എ എൽ പി എസ് പൂപ്പത്തി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

പാടങ്ങളും, തോടുകളും, കുണ്ടൻ ഇടവഴികളും മാത്രമുള്ള ഒരു ഗ്രാമമായിരുന്നു അന്ന്. അന്നത്തെ ആളുകൾ വിദ്യാഭ്യാസത്തിനായി നടന്നും കടത്തുകൾ കടന്നുമാണ് ദൂരസ്ഥലങ്ങളിൽ പോയി വിദ്യ അഭ്യസിച്ചിരുന്നത്. ചുള്ളൂർ, തൻകുളം, മഠത്തിക്കാവ് എന്നീ ക്ഷേത്രങ്ങളായിരുന്നു ജനങ്ങളുടെ ആരാധനകേന്ദ്രങ്ങൾ. അന്നമനട, മാള, കുഴൂർ, എരവത്തൂർ, കൊച്ചുകടവ്, വെണ്ണൂർ, കോട്ടമുറി എന്നിവ സമീപ പ്രദേശങ്ങളാണ് .90 വർഷങ്ങൾക്ക് അജ്ഞാനത്തിന്റെ അന്ധകാരം മുറ്റി നിന്നിരുന്ന കാല ഘട്ടത്തിൽ വിജ്ഞാനത്തിന്റെ പ്രഭാ പൂരം പകരുന്നതിനു വേണ്ടിയാണ് പൂപ്പത്തി എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥാപിതമായത്.

കർഷകരും കർഷകതൊഴിലാളികളും കൂലിപ്പണിക്കാരും മാത്രമുണ്ടായിരുന്ന ഈ ഗ്രാമത്തിൽ ഭൂരിപക്ഷം വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന ലക്ഷ്യം. അത് കൊണ്ടാണ് ഈ സരസ്വതി ക്ഷേത്രത്തിനു അന്തരിച്ച സ്ഥാപക മാനേജർ ശ്രീ. കെ. ആർ. കറപ്പൻ അധ:കൃതോദ്ധാരണി ലോവർ പ്രൈമറി സ്കൂൾ പൂപ്പത്തി എന്ന് നാമകരണം ചെയ്തത്.

അന്ന് 175 കുട്ടികളോടെ ഇന്നത്തെ മേയ്ക്കാട്ടുകുളത്തിന്റെ സമീപത്തായിരുന്നു ഈ സ്ഥാപനം. 1114-ലെ കൊടുങ്കാറ്റിൽ ഈ വിദ്യാലയത്തിന്റെ ഓലകെട്ടിടം നിലം പൊത്തുകയും തുടർന്ന് ഈ വിദ്യാലയം വടക്കേ പൂപ്പത്തിയിലെ ഇപ്പോഴുള്ള ഈ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം  ഈ വിദ്യാലയത്തിന്റെ മാനേജ്‍മെന്റ് മാറുകയും ശ്രീമാൻ അമ്പൂക്കൻ അഗസ്തി കുറേക്കാലം മാനേജരായി തുടരുകയും ചെയ്തു.

പിന്നീട് ഈ വിദ്യാലയത്തിന്റെ അധ്യാപകനും മാനേജരുടെ മൂത്തമകനുമായ ശ്രീ. എ. എ. തൊമ്മൻ മാസ്റ്റർ മാനേജരായി.ഇപ്പോഴത്തെ മാനേജർ കൊരട്ടി . എം എ എം ഹയർ  സെക്കന്ററി സ്കൂളിൽ നിന്നും പ്രധാന  അധ്യാപകനായി വിരമിച്ച  ശ്രീ എ. എ തോമസ് മാസ്റ്റർ ആണ് ഇദ്ദേഹം മുൻ മാനേജർ ആയ  തൊമ്മൻ മാസ്റ്ററുടെ ചെറു  മകനാണ്  .

