സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോൽസവം 2025
2025-2026 അധ്യയന വർഷത്തെ പ്രവേശനോൽസവവുമായി ബന്ധപ്പെട്ട് സെന്റ്. ജോൺ ഡി ബ്രിട്ടോ എ.ഐ. എച്ച്.എസ് ഫോർട്ടു കൊച്ചി സ്കൂളിലെ പരിപാടികൾ രാവിലെ 10 മണിക്ക് ആരംഭിച്ചു. ഒന്നാം ക്ലാസ്സിലേക്ക് പുതുതായി എത്തിച്ചേർന്ന കുരുന്നുകളെ വരവേൽക്കാൻ സ്കൂൾ അങ്കണം പൂക്കൾ കൊണ്ടും ബലൂൺ കൊണ്ടും പ്രത്യേകമായി അലങ്കരിച്ചിരുന്നു. പ്രവേശനോൽസവ ഗാനത്തോടെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മധുരം നൽകിക്കൊണ്ട് ഒന്നാം ക്ലാസ്സുകാരെ വരവേറ്റു. പ്രവേശനോൽസവം സംബന്ധിച്ച് നടന്ന പ്രത്യേക യോഗത്തിൽ സ്കൂൾ മാനേജർ റവ. മോൺ. ഷൈജു പരിയാത്തുശ്ശേരി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടെറി ജസ്റ്റീന ഡിസൂസ ഏവർക്കും സ്വാഗതം ആശംസിച്ചു. കൊച്ചി കോർപ്പറേഷൻ ഫോർട്ടുകൊച്ചി ഡിവിഷൻ കൗൺസിലർ ശ്രീ. ആന്റണി കുരീത്തറ, പി .ടി .എ പ്രസിഡന്റ് ശ്രീ.ക്ലൈഡ് ഡിക്രൂസ്, ഫോർട്ടു കൊച്ചി സി.ഐ. ശ്രീ.ഫൈസൽ എം.എസ്. എന്നിവർ പ്രവേശനോൽസവത്തിന് ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ SPC യുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ഫോർട്ടു കൊച്ചി എസ്.ഐ. ശ്രീമതി അഞ്ജന മനോജ് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂൾ സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച ഫ്ലാഷ് മോബ് പ്രവേശനോൽസവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. 9-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ആലപിച്ച we are the world, we are the children എന്ന ഇംഗ്ലീഷ് ഗാനം പ്രവേശനോൽസവത്തിന് കൂടുതൽ ചാരുത പകർന്നു. 8-ാം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ സെയ്ദ് ആലിം ആലപിച്ച സെമിക്ലാസ്സിക്കൽ സംഗീതവും ഏറെ ആസ്വാദ്യകരമായിരുന്നു. തുടർന്ന് ഒന്നാം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ്, കുട, പുസ്തകം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ പരിപാടികളുടെയും ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും നിർവഹിച്ചു. ഏകദേശം 12 മണിയോടെ അധ്യാപക പ്രതിനിധി ശ്രീ.ബിജു പോളിന്റെ നന്ദി പ്രകടനത്തോടെ പ്രവേശനോൽസവ പരിപാടികൾ സമാപിച്ചു.