സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


അധ്യയന ആരംഭം

അറിവിന്റെ ലോകത്തിലേക്ക് കുട്ടികളെ പിച്ചവെച്ച് നടത്താൻ ഒരു അധ്യായന വർഷം കൂടി ഇവിടെ ആരംഭിക്കുകയാണ്. ശരിയായ വിദ്യാഭ്യാസം ഒരു നല്ല വ്യക്തിയെ സൃഷ്ടിക്കുന്നു. വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്കും സമൂഹത്തിൽനിന്ന് രാഷ്ട്രത്തിലേക്കും ആ നന്മ പടരുന്നു. അങ്ങനെ മാത്രമേ ഒരു സംസ്കാര സമ്പന്നമായ ക്ഷേമ രാഷ്ട്രം ഉണ്ടാക്കാൻ കഴിയൂ. സമൂഹത്തിൽ ഒരു ഉത്തമ പൗരനായ ജീവിക്കണമെങ്കിൽ വിദ്യാഭ്യാസം കൊണ്ട് കഴിയും. വിദ്യാലയത്തിൽ എത്തുന്ന കുട്ടി അച്ചടക്കം, ക്ഷമാശീലം,കൃത്യനിഷ്ഠ, സത്യസന്ധത സൗഹാർദ്ദം തുടങ്ങിയ ഗുണവിശേഷങ്ങൾ  ആർജിക്കുന്നു. മറ്റുള്ളവരോട് പെരുമാറേണ്ടത് എങ്ങനെയെന്ന് കുട്ടി പഠിക്കുന്നത് വിദ്യാലയത്തിൽ നിന്നാണ്. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കി നല്ല സ്വഭാവം നേടാൻ പഠനകാലത്ത് സാധിക്കുന്നു. കാലത്തിന് മുന്നേ സഞ്ചരിക്കുന്ന സെന്റ് തോമസ് എ യു പി സ്കൂൾ പുതിയ  ചുവടുവെപ്പുകളുമായി എന്നും നിങ്ങളോടൊപ്പം... എല്ലാ വിദ്യാർത്ഥികൾക്കും നന്മനിറഞ്ഞ ഒരു അധ്യായന വർഷം ആശംസിക്കുന്നു.

കോളനി സന്ദർശനം

സെന്റ് തോമസ് എ.യു.പി സ്കൂൾ, മുള്ളൻകൊല്ലിയുടെ 70 ഇന സപ്തതി ആഘോഷ പരിപാടികളുടെ ഭാഗമായി കോളനികളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

പ്രവേശനോത്സവത്തിന് മുന്നോടിയായി കാരക്കണ്ടി, ഉദയക്കര കോളനികൾ സന്ദർശിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്കൂൾ പഠനത്തിന്റെ പ്രാധാന്യവും,ലക്ഷ്യവും ബോധ്യപ്പെടുത്തുന്ന ക്ലാസ്സിന് വയനാട് ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പറായ ശ്രീ. ബിബിൻ ചെമ്പക്കര നേതൃത്വം നൽകി . ഹെഡ്മാസ്റ്റർ ശ്രീ. ജോൺസൺ കെ.ജി മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. 16-ാം വാർഡ് മെമ്പർ ശ്രീമതി മഞ്ജു ഷാജി, സപ്തതി ആഘോഷ കമ്മിറ്റി കൺവീനർ ഷിജോയ് മാപ്ലശ്ശേരി, പി.ടി.എ പ്രസിഡന്റ് നോബി പള്ളിത്തറ, പൂർവ്വ വിദ്യാർത്ഥി ടോമി ഇടത്തുംപറമ്പിൽ , അധ്യപകരായ ജോയ്സി ജോർജ്, ആൻറണി എം , ധന്യ സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.

ജൂൺ 1- പ്രവേശനോത്സവം

സെന്റ് തോമസ് എ യുപി സ്കൂൾ മുള്ളൻകൊല്ലിയുടെ 2023 -2024  വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് വളരെ വിപുലമായി നടത്തപ്പെട്ടു. വാർഡ് മെമ്പർ  ശ്രീമതി മഞ്ജു ഷാജി, ഹെഡ്മാസ്റ്റർ ജോൺസൺ സർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ മാനേജർ ഫാദർ ജസ്റ്റിൻ മൂന്നനാൽ സ്കൂൾ കെട്ടിടം വെഞ്ചിരിപ്പ് നടത്തുകയും ചെയ്തു.  



