എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം





ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം 2024 പരിപാടികൾ ശ്രദ്ധേയമായി. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂളിലേക്ക് നവാഗതരായ വിദ്യാർത്ഥികളെ എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി , ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ജന:സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ സഫീർ നാദാപുരം മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, വളയം ASI പ്രദീപ് കുമാർ, ആർ പി ഹസ്സൻ, പി ടി അബ്ദുറഹിമാൻ, കെ സി റഷീദ്, കെ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗായകൻ സഫീർ നാദാപുരം നയിച്ച ഗാനമേള എന്നിവ നടന്നു.മധുരം നൽകിയ ശേഷം എട്ടാം ക്ലാസിലേക്ക് വന്ന പുതിയ കുട്ടികളെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അവരവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു.
ലോക പരിസ്ഥിതി ദിനം
ശോഭീന്ദ്ര വനം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫസർ ശോഭീന്ദ്രൻ്റെ പേരിൽ വിവിധ പ്രദേശങ്ങളിൽ വനം നിർമ്മിക്കുന്ന ശോഭീന്ദ്ര വനം പദ്ധതിക്ക് തുടക്കം. ഗ്രീൻ ക്ലീൻ കേരള മിഷനും കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബുമാണിതിന് നേതൃത്വം നൽകുന്നത്. പരിപാടിയുടെ കോഴിക്കോട് റവന്യൂ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ സഹകരണത്തോടെ നടന്ന പരിപാടി പാറക്കടവ് പുഴയോരത്ത് കണ്ടൽ വിത്ത് നട്ട് കൊണ്ട് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം പ്രശാന്ത് അധ്യക്ഷനായി.
വായനദിനം 2024
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായനദിന പരിപാടികൾ പ്രശസ്ത നാടൻപാട്ട് കലാകാരനും വയനാട് തേറ്റമല ഗവ. ഹയർസെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനുമായ ഒ സുധിലാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, PTA വൈസ് പ്രസിഡൻ്റ് സി എച്ച് ഹമീദ് മാസ്റ്റർ, സത്യൻ നീലിമ, എൻ കെ കുഞ്ഞബ്ദുല്ല, ഇ ഷമീർ, വി പി ഷീബ എന്നിവർ പ്രസംഗിച്ചു. ടി ബി മനാഫ് സ്വാഗതവും സലോനി ആർ ദിനേശ് നന്ദിയും പറഞ്ഞു. വായനവാരത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം, അനുസ്മരണ പ്രഭാഷണം, സാഹിത്യ ക്വിസ്, പ്രതിജ്ഞ, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, പുസ്തക താലപ്പൊലി, പുസ്തക പ്രദർശനം, വായനാക്കുറിപ്പ് മത്സരം , രചനാമത്സരങ്ങൾ എന്നിവ നടന്നു.


ലഹരി വിരുദ്ധദിനം 2024
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ജൂൺ 26ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആചരിച്ചു. ടീൻസ് ക്ലബ്ബ്, ജൂനിയർ റെഡ്ക്രോക്രോസ്, സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധദിനാചരണം കെ സി റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സഹവ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ്, ടീൻസ് ക്ലബ്ബ് അസിസ്റ്റൻറ് നോഡൽ ഓഫീസർ പി സഫീറ , കെ അനൂപ് മാസ്റ്റർ, വി കെ അസ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു. എം ആയിഷ ടീച്ചർ സ്വാഗതവും ടീൻസ് ക്ലബ്ബ് നോഡൽ ഓഫീസർ കെ സി അഷ്റഫ് നന്ദിയും പറഞ്ഞു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു.
SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 'ജീവിതം തന്നെ ലഹരി' എന്ന ശീർഷകത്തിൽ നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അമീൻ നിഷാദ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സീനിയർ കേഡറ്റായ നൗറ ഫാത്തിമയുടെ നേതൃത്വത്തിൽ എസ്.പി.സി കേഡറ്റുകൾ ഓരോ ക്ലാസുകളിലും കയറി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും അവരുടെ കടമകളെക്കുറിച്ച് ഉൽബുദ്ധരാക്കുകയും ചെയ്തു. സ്കൂളിലെ മുൻ SPC കേഡറ്റുകൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
.
