2022-23 വരെ2023-242024-25


പ്രവേശനോത്സവം

2023-2024 അധ്യയന വർഷത്തെ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾ സ് ഹയർ സെക്കന്ററി സ്കൂളിന്റെ പ്രവേശനോത്സവത്തിന് ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ചെണ്ടമേളത്തിന്റെയും പ്രവേശന ഗാനത്തിന്റെയും അകമ്പടിയോടെ തുടക്കം കുറിച്ചു. ഈ അവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ ക്രിസ്റ്റീനാ സി എം സി സ്വാഗതം ആശംസിച്ചു.സി. എം. സി കാർമേൽഗിരി പ്രൊവിൻസിന്റെ എഡ്യൂക്കേഷണൽ കൗൺസിലറും സ്കൂൾ പ്രിൻസിപ്പളും ആയ സിസ്റ്റർ പ്രീതി സി. എം. സി അധ്യക്ഷ പദം അലങ്കരിച്ച ചടങ്ങിൽ വീശിഷ്ടാതിദികളായിരുന്ന കൂമ്പൻപാറ ഫാത്തിമ മാതാ ഫോറോന പള്ളി വികാരി ഫാദർ ജോസഫ് വെളിഞ്ഞാലിൽ , വാർഡ് മെമ്പർ ശ്രീ രാജൂ സാർ, സ്കൂൾ പി ടി എ പ്രസിഡന്റ്‌ അഡ്വ. പ്രവീൺ ജോർജ് എന്നിവർ തിരി തെളിയിച്ച ശേഷം ആശംസകൾ അർപ്പിച്ചു. ഫാദർ ജോസഫ് വെളിഞ്ഞാലി കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്തു. കുരുന്നു പ്രതിഭകളുടെ കലാവിരുന്നു കൂടിയായപ്പോൾ ഈ സമ്മേളനം വർണ്ണാഭമായി. ഒപ്പം ഇക്കഴിഞ്S S L C പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി സ്കൂളിനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച പ്രതിഭകളെ മെഡലുകൾ നൽകി ആദരിക്കാൻ ഈ വിശേഷവസരം പ്രയോജനപ്പെടുത്തുകയുണ്ടായി. സ്റ്റാഫ്‌ റപ്രസന്റെറ്റീവ് സിസ്റ്റർ റീമ കൃതജ്ഞത അർപ്പിച്ചു.11.20 ന് ദേശീയ ഗാനത്തോട് കൂടി ഈ ചടങ്ങ് സമാപിച്ചു. പേജുകളിൽ തലക്കെട്ട് സൃഷ്ടിക്കാൻ:

പഠനപ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനം

കൂമ്പൻപാറ ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം 05/06/2023 തിങ്കൾ വിപുലമായി നടത്തി. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്ന 2023 പ്രമേയത്തെ മുൻനിർത്തി കുട്ടികൾ പ്രബന്ധം അവതരണം നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈ നടുകയും അതോടൊപ്പം കുട്ടികൾ വീടുകളിലും വൃക്ഷത്തൈ നടുകയും ചെയ്തു കുട്ടികൾ ക്ലാസിൽ വിത്തുകൾ കൊണ്ടുവന്ന് കൈമാറ്റം നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,ക്വിസ്, ചുമർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം , പരിസ്ഥിതി ദിന റാലി എന്നിവ നടത്തുകയും ചെയ്തു.നമ്മുടെ ഹരിതഭൂമി ഹരിതമായി തന്നെ നിൽക്കട്ടെ പ്രാണവായു നഷ്ടമാകാതിരിക്കട്ടെ..........

വായന ദിനാചരണം ഉദ്ഘാടനം.