ജൂൺ 5   പരിസ്ഥിതി ദിനം

മുള്ളൻകൊല്ലി: സെൻ്റ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലിയിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാഘോഷം വൈവിദ്ധ്യങ്ങളായ വിവിധ പരിപാടികളോടെ  നടത്തി. സ്കൂളിൻ്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 70 ഇന പരിപാടികളുടെ ഭാഗമായിട്ടാണ് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനാഘോഷം സ്കൂൾ മുറ്റത്ത് മരത്തൈ നട്ടു കൊണ്ട് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സപ്തതി   ആഘോഷ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ  അഡ്വ: പി.ഡി സജി ഉദ്ഘാടനം ചെയ്തു. സപ്തതി ആഘോഷ കമ്മിറ്റി ജനറൽ കൺവീനറും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ഷിജോയി മാപ്പിളശ്ശേരി കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി നൽകി.

പരിസ്ഥിതി ദിനത്തിൽ സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഓരോ കുട്ടികളും സ്കൂളിലേക്ക് ചെടിച്ചട്ടി സംഭാവന നൽകുന്ന 'എൻ്റെ സ്കൂളിന് എൻ്റെ ചെടി ' എന്ന പദ്ധതിയുടെ ഭാഗമായി ആൽബിറ്റ് ബിൽജിയുടേയും, ലിസ്മരിയ ജോസിൻ്റേയും പക്കൽ നിന്ന് പൂച്ചെടിച്ചട്ടി  സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന കവിതാവിഷ്കാരം,മുള്ളൻകൊല്ലി ടൗണിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണം, സ്കൂളും പരിസരവും മാലിന്യമുക്തമാക്കൽ, ജൈവകൃഷി പഠനം, തുടങ്ങിയ നിരവധി പരിപാടികളാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്.

സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ. ജി. അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജോയ്സി ജോർജ്, ആൻറണി.എം.എം., ധന്യ സഖറിയാസ്, മഹേശ്വരി കെ. എസ്, ബിനിഷ റോബിൻ, പൂർവ്വ വിദ്യാർത്ഥി ടോമി ഇടത്തുംപറമ്പിൽ, PTA പ്രസിഡൻറ് നോബി പള്ളിത്തറ തുടങ്ങിയവർ സംസാരിച്ചു.

കൂടെയുണ്ട്, കരുതലായി

മുള്ളൻകൊല്ലി:സെൻറ് തോമസ് എ.യു.പി സ്കൂൾ സപ്തതി വർഷത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗോത്ര വിഭാഗം കുട്ടികൾക്ക് നൽകാനുള്ള പഠനോപകരണങ്ങൾ സമാഹരിക്കുന്ന  കൂടെയുണ്ട്, കരുതലായ്- പഠനോപകരണ കളക്ഷൻ ചലഞ്ച് എന്ന പദ്ധതിക്ക് തുടക്കമായി. സപ്തതി വർഷത്തിന്റെ നിറവിലുള്ള സെന്റ് തോമസിലെ കുരുന്നുകൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ ഒരു കൈത്താങ്ങാണ് ഈ പദ്ധതി. ഒരു വർഷം നീണ്ട് നിൽക്കുന്ന പദ്ധതിയാണ് കൂടെയുണ്ട്, കരുതലായ്. എസ്.ടി വിഭാഗം കുട്ടികളേയും പഠന പ്രവർത്തനങ്ങളിൽ ഒപ്പം ചേർത്തു നിർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്കൂളിലെ പൂർവ്വ വിദ്യാർഥികളാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ സജി ജോർജ് കൊച്ചുകുടിയിൽ, സജി ജോസഫ് കൊല്ലറാത്ത് എന്നിവരിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജി പുസ്തകങ്ങൾ ഏറ്റുവാങ്ങി. അധ്യാപകരായ  ആൻറണി എം.എം, ധന്യ സഖറിയാസ്, ബിനിഷ റോബിൻ,ജോയ്സി ജോർജ്, പി.ടി.എ പ്രസിഡന്റ് നോബി പള്ളിത്തറ, ടോമി ഇടത്തുംപറമ്പിൽ,  ബിനു പോൾ, അനിരുദ്ധൻ  എന്നിവർ സംസാരിച്ചു.

