ന്യു യു.പി.എസ്. ഈശ്വരമംഗലം/എന്റെ ഗ്രാമം
പൊന്നാനി
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴ, മലബാറിലൂടെയുള്ള ദീർഘവും വളഞ്ഞുപുളഞ്ഞതുമായ യാത്ര അവസാനിപ്പിച്ച് അറബിക്കടലിൽ ചേരുന്നത് പൊന്നാനിയിലാണ്. വടക്ക് ഭാഗത്ത് ഒരു അഴിമുഖവും തെക്ക് കായലും പടിഞ്ഞാറ് അറബിക്കടലും അതിർത്തിയായതിനാൽ ഈ സ്ഥലം വളരെക്കാലമായി മനോഹരമായ ഒരു തീരദേശ നഗരമായി കണക്കാക്കപ്പെടുന്നു.
ചരിത്രം
പൊന്നാനി അതിപ്രാചീന തുറമുഖ പട്ടണമായതിനാൽ ഈ നാടിന് പേര് സിദ്ധിച്ചതിനെ കുറിച്ച് സ്ഥലനാമ ചരിത്ര ഗവേഷകډാർ പല രീതിയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പൗരാണിക കാലം മുതൽ അറബികളും പേർഷ്യക്കാരും മറ്റു വിദേശികളും വ്യാപാരത്തിനായി ഇവിടെ വന്നിരുന്നു. അവർ അക്കാലത്തെ നാണയമായ പൊൻനാണയം ആദ്യമായി പ്രചരിപ്പിച്ചു. പൊൻനാണയത്തിൻറെ പരിവർത്തിത രൂപം-പൊന്നാനി.
പൊന്നിൻറെ അവനി (ലോകം) = പൊന്നാനി
അറബികൾ ഫൂനാനിയെന്നും മലബാർ മാനുവൽ പൂനാനിയെന്നും പ്രയോഗിച്ചു. ഇവിടുത്തെ ക്ഷേത്രങ്ങളിൽ പൊന്നാനയെ നടയിരുത്തിയിരുന്നു. പൊന്നാന ദർശനം നടന്നിരുന്ന ദേശം-പൊന്നാനി.
പൊന്നൻ എന്ന നാടുവാഴി ഭരിച്ച ദേശം-പൊന്നാനി.
വാനിയെന്ന തമിഴ് പദത്തിനുള്ള അർത്ഥങ്ങളിൽ ഒന്നാണ് പുഴ. കൈരളിയുടെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ സുപ്രധാന സ്ഥാനമുള്ള മലയാളിയുടെ നദിയായ നിളയിൽ അഴിമുഖത്തുവെച്ച് ആതവനാടിൽനിന്ന് ഒഴുകിയെത്തുന്ന തിരൂർ, പൊന്നാനി പുഴ പതിക്കുന്നു. ഈ ദ്വിവാനി (ദ്വിവേണി) സംഗമം അസ്തമയ സൂര്യൻറെ പൊൻകിരണങ്ങൾ ഏറ്റ് പൊൻപുഴയായി മാറുന്നു. പൊൻവർണ്ണമാകുന്ന പൊൻ+വാനി - പൊൻവാനി= പൊന്നാനി. വർഷങ്ങൾക്ക് മുമ്പുള്ള പല രേഖകളിലും പൊന്നാനി വായ്ക്കൽ എന്നു കാണാം-ഇത് വായ്മൊഴി മാറ്റം കൊണ്ട് പൊന്നാനിയായി.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് മുറജപം കഴിഞ്ഞുവരുന്ന നമ്പൂതിരിക്ക് സ്വർണ്ണംകൊണ്ടുള്ള ഒരു ആനക്കുട്ടിയെ ദക്ഷിണയായി കിട്ടി. വഴിയരികിൽ വിശ്രമത്തിനിടെ നമ്പൂതിരി ആനക്കുട്ടിയെ ഒരിടത്ത് വെച്ചു. അതുവഴി വന്ന പാക്കനാർ കുസൃതിയായി നമ്പൂതിരിയോട് പറഞ്ഞു. ചത്ത ജന്തുക്കളുടെ അവകാശം ഞങ്ങൾക്കാണ്. അതിങ്ങു തരണം. നമ്പൂതിരിക്ക് വലിയ സങ്കടമായി, കരച്ചിലായി. സംഘത്തിൻറെ നേതൃ സ്ഥാനിയായ ആഴ്വാഞ്ചേരി തമ്പ്രാക്കൾ ആനയെ വാങ്ങി. കൂടി നിന്നിരുന്ന മാലോകർ കാണെ നിലത്തുവെച്ച് ആജ്ഞാപിച്ചു. നടക്കാനേ ഉടൻ ആന നടന്നു; പൊന്നിൻറെ ആന നടന്നയിടം പൊൻ+ആന=പൊന്നാന, പിന്നീടത് പൊന്നാനിയായി എന്നാണ് മറ്റൊരു കഥ. തുടങ്ങി പല ഐതീഹ്യവും ചരിത്രവും ഈ നാടിൻറെ സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട് വാമൊഴിയായും വരമൊഴിയായും പ്രചാരത്തിലുണ്ട്.
