഞുമനസ്സിൽ രൂപം കൊണ്ട പരീക്ഷണങ്ങളും, നിർമ്മാണവും, ഗണിതകേളികളും, വരകളുമൊക്കെ പ്രായോഗിക തലത്തിലേക്കെത്തിച്ചപ്പോൾ ബോയ്സിൻ്റെ കുരുന്നു കണ്ണുകൾക്കത് കൗതുകക്കാഴ്ചയായി. 2025 ആഗസ്റ്റ് 12ന് നടന്ന യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേളകളിലും , പ്രവർത്തിപരിചയമേളയുടെ നിർമ്മാണ മത്സരത്തിലുമായി നൂറിലേറെ കുട്ടികൾ പങ്കെടുത്തു.

മലപ്പുറം ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി (15-8-2025)

മലപ്പുറം ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി
മലപ്പുറം ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി

മലപ്പുറം സെൻ്റ് ജമ്മാസ് സ്ക്കൂൾ ബാസ്ക്കറ്റ് ബാൾ കോർട്ടിൽ വെച്ചു നടന്ന മലപ്പുറം ജില്ലാ സബ്ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ  സബ്ജൂനിയർ ഗേൾസ് ഫൈനലിൽ മാജിക് ബോൾ അക്കാദമി മലപ്പുറത്തെ പരാജയപ്പെടുത്തി ജി ബി എച്ച് എസ് എസ് മഞ്ചേരി വിജയിച്ചു

UDID രജിസ്ട്രേഷൻക്യാമ്പ് (16-8-2025)

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള യു ഡി ഐ ഡി രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിക്കുന്നു
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള യു ഡി ഐ ഡി രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിക്കുന്നു

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള യു ഡി ഐ ഡി രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിച്ചു. വിവിധ പരിമിതികളുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ജൂൺ മുതൽ നടത്തിയ സർവ്വെ & സ്ക്രീനിംഗിൽ അർഹരായവർക്കാണ് യു ഡി ഐ ഡി & മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷിക്കുന്നത്. ഈ അപേക്ഷകർക്ക് വേണ്ടി പ്രത്യേകം മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഡി എം ഒ യിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇൻക്ലൂസീവ് ക്ലബ്ബാണ്  രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം വഹിക്കുന്നത്.

മഞ്ചേരി ബോയ്സിൻ്റെ കായിക മാമാങ്കത്തിന്  തുടക്കമായി(11-9-2025)  

മഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യാഷിഖ് മേച്ചേരി ദീപശിഖക്ക് തിരിതെളിച്ചു കൊണ്ട്  മഞ്ചേരി ബോയ്സ് ഹയർസെക്കൻ്ററി സ്കൂളിൻ്റെ കായികമാമാങ്കം ഉദ്ഘാടനം ചെയ്യുന്നു  
മഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യാഷിഖ് മേച്ചേരി ദീപശിഖക്ക് തിരിതെളിച്ചു കൊണ്ട്  മഞ്ചേരി ബോയ്സ് ഹയർസെക്കൻ്ററി സ്കൂളിൻ്റെ കായികമാമാങ്കം ഉദ്ഘാടനം ചെയ്യുന്നു  


സ്പോർട്സ് താരങ്ങളായ അവന്തിക കൃഷ്ണ, ഷാദുലി ,കീർത്തൻ മധു , ആദിത്യ കൃഷ്ണൻ എന്നിവർ ചേർന്ന് ദീപശിഖാ പ്രയാണം നടത്തി ദീപം തെളിയിച്ചു.

ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ഇൻ ചാർജ് കൃഷ്ണകുമാർ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷീബ ജോസ് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ഉണ്ണിക്കൃഷ്ണൻ കെ. സി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ അഡ്വക്കേറ്റ് പ്രേമ രാജീവ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു .വി എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്കട്ടറി വി.പി മണികണ്ഠൻ നന്ദി പറഞ്ഞു. മാർച്ച് പാസ്റ്റിൽ ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനം നേടിയവരെ ഉദ്ഘാടന സമ്മേളനത്തിൽ അഭിനന്ദിച്ചു.


