എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26
സ്‍ക്കുൾ പ്രവർത്തനങ്ങൾ 2025-26
മഴ മേഘങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിമേളങ്ങളുമായി മറ്റൊരു പ്രവേശനോൽസവദിനം
ഹൈറേഞ്ചിന്റെ മണ്ണിൽ വിജ്ഞാനത്തിന്റെ ദീപം തെളിയിച്ച് കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ജൈത്ര യാത്ര തുടരുന്ന ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിന്റെ 64 മത്പ്രവേശന ഉത്സവം ലോക്കൽ മാനേജർ റവ. സിസ്റ്റർ പവിത്രയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.വാർഡ് മെമ്പർ കെ കെ രാജു സാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന ചർച്ച് വികാരി റവ .ഡോ ജോസഫ് വെളഞ്ഞാലിൽ നവാഗതർക്ക് പഠന കിറ്റ് വിതരണം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് അഡ്വക്കേറ്റ് പ്രവീൺ ജോർജ്, സിഎംസി കാർമൽ ഗിരി പ്രൊവിൻസ് കൗൺസിലർ സി.സീജാ മരിയ,പ്രിൻസിപ്പൽ വിൽസി മരിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.,വിമുക്തി എക്സൈസ് ഡിപ്പാർട്ട്മെൻറ് കോഡിനേറ്റർ ശ്രീ റോയിച്ചൻ കെ പി ലഹരി എന്ന ചതിക്കുഴിയിൽ കുട്ടികൾ വീഴാതിരിക്കുന്നതിനുള്ള സന്ദേശം നൽകി.പ്രസ്തുത യോഗത്തിൽ കഴിഞ്ഞവർഷം ആദ്യമേഖലയിൽ മികവുപുലർത്തിയ എൽ.എസ്.എസ്, യു.എസ്.എസ് , എൻ.എം.എം.എസ് സ്കോളർഷിപ്പ് വിജയികളെയും, കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 41 കുട്ടികളെയും ആദരിച്ചു.ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് ഒന്നാം ക്ലാസിലേക്ക് വന്ന കുരുന്നുകളെ എതിരേറ്റത് സ്കൂളിലെ ടീച്ചർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്ലാസ്റ്റിക് ഫ്രീ കളിപ്പാട്ടങ്ങളും വർണവിശറികളും കുട്ടികളെ ഏറെ ആകർഷിച്ചു പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി. പ്രവേശനോത്സവ ദിനത്തിൽ തന്നെ എല്ലാ പുതിയ കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും മുന്നിൽവച്ച് കിട്ടിയ ആദരം അവരുടെ മുന്നോട്ടുള്ള വിദ്യാഭ്യാസ ജീവിതത്തിൽ ഒരുപാട് പ്രചോദനമായി തീരും എന്നതിൽ സംശയമില്ല. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ആയ ശ്രീകുമാറിന്റെയും അടിമാലിയുടെ സ്വന്തം ഗായികയായ ശ്രീലക്ഷ്മി രഞ്ജിത്തിന്റെയും സ്കൂളിലെ മറ്റ് പ്രതിഭകളുടെയും മനോഹരമായ ഗാനാലാപനം പ്രവേശനോത്സവ ദിനത്തെ സംഗീത സാന്ദ്രമാക്കി. കണ്ണീരിന്റെ നനവോടെ എത്തിയ കുഞ്ഞുങ്ങൾ പോലും സന്തോഷത്തോടെയാണ് പ്രവേശനോത്സവ ദിനത്തിൽ തിരികെ പോയത് അത്രയും സ്നേഹോഷ്മളമായ വരവേൽപ്പാണ് ഫാത്തിമ മാതാ കുടുംബം ഈ വർഷവും കുട്ടികൾക്കായി നൽകിയത്. ലഹരിയുടെ ഉപയോഗം നമ്മുടെ പുതുതലമുറയിൽ കൂടി വരുന്ന സാഹചര്യത്തിൽ അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അത് ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന ആരോഗ്യപരവും മാനസികവുമായ പ്രശ്നങ്ങളെ കുറിച്ചും നമ്മുടെ കുട്ടികൾ ലഹരിക്ക് അടിമയാണ് എന്ന് തിരിച്ചറിയാനുള്ള ലക്ഷണങ്ങളെക്കുറിച്ചും എക്സൈസ് ഇൻസ്പെക്ടർ നടത്തിയ ക്ലാസ് മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്രദമായി. ഉച്ചയോടെ യോഗനടപടികൾ അവസാനിപ്പിച്ച് കുട്ടികളെയെല്ലാം ക്ലാസ്സിലേക്ക് അയച്ചു. മികവിന്റെയും നിറവിന്റെയും പുതിയൊരു അധ്യയന വർഷത്തിലേക്ക് ഫാത്തിമ മാതാ കുടുംബം ഒന്നായി ചുവടുവെച്ചു.