വായന വാരാചരണം

മുള്ളൻകൊല്ലി  സെന്റ്  തോമസ് എ യു പി സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ചു  മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ  വിവിധ പരിപാടികൾ സംഘടിപ്പിച്ചു .മുള്ളൻ കൊല്ലി ഹൈസ്കൂൾ റിട്ടയേർഡ് പ്രധാന അധ്യാപകൻ ശ്രീ ലിയോ മാത്യു വായന വാരാചരണം ഉദ്ഘാടനംനിർവഹിച്ചു . ഹെഡ് മാസ്റ്റർ ജോൺസൻ സാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വായനവാരാചരണത്തോടനുബന്ധിച്ചു പുസ്തക വിതരണം , വായന മത്സരം , സാഹിത്യ ക്വിസ് , വാർത്ത വായന മത്സരം , തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി .


കുഞ്ഞി കൈയിൽ കുഞ്ഞി പുസ്തകം

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പുസ്തകങ്ങളെ ഇഷ്ടപ്പെടുന്നതിനും വേണ്ടി നല്ലപാഠം കുട്ടികളുടെ നേതൃത്വത്തിൽ കുഞ്ഞി കയ്യിൽ കുഞ്ഞി പുസ്തകം എന്ന പദ്ധതി ആരംഭിച്ചു. വായനാദിനം പ്രമാണിച്ച് സ്കൂളിലെ എല്ലാ കുട്ടികളും ഓരോ പുസ്തകങ്ങൾ വീതം സ്കൂളിലെ ലൈബ്രറിയിലേക്ക് നൽകുന്ന പദ്ധതിയാണിത്.  സ്കൂൾ മാനേജർ റവ.ഫാ. ജസ്റ്റിൻ മൂന്നനാൽ വിദ്യാർത്ഥി പ്രതിനിധികളിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ജൂൺ 19 തിങ്കളാഴ്ച മുതൽ ജൂൺ 24 വെള്ളിയാഴ്ച വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാവാരാചരണ പരിപാടികൾക്ക് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. പ്രിൻസിപ്പാൾ ശ്രീ. ലിയോ മാത്യു ഉദ്ഘാടനം ചെയ്തു.

കുട്ടികൾ തങ്ങളുടെ ജന്മദിനത്തിന്  സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം വീതം സമ്മാനമായി നൽകുന്ന എന്റെ സ്കൂളിന് എന്റെ പുസ്തകം എന്ന പദ്ധതിയും വായനാ വാരാചരണത്തോട് അനുബന്ധിച്ച് ആരംഭിച്ചു. ഇന്ന് ജന്മദിനം ആഘോഷിച്ച വിദ്യാർഥികളിൽ നിന്ന്  സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൻ കെ.ജി പുസ്തകം ഏറ്റുവാങ്ങി. ഈ പ്രവർത്തനങ്ങളിലൂടെ കൂടുതൽ പുസ്തകങ്ങൾ അടുത്തറിയാനും , വായിച്ച് വളരാൻ ഓരോ കുട്ടികളേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ മാതാപിതാക്കളുടേയും, അധ്യാപകരുടേയും സഹായത്തോടെ നടപ്പിലാക്കുന്നത്. കവിതകൾ, കഥകൾ, നോവലുകൾ, യാത്രാവിവരണ പുസ്തകങ്ങൾ എന്നിവ ഇംഗ്ലീഷ്,മലയാളം ഭാഷാ പുസ്തകങ്ങളിലൂടെ വായിച്ച് അറിയാനും അനുഭവിക്കാനും അവസരം ഒരുക്കുന്നു.  സ്മാർട്ട് ആകുന്ന ഈ കാലഘട്ടത്തിൽ വായനയും കൂടുതൽ സ്മാർട്ട് ആക്കാൻ നല്ലപാഠം ക്ലബ്ബിലെ വിദ്യാർത്ഥികൾ തങ്ങളുടെ കൂട്ടുകാരെ പ്രോത്സാഹിപ്പിക്കുന്നു.