 
reading day

ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ അമരക്കാരൻ ആയിരുന്ന പി എൻ പണിക്കരുടെ സ്മരണാർത്ഥമാണ് വായനാദിനം ആചരിക്കുന്നത്.വായന ഒരു അനുഭവമാണ് അനുഭൂതിയാണ്.കണ്ണും കാതും തുറന്നു വച്ചാൽ ഈ പ്രപഞ്ചത്തിൽ നിന്ന് നമുക്ക് പലതും വായിച്ചെടുക്കാം.പ്രകൃതി തന്നെ ഒരു തുറന്ന പാഠപുസ്തകമാണ്.വായിക്കാനുള്ള ക്ഷമയും ക്ഷമതയും ആണ് ഓരോ വിദ്യാർത്ഥിക്കും വേണ്ടത്.ഗുരുക്കന്മാരെ പോലെ തന്നെ അറിവ് പകർന്നു നൽകുന്ന നിധിശേഖരങ്ങളാണ് ഗ്രന്ഥങ്ങൾ .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ഉദ്ഘാടനംശ്രീ സത്യൻ കോനാട്ട് നിർവഹിച്ചു.കോനാട്ട് പബ്ലിക്കേഷന്റെ സ്ഥാപകനും ഭാരത് സേവക് സമാജ് നൽകിയ അവാർഡ് ജേതാവും.അക്ഷരങ്ങളുടെ വഴിയെ അച്ചായൻ നാടകകൃത്ത് നടൻ കലാസാഹിത്യ സാംസ്കാരിക രംഗത്ത് തിളങ്ങുന്ന പ്രതിഭ പ്രസാദകൻ എന്ന നിലയിൽ ചെറുതും വലുതുമായ നിരവധി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ഒത്തിരിയേറെ പുരസ്കാരങ്ങളും ബഹുമതികളും സ്വന്തമാക്കിയിട്ടുള്ളശ്രീ സത്യം കോനാട്ട് ,കുട്ടികൾക്ക് വിവിധ തരത്തിലുള്ള പുസ്തകങ്ങൾ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.അതിൽ നോവലും കഥയും കവിതയും നിരൂപണവും എല്ലാം അടങ്ങുന്നതായിരുന്നു പുസ്തകങ്ങൾ.വായനാദിനമായ ഇന്നേദിവസം വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന പ്രസംഗിച്ചു.കുട്ടികളുടെ പ്രതിനിധി ആയി നവോമി പ്രവീൺ കവിതാലാപനം നടത്തി.തുടർന്ന് ഇന്നേദിവസം കുട്ടികൾക്ക് എല്ലാവർക്കും ചെയ്യുന്നതിനായി രണ്ടു പ്രവർത്തനങ്ങൾ കൊടുത്തു വിടുകയുണ്ടായി.കുട്ടികൾ വായിച്ച പുസ്തകത്തിൻറെ കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും.കുട്ടികളുടെ രക്ഷിതാക്കൾ വായിച്ച പുസ്തകത്തിൻറെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും ഇന്നതിനും ആവശ്യപ്പെട്ടു.ഏറ്റവും നന്നായി കുറുപ്പ് തയ്യാറാക്കിയ കുട്ടിക്ക് സമ്മാനം കൊടുത്തു.

ജൂലൈ 21 - ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണം, പോസ്റ്റർ രചന എന്നിവ നടത്തി വിജയികളെ കണ്ടെത്തി.

സ്വതന്ത്ര വിജ്ഞ്നോത്സവം

 
IT Corner

വിവരവിനിമയ സാങ്കേതികവിദ്യയുടെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് ഇന്റർനെറ്റും മൊബൈൽഫോണും കമ്പ്യൂട്ടറും ഒന്നും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമല്ലായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. നൂതന സാങ്കേതികവിദ്യകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.

സാങ്കേതികവിദ്യ ഓരോ ദിവസവും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തിൽ നമ്മളും അതൊക്കെ മനസ്സിലാക്കിയാൽ മാത്രമേ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. അതിനായി വിജ്ഞാനത്തിന്റെയും നൂതന ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം സമൂഹത്തിലെ എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കേരള ഗവൺമെന്റ് കൈറ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുകയാണ്.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം പൊതുജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി കേരള ഗവൺമെന്റ് കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച് ഓഗസ്റ്റ് 12ന് നടത്തപ്പെട്ടു. അതിന്റെ ഭാഗമായിട്ട് നമ്മുടെ സ്കൂളിലും ഓഗസ്റ്റ് 9 മുതൽ 11 വരെ സ്വതന്ത്ര വിജ്ഞാനോത്സവം വിവിധ പരിപാടികളോടുകൂടി ഭംഗിയായി നടത്തപ്പെട്ടു. ഇതിന്റെ മുന്നോടിയായി കുട്ടികൾ മനോഹരമായി ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഫ്ലാഷ് മോബിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ഒരുപാട് അറിവുകൾ കുട്ടികളിലേക്ക് പകർന്നുനൽകി.

ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ഫ്രീഡം ഫെസ്റ്റിന്റെ സ്കൂൾതല ഉദ്ഘാടനം എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു നിർവഹിച്ചു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജി സെബാസ്റ്റ്യൻ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.തുടർന്ന് സ്വാതന്ത്ര്യ വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട കൈറ്റ് നൽകിയ സന്ദേശം വായിച്ചു. തുടർന്ന് കുട്ടികൾ ടെക്നോളജിക്ക് സോങ് ആലപിച്ചു. റോബോട്ടുകളുടെ വേഷവിധാനത്തിൽ കുട്ടികൾ വേദിയിൽ വന്നത് ഏറെ കൗതുകമുണർത്തി.

ഉച്ചകഴിഞ്ഞ് 2 മണിയോടെ ഐടി ലാബിൽ വെച്ച് സെമിനാർ ക്ലാസ് നടന്നു. മാതാപിതാക്കൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ സെമിനാറിന്റെ ലക്ഷ്യം. മനോഹരമായ സ്ലൈഡ് പ്രസന്റേഷനോട് കൂടിയാണ് കുട്ടികൾ ക്ലാസ് എടുത്തത്. മാതാപിതാക്കളോടൊപ്പം പൊതുജനങ്ങളും ഈ ക്ലാസ്സിൽ പങ്കെടുത്തു.റോബോട്ട് കളുടെ വേഷവിധാനങ്ങൾ ധരിച്ച കുട്ടികളാണ് മാതാപിതാക്കളെ ഐടി ലാബിലേക്ക് സ്വീകരിച്ചത്.

