എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂൾ പ്രവർത്തനങ്ങൾ 2024-25

സ്ക്കൂൾ പ്രവേശനോൽസവം

സ്ക്കൂൾ പ്രവേശനോൽസവം

പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളോടെ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. അവധിക്കാലത്തിന്റെ ആർപ്പുവിളികളിൽ നിന്നും കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് ചുവട് വച്ചു. അച്ഛൻ അമ്മമാരുടെ കൈപിടിച്ചെത്തിയ കുഞ്ഞു കുരുന്നുകളെ വരവേൽക്കാൻ നമ്മുടെ സ്കൂളും അണിഞ്ഞൊരുങ്ങി നിന്നു. മധ്യവേനൽ അവധിക്ക് ശേഷം അക്ഷരമുറ്റത്തേക്ക് ആദ്യമായി കടന്നുവന്ന കുരുന്നുകളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയും താള വാദ്യങ്ങളോടെയും സ്വീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന സ്വാഗതം ആശംസിച്ചു.സിഎംസി കാർമൽ ഗിരി പ്രൊവിൻസിന്റെ വികർ പ്രൊവിൻഷ്യൽ സിസ്റ്റർ ജാൻസിന സിഎംസി അധ്യക്ഷപദം അലങ്കരിച്ചു സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സോമൻ ചെല്ലപ്പൻ ആണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലുള്ള അനവധി പ്രമുഖർ ഈ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2023 24 വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് ഫുൾ എ പ്ലസ് പ്ലസ് നേടി ഇടുക്കി ജില്ലയുടെ തന്നെ യശ്ശസ് ഉയർത്തിയ പ്രതിഭകളെ ആദരിക്കുകയുണ്ടായി. എസ്എസ്എൽസി പരീക്ഷയിൽ 71 ഫുൾ എ പ്ലസും പ്ലസ് ടു പരീക്ഷയിൽ 52 ഫുൾ എ പ്ലസും നേടിയാണ് ഫാത്തിമ മാതയിലെ കുട്ടികൾ കുതിച്ചുയർന്നത്. ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സോമൻ ചെല്ലപ്പൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ കോയ അമ്പാട്ട്, വാർഡ് മെമ്പർ ശ്രീ കെ കെ രാജു, കൂമ്പൻപാറ ഫൊറോന ചർച്ച് വികാരി ഫാദർ ജോസഫ് വെളിഞ്ഞാലിൽ എന്നിവർ ചേർന്ന് ആദരിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു. പിന്നീട് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള ലഹരി വിമുക്ത ക്ലാസ് നയിച്ചത് എക്സൈസ് ഇൻസ്പെക്ടർ ശ്രീ സെബാസ്റ്റ്യൻ സർ ആയിരുന്നു. ക്ലാസിനു മുന്നോടിയായി അദ്ദേഹം മനോഹരമായ ഒരു ഗാനവും ആലപിച്ചു. ഒരു പുതിയ അധ്യായന വർഷത്തിന്റെ തുടക്ക ദിവസം തന്നെ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ച ചടങ്ങ് മറ്റു കുട്ടികളിലും പഠിക്കാനുള്ള ഊർജ്ജം പകർന്നു കൊടുക്കുന്നതായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൽസി മരിയയുടെ കൃതജ്ഞതയോടെ ഈ യോഗം സമാപിച്ചു

ലോക പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്ഥിതി ദിനാഘോഷം കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. അന്നേദിവസം പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. പരിസ്ഥിതിയെക്കുറിച്ചുള്ള കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരവും സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിന്റെ സന്ദേശം വിളിച്ചോതുന്ന വിവിധതരത്തിൽ ആകർഷകങ്ങളായ പോസ്റ്ററുകൾ കുട്ടികൾ നിർമ്മിക്കുകയുണ്ടായി. സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് ജൈവവൈവിധ്യ ക്ലബ്ബ് എക്കോ ക്ലബ്ബ് മഴത്തുള്ളി ക്ലബ്ബ് എന്നിങ്ങനെയുള്ള വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. ക്ലബ്ബ് അംഗങ്ങളെല്ലാം കൂടി ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നടുകയും സ്കൂളും പരിസരവും മാലിന്യ വിമുക്തമാക്കുകയും ചെയ്തു. സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ നേച്ചർ വാക്ക് സംഘടിപ്പിക്കപ്പെടുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയുണ്ടായി. പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളെല്ലാം തന്നെ കുട്ടികളിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ അവബോധം വളർത്തിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ളവയായിരുന്നു. പരിസ്ഥിതി സംരക്ഷിക്കപ്പെടാതെ മനുഷ്യരാശിക്ക് നിലനിൽപ്പില്ല എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുവാൻ ഇത്തരം ദിനാചരണങ്ങൾ കൊണ്ട് സാധിക്കുന്നു.

