ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 29 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsmulloorpanavila (സംവാദം | സംഭാവനകൾ) ('വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവേശന കവാടമായ മുല്ലൂരിന് പ്രൗഢമായ ഒരു ചരിത്രം പറയാനുണ്ട്. ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വിഴിഞ്ഞത്തോടു ചേ‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവേശന കവാടമായ മുല്ലൂരിന് പ്രൗഢമായ ഒരു ചരിത്രം പറയാനുണ്ട്. ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വിഴിഞ്ഞത്തോടു ചേ‍ർന്നു കിടക്കുന്ന പ്രകൃതിരമണീയമായ ഒരു കടലോര ഗ്രാമമാണ് മുല്ലൂർ. വിവിധ ജാതിമതസ്ഥരായ ആളുകൾ ഏകോദര സഹോദരങ്ങളെപ്പോലെ വസിക്കുന്ന സ്ഥലമാണിത്. പിൽക്കാലത്ത് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഭരണസമിതിയായ എട്ടരയോഗത്തിൽ അംഗമായ മുട്ടവിള പോറ്റിയുടെ അധീനതയിലായിരുന്നു ഈ പ്രദേശം. കാലാന്തരത്തിൽ സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിലുണ്ടായ മാറ്റത്തെത്തുടർന്ന് ഈ പ്രദേശം ഇന്ന് അധിവസിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ കൈകളിലേക്ക് എത്തപ്പെട്ടു.

പ്രദേശത്തിന്റെ സ്ഥാനം:

തിരുവനന്തപുരം നഗരസഭയുടെ 60-ാം ഡിവിഷനായ മുല്ലൂർ പടിഞ്ഞാറ് അറബിക്കടലിനും തെക്കും കിഴക്കും കോട്ടുകാൽ പഞ്ചായത്തിനും വടക്ക് തിരുവനന്തപുരം നഗര സഭയുടെ കോട്ടപ്പുറം, വെങ്ങാനൂർ ഡിവിഷനുകൾക്കും മദ്ധ്യേ (അക്ഷാംശം 8.3662730”, രേഖാംശം 77.0090626) സ്ഥിതിചെയ്യുന്നു.

ഭൂപ്രകൃതിയും കാലാവസ്ഥയും :

അറബിക്കടലിനോട് തീരം പങ്കിടുന്ന സുന്ദരമായ ഒരു തീരപ്രദേശമാണ് മുല്ലൂർ. തിരുവനന്തപുരം ജില്ലയിൽ വടക്ക് വർക്കല കഴിഞ്ഞാൽ തീരത്തോടു ചേർന്ന് കുന്നുകളുളള ഏക പ്രദേശമാണിത് . കേരളതീരത്ത് ഏറ്റവും ആഴം കൂടിയ തീരപ്രദേശം കൂടിയാണിത് . അതുകൊണ്ടുതന്നെ പ്രാചീനകാലം മുതൽ കപ്പൽ ഗതാഗതത്തിന് ഇവിടം പ്രസിദ്ധമായിരുന്നു. പ്രാദേശിക ഭക്ഷ്യവിഭവമായ 'മുല്ലൂർ ചിപ്പി' സമൃദ്ധമായി വളർന്നിരുന്ന പാറക്കെട്ടുകളാൽ സമ്പുഷ്ടമായിരുന്നു ഈ കടൽത്തീരം. കുന്നുകളാൽ ചുറ്റപ്പെട്ട വയലേലകളും ജലസമ‍ൃദ്ധമായനീരുറവകളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. കൃഷിക്കനുയോജ്യമായ ചരൽ നിറഞ്ഞ ചെമ്മണ്ണാണ് ഇവിടെയുളളത് . കേരളതീരത്തിന്റെ പൊതുവായ കാലാവസ്ഥ തന്നെയാണ് ഈ പ്രദേശത്തുമുളളത് .

സ്ഥലനാമ ചരിത്രം:

പനവിള, നെല്ലിക്കുന്ന് , കാവേരിക്കാട് , മുല്ലൂർ, കരിക്കത്തിക്കുഴി, തലയ്ക്കോട് എന്നീപ്രദേശങ്ങൾ ചേർന്നതാണ് മുല്ലൂർ ഗ്രാമം. ആയ് രാജവംശകാലത്ത് സൈനികത്താവളം (മല്ലന്മാരെ അധിവസിപ്പിച്ചിരുന്ന സ്ഥലം) ആയിരുന്നു ഈ പ്രദേശമെന്നും മല്ലന്മാരുടെ ഊര് മുല്ലൂരായി പരിണമിച്ചു എന്നും വാദമുണ്ട്. സംഘകാലത്ത് ഭൂപ്രകൃതിയനുസരിച്ച് നാടിനെ ഐന്തിണകളായി വിഭജിച്ചിരുന്നു. മരുതം, മുല്ലൈ, പാലൈ, കുറിഞ്ചി, നെയ്തൽ എന്നിവയാണ് . ഇതിൽ മുല്ലൈ ഊരായിരിക്കാം മുല്ലൂരായി പരിണമിച്ചത്. പന തിങ്ങി നിറഞ്ഞിരുന്ന പ്രദേശം പനവിളയായി. കാവേരിക്കാട് പഴയ നിബിഡ വനപ്രദേശമായിരുന്നു.