പരിസ്ഥിതി ദിനാഘോഷം
" ഭൂമിയെ സംരക്ഷിക്കുക ഭാവിയെ രക്ഷിക്കുക "എന്ന വലിയ ആഹ്വാനവുമായി ഒരു ലോക പരിസ്ഥിതി ദിനം കൂടി എത്തിക്കഴിഞ്ഞു . വിവിധങ്ങളായ പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾക്കാണ് ഇത്തവണ നമ്മുടെ സ്കൂൾ സാക്ഷ്യം വഹിച്ചത് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ സിനോജ് കെ എസ് മരത്തൈ നട്ടു" നമ്മൾ പ്രകൃതിയുടെ ഭാഗമാണെന്നും "അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചും നാളെയുടെ വാഗ്ദാനങ്ങൾ ആയ കുട്ടികൾക്ക് അദ്ദേഹം പകർന്നു നൽകി "പരിസ്ഥിതി തന്നെ ലഹരി" എന്ന വിഷയത്തെ അടിസ്ഥാനമാക്കി എല്ലാ ക്ലാസിലെയും കുട്ടികൾ ചുവർപത്രിക നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു .എൽ പി ,യു പി, എച്ച് എസ് ,സെക്ഷൻ തിരിഞ്ഞ് പരിസ്ഥിതി ദിന ക്വിസ് നടത്തുകയും അതിൽനിന്നും മുൻനിരയിൽ വന്ന കുട്ടികളെ അനുമോദിക്കുകയും ഉണ്ടായി . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ "ഇന്ന് സംരക്ഷിക്കു നാളെയുടെ ഭൂമിയെ "എന്ന സന്ദേശം ഉൾക്കൊള്ളുന്ന സ്ലൈഡ് പ്രസന്റേഷൻ വളരെ ആകർഷകം ആയിരുന്നു സ്കൗട്ട് അൻഡ് ഗൈഡ് , ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബിൻറെ ,പിന്തുണയോടെ നടത്തിയ പ്ലാസ്റ്റിക് മാലിന്യ ശേഖരണം , 2025ലെ പരിസ്ഥിതി ദിന സന്ദേശമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക "എന്ന സന്ദേശത്തെ പൂർണമായും കുട്ടികളിലേക്ക് എത്തിക്കാൻ പ്രാപ്യമായിരുന്നു .അങ്ങനെ" പ്രകൃതിയോട് പകയില്ലാതെ ജീവിക്കാം" എന്ന ബൃഹത് സന്ദേശം വിവിധങ്ങളായ ബോധവൽക്കരണ പരിപാടികളിലൂടെ കുട്ടികളുടെ മനസ്സിൽ ആഴ്ന്നിറങ്ങുന്നതായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 3- 6- 2025 നു രാവിലെ 9 മണിക്ക് ആരംഭിച്ചു. സ്കൂൾ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു നിർവഹിച്ചു .വളർന്നുവരുന്ന തലമുറയിൽ ശാസ്ത്രസാങ്കേതിക ബോധം വളർത്താൻ വളരെയധികം സഹായിക്കുന്ന ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്നും നമ്മുടെ സ്കൂളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച ലിറ്റിൽസ് യൂണിറ്റാണ് പ്രവർത്തിക്കുന്നത് എന്നും സിസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് സ്കൂൾ എസ് ഐ ടി സി സിസ്റ്റർ ഷിജി മോൾ സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു സംസാരിച്ചു. നമ്മുടെ സ്കൂൾ ക്യാമ്പിന് കുട്ടികൾക്ക് ക്ലാസ് എടുക്കാൻ ആർ പി ആയി എത്തിയത് മാങ്കടവ് കാർമൽമാത സ്കൂളിലെ സിസ്റ്റർ ജെസ്സി ജോർജ് ആയിരുന്നു. ക്യാമ്പിന്റെ തുടക്കത്തിലെ ആദ്യത്തെ ആക്ടിവിറ്റി ഒരു ഐസ് ബ്രേക്കിംഗ് സെഷൻ ആയിരുന്നു കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള അവബോധം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഫൺ ക്വിസിലൂടെ ആയിരുന്നു ഈ സെഷൻ നടത്തിയത് ഈ ഗെയിമിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ 5 ഗ്രൂപ്പുകളായി തരംതിരിച്ചു ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പേരും നൽകി. ക്യാമ്പിലെ അടുത്ത പ്രവർത്തനം റീൽ നിർമ്മാണം ആയിരുന്നു .നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ ആർ പി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. റിസോഴ്സ് ഫോൾഡറിൽ ലഭ്യമാക്കിയിരിക്കുന്ന കുറച്ച് വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു പിന്നീട് ഓരോ ഗ്രൂപ്പുകളും നല്ല കണ്ടന്റ് ഉള്ള റീൽസുകൾ തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികളിലെ വീഡിയോ ഷൂട്ടിംഗ് എഡിറ്റിംഗ് കഴിവുകളെ പുറത്തുകൊണ്ടുവരാൻ ഉതകുന്നതായിരുന്നു ഈ സെക്ഷൻ. പിന്നീട് വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു വീഡിയോ ചിത്രീകരണം മുതൽ എഡിറ്റിംഗ് ,ശബ്ദ മിശ്രണം തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി റിസോഴ്സ് ഫോൾഡറിൽ കൊടുത്തിരിക്കുന്ന കുറച്ച് വീഡിയോകൾ ആർ പി കുട്ടികൾക്ക് കാണിച്ചുകൊടുത്ത് നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് കുട്ടികളോട് സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ഒരു പ്രമോഷനൽ വീഡിയോ നിർമ്മിക്കാൻ പഠനപ്രവർത്തനം നൽകി. പ്രമോ വീഡിയോ തയ്യാറാക്കാൻ വ്യക്തമായ ഒരു സ്റ്റോറി ബോർഡ് ആദ്യം തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. പിന്നീട് വീഡിയോ ചിത്രീകരിക്കാൻ കുട്ടികൾക്ക് അവസരം നൽകി. അടുത്തത് വീഡിയോ എഡിറ്റിംഗ് സെഷൻ ആയിരുന്നു വീഡിയോ നിർമാണത്തിൽ ഏറെ പങ്കുവഹിക്കുന്ന ഭാഗമാണ് വീഡിയോ എഡിറ്റിംഗ് എന്ന് ആർ പി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. മികവുറ്റ വീഡിയോ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആയ കേഡൻ ലൈവ് കുട്ടികൾക്ക് പരിചയപ്പെടുത്തി എങ്ങനെയാണ് കേഡൻ ലൈവ് ഉപയോഗിച്ച് നമുക്ക് ആവശ്യമായ രീതിയിൽ മനോഹരമായി വീഡിയോ എഡിറ്റ് ചെയ്യുന്നത് എന്ന് ആർപി മനസ്സിലാക്കി കൊടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെയായിരുന്നു വീഡിയോ എഡിറ്റിംഗ് ക്ലാസുകൾ നിരീക്ഷിച്ചത് നിത്യജീവിതത്തിൽ വളരെ ഉപയോഗപ്രദമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്കൂൾ ക്യാമ്പ് കുട്ടികൾക്കും വളരെയധികം ഉപകാരപ്രദമായിരുന്നു. ഉച്ചയ്ക്ക് രുചികരമായ ഭക്ഷണവും കുട്ടികൾക്കായി ഒരുക്കിയിരുന്നു ക്യാമ്പിന്റെ അവസാനം ലിറ്റിൽ കൈറ്റ്സ് ലീഡർ സാന്ദ്ര ക്ലാസ് നയിച്ച ടീച്ചറിനും കുട്ടികൾക്കും നന്ദി രേഖപ്പെടുത്തി. കുട്ടികൾക്ക് ചെയ്യാനുള്ള അസൈൻമെന്റ്കൾ നൽകി 3.45 ഓടെ ക്യാമ്പ് അവസാനിപ്പിച്ചു.
പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും
എല്ലാവർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു .പരിസ്ഥിതിയിൽ മനുഷ്യന്റെ ഇടപെടൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് ആചരിക്കാൻ തീരുമാനിച്ചു .പരിസ്ഥിതി മനുഷ്യർക്ക് നൽകിയ എല്ലാറ്റിനെയും ബഹുമാനിക്കാനും അവയ്ക്ക് നന്ദിയുള്ളവരാകാനും അതിനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കാനും ആണ് ലോക പരിസ്ഥിതി ദിനം ലോകമെമ്പാടും ആചരിക്കുന്നത്. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു സ്ലൈഡ് പ്രസന്റേഷൻ സംഘടിപ്പിച്ചു .6,7ക്ലാസുകളിലെ കുട്ടികൾക്കാണ് സ്ലൈഡ് പ്രസന്റേഷൻ സംഘടിപ്പിച്ചത് .പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ഉൾപ്പെടുത്തിയായിരുന്നു പ്രസന്റേഷൻ തയ്യാറാക്കിയത്. പ്രസന്റേഷനോടൊപ്പം തന്നെ കുട്ടികൾ ക്ലാസുകളും എടുത്തു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തി .വളർന്നുവരുന്ന പുതുതലമുറയിലെ കുട്ടികളിലേക്ക് പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ അംഗങ്ങളുടെ ഈ ക്ലാസ്സിലൂടെ സാധിച്ചു.