ജൂൺ 21- യോഗ ദിനം

ജൂൺ 21 യോഗ ദിനം മുള്ളൻകൊല്ലി  സെന്റ് തോമസ് എ യു പി സ്കൂളിൽ വളരെ വിപുലമായി ആചരിച്ചു. വിദ്യാർത്ഥികൾക്കായി യോഗ പരിശീലനവും യോഗ ദിന സന്ദേശവും നൽകി. ഹെഡ്മാസ്റ്റർ ജോൺസൺ സാർ, അധ്യാപികമാരായ അർമിൻ,അർച്ചന എന്നിവർ യോഗാ ദിന പരിപാടികൾക്ക് നേതൃത്വം നൽകി.


ലഹരിവിരുദ്ധ വാരാചരണം

മുള്ളൻകൊല്ലി സെന്റ് തോമസ് എ.യു.പി സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വാരാചരണം Awaken-ന് തുടക്കമായി. നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ഉൾപ്പെടുന്ന ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിക്കുകയും, സ്കൂൾ അങ്കണത്തിൽ കുട്ടികൾ ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയും, സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ ബോധവത്കരണവും നടത്തി. ലഹരി വിരുദ്ധ വാരാചരണം സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും റിട്ട. അധ്യാപകനുമായ ശ്രീ.കെ.സി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ജോൺസൺ കെ.ജി സ്വാഗതം ആശംസിച്ചു. നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥി പ്രതിനിധി അമയ ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾക്കായ് പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, കഥ, കവിതാ രചന മൽസരം, എന്നിവ സംഘടിപ്പിക്കപ്പെട്ടു.

നല്ലപാഠം അധ്യാപക കോർഡിനേറ്റർമാരായ ആന്റണി എം.എം, ധന്യ സഖറിയാസ്, ബിനീഷ റോബിൻ,വിദ്യാർത്ഥി കോർഡിനേറ്റർമാരായ ആൽബിറ്റ് ബിൽജി, ലിസ് മരിയ ജോസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അധ്യാപകരായ സി: ജെസ്സി എം.ജെ,ജോയ്സി ജോർജ് എന്നിവർ സംസാരിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് , പി റ്റി എ ജനറൽ ബോഡി  

സെന്റ് തോമസ് എ യു പി സ്കൂളിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ്  സി ഇ ഓ ശ്രീ സുരേഷ് വി കെ ക്ലാസിന് നേതൃത്വം നൽകി. ക്ലാസ് പിടിഎകൾ, പിടിഎ ജനറൽ ബോഡി എന്നിവ ഇതിനോട് അനുബന്ധിച്ച് നടത്തപ്പെട്ടു.

2023-24 വർഷത്തെ പിടിഎ പ്രസിഡണ്ടായി നോബി പള്ളിത്തറയേയും വൈസ് പ്രസിഡണ്ടായി സോണി ജോർജിനെയും എം പി ടി എ  പ്രസിഡന്റായി സബിത പുത്തോട്ടായിലിനേയും വൈസ് പ്രസിഡൻ്റ് ആയി  സിനി താണ പുരക്കലിനേയും തിരഞ്ഞെടുത്തു. 40 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.


സ്കൂൾ തല പ്രവർത്തി പരിചയ മേള

2023 24 വർഷത്തെ സ്കൂൾതല പ്രവർത്തി പരിചയമേള മുള്ളൻകൊല്ലി  സെന്റ്തോമസ് യുപി സ്കൂളിൽ ജൂലൈ 1 ശനിയാഴ്ച 9 30 മുതൽ 12 മണി വരെ നടത്തപ്പെട്ടു. ചിത്ര തുന്നൽ, ചവിട്ടി നിർമ്മാണം,കടലാസ് കൊണ്ടുള്ള പൂക്കൾ നിർമ്മാണം, ബീഡ്സ് വർക്ക്, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.