സ്വതന്ത്ര വിജ്ഞാന ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളിൽ ഏറ്റവും വിജ്ഞാന പ്രദവും കുട്ടികളിൽ കൗതുകം ഉണർത്തുന്നതുമായ ഒന്നായിരുന്നു ഐ. ടി കോർണർ പ്രദർശനം.

നിരവധിയായ പുതിയ കണ്ടുപിടിത്തങ്ങളും റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്താൽ പ്രവർത്തിക്കുന്ന നിരവധി യന്ത്രങ്ങളും ഇതിൽ ഉണ്ടായിരുന്നു. എക്സ്പ് ഐസ് പ്രോഗ്രാം, ഡാൻസിങ് എൽ.ഇ.ഡി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,റോബോ ഹെൻ ,ഓട്ടോമൊബൈൽ ഹെഡ് ലൈറ്റ് ഡിമ്മർ, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഗെയിംസ്,വിവിധ മൊബൈൽ ആപ്പുകൾ എന്നീ നിരവധിയായ കാര്യങ്ങൾ അടങ്ങിയതായിരുന്നു ഐടി കോർണർ.പുതിയ സാങ്കേതികവിദ്യയിലുള്ള കുട്ടികളുടെ അറിവ് വിശാലമാക്കുന്നതായിരുന്നു ഐടി കോർണർ പ്രദർശനം. അതിനോടൊപ്പം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച ഡിജിറ്റൽ പോസ്റ്ററുകളുടെയും പ്രദർശനവും ഉണ്ടായിരുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രയോജനപ്പെടുത്തി സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ മികവുകൾ എന്താണെന്നും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ മനോഹരമായ പോസ്റ്ററുകൾ നിർമ്മിച്ചത്.

ഓഗസ്റ്റ് പത്താം തീയതി സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി ക്വിസ് സംഘടിപ്പിച്ചു. രണ്ട് തലങ്ങൾ ആയിട്ടാണ് മത്സരം നടത്തിയത്. ആദ്യത്തെ ലെവലിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുകയും അതിൽനിന്ന് മികച്ച പോയിന്റ്സ് കരസ്ഥമാക്കിയ കുട്ടികളെ ലെവൽ 2 യിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ലെവൽ 2 ൽ ഏറ്റവും കൂടുതൽ പോയിന്റ് കിട്ടിയ മൂന്നു കുട്ടികൾക്ക് സമ്മാനം നൽകുകയും അനുമോദിക്കുകയും ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുക പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നടത്തിയതിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ ഫ്രീഡംഫെസ്റ്റ് സംഘടിപ്പിച്ചു. മാതാപിതാക്കളിലേക്കും നവതലമുറയായി വളർന്നുവരുന്ന കുരുന്നുകളിലേക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം മനസ്സിലാക്കാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്.

ഫ്രീഡം ഫെസ്റ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും ആദ്യം മുതൽ അവസാനം വരെ കുട്ടികൾ വളരെ സന്തോഷത്തോടെ പങ്കാളികളായി. പേര് പോലെ തന്നെ സ്വതന്ത്ര വിജ്ഞാനോത്സവം ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് സ്കൂളിൽ സൃഷ്ടിച്ചത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള അറിവ് കുട്ടികളിലേക്കും അധ്യാപകരിലേക്കും മാതാപിതാക്കളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കാൻ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സാധിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും.

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 11‍‍‍ാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നാടക സംവിധായകനും തിരക്കഥാകൃത്തും കലാകാരനുമായ ശ്രീ റോയി പീറ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റിന അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാരംഗം സ്കൂൾ കോ ഓർഡിനേറ്റർ ശ്രീ വിൽസൻ കെ.ജി. സ്വാഗതവും കുമാരി എയ്ഞ്ചലിൻ മരിയ സിജോ കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കുമാരി എൽക്കന സിബിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും രംഗാവിഷ്കാരവും മികച്ച നിലവാരം പുലർത്തി. കുടുംബ വഴക്കുകൾ കുഞ്ഞുങ്ങളെ എപ്രകാരമാണ് ബാധിക്കുന്നത് എന്ന് കുമാരി ആൻ സാറ ജസ്റ്റിൻ മോണോ ആക്ടിലൂടെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. കുമാരി ശ്രീനന്ദ പി.നായർ കവിത അവതരിപ്പിച്ചു.