ആരോഗ്യം, വ്യായാമം, കായിക ക്ഷമത
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് 9- 6 -20025 ലെ ക്ലാസിന്റെ തീം ആരോഗ്യം വ്യായാമം കായികക്ഷമത എന്നതായിരുന്നു. കുട്ടികളിൽ അടുക്കും ചിട്ടയോടെയും ഉള്ള ജീവിതരീതികളും വ്യായാമരീതികളും ശീലമാക്കാൻ അവബോധം കൊടുക്കുകയായിരുന്നു ഈ ദിവസത്തെ ക്ലാസിന്റെ ലക്ഷ്യം. ഫാത്തിമ മാതാ സ്കൂളിലും അന്നേദിവസം രാവിലെ മുതൽ പല സെക്ഷനുകളിലായി കുട്ടികളെ സുംബാ ഡാൻസ് പരിശീലിപ്പിച്ചു. ആരോഗ്യമാണ് ഒരു വ്യക്തിക്ക് അത്യാവശ്യമായി വേണ്ടത് എന്നും അത് കൃത്യമായ വ്യായാമത്തിലൂടെ പരിശീലിക്കേണ്ടത് അത്യാവശ്യമാണെന്നും കായിക അധ്യാപിക ഷീബ ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. സംഗീതത്തിനൊപ്പം താളാത്മകമായി വിവിധ വ്യായാമങ്ങൾ കോർത്തിണക്കിക്കൊണ്ട് തുടർച്ചയായി ചെയ്യുന്ന കായിക പ്രവർത്തനമാണ് സുംബാ. ഉയർന്ന ഊർജ്ജ ഉപയോഗം ആവശ്യമുള്ള രസകരമായ പ്രവർത്തനമാണിത്.പേശിക്ഷമത, പേശിശക്തി,ഹൃദയ ശ്വസന ക്ഷമത, വഴക്കം എന്നിവ വർധിപ്പിക്കാൻ സുംബാ ഡാൻസ് സഹായിക്കും. നമ്മുടെ സ്കൂളിലെ എല്ലാ സെക്ഷനുകളിലും ഉള്ള കുട്ടികൾ വളരെ ആസ്വദിച്ചാണ് ഈ വ്യായാമത്തിൽ പങ്കെടുത്തത് .ഇത് എല്ലാ ദിവസവും അസംബ്ലിയുടെ ഭാഗമാക്കാനും തീരുമാനിച്ചു.
ഡിജിറ്റൽ അച്ചടക്കം
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് 10 -6 -2025 ൽഎൽപി യുപി എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ അച്ചടക്കം എന്ന തീം അനുസരിച്ചു ആയിരുന്നു ക്ലാസുകൾ എടുക്കേണ്ടിയിരുന്നത്. ശാസ്ത്രസാങ്കേതികവിദ്യ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചെറിയ പ്രായം മുതലേ കുട്ടികളെല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുവരുന്നു .ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലം വഴിതെറ്റുന്ന യുവതലമുറയെ നമുക്ക് ചുറ്റും കാണാൻ കഴിയും .ഇത്തരം സാഹചര്യത്തിൽ വളർന്നുവരുന്ന തലമുറയ്ക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച് ബോധം ഉള്ളവരാക്കി മാറ്റാൻ ഉതകുന്ന ക്ലാസുകളും നിർദ്ദേശങ്ങളും നൽകാനാണ് ഒരു ദിവസം അതിനായി മാറ്റിവച്ചത്. കൂമ്പൻപാറ ഫാത്തിമത സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയവുമായി ബന്ധപ്പെട്ട് സ്ലൈഡ് പ്രസന്റേഷൻ തയ്യാറാക്കുകയുണ്ടായി. എങ്ങനെയാണ് ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടത്, ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ട മേഖലകൾ ഏതൊക്കെയാണ്, മോശമായ ഡിജിറ്റൽ ശീലങ്ങൾ ഏതൊക്കെ,നല്ല ഡിജിറ്റൽ ശീലങ്ങൾ ഏതൊക്കെയാണ്, സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ ഗുണദോഷങ്ങൾ,ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ആയിരുന്നു സ്ലൈഡ് പ്രസന്റേഷൻ തയ്യാറാക്കിയത്. ഡിജിറ്റൽ അച്ചടക്കുമായി ബന്ധപ്പെട്ട വീഡിയോകളും സ്ലൈഡിൽ ഉൾപ്പെടുത്തിയിരുന്നു. 