ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3ന് നന്നായി നടന്നു. അഞ്ചാം ക്ലാസിൽ 51 കുട്ടികളും എട്ടാം ക്ലാസിൽ 104 കുട്ടികളും അഡ്മിഷൻ എടുത്തു. സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർ, പി.ടി.എ പ്രസിഡണ്ട് അൻവർ ടി.എ, രക്ഷകർത്താക്കൾ, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥിസംഘടനയും ന്യൂ ഹീറോസ് ക്ലബും സ്പോർട്സ് ഉപകരണങ്ങൾ നല്കി.

ശതാബ്ദി ആഘോഷ സമാപനം
ചരിത്രപ്രസിദ്ധിയുള്ള കരൂപ്പടന്ന സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം മെയ് 30 ന് സ്കൂൾ മൈതാനത്ത് നടന്നു. ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹു.കൊടുങ്ങല്ലൂർ എം.എൽ.എ ശ്രീ. അഡ്വ. വി.ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ പുതിയതായി പണി കഴിപ്പിച്ച ട്രസ് വർക്ക് ബഹു. തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പ്രിൻസ് സമർപ്പണം ചെയ്തു. തുടർന്ന് നിരവധി ചാനൽ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയരായ കലാകാരന്മാരെ അണിനിരത്തി ചാലക്കുടി അമ്മ കമ്മ്യൂണിക്കേഷൻസ് വിവിധ കലാപരിപാടികൾ നടത്തി.
മാദ്ധ്യമം വെളിച്ചം പദ്ധതി
മാദ്ധ്യമം പത്രത്തിന്റെ ആഭിമുഖ്യത്തിൽ കരൂപ്പടന്ന ഹൈസ്കൂളിൽ വെളിച്ചം പദ്ധതിക്ക് ജൂൺ 6ന് തുടക്കം കുറിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർക്ക് പത്താം ക്ലാസ് വിജയിയായ സന ഫാത്തിമ പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ നിസമോൾ, അമൽ മാധ്യമം പ്രതിനിധികളായ മുഹമ്മദ് ബഷീർ, എംകെ അലി എന്നിവർ സന്നിഹിതരായിരുന്നു.
പരിസ്ഥിതി ദിനാചരണം
ജൂൺ 5ന് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ എസ്.എം.സി ചെയർമാൻ ശ്രീ. രമേശ് കുട്ടികളോട് സംസാരിച്ചു. കുട്ടികൾ വിവിധ പ്ലക്കാർഡുകൾ നിർമ്മിച്ച് കൊണ്ട് വരികയും അവ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സയൻസ് അദ്ധ്യാപിക ശ്രീമതി നിഷിദ ടീച്ചറുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്തത്. പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ചൊല്ലി. ജെ.ആർ.സി ക്ലബ്, ഇക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫലവൃക്ഷത്തെ നട്ടു. സീഡ് ബോൾ തയ്യറാക്കി. അടുക്കളത്തോട്ടനിർമ്മാണം നടത്തി. ഉച്ചക്ക് ശേഷം നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ഹരിശാന്ത് കെ.എസ്, അൽ അമീൻ റഹീം, സെമിഹ ഇസ്മായിൽ എന്നിവർ വിജയികളായി.

ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ്

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അദ്ധ്യാപകർക്കുള്ള ലഹരിവിരുദ്ധ ബോധവല്കരണ ക്ലാസ് 30/05/2024ന് നടന്നു. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസറും വിമുക്തി Resource person കൂടിയായ ശ്രീ ജദീർ പി.എം ക്ലാസ് എടുത്തു. പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടക്കുന്ന കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായുള്ള മുൻകരുതലുകളെ കുറിച്ച് വിശദമായ ക്ലാസാണ് എടുത്തത്.
യാത്രയയപ്പ്
സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർ സ്ഥലം മാറ്റം കിട്ടി പോയതുമായി ബന്ധപ്പെട്ട് ജൂൺ 18 ന് വിദ്യാലയത്തിൽ യാത്രയയപ്പ് നടത്തി. പുതിയ എച്ച്.എം ശ്രീമതി റംല വി.എം ഔദ്യോഗികമായി ചുമതലയേറ്റു.

