വി.പി.യു.പി.എസ് കാലടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rakhi Nandanan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാപീഠത്തിന്റെ ചരിത്രവഴികൾ

എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം അത്രയൊന്നും എളുപ്പമല്ലാതിരുന്ന ഒരു കാലത്താണ് ഒരു സമൂഹത്തെ സാക്ഷരരാക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാപീഠം യു.പി. സ്‌കൂൾ സ്ഥാപിതമാകുന്നത്.

1950 ൽ കാലടി അംശത്തിൽ കീഴ്‌മുറി ദേശം ജനസംഖ്യയിൽ സാമാന്യം സാന്ദ്രത കൂടിയതായിരുന്നു. തൊട്ടടുത്തുള്ള മാണൂരിനും , കീഴ്മുറിക്കും കൂടി വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കേണ്ടിയിരുന്നത് മാണിയൂർ എ.എം.എൽ.പി. സ്‌കൂളിനെയും, കാലടി ഗവണ്മെന്റ് എൽ.പി. സ്‌കൂളിനെയും ആയിരുന്നു. അഞ്ചാംതരം കഴിഞ്ഞവർ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾ തൃക്കണാപുരം, വട്ടംകുളം എന്നീ യു.പി. സ്‌കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനായി ഏകദേശം 5 കി.മി. ദൂരം ഓരോ സ്ഥലത്തേക്കും നടക്കണം. അപ്പോഴാണ് കാലടിയിൽ ഒരു യു.പി. സ്‌കൂൾ തുടങ്ങുക എന്ന ആശയം രൂപപ്പെട്ടതും സ്‌കൂളിനായി അപേക്ഷിച്ചതും.

27 കുട്ടികളും രണ്ട്‌ അധ്യാപകരുമായി ഒരു പീടികയുടെ മുറികളിലാണ് ആറാം ക്ലാസ് തുറന്ന് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അടുത്തകൊല്ലം 7, 8 ക്ലാസുകൾ ഒന്നിച്ചു തുറന്നു. പിന്നീട് ഇന്ന് സ്‌കൂൾ നിൽക്കുന്ന സ്ഥലം വാങ്ങി ഷെഡ് കെട്ടി സ്‌കൂൾ നടത്തി.

ആദ്യത്തെ മാനേജർ സാമ്പത്തിക പ്രയാസത്തിലായതോടെ, അധ്യാപകരായ നാലുപേർ മാനേജ്‌മന്റ് ഏറ്റെടുത്തു. ശ്രീ. എ. രാവുണ്ണിനായർ, വി.വി. ഭാസ്കരമേനോൻ, ഇ.വി. രാധാകൃഷ്‍ണൻനമ്പ്യാർ, ശ്രീമതി. ടി. ജാനകി എന്നിവരായിരുന്നു മാനേജ്‌മന്റ് അംഗങ്ങൾ.

നല്ല കെട്ടിടം പണിത് സ്ഥിരമായ അംഗീകാരം 1960 ൽ ആണ് ലഭിച്ചത്. അതുവരെ അംഗീകാരം ഓരോ കൊല്ലവും പുതുക്കുകയായിരുന്നു. പിന്നീട് എൽ.പി. യിൽ നിന്ന് അഞ്ചാം ക്ലാസ് വേർപെടുത്തി യു.പി.യോട് ചേർക്കുകയും എട്ടാം ക്ലാസ് യു.പി.യിൽ നിന്നും വേർപെടുത്തി ഹൈസ്കൂളിനോട് ചേർക്കുകയും ചെയ്‌തപ്പോൾ ഓരോ ക്ലാസും 2 ഡിവിഷൻ വീതം അനുവദിച്ചുകിട്ടി

ഇപ്പോൾ സ്ഥിരമായി 3 നില കെട്ടിടത്തിൽ 12 ക്ലാസ്സ്മുറികളിലായി ശ്രീ വി.വി. ഭാസ്കരമേനോന്റെ മാനാജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 5,6,7 ക്ലാസ്സുകളിലായി 9 ഡിവിഷൻ ഉണ്ട്‌. ഇതിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആണ്.