സ്‍കാർഫ് ഡേ

 
Guiding Scarf Day

ഓഗസ്റ്റ് 1ന് നമ്മുടെ സ്കൂളിൽ വച്ച് സ്‌കൗട്ട് ആൻഡ് ഗൈഡ് സ്കാർഫ് ദിനം ആചരിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ് കുട്ടികളോടൊപ്പം അധ്യാപകരും സ്കാർഫ് അണി ഞ്ഞാണ് ദിനചാരണം വർണാഭമാക്കിയത്.നമ്മുടെ ഹെഡ്‍മിസ്‍ട്രസ് സിസ്റ്റർ ക്രിസ്റ്റീനക്കു സ്കാർഫ് അണിയിച്ചു കൊണ്ടാണ് ഉത്ഘാടനം നടത്തിയത്. തുടർന്ന് സ്കൂളിൽ പുതിയതായി തുടങ്ങിയ ബുൾബു ൾനും (എൽ.പി),ബണ്ണിക്കും ( കെ.ജി) സ്കാർഫുകൾ അണിയിച്ചു.

ഡിഫെൻസ് പ്രോഗ്രാം

പെൺകുട്ടികളുടെ വ്യക്തി സുരക്ഷ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ പെൺകുട്ടികളുടെ സുരക്ഷയെ ലക്ഷ്യമാക്കിക്കൊണ്ട് ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അങ്കണത്തിൽ പെൺകുട്ടികൾക്കായി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി വ്യക്തി സുരക്ഷാ പരിശീലനം നൽകി. 8,9,10 എന്നീ ക്ലാസുകളിലെ പെൺകുട്ടികൾ സുരക്ഷാ പരിശീലനത്തിൽ പങ്കെടുത്തു. ജീവിതത്തിൽ കടന്നുവരുന്ന അപകടങ്ങളിൽ നിന്ന് സുരക്ഷ നേടുവാനുള്ളപരിശീലനമാണ് ഇവർക്ക് ലഭിച്ചത്.

സ്പർശ്

അധ്യാപകരുടെ ശേഷ വർദ്ധിപ്പിക്കാനും തങ്ങളുടെ മുമ്പിൽ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ അവരെ സഹായിക്കാനും ഉതകുന്ന തരത്തിൽ സ്കൂൾ മാനേജ്മെന്റ് നടപ്പിലാക്കിവരുന്ന സ്പർശ് എന്ന കൗൺസിലിംഗ് കോഴ്സിന്റെ ഫോളോപ്പ് 15/8/23 ചൊവ്വാഴ്ച ബഹുമാനപ്പെട്ട സിജു ആന്റണി സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു . ചൊവ്വാഴ്ച വൈകുന്നേരം 7.30 ആരംഭിച്ച കൗൺസിങ് കോഴ്സിൽ എല്ലാ അധ്യാപകരും പങ്കെടുത്തു. കോഗനറ്റീവ് ഫ്യൂഷൻ എന്ന വിഷയത്തിൽ അടിസ്ഥാനമാക്കിയെടുത്ത ഈ ക്ലാസ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

ടീച്ചേഴ്സ് സെമിനാർ

2023- 24 അധ്യയന വർഷത്തിലെ സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രഥമ അധ്യാപക സെമിനാർ 28/7/2023 വെള്ളിയാഴ്ച രാവിലെ 9 30 മുതൽ വൈകുന്നേരം 3 30 വരെ നടത്തപ്പെട്ടു. സെമിനാറിൽ കാർമ്മൽ ഗിരി എഡ്യൂക്കേഷൻ കൗൺസിലർ സി. പ്രീതി സ്വാഗത പ്രസംഗവും സ്കൂൾ മാനേജർ സിസ്റ്റം ആശംസകൾ അറിയിച്ചു. തേവര കോളേജ് ഇംഗ്ലീഷ് പ്രൊഫസർ ഫാ. സാജു തോമസ് സെമിനാറിന് ക്ലാസുകൾ നൽകി. വിവിധ ആക്ടിവിറ്റികളുടെയും ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ ക്ലാസുകളിലൂടെയും മൂല്യങ്ങൾ പകർന്നു നൽകിയ ക്ലാസ്സ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.ഇന്നത്തെ ലോകത്തിൽ കുഞ്ഞുങ്ങൾ അധ്യാപകരുടെയും മാതാപിതാക്കളുടെയും കരങ്ങൾ വഴിതെറ്റി വീണു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എങ്ങനെ കുഞ്ഞുങ്ങളെ ജീവിക്കാൻ പഠിപ്പിക്കണമെന്നും പഠന രംഗത്ത് ഫുൾ A+ നേടാനായില്ലെങ്കിലും ജീവിതത്തിൽ എന്നും A+ നേടുവാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നും ഈ ക്ലാസ്സിലൂടെ അധ്യാപകർക്ക് മനസ്സിലാക്കുവാൻ സാധിച്ചു... കാലങ്ങൾക്ക് ശേഷവും കുഞ്ഞുങ്ങൾ വളർന്നു ഉയർന്ന നിലകളിൽ എത്തുമ്പോഴും അവരുടെ മനസ്സിൽ മരിക്കാത്ത ഓർമ്മകളായി ഞാൻ ആകുന്ന അധ്യാപിക അവരുടെ മനസ്സിൽ എന്നും തെളിഞ്ഞു നിൽക്കുകയും ജീവിക്കുകയും ചെയ്യണമെന്ന് അച്ചൻ ഉദ്ബോധിച്ചു. അധ്യാപകരെ ഏറെ ചിന്തിപ്പിച്ച..... ഉന്മേഷത്തോടെ പ്രവർത്തിക്കുവാൻ പ്രേരിപ്പിച്ച ഈ ക്ലാസ് 3. 30 pm ന് അവസാനിക്കുകയും സി.ക്രിസ്റ്റീന, ജിജി ടീച്ചർ എന്നിവർ നന്ദി പറയുകയും ചെയ്തു.