വായനദിനം
ജൂൺ 19ന് സ്കൂളിൽ വായനദിനം ആചരിച്ചു. തൃശൂർ ഡയറ്റ് ലക്ചറർ ശ്രീ സനോജ് എം.ആർ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഉണ്ടായി. ഒരു മാസം നീണ്ട് നില്ക്കുന്ന വായനമാസാചരണം ആണ് സ്കൂൾ നടത്തുന്നത്. വായനയുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധയിനം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

യോഗദിനാചരണം
ജൂൺ 21ന് സ്കൂള്ൽ യോഗദിനം ആചരിച്ചു. കൊടുങ്ങല്ലൂർ വിവേകാനന്ദ ഫൗണ്ടേഷന്റെ കീഴിൽ ശ്രീ നാരായണപുരം ഗ്രാമപഞ്ചായത്തിലെ യോഗ ട്രെയിനർ ശ്രീമതി ജയലക്ഷ്മി യോഗയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംവദിച്ചു. എസ്.പി.സി ക്ലബിന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി നടത്തിയത്. വിവിധ യോഗാസനങ്ങൾ കാണിച്ച് കൊടുക്കുകയും ചെയ്തു.

പ്രകൃതി നടത്തം
ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 21ന് സ്കൂളിന് തൊട്ടടുത്തുള്ള ചീപ്പുഞ്ചിറ എന്ന കണ്ടൽക്കാട് സന്ദർശിക്കാൻ 40 കുട്ടികളുമായി കാൽനട യാത്ര നടത്തി. കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് നേരിട്ടുള്ള അനുഭവമുണ്ടാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം.

ബഷീർ അനുസ്മരണ ദിനം
വിശ്വപ്രസിദ്ധ സാഹിത്യകാരൻ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം ജൂലായ് 5ന് സ്കൂൾ മുറ്റത്ത് നടത്തി. യു.പി വിഭാഗം കുട്ടികൾ ബഷീറിന്റെയും പാത്തുമ്മയുടെയും വേഷം കെട്ടി വന്നു. തുടർന്ന് നാടകം കഥാപാത്രാവതരണം മുതലായ പരിപാടികൾ നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നടന്ന ബഷീർ ദിന ക്വിസ് മത്സരത്തിൽ സെമിഹ ഇസ്മായിൽ, (9C) അർഫിന വി.ആർ,(9B) സമീഹ എം.എസ് (8C) എന്നിവർ വിജയികളായി.

വിത്ത് പന്തേറ്
സമേതം സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി ജില്ലയിലെ 1024 വിദ്യാലയങ്ങളിൽ വിത്ത് പന്ത് തയ്യാറാക്കുന്നതിന്റെ സ്കൂൾ തല ഉദ്ഘാടനം ജൂലൈ 5ന് സ്കൂളിൽ വച്ച് നടന്നു. JRC ക്ലബ്, ഇക്കോ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി നടന്നത്. വിദ്യാലയങ്ങളിൽ തയ്യാറാക്കിയ വിത്തുപന്തുകൾ ഭൂമിയിലേക്ക് എറിയുമ്പോൾ അതിൽ അടക്കം ചെയ്ത വിത്തുകൾ മഴയത്ത് മുളച്ച് പൊന്തി പ്രകൃതിയെ ഹരിതാഭമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അമ്മവായന
വായനമാസാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി ജൂലായ് 9ന് സ്കൂളിൽ അമ്മവായന നടത്തി. പ്രായമായ സ്ത്രീകൾക്ക് തങ്ങളുടെ ജോലിഭാരം ഒന്ന് കുറച്ച് വായനയുടെ ലോകത്ത് എത്തുവാനുള്ള അവസരമാണ് അമ്മവായന. വായിക്കുവാനുള്ള പുസ്തകങ്ങൾ ഹാളിൽ പ്രദർശനത്തിന് വച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. അൻവർ, പ്രധാനാദ്ധ്യാപിക ശ്രീമതി റംല.വി.എം, അദ്ധ്യാപികമാരായ നിസമോൾ, മീര ടി.ആർ, സ്മിത കെ.കെ എന്നിവർ സന്നിഹിതരായിരുന്നു.

