കേരള പൊതുവിദ്യാഭ്യാസ വകുപ്പ് - ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം/തളിപ്പറമ്പ്
| 2025 വരെ | 2025-26 |
ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം
കേരളത്തിൽ സെക്കൻഡറി തലത്തിലെ പ്രതിഭാധനരായ വിദ്യാർഥികൾക്ക് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രതിഭാ പോഷണം പദ്ധതിയാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം. സവിശേഷ പ്രതിഭയുള്ള പഠിതാക്കൾ പ്രത്യേക പരിഗണന അർഹിക്കുന്നവരാണ്. സ്വാഭാവിക ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾക്ക് ഉപരിയായ പ്രവർത്തനങ്ങൾ അവർക്ക് നൽകേണ്ടതുണ്ട്. ഭൗതികവും സർഗാത്മകവുമായ ഉയർന്നശേഷികൾ വളർത്താനും ക്രിയാത്മകമായി പ്രയോജനപ്പെടുത്താനുമുള്ള അവസരങ്ങൾ പ്രത്യേകമായി അവർക്ക് നൽകണം. പഠിതാക്കളുടെ നവീന ആശയങ്ങൾ വെളിപ്പെടുത്താനും പരീക്ഷിച്ചു നോക്കാനുമുള്ള അവസരങ്ങളും ലഭ്യമാക്കണം. പുതിയ അറിവുകൾ സൃഷ്ടിച്ചെടുക്കുന്നതിനും വൈജ്ഞാനിക ലോകത്തെ അതിൻറെ സമഗ്രതയിൽ ഉൾക്കൊള്ളുന്നതിനും സ്വയം അടയാളപ്പെടുത്തുന്നതിനും പഠിതാവിന് സാധിക്കണം.
ഉദ്ദേശ്യങ്ങൾ
- പ്രതിഭാധനരായ വിദ്യാർഥികളെ സമൂഹത്തിൽ നേതൃത്വപരമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിനായി വൈവിധ്യമാർന്ന അനുഭവങ്ങൾ ഒരുക്കുക
- വിവിധ വിഷയമേഖലകളിലെ നൂതനാശയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക
- കുട്ടികളിലുള്ള സർഗാത്മകവും ക്രിയാത്മകവുമായ ചിന്തകൾക്ക് ഉദ്ദിപനം നൽകുക
- ശാസ്ത്ര - സാമൂഹ്യശാസ്ത്ര - സാങ്കേതിക - വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച് അവയുടെ പ്രവർത്തന മികവും സാമൂഹിക ദൗത്യവും തിരിച്ചറിയാനുള്ള അവസരം നൽകുക
- കുട്ടികളിൽ ഉയർന്ന സാമൂഹിക മൂല്യങ്ങൾ വളർത്തിയെടുത്ത് അവ നിത്യജീവിതത്തിൽ പ്രയോഗിക്കുന്നതിന് പ്രാപ്തരാക്കുക
- നൂതനാശയങ്ങൾ രൂപവത്കരിക്കാനും അവതരിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കുക
- ആധുനിക കാലഘട്ടത്തിലെ ജീവിത നൈപുണികൾ ആർജിക്കുവാൻ സഹായിക്കുക
രീതിശാസ്ത്രം
വിദ്യാർത്ഥി കേന്ദ്രീകൃതമായ രീതിശാസ്ത്രമാണ് ഈ പദ്ധതി നടത്തിപ്പിന് അവലംബിക്കേണ്ടത് പ്രതിഭാപോഷണത്തിന് അനുയോജ്യമായ പഠനാനുഭവങ്ങൾ ഒരുക്കി നൽകണം. കുട്ടികളുടെ അഭിരുചികളും പ്രാഗത്ഭ്യവും തിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾ ഒരുക്കി നൽകണം. പ്രവർത്തനങ്ങളെ ക്രിയാത്മകവും സർഗാത്മവും ആക്കുന്നതിനുള്ള തന്ത്രം എന്ന നിലയിൽ സർഗശാല സങ്കല്പത്തിലേക്ക് ക്ലാസുകളെ ശിശു സൗഹൃദമായ ഭൗതിക സാമൂഹ്യ അക്കാദമിക അന്തരീക്ഷമാണ് സർഗ്ഗശാലയിൽ ഒരുക്കേണ്ടത്.
റവന്യൂ ജില്ലയിലെ ഓരോ വിദ്യാഭ്യാസ ജില്ലയിലും യുഎസ്എസ് പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കുന്ന 40 കുട്ടികളെയാണ് പ്രതിഭകളായി തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിൽ നിന്നുമായി ഓരോ വർഷവും 1640 കുട്ടികൾ തെരഞ്ഞെടുക്കപ്പെടുന്നു. മൂന്നുവർഷം നീണ്ടുനിൽക്കുന്ന പ്രവർത്തന പരിപാടികളിലാണ് കുട്ടികൾ പങ്കാളികളാകുന്നത്. 8, 9, 10 ക്ലാസുകളിലായി 4920 കുട്ടികൾ ഒരു വർഷം ഈ പരിപാടിയിൽ പങ്കാളികളാകുന്നു. ഓരോ വിദ്യാഭ്യാസ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കോർഡിനേറ്റർമാരുടെ സഹായത്തോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരാണ് പദ്ധതി നടപ്പിലാക്കേണ്ടത്. ജില്ല വിദ്യാഭ്യാസ ഓഫീസർമാർ റിസോഴ്സ് ഗ്രൂപ്പ് യോഗം ചേർന്ന് ഓരോ മാസത്തിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കേണ്ടതാണ്. പ്രവർത്തനങ്ങളെ സമഗ്രമായി കണ്ടുകൊണ്ട് എല്ലാം മേഖലകൾക്കും പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രദ്ധിക്കണം.
വിഷയമേഖലകൾ
- അടിസ്ഥാനശാസ്ത്രവും സാങ്കേതികവിദ്യയും
- പരിസ്ഥിതി ശാസ്ത്രം
- സാമൂഹ്യശാസ്ത്രം
- ഭൂഗർഭശാസ്ത്രവും അനുബന്ധ ശാസ്ത്ര വിഷയങ്ങളും
- ഗണിതശാസ്ത്രം
- കലയും സംസ്കാരവും
- ഭാഷയും സാഹിത്യവും ആശയവിനിമയ ശേഷിയും
- ജീവിത നൈപുണ്യ വികാസം