2022-23 വരെ2023-242024-25


പ്രവേശനോത്സവം

 
ഉദ്ഘാടന സഭ

ഹയർസെക്കന്ററിസ്‍കൂൾ പനങ്ങാട് 2023 – 2024അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. ഹെ‍‍ഡ്‍മിസ്ട്രസ് പി പി ദീതി ടീച്ചർ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശീതൽ ടി എസ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്‍കൂൾ മാനേജർ ലോലിത ടിച്ച‍ർ, പ്രിൻസിപ്പൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ, പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. 2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയ്‍ക്ക് എല്ലാവിഷയത്തിലും എ പ്ലസ്സ് നേടിയവർക്ക് സ്റ്റാഫ് ഏർപ്പെടുത്തിയ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു. നവാഗതരായ വിദ്യാർത്ഥികൾക്ക് എസ് പി സി യൂണിറ്റ് പച്ചകറിതൈ വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി നിത്യടീച്ചർ നന്ദിയർപ്പിച്ചു സംസാരിച്ചു.

ഡ്രൈ ഡേ

 
സ്‍കൂൾ അസംബ്ലി

ജൂൺ 23 വെള്ളിയാഴ്ച വിദ്യാലയത്തിൽ ഡ്രൈഡേ ആചരിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനും വിവിധതരത്തിലുള്ള പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനും ഊന്നൽ നൽകിയിട്ടുള്ള അസംബ്ലി രാവിലെ വിദ്യാലയാങ്കണത്തിൽ ചേർന്നു. വ്യക്തി ശുചിത്വം പാലിക്കുന്നതിന്റെ പ്രാധാന്യവും പരിസരശുചിത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പങ്കിനെകുറിച്ചും ബഹു. എച്ച് എം ദീതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളെല്ലാം ചേർന്ന് വിദ്യാലയപരിസരം വ‍ൃത്തിയാക്കി.

വിജയതിളക്കം

 

2023 മാ‍ർച്ച് എസ് എസ് എൽ സി പരീക്ഷയിൽ 26 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടി നൂറുശതമാനം വിജയത്തിലേയ്ക്ക് നയിച്ച 166വിദ്യാർത്ഥികളെ അനുമോദിച്ചു. 2023 മെയ് 25 ന് സ്‍കൂൾ ഹാളിൽ നടന്ന വിജയാഘോഷത്തിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത് കേക്ക് മുറിച്ചു വിദ്യാർത്ഥികളോടൊപ്പം സന്തോഷം പങ്കുവെച്ചു. എസ് എസ് എൽ സി പരീക്ഷ എഴുതിയ എല്ലാവിദ്യാർത്ഥികൾക്കും സ്റ്റാഫിന്റെ വകയായി ബിരിയാണിയും നൽകി.

പി ടി എ മീറ്റിംഗ്

 

2024 മാർച്ച് എസ് എസ് എൽ സി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുചേർത്തയോഗത്തിൽ പി പി ദീതി ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ രക്ഷിതാക്കൾ കുട്ടികളുടെ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ആവശ്യകതയും അവരുടെ ആരോഗ്യപരമായ ശീലങ്ങളിലേയ്ക്ക് നയിയ്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. ഇരുന്നോറോളം രക്ഷിതാക്കൾ പങ്കെടുത്തയോഗത്തിന് സ്റ്റാഫ് സെക്രട്ടറി നിത്യ സി പി നന്ദി പറഞ്ഞു.

പല്ലവി

 

വിദ്യാലയത്തിലെ ജൂൺമാസ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തികൊണ്ട് ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പല്ലവി എന്ന പത്രം പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നാം തിയ്യതി എച്ച് എം ദീതി ടീച്ച‍ർ സ്വാഗതമാശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ പത്രത്തിന്റെ പ്രകാശനം നടത്തി. വിദ്യാലയത്തിലെ വിവധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഡോക്യുമെന്റേഷൻ ചെയ്യുന്നതിന് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളാണ് നേതൃത്വം നടത്തുന്നത് ഈ പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. സീനിയർ അസിസ്റ്റന്റ് രേഖടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് നിത്യ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.

ലോകപരിസ്ഥിതി ദിനാചരണം

 
 

എസ് പി സി, നാച്ച്വറൽ ക്ലബ്ബ് സയൻസ് ക്ലബ്ബ് സംയുക്തമായി ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. ആയിരം തൈ വിതരണം നടത്തിയാണ് ഈ ദിനം ആചരിച്ചത്. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തുകൊണ്ട് മതിലകം എസ് ഐ രമ്യ കാർത്തികേയൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശീതൾ മുഖ്യപ്രഭാഷണം നടത്തി. ഹെ‍‍ഡ്‍മിസ്ട്രസ് പി പി ദീതി ടീച്ചർ, രേഖടീച്ചർ, എസ് പി സി പി ടി എ പ്രസി‍ഡന്റ് അൻസിയ റഹ്‍മത്തുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. അഖിലേശ് ഏം, ബീത്തു കെ പി, സൗമ്യ അശോക്, പ്രസീന കാവ്യ എന്നിവർ നേതൃത്വം നൽകി.