അറബിക് ടാലന്റ് ടെസ്റ്റ്
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്രെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ALIF (Arabic Learning Improvement Force) അറബിക് ടാലന്റ് ടെസ്റ്റ് ജൂലായ് 10ന് സ്കൂൾ തല മത്സരം നടത്തി. 31 കുട്ടികൾ പങ്കെടുത്തു. മുഹമ്മദ് അൻസാർ (10B) ആഷിം അഹമ്മദ് (9B) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂലായ് 17ന് VVUPS കോതപറമ്പിൽ വച്ച് നടന്ന കൊടുങ്ങല്ലൂർ ഉപജില്ലാതല മത്സരത്തിൽ ഇവർ മത്സരിക്കുകയും മുഹമ്മദ് അൻസാർ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ചാന്ദ്രദിനം
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ 22/07/2024ന് നടത്തി. യു.പി വിഭാഗം കുട്ടികൾ വിവിധതരം റോക്കറ്റുകളുടെയും സ്പേസ് ഷിപ്പിന്റെയും മോഡലുകൾ നിർമ്മിച്ച് കൊണ്ടുവന്ന് അവ അസംബ്ലിയിൽ അവതരിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ കുട്ടികളോട് സംസാരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തുകയും ചെയ്തു.

ഗൃഹസന്ദർശനം
പത്താം ക്ലാസ് കുട്ടികളുടെ വീടുകൾ അദ്ധ്യാപകർ 03/08/2024ന് സന്ദർശിച്ചു. കുട്ടികളുടെ പഠനനിലവാരം ഉറപ്പ് വരുത്തുന്നതിനും കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം വീടുകളിൽ ലഭ്യമാണോ എന്ന് മനസ്സിലാക്കുന്നതിനും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം സന്ദർശനങ്ങൾ ഉപകരിക്കുന്നു. മാത്രമല്ല രക്ഷിതാക്കളുമായി ബന്ധം ഊട്ടിയുറപ്പിക്കാനും ഗൃഹസന്ദർശനം വഴിയൊരുക്കുന്നു. പഠനവിടവ് നേരിടുന്ന കുട്ടികൾക്ക് അവ നികത്താനുള്ള മാർഗ്ഗങ്ങളും ഇത്തരം സന്ദർശനങ്ങളിലൂടെ രക്ഷിതാക്കൾക്ക് ലഭിക്കുന്നു.

യാത്രയയപ്പ്
യു.പി വിഭാഗം അദ്ധ്യാപകരായ ശ്രീമതി ലിജി ടീച്ചർ, റംലത്ത് ടീച്ചർ എന്നിവർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് 05/08/2024ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. എച്ച്.എം റംല ടീച്ചർ മറ്റ് സ്റ്റാഫംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സ്കൂൾതല ശാസ്ത്രമേള
സയൻസ് ക്ലബ്, സോഷ്യൽ ക്ലബ്, ഗണിത ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 5,6 തീയതികളിൽ സ്കൂളിൽ ശാസ്ത്രമേള നടന്നു. സ്റ്റിൽ മോഡലുകൾ, വർക്കിംഗ് മോഡലുകൾ, ചാർട്ടുകൾ തുടങ്ങിയ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. പ്രവൃത്തിപരിചയമേളയുടെ ഭാഗമായി അസംസ്കൃത വസ്തുക്കളിൽ നിന്നുള്ള അലങ്കാരവസ്തുക്കളുടെ നിർമ്മാണം, വെജിറ്റബിൾ പ്രിന്റിംഗ്, ചവിട്ടി നിർമ്മാണം, ചോക്ക് നിർമ്മാണം, ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ, പേപ്പർ ക്രാഫ്റ്റ് തുടങ്ങിയ വിഭാഗങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു. ഓരോ വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകർ വിജയികളെ തിരഞ്ഞെടുത്തു.

ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനം
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 7,8,9 തീയതികളിൽ സ്കൂളിൽ ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. ലോകമഹായുദ്ധങ്ങളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി. തുടർന്ന് പോസ്റ്റർ നിർമ്മാണം, ഫ്ലാഷ് മോബ്, യുദ്ധവിരുദ്ധറാലി എന്നിവയും ഉണ്ടായിരുന്നു. യു.പി ഹൈസ്കൂൾ വിഭാഗങ്ങൾ സംയുക്തമായിട്ടാണ് ദിനാചരണം നടത്തിയത്. സമാധാനത്തിന്റെ പ്രതീകമായി നൂറ് കണക്കിന് സുഡോകു കൊക്കുകളെ നിർമ്മിച്ച് അവ സ്കൂൾ നടുമുറ്റത്ത് പ്രദർശിപ്പിക്കുകയും ചെയ്തു.

