ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 17 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

150 വർഷം മുൻപ് മണ്ണറക്കോണത്ത് പ്രവർത്തിച്ചിരുന്ന പഴയ ‘കുടിപ്പള്ളിക്കൂട’ മാണ് പിന്നീട് എൽ.പി. സ്കൂളായി മാറിയത്. മണ്ണറക്കോണം നെട്ടയം റോഡിൽ നിലവിലെ സ്കൂൾ കെട്ടിടത്തിനെതിരേ ഓലപാകിയ ഷെഡ്ഡിലാണ് എഴുത്താശാന്റെ നേതൃത്വത്തിൽ ‘കുടിപ്പള്ളിക്കൂടം’ പ്രവർത്തിച്ചിരുന്നത്. വട്ടിയൂർക്കാവിലെ പ്രധാന തറവാടുകളിലെ കുട്ടികളുടെ വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടത്തിലായിരുന്നു. പിന്നീട് സമൂഹത്തിലുണ്ടായ മാറ്റങ്ങളോടൊപ്പം നാട്ടുകാരുടെ ശ്രമഫലമായാണ് 1890-ൽ ‘കുടിപ്പള്ളിക്കൂടം’ എൽ.പി. സ്കൂളായത്. പേരൂർക്കടയിൽനിന്നും നെട്ടയത്തുനിന്നും വട്ടിയൂർക്കാവിലേക്കുള്ള രണ്ട് റോഡുകൾ കൂടിച്ചേരുന്ന ജങ്ഷനാണ് മണ്ണറക്കോണം. ഇരുറോഡിനുമിടയിലായി ജങ്ഷനിൽ ത്രികോണാകൃതിയിലുള്ള 33 സെന്റ്‌ സ്ഥലത്താണ് എൽ.പി. സ്കൂൾ പ്രവർത്തിക്കുന്നത്.

സ്വാതന്ത്ര്യസമരവുമായും സ്കൂളിനു ബന്ധമുണ്ട്. നിരോധനാജ്ഞ ലംഘിച്ച് 1938 ഡിസംബറിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ഒന്നാം സമ്മേളനം നടന്നത് ഇന്ന് ഐ.എസ്.ആർ.ഒ. പ്രവർത്തിക്കുന്ന സ്ഥലത്താണ്. തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമര നേതാക്കന്മാരെല്ലാം ആ സമ്മേളനത്തിൽ എത്തിച്ചേർന്നിരുന്നു. വട്ടിയൂർക്കാവിലെ സ്വാതന്ത്ര്യസമരക്കാരെ ‘മര്യാദക്കാരാക്കാൻ’ തിരുവിതാംകൂർ സൈന്യം അന്ന് തമ്പടിച്ചത് സമീപത്തെ മണ്ണറക്കോണത്തെ സ്കൂളിലും പരിസരത്തുമായിരുന്നൂവെന്നാണ് പഴമക്കാരുടെ ഓർമ്മ. ആ സമ്മേളനം വട്ടിയൂർക്കാവ് സമ്മേളനം എന്ന പേരിൽ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടംനേടി.

സ്കൂൾ മാറ്റം

പ്രദേശത്തെ ആദ്യത്തെ വിദ്യാലയമായ വട്ടിയൂർക്കാവ് എൽ.പി. സ്കൂൾ മണ്ണറക്കോണം ജങ്ഷനിൽനിന്നു മാറ്റാൻ 2024 ൽ തീരുമാനിച്ചു. ഇതിനായി 50 സെന്റ്‌ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങി. എം.എൽ.എ. ഫണ്ടിൽനിന്ന്‌ 75 ലക്ഷം ചെലവിട്ട് പുതിയ കെട്ടിടം നിർമിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദം ലഭിച്ചതായും വി.കെ.പ്രശാന്ത് എം.എൽ.എ. പറഞ്ഞു. വട്ടിയൂർക്കാവ് വികസനത്തിന്റെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്നതിനാലാണ് സ്കൂളിന്റെ പ്രവർത്തനം മാറ്റുന്നത്. മണ്ണറക്കോണം-മേലത്തുമേലെ റോഡിൽ ബ്ലോക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്കാണ് സ്കൂൾ മാറ്റുന്നത്.



വട്ടിയൂർക്കാവ് വികസനത്തിന്റെ ഭാഗമായി രണ്ട് റോഡുകളുടെയും വീതി കൂട്ടുന്നുണ്ട്. അതോടെ പന്ത്രണ്ട് സെന്റ്‌ സ്ഥലം സ്കൂളിനു നഷ്ടമാകും.