ജൂലൈ 5 ബഷീർ അനുസ്മരണം

ബേപ്പൂരിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം മുള്ളൻ കൊല്ലി സെന്റ് തോമസ് എ  യു പി സ്കൂളിൽ വിപുലമായി ആചരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ബഷീർ അനുസ്മരണ പരിപാടിയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു . മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടികൾക്ക് അധ്യാപികമാരായ ജോയ്‌സി , സോണിയ , അർച്ചന ,അഞ്ചു ,ദൃശ്യ  എന്നിവർ മേൽനോട്ടം വഹിച്ചു


ഹിരോഷിമ നാഗസാക്കി അനുസ്മരണം .

ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സമാധാന സന്ദേശവുമായി സെന്റ് തോമസ് എ.യു.പി സ്കൂൾ  വിദ്യാർത്ഥികൾ. സമാധാനത്തിൻ്റെ പ്രതീകമായി ലോകമെങ്ങും കാണുന്ന സഡാക്കോ കൊക്കുകളെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും നിർമ്മിച്ച് യുദ്ധ വിരുദ്ധ സന്ദേശം എല്ലാവരിലേക്കും എത്തിച്ചു. മറക്കാനാവാത്ത ആ കറുത്ത ദിനത്തിന്റെ മുറിപ്പാടുകൾ ഇനിയുള്ള തലമുറകളിൽ നിന്നെങ്കിലും മായട്ടെ എന്ന്  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോൺസൺ കെ.ജി കുട്ടികളെ ഓർമ്മിപ്പിച്ചു. എല്ലാ യുദ്ധങ്ങളും നാശങ്ങൾ മാത്രമേ ഉണ്ടാക്കുന്നുള്ളുവെന്നും യുദ്ധവിരുദ്ധ മനോഭാവം മനസ്സിലുറപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ഹിരോഷിമ നാഗസാക്കി ദിനാചരണം ഉദ്ഘാടനം നിർവ്വഹിച്ച് പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായ ആൻ്റണി എം എം പറഞ്ഞു. സപ്തതി വർഷത്തോടനുബന്ധിച്ച് നടത്തുന്ന എഴുപതിന പരിപാടികളുടെ ഭാഗമായാണ് ദിനാചരണം .

കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്കുകളെ ആകാശത്തേക്ക് പറത്തി സമാധാനത്തിന്റെ സന്ദേശം പകർന്നു. സ്റ്റാഫ് സെക്രട്ടറി ജോയിസി ജോർജ്,  സീനിയർ അധ്യാപിക സി.ജെസ്സി എം.ജി. അധ്യാപകരായ ധന്യ സഖറിയാസ്, ബിനിഷ റോബിൻ, അർച്ചന, ദൃശ്യ, അൻജു, സ്കൂൾ ലീഡർ ആൽബിറ്റ് ബിൽജി, ലിസ് മരിയ ജോസ് എന്നിവർ നേതൃത്വം നൽകി.


LSS ,USS വിജയികൾ

2022 23 വർഷത്തെ എൽ എസ് എസ് യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയുമായി മുള്ളൻകൊല്ലി സെന്റ് തോമസ് യുപി സ്കൂളിലെ വിദ്യാർഥികൾ. പരീക്ഷയെഴുതിയതിൽ അഞ്ചു വിദ്യാർത്ഥികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പും മൂന്ന് വിദ്യാർത്ഥികൾക്ക് യു എസ് എസ് സ്കോളർഷിപ്പും ലഭിച്ചു. ഗ്രേസ് മരിയ ഷാജു, അൽഫോൻസാ ജോസഫ്, സൈറ നസീർ, ഐവിൻ ബിജു, ജോഫിൻ വിനോദ് എന്നീ വിദ്യാർത്ഥികൾ എൽ എസ് എസ് ഉം, ആര്യ ബി. എസ്, ആൽഫാ ആൻ ബൈജു, സന ഷാജു എന്നീ വിദ്യാർത്ഥികൾ യു എസ് എസ് കരസ്ഥമാക്കി.