ജിനി ടീച്ചർക്ക് യാത്രയയപ്പ്
ഹൈസ്കൂൾ വിഭാഗം ബയോളജി അദ്ധ്യാപിക ശ്രീമതി ജിനി ടീച്ചർ സ്ഥലം മാറ്റം കിട്ടി പോയതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ 12/08/2024 തിങ്കളാഴ്ച യാത്രയയപ്പ് നടത്തി. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ , മറ്റ് സ്റ്റാഫംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സ്വാതന്ത്ര്യദിനാഘോഷം
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വളരെ വിപുലമായി നടത്തി. എച്ച്.എസ്.എസ്. , എച്ച്.എസ് , എൽ.പി വിഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനാദ്ധ്യാപകരായ ഹേമ ടീച്ചർ, റംല ടീച്ചർ, ലൂസി ടീച്ചർ എന്നിവർ സംയുക്തമായി പതാക ഉയർത്തി. എസ്.പി.സി കുട്ടികളുടെ പരേഡ് നടന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ അൻവർ, എസ്.എം.സി ചെയർമാൻ ശ്രീ രമേശ് മാടത്തിങ്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, മിഠായിവിതരണം എന്നിവ ഉണ്ടായി.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
16/08/2024ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. സ്കൂൾ ഓഫീസിൽ നിന്നും സാമഗ്രികളെല്ലാം കൈപ്പറ്റി. ബാലറ്റുകൾ, പെട്ടി, മഷി, കുട്ടികളുടെ ലിസ്റ്റ് എന്നിവ പോളിംഗ് ഓഫീസർമാർ കൈപ്പറ്റി അതാത് പോളിംഗ് സ്റ്റേഷനുകളിൽ കൊണ്ട് പോയി. ക്ലാസ് ടീച്ചർ പ്രിസൈഡിങ് ഓഫീസർമാരായി. കുട്ടികൾ പോളിങ് ഓഫീസർമാരായി. ഇതിലൂടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.

ഉപജില്ല ഫുട്ബോൾ മത്സരം
പുല്ലൂറ്റ് KKTM കോളേജ് ഗ്രൗണ്ടിൽ 17, 18 തീയതികളിൽ വച്ച് നടന്ന കൊടുങ്ങല്ലൂർ ഉപജില്ലാ ഫുട്ബോൾ മത്സരത്തിൽ അണ്ടർ 14വിഭാഗത്തിലും അണ്ടർ17 വിഭാഗത്തിലും കരൂപ്പടന്ന സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. അണ്ടർ 14വിഭാഗത്തിൽ പതിനെട്ട് ടിമുകളോട് മത്സരിച്ച് നമ്മുടെ സ്കൂളിലെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഉപജില്ല നീന്തൽ മത്സരം
19/08/2024 ന് എറിയാട് അക്വാട്ടിക് കോംപ്ലക്സിൽ വച്ച് നടന്ന കൊടുങ്ങല്ലൂർ ഉപജില്ല നീന്തൽ മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും മൂന്ന് കുട്ടികൾ പങ്കെടുത്തു നാലാം സ്ഥാനം കരസ്ഥമാക്കി.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്കുള്ള യൂണിഫോം 29/08/2024 ന് പ്രധാന അദ്ധ്യാപിക ശ്രീമതി റംല ടീച്ചർ നടത്തി. ലിറ്റിൽ കൈറ്റ്സ് ട്രെയിനർമാരായ ശ്രീമതി നിഷിദ ടീച്ചർ, സബീന ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.