ടെക്നോളജിയും അധ്യാപികയുംഒന്നിച്ചാൽ ഒരു ടെക്കി ടീച്ചർ

ടെക്നോളജിയിലുള്ള അധ്യാപകരുടെ നൈപുണ്യം വർധിപ്പിക്കുന്നതിന് വേണ്ടി അടിമാലി ബി ആർസിയുടെ നേതൃത്വത്തിൽ ടെക്കി ടീച്ചർ ട്രെയിനിങ് അടിമാലി ആത്മജ്യോതിയിൽ വെച്ച് ഒക്ടോബർ 25 ,26 തീയതികളിൽ നടത്തപ്പെട്ടു. അടിമാലി ബി ആർ സി യുടെ നേതൃത്വത്തിലുള്ള ഈ പ്രോഗ്രാമിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ജിസ്സ് സാറും സി. റ്റിന്റു ജോസഫും പങ്കെടുത്തു. രണ്ട് ദിനങ്ങളിലായി നടത്തപ്പെട്ട ഈ ട്രെയിനിങ് പരിപാടിയിൽ വിവിധ ആക്ടിവിറ്റികൾ ഉൾപ്പെട്ടിരുന്നു. വീഡിയോ നിർമ്മാണം, വർക്ക് ഷീറ്റ് നിർമ്മാണം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവ ഇവയിൽ ചിലതു മാത്രം....... തങ്ങളുടെ മുമ്പിൽ ഇരിക്കുന്ന വിദ്യാർത്ഥികളെ രസകരവും ഇമ്പം ഏറുന്ന രീതിയിലും ക്ലാസുകൾ കൊടുക്കുവാനും ആധുനിക യുഗത്തിലെ വിദ്യാർത്ഥികളെ രസകരമായി പഠിപ്പിക്കുവാനും അധ്യാപകരെ പ്രാപ്തരാക്കുന്ന ഒരു ശില്പശാല തന്നെയായിരുന്നു ടെക്കി ടീച്ചർ ട്രെയിനിങ്. നൂതനമായ രീതിയിൽ ടെക്നോളജി കൈകാര്യം ചെയ്തു വിദ്യാർത്ഥികളെ അറിവിന്റെ ഉന്നത തലത്തിലേക്ക് ഉയർത്തുവാൻ ഈ ട്രെയിനിങ് അധ്യാപകരെ സഹായിച്ചു. പ്രാക്ടിക്കൽ സെക്ഷനോടുകൂടി നടത്തപ്പെട്ട ഈ ടെക്കി ടീച്ചർ ക്ലീനിങ് അധ്യാപകർക്ക് ഏറെ സഹായകമായിരുന്നു

ജയ്... ജയ് ചാച്ചാജി.

2023 -24... വർഷത്തെ ശിശുദിന ആഘോഷം...

കൂമ്പൻപാറ സ്കൂളിൽ അതിഗംഭീരമായി നടത്തി.ജയ്... ജയ് ചാച്ചാജി എന്ന മുദ്രാവാക്യത്തോടെ കുട്ടികൾ സ്കൂളിൽ റാലി നടത്തി....വിവിധ നേതാക്കന്മാരുടെ വേഷങ്ങൾ ധരിച്ച്...(സുഭാഷ് ചന്ദ്ര ബോസ്,.. ഇന്ദിരാഗാന്ധി, ഭഗത് സിംഗ്) കുട്ടികൾ റാലിയിൽ പങ്കുചേർന്നു.എച്ച്. എം സിസ്റ്റർ ക്രിസ്റ്റീന കുട്ടികൾക്ക് ശിശുദിന സന്ദേശം തന്റെ കുട്ടിക്കാല അനുഭവങ്ങളിലൂടെപങ്കുവെച്ചു....കുട്ടികളുടെ നിഷ്കളങ്കമായ ഭാവം ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് ഓർമിപ്പിച്ചു. ഭാവിയിലെ ധീര നേതാക്കന്മാരായി വളർന്നുവരുവാൻ എല്ലാ കുട്ടികൾക്കും ആശംസകൾ അറിയിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾഉണ്ടായിരുന്നു... പ്രസംഗം, ദേശഭക്തിഗാനം,ചാച്ചാജി മത്സരം,,പുഷ്പറാണി മത്സരം,ശിശുദിന ക്വിസ് പ്രോഗ്രാം.. എന്നിവ നടത്തി.. സമ്മാനങ്ങൾ വിതരണം ചെയ്തു..ശിശുദിനത്തിൽ കുട്ടികൾക്കായി ലഡു.. മിഠായി...എന്നിവ സ്കൂളിൽ നിന്ന് നൽകി

