ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudhadinesh (സംവാദം | സംഭാവനകൾ) ('ഓർമക്ക‍ുറിപ്പ് ജോയ് ക‍ുമാർ-ചിത്രകലാധ്യാപകൻ 1983 നവംബർ 18 2023 നവംബർ 18 ഇന്നേക്ക് നാല്പത് വർഷം മുമ്പ് ചിത്രകലാ അദ്ധ്യാപകനായി "ചേർക്കാൻ' അച്ഛൻ കൂട്ടിക്കൊണ്ട് വന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓർമക്ക‍ുറിപ്പ് ജോയ് ക‍ുമാർ-ചിത്രകലാധ്യാപകൻ

1983 നവംബർ 18 2023 നവംബർ 18

ഇന്നേക്ക് നാല്പത് വർഷം മുമ്പ് ചിത്രകലാ അദ്ധ്യാപകനായി "ചേർക്കാൻ' അച്ഛൻ കൂട്ടിക്കൊണ്ട് വന്ന് ഹെഡ്മിസ്ട്രസ് രുഗ്മിണി വാരസ്വാർ എന്ന മാതൃസ്വരൂപത്തെ ഏല്പിച്ചത് ഇപ്പോഴത്തെ വില്ലേജോഫീസ് കോമ്പൗണ്ടിലെ ഈ വാടകക്കെട്ടിടത്തിൻ്റെ അങ്ങേത്തലയ്ക്കലെ കുടുസ്സായ ഓഫീസ്മുറിയിലാണ്.

കെട്ടിടത്തിൻ്റെ വരാന്തയോട് ചേർന്ന് ഒരുകിണർ. മുന്നിൽ സ്റ്റേജ് എന്ന പേരുള്ള ഒരു തറ .അതിൻ്റെ പാർശ്വത്തിലായി പുരാതനമായ ഒരു ദേവസ്ഥാനം .അതിനോട് ചേർന്ന് നിത്യവും വെളുത്ത പൂക്കളുതിരുന്ന ഒരു പാലമരം.അപ്പുറം, നിറയെ പൂത്ത് പകലിലും സന്ധ്യാംബരമാകുന്ന ചമത മരങ്ങൾ. ദേവസ്ഥാനംനേരത്തേയുള്ളതാണ് .പഴശ്ശിയുടെ ചാവശ്ശേരി മാളികത്താഴത്ത് കോവിലകവുമായി ബന്ധമുള്ളതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പരീക്ഷയ്ക്ക് ജയിക്കാനും കൊമ്പൻ മീശയുള്ള കരുണാകരൻ മാഷുടെ അടി കിട്ടാതിരിക്കാനും ദേവസ്ഥാനത്ത് കുട്ടികൾ ജാതിഭേദം മതദ്വേഷമില്ലാതെ പൂവ് വെക്കും. സ്കൂളിന് പുതിയ കെട്ടിടങ്ങൾ വന്നപ്പോൾ വാടകസ്കൂൾ ഒഴിഞ്ഞു കൊടുത്തു. ഉടമസ്ഥർ കെട്ടിടവും സ്ഥലവും വില്പനയ്ക്ക് വച്ചപ്പോൾ ദേവസ്ഥാനം തടസ്സമാകുന്നു എന്ന് കണ്ട് രായ്ക്ക് രാമാനം ദേവനും സ്ഥാനവും പാലമരവും നിഷ്ക്കാസിതമായി. പിറ്റേന്ന് രാവിലെ പൂവ് വെക്കാൻ ചെന്ന കുട്ടികൾ തട്ടിനിരപ്പാക്കപ്പെട്ട അഭയസ്ഥാനത്ത്അവസാനമായി പൂക്കൾ വെച്ച് ഭീതിയോടെ മടങ്ങി. ▫️▫️▫️▫️▫️▫️▫️▫️▫️▫️▫️ യു.പി സ്കൂൾ ഹൈസ്കൂളായതിൻ്റെ പരാധീനത തീർന്നിട്ടില്ല. വരാന്തയിൽ ഡസ്ക്കും ബെഞ്ചുമിട്ട് അദ്ധ്യാപകന്മാരിൽ ചിലരിരിക്കുന്നു. സ്റ്റാഫ് റൂം ഒറ്റ ക്ലാസ് മുറിയാണ് .അവിടെ ഇടമില്ല .ആൺകുട്ടികൾക്കും മാഷന്മാർക്കും മൂത്രപ്പുരയില്ല. ഇടവഴി ശരണം.

