സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alphy John (സംവാദം | സംഭാവനകൾ) (Expanding article)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൂട്ടിക്കൽ/എന്റെ ഗ്രാമം

കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്ത്‌, ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്താണ് കൂട്ടിക്കൽ. ഇത് കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്നു. പൂഞ്ഞാർ അസംബ്ലി മണ്ഡലത്തിലുള്ള ഈ പഞ്ചായത്തിൻറെ വിസ്തീർണം - 33.82 ചതുരശ്ര കിലോമീറ്ററാണ്.ഇവിടുത്തെ ജനസംഖ്യ - 29635 ആണ്.

വടക്ക്‌ പാറത്തോട്‌ പഞ്ചായത്ത്‌, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌. കിഴക്ക്‌ ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്ത്, ഏലപ്പാറ പഞ്ചായത്ത് എന്നിവയും തെക്ക്‌ കൊക്കയാർ പഞ്ചായത്ത്‌, പടിഞ്ഞാറ് മുണ്ടക്കയം പഞ്ചായത്ത്‌ എന്നിവയാണ് കൂട്ടിക്കൽ പഞ്ചായത്തിൻറെ അതിരുകൾ. പ്രമുഖ മുസ്ലിം തീർഥാടന കേന്ദ്രമായ കോലാഹലമേട്‌ കൂട്ടിക്കൽ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

അതി പുരാതനമായ സാംസ്കാരിക ചരിത്രമുള്ള പ്രദേശമാണ് കൂട്ടിക്കൽ. പന്ത്രണ്ടാം നൂറ്റാണ്ടിൽ മലയരയന്മാരും കോയ്ക്കന്മാർ എന്നറിയപ്പെട്ടിരുന്ന ഒരു ജനവിഭാഗവും പുല്ലകയാറിന്റെ ഇരുകരകളിലുമായി കൂട്ടിക്കലിൽ ജീവിച്ചിരുന്നു. മുമ്പ് ഈ പ്രദേശം പന്തളം രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു. പിന്നീട്‌ പൂഞ്ഞാർ രാജകുടുംബം ഉയർന്നുവന്നപ്പോളഅ‍ ഈ പ്രദേശം അവരുടെ അധീനതയിലായി.

1850-ൽ യൂറോപ്യന്മാരായ ക്രിസ്ത്യൻ മിഷനറിമാർ കൂട്ടിക്കലെത്തി. ഇവർ ധാരാളം പേരെ മത പരിവർത്തനത്തിനു വിധേയരാക്കുകയും ചെയ്തു. പുറത്തുനിന്നു മത പരിവർത്തനം ചെയ്തവരെയും ചേർത്ത്‌ കൂട്ടിക്കലാണ് പാർപ്പിച്ചത്‌. 1852 ൽകൂട്ടിക്കൽ ചപ്പാത്തിനടുത്ത്‌ ഒരു സി.എസ്‌.ഐ. പള്ളി സ്ഥാപിക്കപ്പെട്ടു.

കൂട്ടിക്കലിന്റെ പ്രാചീനതയ്ക്ക്‌ തെളിവായി മറ്റൊരു കാര്യം കൂടിയുണ്ട്‌. സെന്റ്‌.ജോർജ്‌ സ്കൂളിന്റെ ഗ്രൗണ്ട്‌ നിർമ്മിക്കുമ്പോൾ ഏകദേശം എട്ടടി താഴ്ച്ചയിലായി ആറടി ഉയരവും നാലടി വ്യാസവുമുള്ള നിരവധി ഭരണികൾ കിട്ടിയിരുന്നു. പ്രാചീന ജനതയുടേതായിരുന്നു അവ എന്നു വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്]

ഭൂപ്രകൃതി

കുന്നുകളും മലഞ്ചെരിവുകളുമാണ് കൂട്ടിക്കലിന്റെ ഭൂപ്രകൃതി. പറത്താനം, കാവാലി, പ്ലാപ്പള്ളി, മുതുകോര, കട്ടൂപ്പാറ, മാത്തുമല, കളത്വാമല, തോണ്ടാൻ കളരി, മേലേത്തടം, നെല്ലിക്കൽ, മൂപ്പൻ മല, മ്ലാക്കര, ചൊറുത എന്നിവയാണ് മലകൾ. ഈ മലകളും അവയ്ക്കിടയിലെ താഴ്‌വാരങ്ങളുമാണ് കൂട്ടിക്കൽ പ്രദേശം. ചതുപ്പു നിലങ്ങളും സമതലങ്ങളുമില്ല.