യോഗ ദിനാചരണം

 
Yoga Day

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2023-24 അധ്യയന വർഷത്തെ യോഗ ദിനാചരണം ജൂൺ 21ന് നടത്തപ്പെട്ടു. യോഗ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ശ്രീ ബാബു സെബാസ്റ്റ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. കുട്ടികളുടെ റിഥമിക് യോഗ ഡിസ്പ്ലേയും, സൂര്യനമസ്കാരം, പ്രാണയാമ തുടങ്ങിയ വിവിധ യോഗ ആസനങ്ങൾ കുട്ടികൾ പരിശീലിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കുട്ടികൾ അവതരിപ്പിച്ച ഫ്യൂഷൻ യോഗ ഡാൻസ് വളരെ ആകർഷകമായിരുന്നു.ഇന്നത്തെ തിരക്കു പിടിച്ച ആധുനിക ലോകത്തിൽ യോഗ പഠിക്കേണ്ടതിന്റ ആവശ്യകത എത്ര മാത്രം വലുതാണെന്ന് കുട്ടികളെ മനസിലാക്കിക്കൊടുക്കാൻ അന്നേ ദിവസത്തെ ക്ലാസ്സ് കൊണ്ട് സാധിച്ചു.

കായികം

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 2023-24 അധ്യയന വർഷം കായിക രംഗത്ത് മികച്ച പ്രകടനം നടത്തുവാൻ സാധിച്ചു. ഏഴാം ക്ലാസിലെ ആൺകുട്ടികൾ സബ്ജില്ലാതല ഫുട്ബോൾ മത്സരത്തിൽ സെമി ഫൈനൽ വരെ എത്തുകയും. നവീൻ ബിനീഷ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.ഗൗരി കൃഷ്ണ വോളിബോൾ മത്സരത്തിന് ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തു.ശ്വേത എസ് നായർ അത്‌ലറ്റിക്സ് ഷോട്ട്പുട്ട് ഇനത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തുബാഡ്മിൻറൺ സബ് ജില്ലാതല മത്സരത്തിൽ ജൂനിയർ ഗേൾസ് ഇനത്തിൽ ഒന്നാം സ്ഥാനം,സബ് ജൂനിയർ ബോയ്സ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷാദിയ, ആൻ മരിയ എൻ ബി, അഭിനവ് ഡി എന്നീ കുട്ടികൾ ജില്ലാതലത്തിലും, അഭിനവ് സംസ്ഥാനതലത്തിലും പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനാചരണം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ധീര ധീരം പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള അവബോധം ലഭിക്കതക്ക വിധം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര്യദിന റാലിയിൽ നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാതെയും ആ മഹാരഥന്മാരുടെ ഓർമ്മകൾക്ക് മുൻപിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യ ദിനവും കടന്നു പോയിട്ടില്ല. സ്വാതന്ത്ര്യദിനത്തിന്റെ പ്രസക്തിയും പ്രാധാന്യവും വരും തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ അടിമാലി ഗ്രാമപഞ്ചായത്ത് 76 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി. എൽ പി വിഭാഗം മുതൽ എച്ച്എസ്എസ് വരെയുള്ള കുട്ടികൾക്ക് മലയാളം പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം,ക്വിസ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്.

എൽ പി വിഭാഗം മലയാളം പ്രസംഗത്തിൽ അൽന സിജോ രണ്ടാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗത്തിൽ നിയ ബാബു രണ്ടാം സ്ഥാനവും ക്വിസ് മത്സരത്തിൽ മുഹമ്മദ് ഹാമിസ്, രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ മിലിൻ ഷിനോജ്,ആർജ്ജ ബിജു എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ മലയാളം പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ പ്രസംഗമത്സരത്തിൽ ആത്മിക സംസ്കൃതി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദേശീയ ഭക്തിഗാനത്തിൽ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം തന്നെ നമ്മുടെ കുട്ടികൾ സ്വന്തമാക്കി.

