എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
വ്യത്യസ്ത നിറങ്ങളാർന്ന തോരണങ്ങളും വർണാഭമായ ബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് കൊച്ചു പൂമ്പാറ്റകളെ വരവേറ്റത് .. ഇമ്പമാർന്ന പ്രവേശന ഗാനം അവരുടെ പുഞ്ചിരിക്ക് മാറ്റു കൂട്ടി . 2024 - 2025 അധ്യാനവർഷത്തിൽ 3/6/2024 തിങ്കളാഴ്ച രാവിലെ 10 . 30 ന് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ ശ്രീമതി സെറീന ടി.പി ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് ശ്രീ കബീർ പട്ടാമ്പി അധ്യക്ഷം വഹിച്ചു . പ്രധാനധ്യാപകൻ സിദിൻ സാർ സ്വാഗതവും മാനേജർ അഷ്റഫ് മാസ്റ്റർ വേദിയിൽ സംസാരിക്കുകയും ചെയ്തു .
നവാഗതർക്ക് സമ്മാന കിറ്റ് നൽകിയായിരുന്നു പ്രവേശന തുടക്കം . കുഞ്ഞു ഹൃദയങ്ങളിൽ ആ സമ്മാനപ്പൊതികൾ സന്തോഷ കണങ്ങളായ് മാറിയിരുന്നു . ആദ്യ ദിവസം മനോഹരമാവാൻ മധുരവും നൽകി പരിപാടി കൂടുതൽ കളറാക്കി... എല്ലാ കുട്ടികൾക്കും സോൻ പാപ്പടി മിഠായി നൽകി . തുടർന്ന് കുട്ടികളുടെ കഥകളും പാട്ടുകളും പ്രവേശനോത്സവത്തെ മാറ്റു കൂട്ടി . വർണാഭമായ പ്രവേശനോത്സവ ഇടവേളയിൽ അധ്യാപകനായ ഷെരീഫ് മാസ്റ്റർ " വിദ്യാഭ്യാസ രംഗത്തെ രക്ഷിതാക്കളുടെ പങ്ക് " എന്ന വിഷയത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധ വൽക്കരണ ക്ലാസും എടുത്തു . സമ്മാനപ്പൊ തിയും മിഠായി മധുരവുമായ് ആദ്യ നാളിന്റെ മധുര ഓർമയുമായാണ് ഓരോ കുരുന്നും പ്രവേശനോത്സവം കഴിഞ്ഞു പോയത്.......
ലോക പരിസ്ഥിതി ദിനം
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ആഗോള പരിപാടിയാണ് ലോക പരിസ്ഥിതി ദിനം. എല്ലാ വർഷവും ജൂൺ 5 നാണ് ഇത് നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, മലിനീകരണം , വനനശീകരണം, ജൈവ വൈവിധ്യ നഷ്ടം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അതിനാൽ നമ്മൾ മുന്നോട്ട് പോകുമ്പോൾ ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം കൂടുതൽ ആഴത്തിലാക്കുന്നു. 2024 ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം "ഭൂമി പുനസ്ഥാപിക്കൽ, മരുഭൂകരണം , വരൾച്ച, പ്രതിരോധം എന്നതാണ്.
കേവലം ഒരു ദിനം ആഘോഷിക്കേണ്ട പരിപാടിയല്ല പരിസ്ഥിതി ദിനം. 365 ദിവസവും പരിസ്ഥിതി ദിന പരിപാടി നടക്കേണ്ടതുണ്ട്. 5/06/24 ബുധനാഴ്ച്ച സ്കൂളിൽ ഇന്ന് അതിന് തുടക്കം കുറിച്ചു. എന്ത് കൊണ്ട് പ്ലാസ്റ്റിക് ഒഴിവാക്കണം എന്ന ബോധവൽക്കരണ ക്ലാസ് ക്ലാസ്റൂമിൽ നടന്നു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് രൂപീകരണം നടന്നു. സെക്രട്ടറിയായി 4 A ക്ലാസിലെ ത്വാഹിർഷയെയും പ്രസിഡൻ്റായി 4B ക്ലാസിലെ റുസ്ലയെയും തെരഞ്ഞെടുത്തു. പരിസ്ഥിതി ക്ലബ്ബംഗങ്ങൾ ചേർന്ന് സ്കൂൾ അംഗണത്തിൽ മാവിൻ തൈ , ഡിവിഡിവി തൈ എന്നിവ വെച്ച് പിടിപ്പിച്ചു. ആറ് മാസം നീണ്ട് നിൽക്കുന്ന തൈ നടൽ മത്സരത്തിനും തുടക്കം കുറിച്ചു. പ്ലാസ്റ്റിക് രഹിത മാലിന്യ മുക്ത വിദ്യാലയം എന്നതാണ് ഞങ്ങളുടെ വിദ്യാലയത്തിൻ്റെ കാഴ്ചപ്പാട്.
ഈദ് ഫെസ്റ്റ് - മൊഞ്ചേറും മൈലാഞ്ചി
ബക്രീദ് പ്രമാണിച്ച് 15.6 . 2024 ശനിയാഴ്ച്ച രക്ഷിതാക്കൾക്കായി മൊഞ്ചുള്ള മൈലാഞ്ചി മത്സരം നടത്തി. രാവിലെ 11 മണിക്ക് മൈലാഞ്ചിയുമായി രക്ഷിതാക്കളെത്തി. "കുഞ്ഞു കൈവെള്ളയിൽ വിരിഞ്ഞ പെരുന്നാൾ പൂക്കൾ " . 13 രക്ഷിതാക്കളാണ് മത്സരത്തിൽ പങ്കെടുത്തത്. ഈ മത്സരത്തിൽ 4B ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് റിയാൻ്റെ മാതാവ് റുഷ്ദ ഒന്നാം സ്ഥാനവും,UKG A ക്ലാസിൽ പഠിക്കുന്ന ഹസ്സൻ ബഷരിയുടെ മാതാവ് ഖദീജ മിൻഹ രണ്ടാം സ്ഥാനവും, 1B ക്ലാസിൽ പഠിക്കുന്ന ഷസ്ല യുടെ മാതാവ് ആസിഫയും, 1B ക്ലാസിൽ പഠിക്കുന്ന രഹ്നയുടെ മാതാവ് ഫസീലയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി
വായനാദിനം
ജൂൺ 19 നാം വായനാദിനമായി ആചരിക്കുന്നു.വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന പി എൻ പണിക്കരുടെ ചരമദിനമാണല്ലോ ജൂൺ 19.അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം വായനാദിനമായി ആചരിക്കുകയാണ്.കേരളത്തിൽ ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു.
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ വായനാവാര പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
വായനാദിന റാലി
19/6/24 ന് വായനാദിനത്തിൽ ഓരോ കുരുന്നുകളെയും വായനയിലേക്ക് നയിക്കുന്നതിനായുള്ള സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് വായനാദിന പ്ലക്കാടുകളും വായനയുടെ മഹത്വം വിളിച്ചോതുന്ന വായനാഗീതവുമായി വിദ്യാർത്ഥികൾ രാവിലെ 11 മണിക്ക് സ്കൂളിൽ നിന്നും ഉദരാണിയിലേക്ക് റാലി സംഘടിപ്പിച്ചു.