കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/എന്റെ ഗ്രാമം
കോട്ടോപ്പാടം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം.കിഴക്ക് കുമരംപുത്തൂർ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന അരിയൂർ തോടും, തെക്ക് ഒറ്റപ്പാലം താലൂക്കിലെ കരിമ്പുഴ പഞ്ചായത്തും മണ്ണാർക്കാട് താലൂക്കിലെ തച്ചനാട്ടുകരയും അതിരുടുന്നു.പടിഞ്ഞാറ് അലനല്ലൂർ പഞ്ചായത്തും മലപ്പുറം ജില്ലയുടെ താഴേക്കോട് പഞ്ചായത്തും അതിർത്തിയാകുമ്പോൾ വടക്ക് തമിഴ്‌നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയോട് ചേർന്ന പശ്ചിമഘട്ട മലനിരകൾ അതിരിട്ടിരിക്കുന്നു.
ഭൂമിശാസ്ത്രം
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന കോട്ടോപ്പാടം ഗ്രാമത്തിന്റെ ആകെ വിസ്തൃതി 79.81 ചതുരശ്ര കി.മീ യാണ്. ഇതിൽ 22% വനപ്രദേശമാണ്. നീലഗിരി മലനിരകളുടെ ഭാഗമായ നീലിക്കല്ല് തൊട്ട് തെക്കോട്ട് നീണ്ടുകിടക്കുന്ന കോട്ടോപ്പാടം പഞ്ചായത്തിന് കിഴക്ക് അരിയൂർതോട് അതിരിട്ടൊഴുകുന്നു.ഗ്രാമത്തിന്റെ മൊത്തം വിസ്തൃതിയുടെ 30% കുന്നുകൾ നിറഞ്ഞ ഉയർന്ന സമതല പ്രദേശങ്ങളാണ്. 20% വരുന്ന താഴ്ന്ന സമതലപ്രദേശങ്ങൾ പ്രധാനമായും വയലുകളാണ്. നെല്ല്, തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, കശുമാവ്, റബ്ബർ, കമുക് എന്നിവയും വിവിധയിനം പച്ചക്കറികളുമാണ് ഇവിടുത്തെ പ്രധാന കാർഷിക വിളകൾ. പശ്ചിമഘട്ട മലനിരകളുടെ ഭാഗവും, നീലഗിരി കുന്നുകളുടെ ഭാഗവും ഉൾക്കൊള്ളുന്ന പഞ്ചായത്തിൽ 8 കുളങ്ങളാണ് ജലസ്രോതസായുളളത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
1908-ൽ ഭീമനാട് ഒരു ബോർഡ്ബോയ്സ് സ്കൂൾ സ്ഥാപിച്ചത് മുതലാണ് പഞ്ചായത്തിന്റെ ആധുനിക വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത്. ഇന്ന് സർക്കാർ മേഖലയിൽ 3 യു.പി.സ്കൂളും 2 എൽ.പി.സ്കൂളും ഉൾപ്പെടെ 5 സ്കൂളുകൾ ഈ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. കൂടാതെ എയ്ഡഡ് മേഖലയിൽ 5 എൽ.പി.സ്കൂളും, ഒരു യു.പി.സ്കൂളും, ഒരു ഹയർസെക്കൻഡറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം ഈ പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ്.
ആരാധനാലയങ്ങൾ
21 അമ്പലങ്ങളും 38 പള്ളികളും 7 ക്രിസ്ത്യൻ ദേവാലയങ്ങളും പഞ്ചായത്തിലുണ്ട്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പൂരം, നേർച്ചകൾ, പെരുന്നാൾ തുടങ്ങിയ വിവിധ ആഘോഷങ്ങൾക്ക് ജാതിമതഭേദമെന്യേ എല്ലാവരും സഹകരിക്കുന്നു.
ശ്രദ്ധേയരായ വ്യക്തികൾ
- സാംസ്ക്കാരിക നായകനായിരുന്ന മഹാകവി ഒളപ്പമണ്ണ - ഈ പഞ്ചായത്തുനിവാസിയായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും അദ്ദേഹം തന്നെയായിരുന്നു.
- സാമൂഹികപ്രവർത്തകരായ തോട്ടപ്പുറത്ത് കുഞ്ഞിക്കണ്ണൻ
- എൻ.പി വീരാൻകുട്ടി ഹാജി
- സി.കുഞ്ഞയമ്മു
- കെ.പി. ജോസഫ്
- ഇടയ്ക്കാ വിദ്വാനായിരുന്ന ഞെറളത്ത് രാമപൊതുവാൾ തുടങ്ങിയവരും ഗ്രാമത്തിന്റെ സാംസ്ക്കാരികമേഖലയിലെ എടുത്തുപറയാവുന്ന വ്യക്തിത്വങ്ങളാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
സൌഹൃദം ക്ളബ്, സന്തോഷ് ക്ളബ്, ഭീമനാട് ഗ്രാമോദയം, കോട്ടാപ്പാടം സാംസ്കാരിക നിലയം എന്നിവ. കൂടാതെ തിരുവിഴാംകുന്ന് ഫീനിക്സ് ലൈബ്രറി, ഗ്രോമോദയം വായനശാല എന്നിവ ഉൾപ്പെടെ 4 വായനശാലകളും ഇവിടെ ഉണ്ട്. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ ഗ്രാമത്തിലുണ്ട്. കോട്ടോപ്പാടത്ത് ഒരു ഗവൺമെന്റ് ആശുപത്രിയും, കൊമ്പത്ത് ഒരു ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയും, തിരുവിഴാംകുന്നിൽ ഒരു ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുമുണ്ട്. കൂടാതെ 2 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും 3 ഐ.പി.പി.സി സെന്ററുകളും രണ്ട് ഫാമിലി വെൽഫെയർ സെന്ററുകളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്