സ്കൂൾതല ശാസ്ത്രോൽസവം

2023-24 വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 24/7/2023 ന് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സ്കൂളിലെ ശാസ്ത പ്രതിഭകളായ നിരവധി കുട്ടികൾ മൽസരത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. ശാസ്ത്രം എന്നും കൗതുകമുണർത്തുന്ന ഒന്നാണ്.ശാസ്ത്രീയ തത്വങ്ങൾ ഉപയോഗിച്ച് ഓരോ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും മോഡലുകൾ നിർമ്മിക്കുമ്പോഴും കുട്ടിശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുകയാണ്.സ്റ്റിൽ മോഡൽ,വർക്കിംഗ് മോഡൽ,പ്രൊജക്ട്,എക്സ്‍പിരിമെന്റ് എന്നിങ്ങനെ നിരവധി മൽസരങ്ങൾ നടത്തുകയും ഓരോ ഐറ്റത്തിനും ധാരാളം കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ സബ് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു. ചിന്തിക്കാനും ചിന്തിപ്പിക്കാനും സാധിക്കുന്ന തരത്തിലുള്ള നിരവധി പ്രകടനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

പ്രവർത്തി പരിചയ മേള

പ്രവർത്തിപരിചയം മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളുംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 15 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരുന്നു. ജില്ലാ മത്സരത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുക്കുകയും അതിൽ 6 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും അങ്ങനെ എച്ച്എസ് വിഭാഗത്തിൽ ഓവറോൾ ജില്ലയിൽ കരസ്ഥമാക്കാൻ സാധിച്ചു ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരിക്കുന്നു...

സ്റ്റാർസ് ഓഫ് ഫാത്തിമ

സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയുടെ വിജയം. മധ്യവേനൽ അവധിയുടെ ആലസ്യത്തിൽ ആയിരുന്നുവെങ്കിലും കുട്ടികളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാനും ഉന്നത വിജയം വരിക്കാനും നമുക്ക് സാധിക്കും എന്നതിന്റെ തെളിവാണ് ഈ വർഷത്തെ വിജയം. 10 എൽഎസ്എസ് വിജയികളും 7 യുഎസ്എസ് വിജയികളും നമ്മുടെ സ്കൂളിന് അഭിമാനമായി മാറി.

സംസ്ഥാന ടെക്നിക്കൽ സയൻസ് ആൻഡ് ടെക്നൊളജി ഫെയർ സന്ദർശനം

 
state technical fair

മൂന്നുദിവസം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഫാത്തിമ മാത സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്‍സിലെ മൂന്ന് ബാച്ചിലേയും അംഗങ്ങൾ സന്ദർശനം നടത്തി. കേരളത്തിലെ മുഴുവൻ ടെക്നിക്കൽ സ്ക്കൂളുകളുടേയും പ്രാതിനിധ്യം ഈ മേളയിൽ ഉണ്ടായിരുന്നു. അവിടുത്തെ ശാസ്ത്ര പ്രതിഭകളുടെ പുതിയ ആശയങ്ങളും അറിവുകളും കുട്ടികളുമായും അധ്യാപകരുമായും അവർ പങ്കു വച്ചു. കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ ഈ അവസരം വളരെ പ്രയോജനകരമായി തീർന്നു. ശാസ്ത്ര സാങ്കേതിക മേഖലയിൽ വിവിധ പ്രകാശങ്ങൾ സൃഷ്ടിക്കുന്ന ആധുനിക കാലഘട്ടത്തിൽ ഇതുപോലുള്ള ശാസ്ത്രോത്സവങ്ങൾ വഴി അവ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റവും ശാസ്ത്രസാങ്കേതികവിദ്യയിലെ നേട്ടവും ചിറകടിച്ചു ഉയരുവാൻ അവരെ സഹായിച്ചു.

ഭൂമിക്ക് ദോഷം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോലും ഉപയോഗപ്രദമായ പല വസ്തുക്കൾ ഈ ചെറിയ പ്രതിഭകൾ നമുക്ക് തെളിയിച്ചു തന്നു.ഐ.എസ് .ആർ ഒ യുടെ സറ്റാൾ ഉൾക്കൊള്ളിച്ചിരുന്ന പ്രദർശന വാഹനം ഈ മേളയുടെ പ്രധാന ആകർഷണം ആയിരുന്നു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്നിന്റെ ലോഞ്ചിംഗ് അവതരണവും ഐഎസ്ആർഒ യുടെ പ്രവർത്തനങ്ങളും അതുവഴി ഐഎസ്ആർഒ യെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. പാഴ് വസ്തുക്കൾ കൊണ്ടു പോലും അതിമനോഹരമായ റോബോട്ട് അവർ കാണികൾക്കായി കാണിച്ചുതന്നു. കുട്ടികൾ നിർമ്മിച്ച ഗതാഗത വാഹനങ്ങളുടെ പ്രദർശനവും ചെറിയ അവതരണവും ഞങ്ങൾക്കായി അവർ സമ്മാനിച്ചു. കാണികൾക്ക് കൗതുകം ഉണർത്തുന്ന ചെറിയ ചെറിയ റേസിംഗ് കാറുകളുടെ വിജ്ഞാനമായ അവതരണശേഖരണം അവിടെ ഞങ്ങൾക്ക് ദൃശ്യമായി. ഇത്രയും വിജ്ഞാനപഥവും ഉപകാരപ്രദവുമായി ഈ ശാസ്ത്രോത്സവം ഞങ്ങൾ ആസ്വദിക്കുകയും ഈ ശാസ്ത്രോത്സവം ഞങ്ങളിൽ കൗതുകം ഉണർത്തുകയും ചെയ്തു .കുട്ടികൾക്ക് വളരെ വിസ്മയാത്മകമായ കാഴ്ച ലഭിക്കാനും അനുഭവിക്കാനും ഈ ശാസ്ത്രോത്സവം വളരെ പ്രയോജനപ്രദമായി തീർന്നു.