ഐ.ടി. ക്വിസ് മത്സരം
കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേളയിൽ സ്കൂൾതല ഐ.ടി ക്വിസ് മത്സരങ്ങൾ 30/08/2024 ന് നടത്തി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നാസ് മോഡൽ പരീക്ഷ ആഗസ്റ്റ് മുപ്പതിലേക്ക് മാറ്റിയ സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് ക്വിസ് മത്സരം നടത്തിയത്. ഒൻപതാം ക്ലാസിലെ ആഷിം അഹമ്മദ്, അഭിമന്യു എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

ഓണാഘോഷം
ഇക്കൊല്ലത്തെ ഓണാഘോഷം 13/09/2024 ന് നടത്തി. വയനാട് ഉരുൾപൊട്ടൽ ദുരന്തം മൂലം വളരെ ചുരുക്കിയ രീതിയിലാണ് പരിപാടി നടത്തിയത്. ചെറിയ രീതിയിലുള്ള പൂക്കളമാണ് ഒരുക്കിയത്. രണ്ട് മൂന്ന് ഓണക്കളികളും തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു. ശേഷം പത്ത് ദിവസത്തെ ഓണാവധിക്ക് സ്കൂൾ അടക്കുകയും ചെയ്തു.

മെഡൽ വിതരണം
ഓണാവധിക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ 25/09/2024 ന് നടത്തിയ പി.ടി.എ മീറ്റിംഗിൽ കുട്ടികളുടെ പഠനനിലവാരം അറിയുന്നതിന് നടത്തിയ ഓണപ്പരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്കുള്ള മെഡൽ വിതരണം അവരവരുടെ രക്ഷകർത്താക്കളെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചു. ഇത് കുട്ടികൾക്ക് മുന്നോട്ട് പഠിക്കുവാനുള്ള ഊർജ്ജമാവട്ടെ എന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ അഭിപ്രായപ്പെട്ടു.
തകധിമി 2024
കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്ന, കലകളുടെ മാമാങ്കമായ സ്കൂൾ കലോത്സവം തകധിമി 2024 സെപ്റ്റംബർ 27 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ഷാജി മുഖ്യാതിഥി ആയിരുന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ അൻവർ, എസ്.എം.സി ചെയർമാൻ, പൂർവ്വവിദ്യാർത്ഥിസംഘടന പ്രസിഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു. ലളിതഗാനം, പദ്യം ചൊല്ലൽ, പ്രസംഗം, സംഘഗാനം, തിരുവാതിര, കൈകൊട്ടിക്കളി, ഒപ്പന മുതലായ വിഭാഗങ്ങളിൽ കുട്ടികൾ ഇഞ്ചോടിഞ്ച് മത്സരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ തന്നെ ഭക്ഷണപാനീയങ്ങളുടെ സ്റ്റാളുകൾ ഇട്ടത് കലോത്സവത്തെ കൂടുതൽ ആകർഷകമാക്കി.

സ്പോർട്സ്
കരുത്തിന്റെയും മെയ് വഴക്കത്തിന്റെയും പ്രകടനമികവോടെ ഇക്കൊല്ലത്തെ സ്പോർട്സ് ഡേ 01/10/2024 ചൊവ്വാഴ്ച നടത്തി. കായികാദ്ധ്യാപകൻ ശ്രീ. ഹരിമാസ്റ്റർ മത്സരങ്ങൾക്ക് നേതൃത്വം നല്കി. റെഡ്, യെല്ലോ, ബ്ലൂ, ഗ്രീൻ എന്നിങ്ങനെ കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. 100m, 200m, 400m ഓട്ടം, ലോങ് ജംപ്, ഷോട്ട്പുട്ട്, 1500m ഓട്ടം, റിലേ എന്നിങ്ങനെ വിവിധ മത്സരങ്ങൾ ആണ് നടത്തിയത്. മത്സരത്തിൽ യെല്ലോ ഗ്രൂപ്പ് വിജയികളായി.

ഗാന്ധിജയന്തി
ഒക്ടോബർ രണ്ടിന് സ്കൂളിൽ ഗാന്ധിജയന്തി ആചരിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി. റംല ടീച്ചർ പുഷ്പാർച്ചന നടത്തി. സോഷ്യൽ ക്ലബിന്റം ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. പി.ടി.എ പ്രസിഡണ്ട്, മറ്റ് പ്രധാനാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സോഷ്യൽ അധ്യാപിക ശ്രീമതി മീര ടീച്ചർ ഗാന്ധിജിയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.

ഉപജില്ല ക്രിക്കറ്റ്
05/10/2024 ന് MES അസ്മാബി കോളേജ് ഗ്രൗണ്ടിൽ നടന്ന കൊടുങ്ങല്ലൂർ ഉപജില്ല ക്രിക്കറ്റ് ടൂർണമെന്റിൽ കരൂപ്പടന്ന ഹയർസെക്കണ്ടറി ടീം സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാമം കരസ്ഥമാക്കി.