സർഗാരവം 2025(15-9-2025)

മഞ്ചേരി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സർഗാരവം 2025ൻ്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ പിന്നണി ഗായകനും നാടൻ പാട്ടുകലാകാരനുമായ അതുൽ നറുകര നിർവ്വഹിക്കുന്നു
മഞ്ചേരി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സർഗാരവം 2025

കലയുടെ കാൽച്ചിലമ്പിൻ താളത്തിന്  തുടക്കം കുറിച്ചുകൊണ്ട് മഞ്ചേരി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സർഗാരവം 2025ൻ്റെ ഉദ്ഘാടനം പ്രശസ്ത

സിനിമാ പിന്നണി ഗായകനും നാടൻ പാട്ടുകലാകാരനുമായ അതുൽ നറുകര നിർവ്വഹിച്ചു.

വേദികളിൽ നിന്നാണ്  കലാകാരൻമാർ ഉയർന്നു വരുന്നത് .സ്വന്തം കഴിവുകളെ തിരിച്ചറിയണമെന്നും അവസരങ്ങൾ   ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. ആഗ്രഹങ്ങളുണ്ടെങ്കിലേ വളർച്ചയുണ്ടാവൂ എന്ന് പറഞ്ഞ അതുൽ നറുകര

തൻ്റെ വളർച്ചയുടെ നാൾവഴികൾ നർമഭാഷയിൽ അവതരിപ്പിച്ചു. സ്വന്തം താത്പര്യങ്ങളുടെ കൂടെ സഞ്ചരിച്ചാൽ നേട്ടങ്ങൾ കൂടെപ്പോരുമെന്ന് ഉദ്ഘാടകൻ സോദാഹരണ സഹിതം വിശദമാക്കി. നാടൻ പാട്ടുകളുടെ ഊഷ്മള വിരുന്നിൽ സദസ്സ് ഒന്നടങ്കം പ്രകമ്പനം കൊണ്ടു.

ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് കൃഷ്ണരാജ് പി. ആർ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.മഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യാഷിഖ് മേച്ചേരി അധ്യക്ഷത വഹിച്ചു


വാർഡ് കൗൺസിലർ അഡ്വ. പ്രേമരാജീവ് നമ്മുടെ മത്സരങ്ങൾ നമ്മോട് തന്നെയാവണമെന്ന് കുട്ടികളെ ഓർമിപ്പിച്ചു. എസ് എം സി ചെയർമാർ ഉണ്ണികൃഷ്ണൻ .കെ സി ,സ്റ്റാഫ് സെക്രട്ടറിമാരായ അനിൽ സി ,മണികണ്ഠൻ .വി പി , ആർട്സ് സെക്രട്ടറിമാരായ ശിവന്യ .കെ ,ആദിദേവ്. പി എന്നിവരും ,സ്കൂൾ ലീഡർമാരായ അൻഷാൻ അഹമ്മദ്, സാദ്  തുടങ്ങിയവരും ആശംസകൾ നേർന്നു. പ്രൗഢഗംഭീരമായ ചടങ്ങിന് ഹെഡ്മിസ്ട്രസ് സിന്ധു.വി നന്ദി പറഞ്ഞു.

നിറഞ്ഞവേദിയിൽ ആടിത്തീർത്ത വേഷങ്ങളുടെ ഗരിമയും, പരിസരങ്ങളെ കമ്പനം കൊള്ളിച്ച ശബ്ദ സാന്നിധ്യവും ഓർമയുടെ നിലവറയിൽ ചിതലരിക്കാതെ മടക്കി വച്ച് പുതിയ താളങ്ങൾക്ക് കാതോർക്കാം. കാലത്തിൻ്റെ നീണ്ട നടവഴിയിൽ കാതോർത്തു നിൽക്കുമ്പോൾ കൂട്ടായെത്തുന്നത് ഇത്തരം ഓർമകളായിരിക്കും▪️

ശാസ്ത്ര പ്രദർശനം(17-9-2025)

സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം
സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം

കേന്ദ്ര സർക്കാർ സ്ഥാപനമായ റീജിയണൽ സയൻസ്  സെന്റർ  ആൻഡ്  പ്ലാനറ്റോറിയം കോഴിക്കോട് നടത്തുന്ന സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം ജി ബി എച്ച് എസ് എസ് മഞ്ചേരിയിൽ 8-9-25 എന്നീ രണ്ട് ദിവസങ്ങളിലായി നടന്നു. പ്രധാനാധ്യാപിക ശ്രീമതി വി. സിന്ധു ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. Space Club  കാൺവീനർമാരായ അബ്ദുൽ നാസിർ വി, അഞ്ജു എസ്, അധ്യാപകരായ നസീഹ, ജംഷീന കെ, അമ്മു വി നായർ ജിൻസി മോൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു..പ്ലാനറ്റേറിയം ഉദ്യോഗസ്ഥനായ അരുൺ സർ സ്പേസ്  ക്ലബ് അംഗങ്ങൾക്ക് പരിശീലനം കൊടുത്തു. സ്പേസ്  ക്ലബ് അംഗങ്ങൾ 3 ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ സ്ലൈഡുകളും കുട്ടികൾക്കായി വിശദീകരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്പേസ്  ക്ലബ് അംഗങ്ങളുടെയും എസ് പി സി , എൻ സി സി ക്യാടെട്സ്ൻ്റെയും നേതൃത്വത്തിൽ പ്രദർശനം കാണാൻ സാധിച്ചു. സ്പേസ്  ക്ലബ് അംഗങ്ങൾക്ക് വൈകുന്നേരം 6:15 മുതൽ രാത്രി 8 മണി വരെ അരുൺ സാറിൻ്റെ  ശാസ്ത്ര പരീക്ഷണ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് ഒരേ സമയം വിജ്ഞാനപ്രദവും കൗതുകകരവുമായി . ആകാശം മേഘാവ്യതമായതിനാൽ ' വാനനിരീക്ഷണം സാധ്യമായില്ല. 18/9/25 ന്  പകൽ ടെലീസ് കോപ്പിലൂടെ ദൂരകാഴ്ചകൾ കുട്ടികൾക്ക് കാണിച്ച് കൊടുത്തു. സൗര കളങ്കം സ്ക്രീനിൽ കാണാൻ കഴിഞ്ഞത് കുട്ടികളെ ആവേശ ഭരിതരാക്കി. ഏകദേശം 1300 കുട്ടികൾ, രക്ഷിതാക്കൾ, 60 ഓളം അധ്യാപകർ തുടങ്ങിയവർ പ്രദർശനം കാണാനെത്തി. വൈകുന്നേരത്തോട് കൂടി പ്രദർശനം അവസാനിച്ചു.

പോഷൻ മാ (8-10-2025)

പോഷൻ മാ
പോഷൻ മാ

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷൻ മാ പരിപാടിയുമായി ബന്ധപ്പെടുത്തി 08.10.25 ന് സ്കൂൾ ഡൈനിങ് ഹാളിൽ വച്ച് സ്കൂൾതലത്തിൽ   കൗമാര കുട്ടികൾക്കായി കുട്ടികളിലെ അമിതവണ്ണം എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്  സ്കൂൾ കൗൺസിലർ ശ്രീമതി സിജി സംഘടിപ്പിച്ചു.  അമിതവണ്ണം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ബി എം ഐ സ്ക്രീനിങ് നടത്തി. പരിപാടിയിൽ 70 ഓളം കുട്ടികൾ പങ്കെടുത്തു.



മഞ്ചേരി ബോയ്സിന് പുതിയ ഒരു ബസ് കൂടി(23-10-25)

സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ്‌
സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ്‌

മഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിന് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ്‌ ഇന്ന് സ്കൂളിൽ നടന്നു. ചടങ്ങ് ബഹു എം എൽ എ ശ്രീ യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

പുതിയ ബസ് ലഭിച്ചതോടെ ദൂര പ്രദേശങ്ങളിലുള്ള വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും, ഗതാഗത സൗകര്യം ഉറപ്പാക്കാനും കാര്യക്ഷമമാക്കാനും സാധിക്കും. ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ ജവഹർ, ഹെഡ് മിസ്ട്രെസ് സിന്ധു,വി, അഡ്വ. പ്രേമ രാജീവ്‌, അബ്ദുള്ള കെ എം അഡ്വ.ഐഷ പി ജമാൽ,സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ എന്നിവർ സംസാരിച്ചു. സ്കൂളിന്റെ പുരോഗതിക്കായി തുടർന്നും പിന്തുണ നൽകുമെന്ന് എം എൽ എ ഉറപ്പുനൽകി.