10-6-2025 ന് രാവിലെ എല്ലാ ക്ലാസുകളിലെയും ലാപ്‍ടോപ്പുകളിലേക്ക് ഈ സ്ലൈഡ് പ്രസന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തന്നെ കോപ്പി ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തു.അന്നേദിവസം ഉച്ചയ്ക്ക് ശേഷം 6 ,7 ക്ലാസുകളിലെ കുട്ടികൾക്ക് ഈ സ്ലൈഡ് പ്രസന്റേഷൻ കാണിച്ചുകൊടുത്തു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകളും എടുത്തു.ഡിജിറ്റൽ അച്ചടക്കം കുട്ടികളിൽ ഒരു പരിധി വരെ ഉണ്ടാക്കാൻ ഈ ദിവസത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.
മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷ ക്ലാസ്സ്
കേരളത്തിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗം വിദ്യാർഥികൾക്കായി ട്രാഫിക് ബോധവൽക്കരണ സെമിനാർ നടത്തി.ദേവികുളം സബ് ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദീപു എൻ കെ സെമിനാറിന് നേതൃത്വം നൽകി. 550 ഓളം കുട്ടികൾ സെമിനാറിൽ പങ്കെടുത്തു. കേരളത്തിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ കാരണം ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡിൽ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളെക്കുറിച്ചും സാമാന്യ മര്യാദകളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി. റോഡിൽ ഇറങ്ങുമ്പോൾ നിയമങ്ങൾ പാലിക്കുന്ന നല്ല വിദ്യാർത്ഥികളും അതുവഴി ഭാവിയിൽ മികച്ച പൗരന്മാരും ആയിത്തീരുമെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ദീപു സാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ടെലിഫിലിമിന്റെ പ്രദർശനവും ഉണ്ടായിരുന്നു.കുട്ടികൾക്കും അധ്യാപകർക്കം ഒരുപോലെ പ്രയോജനപ്രദമായ ക്ലാസ്സ് ആയിരുന്നു.
ഫുഡ് ഫോഡർ വാട്ടർ പദ്ധതിയിൽ ഫാത്തിമ മാതസ്കൂൾ പങ്കാളികളായി
സംസ്ഥാനത്തെ മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കി വരുന്ന ഫുഡ് ഫോഡർ വാട്ടർ പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് വിത്തുണ്ടകൾ തയാറാക്കൽ നടത്തുന്നു.ഈ പദ്ധതിയുടെ ഭാഗമായി അടിമാലി ഫോറെസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ റേഞ്ച് ഓഫീസർ ഷിനോജിന്റെ നേതൃത്വത്തിൽ നടന്ന വിത്തുണ്ടകൾ തയാറാക്കലിൽ നമ്മുടെ സ്കൂളിലെ അധ്യാപകരും കുട്ടികളും ഇതിൽ പങ്കാളികളായി. വനത്തിനുള്ളിലെ വന്യ ജീവികൾക്ക് ഭക്ഷണ ലഭ്യത വർധിപ്പിക്കുക വഴി മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണം, പരിസ്ഥിതി പുന സ്ഥാപനം, പാരിസ്ഥിതിക സേവനങ്ങളുടെ അളവും ഗുണ നിലവാരവും മെച്ചപ്പെടുത്തുക, കാലാവസ്ഥ വ്യതിയാന ത്തിന്റെ തോതു വഹിക്കുന്നതിനു സഹായകമാക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.വിദ്യാർഥികൾ തന്നെ മണ്ണിന്റെ മിശ്രിതത്തിൽ വെച്ച് വിത്തുണ്ടകൾ തയ്യാറാക്കി വനം വകുപ്പിന് കൈമാറി. ഹെഡ്‌മിസ്ട്രെസ് സിസ്റ്റർ റെജിമോൾ മാത്യു, സിസ്റ്റർ അൽഫോൻസാ പോൾ, വിൽസൺ സാർ, അനു ടീച്ചർ, ഷീബ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
.