മോട്ടിവേഷൻ ക്ലാസ്
പത്താം ക്ലാസ് കുട്ടികൾക്ക് ജീവിതവിജയങ്ങൾക്കും പ്രതിസന്ധികളെ നേരിടുവാനുമുള്ള മോട്ടിവേഷൻ ക്ലാസ് 10/10/2024 ന് സ്കൂളിൽ നടന്നു. ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എഡ്യുകേഷൻ വിഭാഗാദ്ധ്യക്ഷൻ ശ്രീ. ഡോ. സോണി ജോൺ ആണ് ക്ലാസ് നയിച്ചത്.

റോൾ പ്ലേ
നാഷണൽ Adult Education ന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് റിസോഴ്സ് സെന്ററിൽ വെച്ച് 10/10/24ന് നടന്ന വിദ്യാഭ്യാസ ജില്ല തല മത്സരത്തിൽ റോൾ പ്ലേ അവതരിപ്പിച്ച് അഞ്ചാം സ്ഥാനം A ഗ്രേഡ് നേടി കരൂപ്പടന്ന സ്കൂളിലെ മിടുക്കികൾ. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അർഫിന, അയിഷ, ഹാദിയ, സെമീഹ ഇസ്മായിൽ, സാര ഫാത്തിമ എന്നിവരാണ് വിജയം കൈവരിച്ചത്. ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി മിഥു ടീച്ചറുടെ നേതൃത്വത്തിലാണ് കുട്ടികളെ കൊണ്ടുപോയത്.

ബാല്യകാലസഖി ക്വിസ് മത്സരം
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പ്രശസ്ത നോവലിന്റെ 80 ാം വാർഷികത്തോടനുബന്ധിച്ച് 23/10/2024 ന് ഉച്ചക്ക് രണ്ട് മണിക്ക് സ്കൂൾ തല ക്വിസ് മത്സരം നടത്തപ്പെട്ടു. ഖാദർ പട്ടേപ്പാടം കോർഡിനേറ്ററായ പരിപാടിയിൽ ക്വിസ് മാസ്റ്ററായി എത്തിയത് ഡോ. ഷഹന ആണ്. സെമീഹ ഇസ്മായിൽ, അസ്മിന, ഫാത്തിമ സഹറ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിനോദയാത്ര
പത്താം ക്ലാസിന്റെ ഇക്കൊല്ലത്തെ വിനോദയാത്ര 24, 25 തീയതികളിലായി നടത്തി. കൊടൈക്കനാൽ ആയിരുന്നു സഞ്ചാരകേന്ദ്രം. എൺപത്തിനാല് കുട്ടികളും എച്ച്.എം ഉൾപ്പെടെ പത്ത് അദ്ധ്യാപകരും അടങ്ങുന്നതായിരുന്നു യാത്രാസംഘം. 24ന് പുലർച്ചെ രണ്ട് ബസുകളിലായി പുറപ്പെട്ട യാത്ര വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. പിറ്റേന്ന് ഉച്ചതിരിഞ്ഞ് പുറപ്പെട്ട് രാത്രി 12 മണിയോടെ സ്കൂളിൽ തിരിച്ചെത്തി.

കേരളപ്പിറവി
നവംബർ ഒന്നിന് സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. ക്വിസ് മത്സരം, കവിതാലാപനം മുതലായ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ക്ലാസ് തലത്തിൽ വിജയിച്ച കുട്ടികളെ സ്കൂൾ തലത്തിൽ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം മുന്നേറി. ടീച്ചിംഗ് പ്രാക്ടീസിന് വന്ന ബി.എഡ് ട്രെയിനികൾ നടത്തിയ നൃത്തശില്പവും ആകർഷണീയമായിരുന്നു.
ഡാവിഞ്ചി എന്ന മിന്നും താരം
കരൂപ്പടന്ന സ്കൂളിന്റെ യശസ്സ് അഭ്രപാളിയിലെത്തിച്ച് സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറി ഡാവിഞ്ചി സന്തോഷ് എന്ന പത്താം ക്ലാസ് വിദ്യാർത്ഥി. ജിതിൻ രാജ് സംവിധാനം ചെയ്ത് ഒക്ടോബർ 25ന് പുറത്തിറങ്ങിയ പല്ലൊട്ടി 90's kids എന്ന ചലചിത്രത്തിൽ മുഖ്യകഥാപാത്രത്തെയാണ് ഡാവിഞ്ചി അവതരിപ്പിച്ചത്. മികച്ച ബാലചിത്രം, മികച്ച ബാലതാരം എന്നിങ്ങനെ 53-മത് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ പല്ലൊട്ടി നേടി. അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പല്ലൊട്ടി കാണാൻ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും കൊടുങ്ങല്ലൂർ തീയേറ്ററിൽ പോകുകയും ചിത്രത്തിന്റെ വിജയം വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു.