ചരിത്രശേഷിപ്പുകൾ :

ഇതിഹാസ കഥാപാത്രങ്ങളായ പഞ്ചപാണ്ഡവന്മാരും മാതാവ് കുന്തിയും ഭാര്യ പാഞ്ചാലിയും അജ്ഞാതവാസക്കാലത്ത് ഇവിടെ ചെലവഴിച്ചിട്ടുണ്ടെന്ന് ഹിന്ദുക്കളുടെയിടയിൽ ഐതിഹ്യം പ്രചാരത്തിലുണ്ട് . പാണ്ഡവർ ജലപാനം ചെയ്യാൻ ഉണ്ടാക്കിയതെന്ന് വിശ്വാസികൾ കരുതുന്ന ഒരു കിണ്ണിക്കുഴി ഇവിടെയുണ്ട് . ഗ്രാമീണ വായനശാലയോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ഒരു റേഡിയോപാർക്ക് ഇവിടെയുണ്ട് .

സാമൂഹിക-സാംസ്കാരിക വ്യവസ്ഥിതികൾ:

മുല്ലൂരിന്റെ ലഭ്യമായ ചരിത്രമനുസരിച്ച് ഈ പ്രദേശം മുട്ടുവിള മഠത്തിന്റെ അധീനതയിലായിരുന്നു. ഇവിടെയുണ്ടായിരുന്ന മഠത്തിന്റെയും അവർ സ്ഥാപിച്ച ക്ഷേത്രങ്ങളുടെയും ദൈനംദിന നടത്തിപ്പിനായി പല പ്രദേശങ്ങളിൽ നിന്നായികൊണ്ടുവന്ന് അധിവസിപ്പിച്ച വിവിധ തൊഴിലുകളിൽ നിപുണരായ വ്യത്യസ്ത ജനവിഭാഗങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. കൂടാതെ പ്രദേശിക തൊഴിൽ ലഭ്യതയനുസരിച്ച് കുടിയേറിപാർത്തവരും ഇവിടെ അധിവസിക്കുന്നു. വ്യവസ്ഥയുടെ കേരളത്തിൽ അങ്ങോളമിങ്ങോളമുളളതുപോലെ ജന്മി കുടിയാൻ ഉച്ചനീചത്വങ്ങൾ ഒരു കാലഘട്ടത്തിൽ ഇവിടെയുണ്ടായിരുന്നു. ഇന്ന് നാനാജാതിമതസ്ഥരായ ജനവിഭാഗം ഒത്തൊരുമയോടെ ഇവിടെ അധിവസിക്കുന്നു.

ആരാധനാലയങ്ങൾ:

വിവിധ മതവിഭാഗങ്ങളുടെ നിരവധി ആരാധനാലയങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു. മുല്ലൂർ ശ്രീകൃഷ്ണ-ശിവ-നാഗർ ക്ഷേത്രം, മുല്ലൂർ ശ്രീഭദ്രകാളി ദേവീക്ഷേത്രം, കാവേരിക്കാട് ശ്രീധർമ്മശാസ്താക്ഷേത്രം, തോട്ടം നാഗർ ക്ഷേത്രം, പനവിളക്കോട് ചാമുണ്ഡിദേവീ ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങൾക്കൊപ്പം നിരവധി കുടുംബക്ഷേത്രങ്ങളുമുണ്ട്. കൂടാതെ ലത്തീൻ കത്തോലിക്ക, മലങ്കര കത്തോലിക്ക, സി.എസ്.ഐ., പെന്തക്കോസ്ത് മിഷൻ എന്നീ വിഭാഗങ്ങളുടെ ക്രൈസ്തവ ആരാധനാലയങ്ങളും‍ ഇവിടെയുണ്ട്. മതവ്യത്യാസമില്ലാതെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും എല്ലാവരും സഹകരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ:

