സി എം എസ്സ് എൽ പി എസ്സ് വെങ്ങളം/ചരിത്രം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിൽ എഴുമറ്റൂർ വില്ലേജിൽ ഉൾപ്പെട്ടതാണ് വെങ്ങളം സി.എം.എസ്.എൽ.പി സ്കൂൾ. ചർച്ച് മിഷണറി സൊസൈറ്റി ലോവർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം. പിന്നോക്ക സമുദായത്തിൽ പെട്ട ആളുകളാണ് അന്നും ഇന്നും ഈ പ്രദേശങ്ങളിൽ അധികവും ഉൾപ്പെട്ടിരിക്കുന്നത്. മലയോര പ്രദേശമാണ്. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമായതിനാൽ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നുമുണ്ട്. വഴി സൗകര്യങ്ങളും അന്ന് ഉണ്ടായിരുന്നില്ല. ദൈനംദിന ജീവിതം പോറ്റുന്നതിനുള്ള പല പണികൾക്കും ആളുകൾ പോകേണ്ടി വന്നിരുന്നു. ഈ സ്കൂളിന് " കൂലിപ്പാറ" എന്നൊരു പേരു കൂടിയുണ്ട്. അന്ന് പകലന്തിയോളം കഷ്ടപ്പെടുന്നവർക്ക് കൂലിയായി നെല്ല് അളന്നു കൊടുത്തിരുന്നത് ഈ പാറയിൽ വെച്ചായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കൂലിപ്പാറ എന്ന പേര് വന്നത്. അക്കാലത്ത് ഈ പ്രദേശത്ത് ഉള്ളവർക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അതുകൊണ്ട് സമൂഹത്തിൽ മുഴുവനായി അജ്ഞത വ്യാപിച്ചിരുന്നു. ഈ സാഹചര്യങ്ങളെ മനസിലാക്കിക്കൊണ്ടും ആളുകളിൽ അക്ഷരജ്ഞാനവും അറിവും ലഭിക്കണമെന്നുള്ള കാഴ്ചപ്പാടോടും കൂടിയാണ് 1926 ൽ ഈ സ്കൂൾ സ്ഥാപിച്ചത്. പള്ളിയും പള്ളിക്കൂടവും ഒന്നു ചേർന്നാണ് പ്രവർത്തിച്ചു വന്നത്. വളരെ കഷ്ടപ്പാടുകൾ സഹിച്ചും ത്യാഗോജ്വലവുമായ പ്രവർത്തനങ്ങൾ കൊണ്ടുമാണ് ഈ സ്ഥാപനം ഇവിടെ സ്ഥാപിച്ചതും നിലനിർത്തിയിരിക്കുന്നതും.