ഉപജില്ല കലോത്സവം
കൊടുങ്ങല്ലൂർ ഉപജില്ല കലോത്സവം ഇക്കൊല്ലം 11, 12, 13, 14 തീയതികളിൽ മതിലകം സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. ജനറൽ വിഭാഗം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നീ വിഭാഗങ്ങളിൽ കരൂപ്പടന്ന സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വളരെ മികച്ച പ്രകടനം കാഴ്ച വെക്കുകയും മൂന്ന് പേർക്ക് ജില്ലയിലേക്ക് സെലക്ഷൻ കിട്ടുകയും ചെയ്തു.
രേഷ്മ ടീച്ചർക്ക് യാത്രയയപ്പ്
യു.പി വിഭാഗം അദ്ധ്യാപിക ശ്രീമതി രേഷ്മ ടീച്ചർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ 19/11/2024 ന് യാത്രയയപ്പ് നല്കി. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, മറ്റ് അദ്ധ്യാപകർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ദേശീയ വിരവിമുക്തി ദിനം
ദേശീയ വിരവിമുക്തി ദിനമായ നവംബർ 26 ന് സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ശേഷം വിരവിമുക്ത ഗുളിക ആൽബൻഡസോൾ നല്കി. വിരബാധ മൂലമുള്ള വിളർച്ച, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള കുറവ് എന്നിവ ഇല്ലാതാക്കാൻ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണിത് നടത്തിയത്. ഗുളിക കഴിക്കാനുള്ള സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും വാങ്ങി.

ശാസ്ത്ര ചിത്രോത്സവം
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സ്കൂളിൽ 26/11/2024 ന് ശാസ്ത്ര ചലച്ചിത്രം കുട്ടികളെ കാണിച്ചു. സ്കൂൾ അദ്ധ്യാപിക ശ്രീമതി മീര ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു ചിത്രപ്രദർശനം. ചലച്ചിത്രം കുട്ടികൾ നല്ല രീതിയിൽ ആസ്വദിക്കുകയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
പ്രതിഭകൾക്ക് ആദരം
കലോത്സവം, സ്പോർട്സ്, ശാസ്ത്രമേള തുടങ്ങി വിവിധമേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ 30/12/2024 ന് സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ ഫാറൂഖ് ഉമ്മർ എന്നിവർ മെഡൽ വിതരണം നടത്തി. കഴിഞ്ഞ കൊല്ലത്തേക്കാൾ ഇക്കൊല്ലം കൂടുതൽ കുട്ടികൾ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തത് അവരെ പരീശീലിപ്പിച്ച അദ്ധ്യാപകരുടെ കഴിവുകൊണ്ടാണെന്നും അസംബ്ലിയിൽ പറഞ്ഞു. ജില്ലാതലത്തിലേക്കും സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ അവരുടെ രക്ഷകർത്താക്കളുടെ സാന്നിദ്ധ്യത്തിൽ പ്രത്യേകം ആദരിക്കുകയും ചെയ്തു.

