സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/എന്റെ ഗ്രാമം
വൈക്കം കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത് ഇവിടത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ 'ദക്ഷിണ കൈലാസം ' വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്. 1924-ൽ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.
സ്ഥലപുരാണം
പണ്ട് ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികൾ സ്വൈരവിഹാരം ചെയ്‌തിരുന്ന കാനനപ്രദേശം ആയതിനാൽ ആകാം വൈയ്യാഘ്രപുരം എന്ന് അറിയാൻ ഇടയായത്. അതുപോലെ വൈക്കത്തപ്പന്റെ ഭക്താഗ്രേസരനായ വ്യാഘ്രപാദമഹർഷിയുടെ സ്‌മരണ എന്ന നിലയ്‌ക്കും ആകാം ഈ നാമകരണത്തിന്റെ പ്രസക്തി. വ്യാഘ്രശബ്ദത്തിന് ശ്രേഷ്‌ഠമായത് എന്നൊരു അർത്ഥം കൂടിയുണ്ട്.
വൈക്കം മഹാദേവക്ഷേത്രം
ഏതാണ്ട് എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് പൂർവ്വാദിമുഖമായാണ് വൈക്കം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുറ്റുവശവും വലിയ മതിൽക്കെട്ട് ഉണ്ട്. തിരുമുറ്റത്ത് കിഴക്കേ ആനപ്പന്തലിന്റെ അടുത്തായി പ്രത്യേകം തറകെട്ടിയ ഒരു ആൽത്തറയുണ്ട്. ശിവഭക്തനായ വ്യാഘ്രപാദമഹർഷിക്ക് മഹാദേവദർശനം ലഭിച്ച സ്ഥാനമാണിത് എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി രണ്ടുനിലയുള്ള വലിയ ഊട്ടുപുര സ്ഥിതിചെയ്യുന്നു. ഊട്ടുപുരയുടെ പടിഞ്ഞാറുഭാഗത്തായി തിരുവാഭരണപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തെക്കുവശത്തായി പനച്ചിക്കൽ ഭഗവതിയും നാഗദൈവങ്ങളും സ്ഥിതിചെയ്യുന്നു.