2025-26

പ്രവേശനോത്സവം

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 2 തിങ്കളാഴ്ച രാവിലെ 9.30-ന് മുഴുവൻ കുട്ടികൾക്കുമായി പൂങ്കാവ് അസംപ്ഷൻ പള്ളിയിൽ ഫാ. ബെനസ്റ്റിന്റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്ക്കൂൾ ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ലക്ഷ്യം വെച്ചു കൊണ്ട് ഒന്നിച്ച് ഒന്നായ് ഒന്നാവാം.. എന്ന ആപ്തവാക്യത്തിലൂന്നി ഗായക സംഘം പ്രാർത്ഥനാഗാനം ആലപിക്കുകയും ശ്രീമതി ഷെറിൻ ടീച്ചർ ബൈബിൾ പാരായണവും നിർവ്വഹിച്ചു. അവതാരകയായ ടെസി ടീച്ചറിന്റെ നിർദ്ദേശമനുസരിച്ച് വിവേക് സാർ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. യോഗത്തിന്റെ അധ്യക്ഷൻ പി.ടി എ പ്രസിഡന്റ് ജയൻ തോമസ് ആയിരുന്നു. ഉദ്ഘാടകൻ പൂർവ്വ വിദ്യാർത്ഥിയും സിവിൽ സർവീസ് ജേതാവുമായ ശ്രീ. വൈശാഖ് ആയിരുന്നു. വൈശാവിന്റെ അനുഭവവേദ്യമായ വാക്കുകൾ കുട്ടികൾക്ക് ഏറെ പ്രചോദനമായി. കുട്ടികളുടെ എളിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശനോത്സവഗാനം ഗായക സംഘം ഭംഗിയായി അവതരിപ്പിച്ചു.തുടർന്ന് ആശംസകളുമായി സ്ക്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന, വാർഡ് പ്രതിനിധി ശ്രീമതി ജാസ്മിൻ ബിജു എന്നിവർ കടന്നുവന്നു. നവാഗത വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രേയ ഏവർക്കും നന്ദി അറിയിച്ചു. ഉച്ചയ്ക്ക് 12.30-ന് യോഗം സമാപിച്ചു.