പുതുവത്സരത്തിന് സ്നേഹവിരുന്ന്
പുതുവർഷം ആരംഭിച്ച 2025 ജനുവരി 1 ന് സ്കൂളിൽ കുട്ടികൾക്ക് സ്നേഹവിരുന്ന് നല്കി. അദ്ധ്യാപകർ, മാതൃ പിടിഎ, രക്ഷിതാക്കൾ എല്ലാവരും ചേർന്ന് ബിരിയാണി ഉണ്ടാക്കി കൊടുത്തുകൊണ്ടാണ് പുതുവർഷത്തെ വരവേറ്റത്.
ഫുഡ് ഫെസ്റ്റ് 2025
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളിൽ കുട്ടികൾ 03/01/2025ന് ഫുഡ് ഫെസ്റ്റ് നടത്തി. കുട്ടികൾ സ്വയം വീട്ടിൽ നിന്നും വിവിധതരം ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി കൊണ്ട് വരികയും അവ സ്കൂളിൽ സ്റ്റാൾ ഇട്ട് പ്രദർശിപ്പിക്കുയും ചെയ്തു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ ഫാറൂഖ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിലെ വൈവിധ്യം, അവ ഉപഭോക്താക്കളിൽ എത്തിക്കുന്ന രീതികൾ എല്ലാം കുട്ടികൾ നേരിട്ട് ചെയ്ത് പരിശീലിച്ചു. അന്ന് തന്നെ പത്താം ക്ലാസിലെ പി.ടി.എ മീറ്റിങ്ങും നടത്തി.

സഞ്ജയിക സമ്പാദ്യപദ്ധതി
കുട്ടികളിൽ മിതവ്യയവും സമ്പാദ്യശീലവും വളർത്തിയെടുക്കാൻ പൊതുവിദ്യാഭ്യാസവകുപ്പും ട്രഷറി വകുപ്പും ധനകാര്യവകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സഞ്ജയിക സമ്പാദ്യപദ്ധതി കരൂപ്പടന്ന സ്കൂളിലും ആരംഭിച്ചു. സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്പാദ്യം എന്ന ആശയമാണ് ഈ പദ്ധതി മുന്നോട്ട് വെക്കുന്നത്. ഒന്ന് മുതൽ പ്ലസ് ടു വരെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ആർക്കും ഈ പദ്ധതിയിൽ അംഗമാകാം.
വിജ്ഞാനോത്സവം
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വിജ്ഞാനോത്സവം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ 04/01/2025 ശനിയാഴ്ച കരൂപ്പടന്ന സ്കൂളിൽ വച്ച് നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീല വിജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ മീര ടീച്ചർ, പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, കുട്ടികൾ. പരിഷത്ത് പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

ഓവറോൾ ചാമ്പ്യൻഷിപ്പ്
കൊടുങ്ങല്ലൂർ ഉപജില്ല കായികമേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി കരൂപ്പടന്നയുടെ താരങ്ങൾ. 09/01/2025 ന് MES അസ്മാബി കോളേജ് ഗ്രൌണ്ടിൽ നടന്ന കായികമേളയിൽ ലോങ് ജംപ്, 200m, 400m, റിലേ 4x100m എന്നീ ഇനങ്ങളിൽ ഉപജില്ലയിലെ എല്ലാ സ്കൂളുകളേയും തോല്പിച്ച് കരൂപ്പടന്ന ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. പി.ടി അദ്ധ്യാപകൻ ശ്രീ ഹരിമാഷിന്റെ കഠിനമായ പരിശീലനമാണ് മികച്ച വിജയത്തിന് കാരണം എന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ അഭിപ്രായപ്പെട്ടു.

വിക്ടറി ഡേ
63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ല കലാകിരീടം ചൂടിയത് വിക്ടറി ഡേ ആയി 09/01/2025ന് സ്കൂളിൽ ആചരിച്ചു. 26 വർഷങ്ങൾക്ക് ശേഷമാണ് സുവർണ്ണകിരീടം ശക്തന്റെ മണ്ണിൽ എത്തുന്നത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി നല്കാനും എല്ലാ സ്കൂളുകളിലും വിജയം ആഘോഷിക്കുവാനും വിദ്യാഭ്യാസ ഡയറക്ടർ ആഹ്വാനം നല്കി. സ്കൂൾ മുറ്റത്ത് ആഘോഷപ്രകടനങ്ങളും റാലിയും നടത്തി.

മോട്ടിവേഷൻ ക്ലാസ്
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ആത്മവിശ്വാസം വരുന്നതിനും ഭയമകറ്റാനും 14/01/2025ന് മോട്ടിവേഷൻ ക്ലാസ് നടത്തി. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ കൗൺസിലർ ശ്രീമതി ജിബി ജോണി ക്ലാസ് നയിച്ചു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്നതായിരുന്നു വിഷയം.
