ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/വിദ്യാരംഗം
| Home | 2025-26 |
വായന അറിവിന്റെ വെളിച്ചം...
ജൂൺ 19 വായനദിനം നേര്യമംഗലം ജി വി എച്ച് എസ് എസ് ൽ വിപുലമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പ്രഥമാധ്യാപിക പ്രീതി ടീച്ചർ വായനദിന സന്ദേശം നൽകി. കതിരാവണോ പതിരാവണോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണെന്നും വായനയിലൂടെ നമുക്ക് കതിരാവാൻ ശ്രമിക്കാം എന്നുമുള്ള വലിയ സന്ദേശം ടീച്ചർ കുട്ടികൾക്ക് പകർന്നു നൽകി. ഒൻപതാം ക്ലാസ് വിദ്യാർത്ഥി എബൽ എം ജേക്കബ് വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിദ്യാർത്ഥികൾ വ്യത്യസ്ത ഭാഷകളിലുള്ള പ്രസംഗങ്ങൾ, കവിതാലാപനം, ഗുണപാഠകഥാവതരണം എന്നിങ്ങനെ വിവിധ പരിപാടികൾ അവതരിപ്പിച്ചു.NMMS പരീക്ഷയിൽ വിജയിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനാമിക സത്യന് ഹെഡ്മിസ്ട്രസ് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. വിവിധ മത്സരങ്ങളുടെ സമ്മാനവിതരണവും എച്ച്. എം. നിർവഹിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരങ്ങൾ, ക്വിസ് മത്സരം, വായനമത്സരം, പോസ്റ്റർ രചന, 'ഇന്നത്തെ ചോദ്യം' എന്നിങ്ങനെ വിവിധ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
പുതുവായനയുടെ ലഹരിയുമായി വായനക്കൂട്ടം
വായനാദിനത്തോടനുബന്ധിച്ച് പുതിയ കൃതികളുടെ വായനയ്ക്കും ആസ്വാദനത്തിനുമായി ഒരു വായനക്കൂട്ടം രൂപീകരിച്ചു. വായനാതാൽപര്യമുള്ള കുട്ടികൾ ചെറു കൂട്ടങ്ങളായി ലൈബ്രറിയിൽ ഒത്തുകൂടി ശ്രാവ്യ വായന നടത്തുകയാണ് ലക്ഷ്യം.അഖിൽ പി ധർമ്മജന്റെ ഏറ്റവും പുതിയ നോവലായ 'രാത്രി 12 നു ശേഷം' എന്ന പുസ്തകം വായിച്ചു കൊണ്ടാണ് കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. റാം കെയർ ഓഫ് ആനന്ദി, പട്ടുനൂൽപ്പുഴു, ആത്രേയകം, തോട്ടുങ്കരപ്പോതി, ഊരുക്കു പോകലാം കണ്ണേ തുടങ്ങിയ ഏറ്റവും പുതിയ പുസ്തകങ്ങൾ ഇതിനായി ലൈബ്രറിയിൽ ഒരുക്കിയിരുന്നു. കുട്ടികളിലെ വായനാ താൽപര്യം മെച്ചപ്പെടുത്തുക, ശ്രാവ്യ വായനയിലൂടെ ഭാഷാശേഷികൾ കൈവരിക്കുക, ആസ്വാദന നിലവാരം വർദ്ധിപ്പിക്കുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ 'വായനക്കൂട്ടം' എന്ന കൂട്ടായ്മയിലൂടെ നടപ്പിലാക്കാൻ സാധിച്ചു. വായനവാരത്തിനു ശേഷവും കൂട്ടായ്മ തുടരണം എന്നാണ് കുട്ടികളുടെ അഭിപ്രായം.പുതിയ പുസ്തകങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതുവഴി അവരിൽ പുസ്തക വായനയ്ക്കുള്ള താല്പര്യം വർധിപ്പിക്കുകയു മായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. വായനക്കൂട്ട ത്തിന്റെ പ്രവർത്തനങ്ങൾക്ക് മലയാള അധ്യാപികയായ ശ്രീമതി ശ്രീലക്ഷ്മി വി ആർ നേതൃത്വം നൽകി.