ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ/എന്റെ ഗ്രാമം
പൂവച്ചൽ
അഗസ്ത്യമലയുടെ കിഴക്കുംഭാഗം പാറ പ്രദേശമാണെങ്കിലും പഴമക്കാരുടെ പഴം പുരാണങ്ങളിൽ കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരും തമിഴകത്തെ അംബാസമുദ്രവും തമ്മിൽ ബന്ധിപ്പിച്ചിരുന്ന മലയോര പാത ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. കീരാവാടാതടം എന്നറിഞ്ഞിരുന്ന ഈ വനപാതയിലൂടെ ഇങ്ങോട്ട് തല ചുമടായി എത്തിച്ചിരുന്ന പച്ചക്കറികളും പുഷ്പങ്ങളും വാടിപ്പോകാൻ ഇടയില്ലാത്തത്ര അകലം മാത്രമേ ഈ കാലത്തെ ജനവാസ കേന്ദ്രങ്ങളായ അഗസ്ത്യാർകൂട പരിസരത്തിനും തമിഴകത്തിനും തമ്മിൽ ഉണ്ടായിരുന്നുള്ളു അത്രേ. അങ്ങനെ തമിഴകത്ത് നിന്നും കീരാവാടത്തടത്തിലൂടെ എത്തിയ പൂക്കൂടകൾ വച്ച് വിശ്രമിച്ച സ്ഥലമാണ് പൂവച്ചൽ എന്ന സ്ഥലനാമത്തിന് ഹേതുവായത്.
ചരിത്രം (സ്ഥലനാമോൽപത്തി)
1953-ലാണ് പൂവച്ചൽ പഞ്ചായത്ത് രൂപീകൃതമാവുന്നത്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് ബ്ലോക്കിൽ പെരുംകുളം, വീരണകാവ് വില്ലേജുകുൾ ഉൾപ്പെടുന്ന പ്രദേശമാണ് പൂവച്ചൽ ഗ്രാമപഞ്ചായത്ത്. സമതലങ്ങളും പാടശേഖരങ്ങളും കുന്നിൻ ചെരിവുകളും നിറഞ്ഞ അതിമനോഹരമായ നിമ്നോന്നതമായ ഭൂപ്രകൃതിയാണ് പൂവച്ചൽ പഞ്ചായത്തിനുള്ളത്. വടക്കു വെള്ളനാട് പഞ്ചായത്തും വടക്കുപടിഞ്ഞാറ് ആര്യനാട് പഞ്ചായത്തും വടക്കുകിഴക്കു കുറ്റിച്ചൽ പഞ്ചായത്തും കിഴക്കു കള്ളിക്കാട് പഞ്ചായത്തും നെയ്യാർ നദിയും തെക്ക് കാട്ടാക്കട പഞ്ചായത്തും പടിഞ്ഞാറ് വിളപ്പിൽ, അരുവിക്കര എന്നീ പഞ്ചായത്തുകളുമാണ് പൂവച്ചലിന്റെ അതിരുകൾ. തിരുവനന്തപുരം ജില്ലയിലെ മലയോരത്തെ ഒരു പ്രധാന വിപണന കേന്ദ്രമായ കാട്ടാക്കട ചന്ത ഉൾപ്പെടുന്ന പ്രദേശമാണ് പൂവച്ചൽ പഞ്ചായത്ത്. അതുകൊണ്ടുതന്നെ പണ്ടുമുതലേ യാത്രാ സൌകര്യം താരതമ്യേന മെച്ചപ്പെട്ടതായിരുന്നു ഇവിടെ. വനത്തിൽ നിന്നും ശേഖരിക്കുന്ന പൂജാപുഷ്പങ്ങൾ കൊട്ടാരത്തിലെത്തിക്കുന്നവർക്കു വഴിയിൽ “പൂ വച്ച് വിശ്രമിക്കാൻ ഒരുക്കിയ ഇടം പൂവച്ചൽ “ആയി മാറി എന്നാണ് സ്ഥല നാമോൽപ്പത്തിയെപ്പറ്റി കേൾക്കുന്നത്.[അവലംബം ആവശ്യമാണ്][പ്രവർത്തിക്കാത്ത കണ്ണി] 23 വാർഡുകളാണ് പൂവച്ചൽ പഞ്ചായത്തിലുള്ളത്.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾ
ഈ പഞ്ചായത്തിൽ സ്വാതന്ത്ര്യസമരത്തിൻറെയും നവോത്ഥാനത്തിൻറെയും പ്രവർത്തനങ്ങൾ നടന്നിരുന്നത് പൂവച്ചലും, കാട്ടാക്കടയും കേന്ദ്രീകരിച്ചായിരുന്നു അയിത്തോച്ഛാടനത്തിൻറെ മുഖ്യവക്താവായിരുന്ന ഗാന്ധിരാമകൃഷ്ണ പിളള, പൊന്നറ ശ്രീധർ, പടിയന്നൂർ രാഘവൻ പിളള, നെൻമേനിക്കര മാധവൻ നായർ എന്നിവരായിരുന്നു ഈ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പാക്കിയവരിൽ പ്രമുഖർ.
പൊതുസ്ഥാപനങ്ങൾ
- ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ
- ഗവൺമെന്റ് യു പി എസ് പൂവച്ചൽ
- പൂവച്ചൽ പഞ്ചായത്ത് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂവച്ചൽ
പ്രമുഖ വ്യക്തികൾ
പൂവച്ചൽ ഖാദർ: കവിയും മലയാളചലച്ചിത്രഗാനരചയിതാവുമായിരുന്നു പൂവച്ചൽ ഖാദർ (ജീവിതകാലം: 1948 ഡിസംബർ 25 - 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ പൂവച്ചൽ ഖാദർ ഏകദേശം നാനൂറിലധികം ചിത്രങ്ങളോടൊത്തു പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങളുടെയും ലളിതഗാനങ്ങളുടേയും രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.