മുല്ലൂർ പ്രദേശത്തെ ഏക സർക്കാർ യു.പി. വിദ്യാലയമാണ് ഗവ.യു.പി.എസ് . മുല്ലൂർ പനവിള. പനനിന്ന പുത്തൻവീട്ടിൽ ശ്രീ നാരായണൻ നാടാർ‍ 1888-ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. സമീപ പ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങളില്ലാതിരുന്ന അക്കാലത്ത് തന്റെ മകളും വികലാംഗയുമായിരുന്ന കാർത്ത്യായനിക്ക് വിദ്യാഭ്യാസം ചെയ്യാനാണ് സ്കൂൾ ആരംഭിച്ചത്. 18 സെന്റ് ഭൂമിയിൽ വെട്ടുകല്ലുകൊണ്ടുളള ചുമരുകളും ഓലമേഞ്ഞതുമായ ഒരു ഷെഡിലായിരുന്നു. വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം. നാരായണൻ നാടാരുടെ കുടുംബപേരായ പനവിള എന്ന നാമം ചേർത്ത് പനവിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് .

1942-ൽ നാരായണൻ നാടാരുടെ മരണത്തെത്തുടർന്ന് ജ്യേഷ്ഠപുത്രനായ ശ്രീ കേശവൻ നാടാർ 1947-48 അദ്ധ്യയന വർഷത്തിൽ തന്റെ പേരിലുണ്ടായിരുന്ന പനവിള സ്കൂൾ ഒരു രൂപ ഇഷ്ടദാന പ്രതിഫലമായി കൈപ്പറ്റിസർക്കാരിന് കൈമാറി. 1965-66 ൽ ഗവ.യു.പി.എസ് പനവിള എന്ന് പുനർ നാമകരണം ചെയ്യുകയും യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. കൂടാതെ 1921 ൽ മുക്കോല വൈദ്യശാല വീട്ടിൽ ശ്രീ.പി.പൊന്നയ്യൻ നാടാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച ലക്ഷ്മീ വിലാസം ഗേൾസ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഗവ.എൽ.വി.എൽ.പി.എസ് . മുല്ലൂരും 1914-ൽ കടയ്ക്കുളത്ത് മുട്ടവിള മഠത്തിൽ ക‍ൃഷ്ണൻപോറ്റി ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്ഥാപിച്ച കൃഷ്ണവിലാസം വഞ്ചിയൂർ‍ പകുതിയിൽ എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ‍ഗവ.കെ.വി.എൽ.എസ് മുല്ലൂരും 1907-ൽ പെൺകുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.പൊന്നയ്യൻ നാടാർ സ്ഥാപിച്ച ഗവ.എൽ പി.എസ് . കിടാരക്കുഴിയും ഈ പ്രദേശത്തെ മറ്റു വിദ്യാലയങ്ങളാണ് .

പൊതുസ്ഥാപനങ്ങൾ:

മുക്കോല സാമൂഹികാരോഗ്യകേന്ദ്രം, ഗവ.ഹോമിയോ ആശുപത്രി, കിടാരക്കുഴി സർവ്വീസ്സഹകരണബാങ്ക് , മുല്ലൂർ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് , വായനശാല, പോസ്റ്റ് ഓഫീസ് ,വില്ലേജ് ഓഫീസ് , അംഗനവാടി, ബാങ്ക് ഓഫ് ഇന്ത്യയുടെ വിഴിഞ്ഞം ശാഖ, ക്ഷീര സഹകരണ സംഘം, പൊതുചന്തകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങൾക്കൊപ്പം വിഷ-മർമ്മ ചികിത്സാ കേന്ദ്രങ്ങൾ, ജ്യോതിഷാലയങ്ങൾ, കളരിസംഘം, ആർട് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ, നിരവധി റിസോർട്ടുകൾ, സ്വകാര്യ ആശുപത്രികൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .

കൃഷിയും കൃഷിരീതികളും:

വിശാലമായ ഒരു വയൽപ്രദേശം ഇവിടെ ഉണ്ടായിരുന്നു. രണ്ടുവിള നെൽക്കൃഷിയും ഇടവിളയായി മധുരക്കിഴങ്ങും കൃഷി ചെയ്തിരുന്നു. ഇവിടെ നിന്നു ലഭിച്ചിരുന്ന മധുരക്കിഴങ്ങിന് സവിശേഷമായ സ്വാദുണ്ടായിരുന്നു. ഇന്ന് നെൽക്കൃഷി പാടേ അപ്രത്യക്ഷമായി. പകരം മരച്ചീനി, വാഴ, പച്ചക്കറികൾതുടങ്ങിയവ കൃഷി ചെയ്തുവരുന്നു. നിർഭാഗ്യവശാൽ ഈവയലേലകളുടെ ഭൂരിഭാഗവും ഇന്ന് തുറമുഖ നിർമ്മാണത്തിന്റെ ആവശ്യത്തിനായി മണ്ണിട്ട് നികത്തിക്കഴിഞ്ഞു. കരപ്രദേശത്ത് മരച്ചീനി, തെങ്ങ് , പയർ, കടല, എള്ള് , കാണം, ഉഴുന്ന് , ചാമ, വെറ്റില തുടങ്ങിയവയൊക്കെ കൃഷി ചെയ്തിരുന്നു. ഇന്ന് പയർ, ധാന്യവിളകൾ ഒഴികെയുളള കൃഷിയിനങ്ങൾ നിലനിൽക്കുന്നു.