ജലശ്രീ ക്ലബ്ബ്

സംസ്ഥാന ഗവൺമെന്റിലെ കീഴിലുള്ള ജൽ ജീവൻ മിഷൻ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സെൻ്റ് തോമസ് എയുപി സ്കൂളിൽ  ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു. ജലം അമൂല്യമാണെന്നും ഏറ്റവും കൂടുതൽ ജലദൗർലഭ്യം നേരിടുന്ന മുള്ളൻകൊല്ലി പ്രദേശവാസികൾ എന്ന നിലയിൽ ഓരോ തുള്ളി ജലവും നാം സംരക്ഷിക്കേണ്ടവരാണെന്ന് ജലശ്രീ ക്ലബ് രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു മുള്ളൻകൊല്ലി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജു പഞ്ഞിത്തോപ്പിൽ പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി അധ്യക്ഷത വഹിച്ചു. ജൽ ജീവൻ മിഷൻ ജില്ലാ കോഡിനേറ്റർ ജോസ്  ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ജലശ്രീ ക്ലബ്ബിൻറെ മാർഗ്ഗരേഖയും അവതരിപ്പിച്ചു. തുടർന്ന് ക്ലബ്ബിൻറെ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റ് ആയി ആൽബിറ്റ് ബിൽജിയും സെക്രട്ടറി ആയി അനന്യ മരിയ ഷാജിയും തെരഞ്ഞെടുക്കപ്പെട്ടു.ജലശ്രീ മിഷന്റെ ട്രെയിനർ ടോണി ചടങ്ങിൽ സംബന്ധിച്ചു. ക്ലബ്ബിൻ്റെ ഇൻ ചാർജ് അർമിൻ എബ്രാഹം ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. അധ്യാപക പ്രതിനിധിയായ ആൻറണി എം എം യോഗത്തിന് നന്ദിയും പറഞ്ഞു.


സ്വതന്ത്ര ദിനാഘോഷം

ഇന്ത്യയുടെ എഴുപത്തി ആറാമത് സ്വാതന്ത്ര്യ ദിനം മുള്ളൻകൊല്ലി സെന്റ് തോമസ് യു പി സ്കൂളിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിന്റെ സഹകരണത്തോടെ വളരെ വിപുലമായി ആചരിക്കപ്പെട്ടു. സ്കൂൾ മാനേജർ ഫാദർ ജസ്റ്റിൻ മൂന്നനാൽ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജോൺസൺ കെ. ജി ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ ദേശഭക്തിഗാനങ്ങൾ, ഫ്ലാഷ് മോബ്, ഫ്യൂഷൻ ഡാൻസ് എന്നിവ പരിപാടിയെ കൂടുതൽ മനോഹരമാക്കി. യുഎസ്എസ് വിജയികൾക്ക് ചടങ്ങിൽ സമ്മാനം നൽകി. മധുര വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.


JRC രൂപീകരണവും ബാഡ്ജ് വിതരണവും

സെന്റ് തോമസ് എ യു പി സ്കൂൾ മുള്ളൻ കൊല്ലിയിൽ JRC യൂണിറ്റിന്റെ ഉദ്ഘാടനവും ബാഡ്ജ് വിതരണവും ഹെഡ് മാസ്റ്റർ ജോൺസൻ കെ ജി നിർവഹിച്ചു . പത്തൊൻപത് കുട്ടികളാണ് ഈ വർഷം JRC അംഗങ്ങളായത് . അധ്യാപികമാരായ ജെറിൻ തോമസ് , സ്മിത ചാക്കോ എന്നിവർ നേതൃത്വം നൽകി .


ഓണാഘോഷം

2023 24 വർഷത്തെ ഓണാഘോഷം സെന്റ് തോമസ് എ യു പി സ്കൂളിൽ വളരെ സമുചിതമായി നടത്തപ്പെട്ടു. മാവേലിയെ വരവേൽക്കൽ, ഓണപ്പാട്ട് മത്സരം, ക്ലാസുകളിൽ പൂക്കള മത്സരങ്ങൾ വിവിധ ഓണക്കളികൾ, വടംവലി, ഓണസദ്യ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി.  മാവേലിയെ എഴുന്നള്ളിച്ചുകൊണ്ട് മുള്ളൻകൊല്ലി ടൗണിൽ നടത്തിയ ഘോഷയാത്ര ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. മത്സരങ്ങളിലും സദ്യ ഒരുക്കുന്നതിലും പിടിഎയുടെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. വിവിധ പരിപാടികൾക്ക് ഹെഡ്മാസ്റ്റർ കെജി ജോൺസൺ,അധ്യാപകരായ സ്മിത, സിമി തുടങ്ങിയവർ നേതൃത്വം നൽകി.