പുതുതായി വരുന്ന ഡ്രോയിംഗ് സാറിനെ ചില ഓഫീസ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാമെന്ന് കരുതിയ ഹെഡ്മിസ്ട്രസ് ഹതാശയായി. "ഏല്പിക്കാനാവില്ല .നന്നേ ചെറുപ്പമാ" കാഴ്ചയിൽ മൂപ്പില്ലാത്ത എന്നെ നോക്കി അവർ ക്ലാർക്ക് ചന്തൂട്ടിയേട്ടനോട് പറഞ്ഞത്രേ. ആനി ടീച്ചർ പുതുതായി സ്കൂളിൽ ചേരാൻ വന്ന "ചെറുക്കനെ" ഗൗനിച്ചതേയില്ല. പിന്നീട് പലതവണ അവർ അത് പറഞ്ഞു പൊട്ടിച്ചിരിച്ചു.

എല്ലാ അദ്ധ്യാപകരും ഏറെ സീനിയർ .നാടക സംവിധായകനായ കെ.വി.അബ്രഹാം മാഷെ നേരത്തെ അറിയാം.പിന്നെ പിതൃതുല്യരായ വി.ഐ.മാധവൻ നമ്പൂതിരി മാഷ്, രാമണ്ണിമാഷ്, നാരായണക്കുറുപ്പ് മാഷ്, കുട്ടികൾക്കെല്ലാം മാതൃസ്ഥാനത്തുള്ള കാർത്ത്യായനി ടീച്ചർ .... എല്ലാവരും പിന്നീടൊരു കുടുംബമായി .

HM രുഗ്മിണി ടീച്ചർ പിറ്റേ വർഷം റിട്ടയർ ചെയ്ത് സ്വദേശമായ ആലുവയിലേക്ക് പോയ ശേഷം സ്ഥിരമായി കത്ത് വരും .സൂക്ഷിച്ചു വെച്ചിട്ടുണ്ട് . കത്ത് തുടങ്ങുന്നത് - "പ്രിയമകനേ " എന്നും അവസാനിക്കുന്നത് - "എന്ന് സ്വന്തം അമ്മ"- എന്നുമായിരിക്കും.

ഇപ്പോഴുംസ്കൂളിലെ ഓഫീസ് കെട്ടിടത്തിൻ്റെ അങ്ങേയറ്റത്തെ ഒരു മുറിയിലെ മുലയിൽ പൊടിപടലാലംകൃതമായി അന്ന് വരച്ച (1984) ആയമ്മയുടെ ഛായാചിത്രമുണ്ട്. സ്വപ്ന സഞ്ചാരത്തിൻ്റെ പാതിരാക്കയത്തിൽ നിന്നും ചിലപ്പോൾ ആ ചിത്രം ഉയിർത്തു വരും. ഒരു നേർത്ത സ്വരം

നെഞ്ചിൽത്തട്ടി പ്രതിദ്ധ്വനികളില്ലാതെ അവസാനിക്കും . " പ്രിയ മകനേ........."

എവിടെ നിന്നോ വന്ന് ജന്മാന്തരത്തിൻ്റെ നനുത്ത തൂവലാൽ തലോടി കടന്നു പോയ പ്രിയപ്പെട്ട പി. രുഗ്മിണി വാരസ്യാർ എന്ന അമ്മേ, കടന്നു പോയ നാല് ദശാബ്ദകാലത്തെ ചാവശ്ശേരി സ്കൂൾ സ്മരണകളുടെ നിറം മങ്ങാത്ത പാലപ്പൂക്കൾ ആ ദേവപാദങ്ങളിൽ സമർപ്പിക്കട്ടെ....... 🙏

                        - കെ.ജോയ് കുമാർ