സ്പെഷ്യൽ സ്‍കൂൾ സന്ദർശനം

 
സ്പെ‍ഷ്യൽ സ്ക്ക‍ൂൾ സന്ദർശനം

16/11/2023 ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിലെ ലെ അംഗങ്ങൾ മച്ചി പ്ലാവ് സ്പെഷ്യൽ സ്കൂൾ ആയ കാർമൽ ജ്യോതിയിൽ പോവുകയുണ്ടായി. ഉച്ചസമയം ഒന്നരയോട് കൂടി സ്കൂളിൽ നിന്ന് പുറപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ആയ സിസ്റ്റർ ഷിജിയും അമ്പിളി ടീച്ചറും ഞങ്ങളോടൊപ്പം കൂടെ ഉണ്ടായിരുന്നു. ഞങ്ങൾ 10 പേരും ടീച്ചേഴ്സും രണ്ടു മണിയോടുകൂടി സ്കൂളിൽ എത്തി. സ്വാഗത പ്രസംഗത്തോടുകൂടി ജൂബിയ വിനോദ് പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ഗൗരി, ആൻ മരിയ ജോയ്, അതുല്യ എന്നിവർ ക്യാമറയുടെ പിന്നിൽ പ്രവർത്തിച്ചു. ഡൽനാ ഐമ എന്നിവർ ടൈപ്പിങ്ങിന് സഹായിച്ചു. ജൂലിയ, ജൂബിയ, ആൻ സാറാ എന്നിവർ ആനിമേഷൻ വീഡിയോ പ്രദർശിപ്പിച്ചു. അത് അവരിൽ വളരെ സന്തോഷം ഉളവാക്കി. അവരുടെ ആസ്വാദനത്തിനു വേണ്ടി പാട്ട് വെച്ച് അവരുടെ കൂടെ ഡാൻസ് കളിക്കുകയും ഉണ്ടായി. കുറച്ചുസമയം അവരോടൊപ്പം ചെലവഴിച്ച ശേഷം അവർക്ക് അല്പം മധുരം കൊടുത്ത് ആൻ മരിയ ഷിബുവിന്റെ നന്ദി പ്രസംഗത്തോടുകൂടി പ്രോഗ്രാം അവസാനിപ്പിച്ചു. ഈ പ്രോഗ്രാം അവരെ കമ്പ്യൂട്ടറിന്റെ വിസ്മയ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുകയും ഞങ്ങളിൽ പുതിയ അനുഭവം സൃഷ്ടിക്കുകയും ചെയ്തു. അവസാനം അവരോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത് അവിടെ നിന്ന് യാത്ര തിരിച്ചു മൂന്നരയോടെ കൂടി ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു.

സബ്‍ജില്ല കലോൽസവം2023 -24

2023-24 വർഷത്തെ അടിമാലി സബ് ജില്ലാ കലോത്സവം 14, 15 ,16 തീയതികളിലായി എസ്എൻഡിപി സ്കൂളിൽ വച്ച് നടക്കുകയും , ഫാത്തിമ മാതാ കുടുംബത്തിലെ 1200 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.എൽ പി വിഭാഗം ജനറൽ കലോത്സവത്തിൽ 65 പോയിന്റ് നേടി ഒന്നാം സ്ഥാനം കൂമ്പൻ പാറ ഫാത്തിമ മാതാ സ്കൂൾ കരസ്ഥമാക്കുകയുണ്ടായി. അതുപോലെതന്നെ അറബി കലോത്സവത്തിൽ 45 പോയിന്റും, യുപി ജനറൽ വിഭാഗത്തിൽ 78 പോയിന്റും, എച്ച് എസ് ജനറൽ വിഭാഗത്തിൽ 223 പോയിന്റും,എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ 240 പോയിന്റും നേടി. എല്ലാ വിഭാഗത്തിലും ഓവറോൾ ഫസ്റ്റ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.അധ്യാപകരുടെയും ,കുട്ടികളുടെയും, രക്ഷിതാക്കളുടെയും, കൂട്ടായ പ്രവർത്തനങ്ങളാണ് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിനെ വലിയ ഒരു വിജയം നേടിയെടുക്കുവാൻ സഹായിച്ചത്.