സ്നേഹക്കൂട്ടിൽ ഓണമാഘോഷിച്ച് സെന്റ് തോമസ് നല്ലപാഠം വിദ്യാർഥികൾ

മുള്ളൻകൊല്ലി: സെന്റ് തോമസ് എ.യു.പി സ്കൂൾ, മുള്ളൻകൊല്ലി നല്ലപാഠം ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ  മരക്കടവ് സെന്റ് കാതറിൻസ് ഹോമിലെ അമ്മമാർക്കൊപ്പം ഓണം ആഘോഷിച്ചു. അമ്മമാർക്കൊപ്പം സദ്യ ഉണ്ടും, ഓണ സമ്മാനങ്ങൾ നൽകിയുമാണ് കുട്ടികൾ തങ്ങളുടെ സ്നേഹവും കരുതലും പങ്കിട്ടത്. ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ സമാഹരിച്ച് നൽകിയ സമ്മാനങ്ങൾ മദർ സുപ്പീരിയർ ഏറ്റുവാങ്ങി.

ആരോഗ്യപരമായ അവശതകൾ മറികടന്നും അമ്മമാർ മക്കളോടൊപ്പം തങ്ങളുടെ ഓണം ഓർമ്മകൾ പങ്കുവയ്ക്കുകയും, കലാ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പഴയകാല ഓണസ്മരണകൾ പങ്കു വയ്ച്ച് അവർ കുട്ടികളോട് സല്ലപിച്ചു.നല്ലപാഠം അധ്യാപക കോർഡിനേറ്റർമാരായ ആൻറണി എം.എം, ധന്യ സഖറിയാസ്, വിദ്യാർത്ഥി കോർഡിനേറ്റർമാരായ ആൽബിറ്റ് ബിൽജി, ലിസ് മരിയ ജോസ് എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.


ചിങ്ങം 1- കർഷക ദിനം

സെന്റ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലി നല്ലപാഠം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വർഷത്തെ സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. റോയി കവളക്കാട്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു.തന്റെ കൃഷി രീതികളിലൂടെ സംസ്ഥാനത്തെ മികച്ച കർഷകനാക്കാൻ സാധിച്ച അദ്ദേഹം തൻ്റെ കൃഷി രീതികളും, വിളകളും കുട്ടികളെ പരിചയപ്പെടുത്തി.

കർഷക ദിനത്തിൽ വയനാട്ടിലെ കർഷകർ നിലവിൽ അനുഭവിക്കുന്ന പ്രയാസങ്ങളെ എങ്ങനെ നേരിടാം എന്ന് പുതിയ തലമുറയ്ക്ക് അറിവ് പകർന്നു നൽകി. ജൈവ വൈവിധ്യ വിളകൾ കണ്ടറിയാനും, വൈവിധ്യമാർന്ന കൃഷി രീതികൾ മനസ്സിക്കാനും കുട്ടികൾക്ക് സാധിച്ചു. സ്കൂളിലെ ജൈവ പച്ചക്കറി കൃഷിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം കുട്ടികൾക്ക് നൽകുകയും,കുട്ടികൾക്ക് ആവശ്യമായ കൃഷിപാഠങ്ങൾ പകർന്നു നൽകുകയും ചെയ്തു. സ്കൂളിലെ ജൈവ പച്ചക്കറി കൃഷിക്കും കർഷക ദിനത്തിൽ തുടക്കമായി.


സെപ്റ്റംബർ 5- അധ്യാപക ദിനം

മുള്ളൻകൊല്ലി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് അധ്യാപകരെ ആദരിച്ചു.