ഈ സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. തൈവാലത്ത് കൃഷ്ണൻ മാസ്റ്ററായിരുന്നു. തുടർന്ന് ശ്രീ. കുമാരൻ മാസ്റ്റർ, ശ്രീ. പരമേശ്വരൻ മാസ്റ്റർ, ശ്രീ. കുര്യാക്കോസ് മാസ്റ്റർ, ശ്രീമതി. ജാനകി ടീച്ചർ, ശ്രീമതി. ലക്ഷ്മി കുട്ടി ടീച്ചർ, ശ്രീമതി. മോളി ടീച്ചർ, ശ്രീമതി. സി. എൻ. കരുണ ടീച്ചർ എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ. എ. എ. ജോസ് മാസ്റ്റരാണ്. ശ്രീ. നാരായണകുറുപ്പ് മാസ്റ്റർ, ശ്രീ. കെ. കെ. ജോസഫ് മാസ്റ്റർ, ശ്രീ. ചാക്കപ്പൻ മാസ്റ്റർ, ശ്രീമതി. കുഞ്ഞാരമ്മ ടീച്ചർ, ശ്രീമതി. മല്ലിക ടീച്ചർ, ശ്രീ. ഡേവിസ് മാസ്റ്റർ, ശ്രീ. എം. എ. ജോസ് മാസ്റ്റർ, ശ്രീമതി. എ. ടി. മേരി ടീച്ചർ, ശ്രീമതി. ലീലാവതി ടീച്ചർ,ശ്രീമതി. സാറാമ്മ ടീച്ചർ, ശ്രീ. സി. എസ്സ്. കൃഷ്ണൻ മാസ്റ്റർ എന്നിവർ സഹ അധ്യാപകരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഉച്ചഭക്ഷണത്തിൽ സഹായിച്ചിരുന്നത് വളപ്പിൽ ചാക്കു ചേട്ടനും വീരോണി ചേടത്തിയും, ചന്ദ്രൻ നായരും ആയിരുന്നു. ഇപ്പോൾ 47 വർഷമായി വളപ്പിൽ സേവ്യാർ ഭാര്യ ലൂസി ചേച്ചിയാണ് ഉച്ച ഭക്ഷണം പാചകം ചെയ്യുന്നത്.

പ്രഗത്ഭരായ ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, വ്യവസായപ്രമുഖർ, അധ്യാപകർ, കലാകാരന്മാർ, സാഹിത്യകാരന്മാർ, ചെസ്സ് കളിക്കാർ, മുൻസിഫ് ജഡ്ജി, ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാർ തുടങ്ങിയ നാനാതുറകളിൽപെട്ടവരും ഈ വിദ്യാലയത്തിന്റെ സന്തതിപരമ്പരയിൽ പെട്ടവരാണ്.

പിന്നീട് 4 ഡിവിഷനുകളും 100 ൽ താഴെ കുട്ടികളുമായി ചുരുങ്ങി. അതിനു കാരണം പരിസര പ്രദേശങ്ങളിൽ പുതുതായി വന്ന വിദ്യാലയങ്ങളും, ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവുമാണ്.ഇന്നിപ്പോൾ L K G മുതൽ IV Th std വരെ  ഇംഗ്ലീഷ് മീഡിയം  വിദ്യാലയമായി ജനങ്ങളുടെ  ഇഷ്ടത്തിനൊത്ത് നീങ്ങുന്നു.വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ വിദ്യാലയമായി മാറിയതിനാൽ 2006, 2008 വർഷങ്ങളിൽ തുടങ്ങി പിന്നീടുള്ള വർഷങ്ങളിലും ഉള്ള രണ്ട് പുതിയ ഒഴിവുകൾ എല്ലാം ഗവൺമെന്റാണ് നികത്തി വരുന്നത്. PTA, Old students, മാനേജ്‍മെന്റ്  ടീച്ചേർസ് എല്ലാവരും ചേർന്ന് ഈ വിദ്യാലയം അടച്ചുറപ്പ് ആക്കുകയും ടൈൽ വിരിക്കുകുകയും അതോടൊപ്പം തന്നെ ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം എന്നിവ നവീകരിക്കുകയും ചെയ്തു .M L A ഫണ്ടിൽ നിന്നും അനുവദിച്ച തുകയ്ക്ക് പുതിയ പാചകപുര പൂർത്തീകരിച്ചു വരുന്നു.ഇന്നിപ്പോൾ സ്കൂളിലെ പ്രധാന അധ്യാപകൻ ആയി ശ്രീ.എ. എ. ജോസ് മാസ്റ്ററും ശ്രീമതി റോസിലി ടീച്ചറും ആണ് ഉള്ളത്. ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന  2  അധ്യാപകരും ഉണ്ട്.