സാഹിത്യം
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛൻ എന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജീവിച്ചിരുന്നത് പഴയ പൊന്നാനി താലൂക്കിൽപ്പെടുന്ന തിരൂരിലാണ്. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിലാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം. പ്രാചീന കവിത്രയങ്ങളിൽപ്പെട്ട ഭാഷാകവിയാണ് എഴുത്തച്ഛൻ. ആധുനിക കവിത്രയങ്ങളിൽഒരാളും കേരളകലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണ മേനോൻന്റെ കാവ്യജീവിതവും പൊന്നാനിയിലായിരുന്നു. പ്രശസ്തമായ വള്ളത്തോൾകളരി ആ കാലത്തെ ഒരു കവികൂട്ടായ്മയായിരുന്നു. പിന്നീടുണ്ടായ പൊന്നാനിക്കളരി വള്ളത്തോൾ കളരിയുടെ തുടചർച്ചയോ പരിണാമമോ ആയാണ് വിലയിരുത്തുന്നത്.
സാഹിത്യത്തിലെ പൊന്നാനിക്കളരി വളരെ പ്രസിദ്ധമാണ്. കുട്ടികൃഷ്ണമാരാർ,എം. ടി. വാസുദേവൻ നായർ, എം. ഗോവിന്ദൻ, നാലപ്പാട് നാരായണ മേനോൻ,ബാലാമണിയമ്മ,കമലസുരയ്യ(മാധവികുട്ടി),വി. ടി. ഭട്ടതിരിപ്പാട്,എം.ആർ.ബി, പ്രമുഖ നോവലിസ്റ്റ് ഉറൂബ്, അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ , സി. രാധാകൃഷ്ണൻ , കവി ഇടശ്ശേരി ഗോവിന്ദൻ നായർ പി.എം.പള്ളിപ്പാട് തുടങ്ങിയവർ ഈ പൊന്നാനിക്കളരിയിൽ ഉൾപ്പെടുന്നു.
പുതിയ തലമുറയിലെ എഴുത്തുകാരായ കെ.പി. രാമനുണ്ണി, പി. സുരേന്ദ്രൻ , കോടമ്പിയേ റഹ്മാൻ, പി.പി. രാമചന്ദ്രൻ , ആലങ്കോട് ലീലാകൃഷ്ണൻ, സി. അഷറഫ്, കെ.ടി സതീശൻ മോഹനകൃഷ്ണൻ കാലടി, വി. വി. രാമകൃഷ്ണൻ, ഇബ്രാഹിം പൊന്നാനി,ഷാജി ഹനീഫ്,താഹിർ ഇസ്മായിൽ ചങ്ങരംകുളം, കെ.വി നദീർ, സൗദ പൊന്നാനി, സിനിമ ഗാന രചയിതാവ് അക്‌ബർ കുഞ്ഞുമോൻ തുടങ്ങിയവരിലൂടെ സാഹിത്യത്തിലെ ഈ സമ്പന്നത പൊന്നാനിയിൽ നില നിൽക്കുന്നു.
ചിത്രകല
പൊന്നാനിയിലെ ചിത്രകലാ പാരമ്പര്യം വിശാലമാണ്. കെ.സി.എസ്. പണിക്കർ, അക്കിത്തം നാരായണൻ , ആർട്ടിസ്റ്റ് നമ്പൂതിരി, ടി.കെ. പത്മിനി, ആർട്ടിസ്റ്റ് ഗോപിനാഥ് തുടങ്ങിയ പ്രമുഖർ പൊന്നാനിയുടെ ഈ പാരമ്പര്യത്തെ സമ്പുഷ്ടമാക്കുന്നു.