കുടിയേറ്റ ഗ്രാമമായ മുള്ളൻകൊല്ലിയിലെ  സെൻ്റ് മേരീസ് ഇഗ്ലിഷ് സ്കൂളിലും, സെൻ്റ് തോമസ് UP സ്കൂളിലും, സെൻ്റ് മേരീസ് ഹൈസ്കൂൾ,ഹയർ സെക്കണ്ടറി സ്കൂളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരേയും ആദരിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ഡോ. ജെസ്റ്റിൻ മൂന്നനാൽ അധ്യക്ഷത വഹിച്ച ചടങ്ങ് സുൽത്താൻ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ജോളി മാത്യു ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ. ജെറിൻ പൊയ്കയിൽ അധ്യാപക ദിന സന്ദേശം നൽകി. PTA യേയുടേയും വിദ്യാർത്ഥികളുടേയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ മഞ്ജു ഷാജി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. PTA ഭാരവാഹികളായ ജിൽസ് മണിയത്ത്, നോബി പള്ളിത്തറ  ,ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകി.


മുള്ളൻകൊല്ലി ബഡ്സ് സ്കൂളിലെ അധ്യാപകരെ ആദരിച്ച് സെന്റ് തോമസ് നല്ലപാഠം

ദേശീയ അധ്യാപക ദിനത്തിൽ നാളെയുടെ പ്രതീക്ഷകളെ യാഥാർഥ്യമാക്കാൻ കുഞ്ഞുമക്കളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന, അറിവിന്റെ ഓരോ പടവുകളും കാലിടറാതെ പിടിച്ചു കയറ്റുന്ന മുള്ളൻ കൊല്ലി ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ സെന്റ് തോമസ് എ.യു.പി സ്കൂൾ നല്ലപാഠം ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ സന്ദർശിക്കുകയും, അവിടുത്തെ ജീവനക്കാർക്ക് അവർ നൽകുന്ന അറിവിനും പ്രോത്സാഹനത്തിനും ആദരം അർപ്പിക്കുകയും ചെയ്തു. നല്ലപാഠം വിദ്യാർത്ഥി കോർഡിനേറ്റേർഴ്സ് ആൽബിറ്റ് ബിൽജി, ലിസ് മരിയ ജോസ് എന്നിവർ ചേർന്ന് അധ്യാപകരെ പൊന്നാട അണിയിച്ചു. ക്ലബ്ബ് അംഗമായ ഡിസ എലിസബത്ത്  അധ്യാപകർക്ക് ആശംസ നേർന്നു.

ഗ്രാമപഞ്ചായത്ത് പ്രതിനിധിയും മെമ്പറുമായ ശ്രീ. ഷിജോയി മാപ്ലശ്ശേരി ബഡ്സ് സ്കൂൾ പ്രവർത്തനങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തി.ബഡ്സ് സ്കൂളിലെ കുട്ടികൾക്ക്  മധുര പലഹാരങ്ങൾ വിതരണം ചെയ്തും അവരോടൊപ്പം സന്തോഷം പങ്കിട്ടും, കലാപരിപാടികൾ അവതരിപ്പിച്ചും വിദ്യാർത്ഥികളേയും ജീവനക്കാരേയും ചേർത്ത് നിർത്തി അധ്യാപക ദിനാചരണം കൂടുതൽ മധുരതരമാക്കി. അധ്യാപക കോർഡിനേറ്റേഴ്സ് ആന്റണി എം.എം, ധന്യ സഖറിയാസ്, ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് റിയാൻ, ഏബൽ സുനിൽ,അയോണ സോജൻ, ഇവാൻ ബിനോജ്, ആദിനാഥ് കൃഷ്ണ, ദിയ മരിയ ജിജു, ആൻവിയ എലിസബത്ത്, അമ്യത അനിൽ, എന്നിവർ നേതൃത്വം നൽകി.

അഭിനന്ദനങ്ങൾ


വായന വാരത്തോട് അനുബന്ധിച്ച് മലയാള മനോരമ നടത്തിയ പത്ര പുസ്തക രചന മത്സരത്തിൽ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി സെന്റ് തോമസ് എ യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അലൻ സി തോമസ്. അഭിനന്ദനങ്ങൾ