പ്രാദേശിക ഭക്ഷണരീതികൾ:

മുല്ലൂരിന്റെ തനതുവിഭവം എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടത്തെ കടൽത്തീരത്തെ പാറകളിൽ സുലഭമായിരുന്ന ചിപ്പി. ചിപ്പിയും മരച്ചീനിയും ഒന്നിച്ചു ചേർത്ത് വേവിച്ചെടുക്കുന്ന ഭക്ഷണം വളരെ പ്രസിദ്ധമാണ്. കൂടാതെ കടൽ വിഭവങ്ങളായ ശംഖ് , കല്ലുറാൾ, മൂര എന്നിവയും ഇവിടെ സുലഭമായിരുന്നു. കേരളത്തിന്റെ തനതു ഭക്ഷണമായ അരി വിഭവങ്ങൾ തന്നെയാണ് ഇവിടെയുളളവരുടെയും പ്രധാന ആഹാരം.

കൈത്തൊഴിലുകളും ഉൽപ്പന്നങ്ങളും:

പ്രാദേശിക വിഭവങ്ങളിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് ധാരാളംകൈത്തൊഴിലുകൾ ചെയ്തിരുന്നു. കയർ നിർമ്മാണം, ചുണ്ണാമ്പ് നിർമ്മാണം, പനയോല കൊണ്ടുളള ഉൽപ്പന്നങ്ങളുടെ നിർമ്മാണം, നെയ്ത്ത്, തെങ്ങിൻ തൈ ഉൽപാദനം, വഴുത കൊണ്ടുണ്ടാക്കുന്ന കല്ല്റാൾ കൂട് നിർമ്മാണം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ് .

ജനജീവിതം:

വ്യത്യസ്ത തൊഴിൽ മേഖലകളിൽപ്പെടുന്ന ജനങ്ങൾ അധിവസിക്കുന്ന ഒരു പ്രദേശമാണിത്. തീര പ്രദേശമായതിനാൽ കടലുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരും കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവരും തെങ്ങുകയറ്റത്തൊഴിലാളികളും കൂലിപ്പണിക്കാരും മരപ്പണിക്കാരും ക്ഷീര കർഷകരും കെട്ടിട നിർമ്മാണ ത്തൊഴിലാളികളും ഈ പ്രദേശത്ത് തിങ്ങിപ്പാർക്കുന്നു. കൂടാതെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവരും ഇവിടെയുണ്ട്.വിദ്യാഭ്യാസപരമായും സാംസ്കാരികമായും വളരെയധികം പുരോഗതി പ്രാപിക്കുവാൻ ഇന്ന് ഈ നാടിന് കഴിഞ്ഞിട്ടുണ്ട്.

ആയ് രാജവംശത്തിലൂടെ അറിയപ്പെട്ടിരുന്ന മൂല്ലൂർ അന്താരാഷ്ട്ര തുറമുഖത്തിന്റെ വരവോടുകൂടി ഇന്ന് മറ്റൊരുവിധത്തിൽ ലോകപ്രശസ്തിയാർജ്ജിക്കുകയാണ്. വിനോദ സഞ്ചാരത്തിന് പേരുകേട്ട ഈ കടൽത്തീരം കപ്പൽഗതാഗതത്തിന് വഴിമാറുകയാണ്. നെല്ല് വിളഞ്ഞിരുന്ന വയലേലകൾ കണ്ടെയ്നറുകളുടെ ഗതാഗതത്തിനായി വഴിമാറുകയാണ്. ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങൾ വ്യാവസായിക കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. കൈത്തൊഴിലുകൾക്കും കുലത്തൊഴിലുകൾക്കും പകരം തുറമുഖ അനുബന്ധ മേഖലയിലേയ്ക്ക് ജനങ്ങൾ മാറ്റപ്പെടുന്നു.

കൃഷിയിടങ്ങളും തൊഴിലിടങ്ങളും അന്യവത്ക്കരിക്കപ്പെട്ട ഈ പ്രദേശം അന്താരാഷ്ട്ര തുറമുഖത്തിലൂടെ ഉയർത്തെഴുന്നേൽക്കുമെന്ന് പ്രത്യാശിക്കുന്നു.