കെ. കെ. ബിജു

Schoolwiki സംരംഭത്തിൽ നിന്ന്
10:41, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ) (''''==വേടയുദ്ധം കഥകളി-അപനിര്‍മ്മാണത്തിന്റെ പഴയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'==വേടയുദ്ധം കഥകളി-അപനിര്‍മ്മാണത്തിന്റെ പഴയ പാഠം==' പഠനം Author:  ബിജു കെ. കെ. വൈവിധ്യമാര്‍ന്ന സാഹിത്യസമ്പത്തിനുടമകളാണ് മുള്ളക്കുറുമര്‍. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോല്‍ക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകള്‍. ഈ കലകള്‍ക്കുവേണ്ടിയാണ് പാട്ടുകള്‍ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയില്‍ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപര്‍വ്വത്തിന്റെ അപനിര്‍മ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിര്‍മ്മിതിയാണ് പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമര്‍ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലര്‍ത്തുന്നവരാണ് ഇവര്‍. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവര്‍ക്കുണ്ട്.1      മറ്റ് ആദിവാസിഗോത്രജനതയില്‍ നിന്ന് വ്യത്യസ്തമായ പല പ്രത്യേകതകളും മുള്ളക്കുറുമര്‍ക്കുണ്ട്.2 ഹൈന്ദവപുരാണങ്ങളും ഇതിഹാസങ്ങളുമായി. ഇവരുടെ നിരവധി പുരാവൃത്തങ്ങള്‍ക്ക് ബന്ധമുണ്ട്. അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി കോല്‍ക്കളി, വട്ടക്കളി, കഥകളി (കഥയും ചൊല്ലും) എന്നിവ നടത്താറുണ്ട്. ഇവയുടെ പാട്ടുകള്‍ പുരാണകൃതികളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളതാണ്.      മുള്ളക്കുറുമരുടെ ഭാഷ മലയാളത്തിന്റെ ഒരു ഭേദമാണ്. അതേസമയം തങ്ങളുടേതുമാത്രമായ പദാവലി ഇവര്‍ക്കുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഇവര്‍ വരമൊഴി വശമാക്കിയിരുന്നു. മണലെഴുത്താണ് പാരമ്പര്യമായി പിന്തുടര്‍ന്നു പോന്ന പഠനരീതി. പാട്ടുകളും ചികിത്സാരീതികളും മന്ത്രങ്ങളും ഓലകളില്‍ എഴുതി സൂക്ഷിച്ചിരുന്നു. ചുരുക്കത്തില്‍ മലയാളഭാഷയുമായി വാമൊഴി വരമൊഴി ബന്ധമുള്ളവരാണ് മുള്ളക്കുറുമര്‍.      മുള്ളക്കുറുമരുടെ ഭാഷാപരമായ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി തോന്നുന്നത് വരമൊഴിയാണ്. കേരളത്തിലെ മറ്റ് ആദിവാസിഭാഷകള്‍ക്കൊന്നും തന്നെ വരമൊഴി കണ്ടെത്തിയിട്ടില്ല. എന്നാല്‍ മുള്ളക്കുറുമര്‍ക്ക് ലിഖിത സാഹിത്യവും പാട്ടുകളും ഉണ്ട്. മലയാളലിപിയിലാണ് ഇവ ഓലകളില്‍ എഴുതി സൂക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള ഓലക്കെട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അവ വട്ടക്കളി, കഥകളി (കഥയും ചൊല്ലും) അഞ്ചടി (നരിക്കുത്തുപാട്ട്) എന്നീ തനതുകലകളുടെ പാട്ടുകളാണ്. ഇവ കൂടാതെ ഭാവിപ്രവചനത്തിനുപയോഗിക്കുന്ന വാല്മീകിശാസ്ത്രം, ചികിത്സാവിധികളും മന്ത്രങ്ങളുമടങ്ങുന്ന ഓലകളും സീതാദു:ഖം എന്ന കൃതിയുടെ ഓലകളും മുള്ളക്കുറുരരില്‍ പലരും ഇന്നും സൂക്ഷിച്ചുപോരുന്നുണ്ട്.      മുന്‍കാലങ്ങളില്‍ ധാരാളം ഗ്രന്ഥക്കെട്ടുകള്‍ തങ്ങളുടെ കുടികളില്‍ ഉണ്ടായിരുന്നതായി ആവേദകര്‍ സൂചിപ്പിച്ചിട്ടുണ്ട്. അവ കാലാന്തരത്തില്‍ നഷ്ടപ്പെട്ടു. ഒരാള്‍ മരിക്കുമ്പോള്‍ പരേതന്റെ ഭൗതിക വസ്തുക്കളെല്ലാം കുഴിയില്‍ നിക്ഷേപിക്കുന്നു. ഇങ്ങനെയാണ് ധാരാളം ഗ്രന്ഥക്കെട്ടുകള്‍ നഷ്ടപ്പെട്ടത്. പഴയ വീടുകള്‍ പൊളിച്ച് പുതിയവീടു പണിയുമ്പോള്‍ താളിയോലകള്‍ കളഞ്ഞതായും ആവേദകര്‍ സൂചിപ്പിച്ചിട്ടുണ്ട്.      