മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, വണ്ടൂർ ബ്ലോക്കിലാണ് 34.86 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പോരൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് പോരൂർ പഞ്ചായത്ത് രൂപീകൃതമായത്. വലിയ അങ്ങാടികളോ വ്യവസായ സ്ഥാപനങ്ങളോ ഇല്ലാത്ത ഒരു പഞ്ചായത്താണ് പോരൂർ. തൊടികപ്പുലം റെയിൽവേസ്റ്റേഷൻ ഈ പഞ്ചായത്തിലാണ്. വണ്ടൂർ നിയമസഭാ മണ്ഡലത്തിന്റെയും വയനാട് ലോകസഭാ മണ്ഡലത്തിന്റെയും ഭാഗമാണീ പഞ്ചായത്ത്.
ഭൂപടം
ധാരാളം കലാകാരൻമാരുടെ സംഗമ ഭൂമിയാണ് ഈ ഗ്രാമം. പോരൂർ ഉണ്ണികൃഷ്‍ണൻ ഉൾപ്പെടുന്ന പോരൂർ ബ്രദേഴ്സ് തായമ്പക വാദ്യത്തിൽ പ്രശസ്‍തമാണ്. അനുഗ്രഹീതമാണ് ഈ ഗ്രാമം.
ചരിത്രം
പോരൂർ അംശവും ചാത്തങ്ങോട്ടുപുറം അംശവും കൂടിച്ചേർന്നുണ്ടായതാണ് ഇന്നത്തെ പോരൂർ പഞ്ചായത്ത്. പോരൂർ ശിവക്ഷേത്രത്തിന്റെ ഉൽപത്തിയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്നാണ് പഴമക്കാരിൽ നിന്നും കൈമാറിവന്ന ഐതിഹ്യം. കാടു വെട്ടിത്തെളിച്ചുകൊണ്ടിരുന്ന ഒരു പണിക്കാരന്റെ ആയുധം തട്ടി കല്ലിൽ നിന്നും ക്രമാതീതമായി പുക ഉയർന്നു എന്നും അങ്ങനെ പുകയൂരായെന്നും, അത് ലോപിച്ച് പോരൂരായെന്നുമാണ് പ്രചരിക്കപ്പെട്ടിരിക്കുന്ന വിശ്വാസം. ഒരുകാലത്ത് കാടായികിടന്നിരുന്ന കേരളത്തിൽ ക്ഷേത്രസ്ഥാപനത്തിനായി കാടുവെട്ടിത്തെളിക്കുന്ന ആവശ്യത്തിലേക്കാവാം, ഇതേ ഐതിഹ്യകഥ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. രാവണസഹോദരനും മഹാശിവഭക്തനുമായിരുന്ന “ഖരൻ” പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവപ്രതിഷ്ഠയെന്നും ഐതിഹ്യമുണ്ട്. ചാത്തങ്ങോട്ടുപുറം ശ്രീതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവും പ്രസിദ്ധവുമാണ്. വളരെ പുരാതന കാലം മുതലേയുള്ള രണ്ടു മുസ്ളീം ആരാധനാലയങ്ങളാണ് എടപ്പുലം, തൊടികപ്പുലം പള്ളികൾ. എടപ്പുലം പള്ളിക്ക് ഏകദേശം 200 വർഷത്തിലധികം പഴക്കമുണ്ടെന്നാണറിവ്.