വായന വാരാചരണം

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു.കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാവാരാചരണത്തിന്റെ ഭാഗമായി സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. പി എൻ പണിക്കരുടെ അനുസ്മരണ സന്ദേശം കുമാരി ആത്മിക സാൻസ്കൃതി നൽകി. തുടർന്നുള്ള ദിവസങ്ങളിൽ കൂട്ട വായന ,കഥാരചന ,വായന ക്വിസ്, കവിതാലാപനം, കഥ പറച്ചിൽ ,നാടൻപാട്ട് തുടങ്ങിയവ നടത്തുകയുണ്ടായി.ഒരാഴ്ച നീണ്ട വായന വാരാചരണത്തിൽ കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കുചേർന്നു.

പിടിഎ ജനറൽ ബോഡി മീറ്റിംഗ്

പി.റ്റി.എ ജനറൽ ബോഡി മീറ്റിംഗ്

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2024- 25 വർഷത്തെ ജനറൽബോഡി മീറ്റിംഗ്

22- 6- 2024 ശനിയാഴ്ച നടത്തപ്പെട്ടു. ഈശ്വര പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു .ഹെഡ്മിസ്‍ട്രസ്സ് സിസ്റ്റർ റെജിമോൾ മാത്യു എല്ലാവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൽസി മരിയ അധ്യക്ഷത വഹിച്ച യോഗം പി.റ്റി.എ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺ ജോർജ് ഉദ്ഘാടനം ചെയ്തു. ഈ യോഗത്തിൽ മുഖ്യപ്രഭാഷകനായി എത്തിയത് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ പി.എ സെബാസ്റ്റ്യൻ സാറായിരുന്നു. വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു അദ്ദേഹം എടുത്തത്. ഈ അധ്യയന വർഷത്തിലെ ആദ്യത്തെ പിടിഎ മീറ്റിങ്ങിന് രക്ഷിതാക്കളുടെ വളരെ വലിയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പിന്നീട് പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് നടന്നു പിന്നീട് നടന്ന ചർച്ചയിൽ മുൻ വർഷത്തെ സ്കൂളിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദമായി ചർച്ച ചെയ്തു. സ്കൂളിൽ പുതിയതായി പണിതീർത്ത ബസ് പാർക്കിംഗ് ഗ്രൗണ്ട് ഏറെ പ്രശംസനീയമർഹിക്കുന്ന പ്രവർത്തനമാണെന്ന് രക്ഷിതാക്കളും പി.റ്റി.എ അംഗങ്ങളും ഒരേപോലെ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. പിന്നീട് കൃതജ്ഞതയോടെ യോഗനടപടികൾ അവസാനിച്ചു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മികവുറ്റ പ്രവർത്തനത്തിന് പി റ്റി എ യുടെ വിലയേറിയ സഹകരണം വളരെ വലുതാണ് .പുതിയതായി തെരഞ്ഞെടുത്ത പി ടി അംഗങ്ങളുടെ സഹകരണത്തോടെ സ്കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ വളരെ നന്നായി കൊണ്ടുപോകണം എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് യോഗം അവസാനിപ്പിച്ചത്.

എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളിലൂടെ

എക്കൊ ക്ലബ്ബ് പ്രവർത്തനങ്ങൾ

നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ചുമതലയും നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകാനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമായയാണ് സ്കൂളുകളിൽ എക്കോ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. ജൂൺ മാസം അഞ്ചാം തീയതി നമ്മുടെ സ്കൂളിലെ എക്കോ ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഷെറിൻ ടീച്ചറിന്റെയും ജെസ്‌ലറ്റ് സിസ്റ്ററിന്റെയും നേതൃത്വത്തിൽ 40 അംഗങ്ങളാണ് എക്കോ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എക്കോ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രകൃതി സംരക്ഷിക്കപ്പെടാനും കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുമായി നിരവധി പ്രോഗ്രാമുകൾ നമ്മുടെ സ്കൂളിൽ നടത്തി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിയെ തൊട്ടറിയാൻ നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച നേച്ചർ വാക്ക് കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായിരുന്നു. പ്രകൃതിയിൽ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കൾ കുട്ടികൾ നിർമ്മിച്ചു. ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട എസ്സേ റൈറ്റിംഗും പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു. കുട്ടികൾ സ്കൂളിലെ മീൻകുളം വൃത്തിയാക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. സ്കൂളിൽ പ്രത്യേക വേസ്റ്റ് ബെന്നികൾ സ്ഥാപിച്ച ഉപയോഗം കഴിഞ്ഞ പേനകൾ അതിൽ ശേഖരിക്കുന്നു. അതുപോലെതന്നെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ആരംഭിച്ചു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്.

പേപ്പട്ടി വിഷബാധ പ്രതിരോധ ക്ലാസ്

പേവിഷബാധ പ്രതിരോധ ക്ലാസ്സ്

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ മാസത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പേപ്പട്ടി വിഷബാധ പ്രതിരോധ ക്ലാസ് നടന്നു. എഫ് .എച്ച്. സി ദേവിയാർ കോളനിയിലെ ആരോഗ്യവകുപ്പ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടത്. ദേവിയർ കോളനി ജെ. എച്ച്. ഐ അമർനാഥ്, ജെ. പി .എച്ച് എൻ സുനീറ, വൺ ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ സാർ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ഏതൊക്കെ രീതിയിൽ പേ വിഷബാധ ഏൽക്കാതെ സൂക്ഷിക്കാം എന്നത് വളരെ വിശദമായി തന്നെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. വളർത്തു മൃഗങ്ങളെ കൂടുതൽ ഓമനിക്കുമ്പോൾ ഉണ്ടാക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും വളരെ നന്നായി ക്ലാസുകൾ എടുത്തു. വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് പേ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള ലക്ഷണങ്ങളും അവയ്ക്ക് പേ ബാധിക്കാതിരിക്കാൻ എടുക്കേണ്ട വാക്സിനേഷനുകളെ പറ്റിയും ക്ലാസിൽ വിശദമായി പ്രതിപാദിച്ചു. നായ്ക്കളുടെ കടി ,പോറൽ, മാന്തൽ, ഉമിനീരുമായി സമ്പർക്കം എന്നിവ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ വിഷയമായി. നായകളിൽ നിന്നും, വളർത്തുവാൻ സാധ്യതയുള്ള മറ്റു മൃഗങ്ങളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പകരാം. പേവിഷബാധ അതീവ മാരകമായ രോഗമായതിനാൽ രോഗപ്രതിരോധത്തെക്കുറിച്ചും ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും റാബിസ് വാക്സിനേഷനെ കുറിച്ചുള്ള അറിവ് അദ്ദേഹം പകർന്നു നൽകി. കടിയേറ്റാൽ ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷ സോപ്പ് ഉപയോഗിച്ച് കടിയേറ്റ ഭാഗം 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴിയുകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി .പൈപ്പിൽ നിന്ന് വെള്ളം തുറന്നുവിട്ടു കഴുകുന്നതാണ് ഉത്തമം .കടിയേറ്റ ഭാഗത്ത് ഉപ്പ് മഞ്ഞൾ ,മുളകുപൊടി പോലുള്ള മറ്റുപദാർത്ഥങ്ങൾ ഒരു കാരണവശാലും പുരട്ടരുത് എന്നും അദ്ദേഹം പറയുകയുണ്ടായി.കുട്ടികൾക്കും അധ്യാപകർക്കും വളരെ ഉപകാരപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത്.