മുള്ളക്കുറുമരുടെ കളിപ്പാട്ടുകളധികവും രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ ഇതിഹാസപുരാണങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയാണ്. വേടയുദ്ധം കഥകളിലൂടെ പാട്ട് മുള്ളക്കുറുമരുടെ ഉത്പത്തി പുരാവൃത്തവുമായി ബന്ധമുള്ളതാണ്. ഈ പാട്ടുകളുടെ രചനയെക്കുറിച്ച് ആവേദകര്‍ ഇങ്ങനെ പറയുന്നു. രാമന്‍ (65) : പാട്ടുകളൊക്കെ ഈ പണ്ട് അവിടുത്തെ ആള്‍ക്കാര്...കാര്‍ന്നോന്മാര്, അച്ഛനും ഒക്കെ കെട്ടുന്നതാണ്. പണ്ട്. ഇപ്പ കെട്ടലും കൂട്ടലും ഒന്നുമില്ല. പാട്ട് ഓലകളില്‍ എഴുതി സൂക്ഷിക്കും. അച്ഛന്‍ ചാവുന്നതിനുമുമ്പെ പറയും...ഞങ്ങളെ വീട്ടില് ഒരാള്‍ക്കെടുക്കാന്‍ പാകത്തിനുണ്ടായിരുന്നു. ഇന്ന് മക്ക സ്‌ക്കൂളില്‍ പോണകൊണ്ട് പഠിക്കാറില്ല. നീ സൂക്ഷിക്കെന്നു പറഞ്ഞു കൊടുത്തതൊക്കെ പോയി. എഴുത്ത് മണലെഴുതാണ്. അമ്പത്തൊന്നക്ഷരം പഠിച്ചാ.. വെറും അമ്പത്തൊന്നക്ഷരം പഠിച്ചിട്ടേ ഉള്ളൂ ഏത് രാമായണം, മഹാഭാരതം ഒക്കെ വായിക്കും. ഇതേപോലെ തന്നെ എഴുത്തും വ്യത്യാസം ഇല്ല. ചൂച്ചന്‍ (85) : പാട്ടുകള്‍ക്കുവേണ്ടി പുരാണം ഖണ്ഡിക്കുകയാണ് പഴേ കാര്‍ന്നോന്മാര്. ഭാരതം കൊണ്ടും രാമായണം, ഭാഗവതം കൊണ്ടും പുരാണം ഖണ്ഡിക്കും. അപ്പ അറിവുള്ളവര് അത് വെട്ടിക്കുറയ്ക്കും. പത്രത്തിലൊക്കെ ഉള്ളപോലെ.      പുരാണകൃതികളെ അവലംമ്പമാക്കി പാട്ടുകള്‍ രചിച്ച് തങ്ങളുടെ താളബോധത്തിലേക്ക് ഇണക്കിയെടുക്കുകയാണ് പൊതുവെ മുള്ളക്കുറുമര്‍ ചെയ്തിട്ടുള്ളതെന്ന് കരുതാം. എന്നാല്‍ ഈ പാട്ടുകള്‍ പുരാണ കഥാസന്ദര്‍ഭങ്ങളുടെ തനിയാവര്‍ത്തനം അല്ല. പുരാണ കഥാസന്ദര്‍ഭങ്ങളെ അപനിര്‍മ്മിക്കുക കൂടി ചെയ്തിട്ടുണ്ട്  ഈ പാട്ടുകളില്‍. മഹാഭാരതകഥാസന്ദര്‍ഭത്തെ അപനിര്‍മ്മിച്ച് കെട്ടിയിട്ടുള്ള ഒന്നാണ് വേടയുദ്ധം കഥകളിയുടെ പാട്ട്.   മടൂരിലെ ഗോവിന്ദനാണ് വേടയുദ്ധം കഥകളിയുടെ പാട്ടുകള്‍ ഉള്‍പ്പെടെയുള്ള കഥകളിപ്പാട്ടുകളുടെ താളിയോല സൂക്ഷിച്ചുപോരുന്നത്. വേടയുദ്ധം കഥകളി, പെരിണ്ടന്‍ കഥ, ഗോപാലനാടകം കഥകളി, മഹാഭാരതം കഥ തുടങ്ങിയ കഥകളിപ്പാട്ടുകളാണ് ഈ താളിയോലയില്‍ ഉള്ളത്. നൂറ്റിയഞ്ച് ഓലകളാണുള്ളത്. 17.6 സെന്റീമീറ്റര്‍ നീളവും 43.8 സെന്റീമീറ്റര്‍ വീതിയും ഉണ്ട്. രണ്ട് ദ്വാരങ്ങള്‍ വീതം ഓലകള്‍ക്കുണ്ട്. പലകപ്പാളികള്‍ ഇരുവശത്തും വെച്ച് നൂലില്‍ കോര്‍ത്ത് കെട്ടിയാണ് സൂക്ഷിച്ചുപോരുന്നത്. ഓരോ ഓലയും പേജ് നമ്പറിട്ട് സൂക്ഷിച്ചിരിക്കുന്നു. മലയാളഅക്കങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ പാട്ടുകളില്‍ ഓരോ ഖണ്ഡം കഴിയുമ്പോള്‍ നമ്പരിനായി തമിഴ് അക്ഷരങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. ഓലകളുടെ സംരക്ഷണത്തിലും പാട്ടുകളുടെ വിന്യാസക്രമത്തിലുമെല്ലാം വളരെ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ടെന്ന് കാണാം. ഓരോ ഓലയിലും ഏഴ് വരികള്‍ വീതമുണ്ട്. ഗദ്യം എഴുതുന്ന രീതിയിലാണ് എഴുത്ത്.

"https://schoolwiki.in/index.php?title=കെ._കെ._ബിജു&oldid=262938" എന്ന താളിൽനിന്ന് ശേഖരിച്ചത്