ചരിത്രത്തിന്റ വിസ്മയകാഴ്ചകളിലേയ്ക്ക്

 

ജൂലൈ ഒന്നാം തിയ്യതി ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ താമസിക്കുന്ന നമ്മുടെ വിദ്യാലയത്തിലെ റിട്ടയർ അധ്യാപകനായ പി ജി പാർത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിൽ കണ്ടെത്തിയ നൂറ്റാണ്ടുകൾ പഴക്കമുള്ള ടെറകോട്ട റിംഗ് കിണർ ലിറ്റിൽ കൈറ്റ്സ് - സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു. ഏഴടിയോളം താഴ്ചയിൽ കളിമണ്ണിൽ ചുട്ടെടുത്ത 80 സെന്റീമീറ്റർ വ്യാസമുള്ള എട്ടുകട്ടിയുള്ള റിങ്ങുകൾ കൊണ്ടാണ് കിണർ നിർമ്മിച്ചിട്ടുള്ളത്. ഈ പൗരാണികമായ കിണർ പുരാവസ്‍തു വകുപ്പിന്റെ അനുമതിയോടെ സൂക്ഷിക്കാനാണ് സംസ്ഥാന അധ്യാപകജേതാവ് കൂടിയായ പാർത്ഥസാരഥിമാസ്റ്ററുടെ തീരുമാനം. ചരിത്രപ്രാധാന്യമുള്ള മുസിരീസും തൃക്കണാമതിലകവും ഉൾപ്പെടുന്ന പ്രദേശമായതിനാൽ പ്രാചീന പരിഷ്‍കൃതസമൂഹം ഈ പ്രദേശത്തുതാമസിച്ചുരുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വിദ്യാർത്ഥികൾ മനസ്സിലാക്കി.

പേപ്പർ ബാഗ് ദിനാചരണം

 
പേപ്പർ ഡേ

വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ്, മാതൃഭൂമി സീഡ്, എസ് പി സി, ക്രാഫ്റ്റ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ പേപ്പർ ദിനാചരണം സംഘടിപ്പിച്ചു. പ്ലാസ്റ്റിക്ക് ഒഴിവാക്കുക എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ക്രാഫ്‍റ്റ് ടീച്ചറായ ചൈതന്യടീച്ചറുടെ പരിശീലനത്തിൽ നൂറിലധികം വിദ്യാർത്ഥികൾ നിർമ്മിച്ച ആയിരം പേപ്പർ ബാഗുകൾ സ്‍ക്രീൻ പ്രിന്റ് ചെയ്‍ത് ശ്രീനാരായണപുരം ചന്തയിൽ വിതരണം ചെയ്‍തു. സ്‍കൂൾ മാനേജർ ലോലിതാ പ്രേംകുമാർ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ അദ്ധ്യക്ഷത വഹിച്ചു. സീനിയ‍ർ അസിസ്റ്റന്റ് രേഖ ടീച്ചർ, സി പി ഒ അഖിലേശ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

സ്‍ക്രീൻ പ്രിന്റിംഗ്

 

എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ക്രാഫ്റ്റ് ക്ലബ്ബ് അംഗങ്ങളെ സ്‍ക്രീൻ പ്രിന്റിംഗ് പരിശീലിപ്പിച്ചു. എച്ച് എസ് എസ് പനങ്ങാട് , ലിറ്റിൽകൈറ്റ്സ് , എസ് പി സി ലോഗോകളുടെ പ്രിന്റിംഗാണ് ഇരുപത്തിയഞ്ചോളം വിദ്യാ‍ത്ഥികളെ പരിശീലിപ്പിച്ചത്. വിദ്യാലയത്തിലെ ക്രാഫ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ആയിരത്തോളം പേപ്പർ ബാഗുകളിലാണ് സ്‍ക്രീൻ പ്രിന്റിംഗ് നടത്തിയത്.

അഭിമാനനേട്ടം

 
വരദ & തീർത്ഥ

കേരള സംസ്ഥാന കാർഷിക വികസന ക്ഷേമവകുപ്പും പൂവ്വത്തുംകടവ് ഫാർമേഴ്‍സ് സർവ്വീസ് സഹകരണ ബാങ്കും ചേ‍ർന്നുനടത്തുന്ന നാമ്പ് ഞാറ്റുവേല 2023 – 2024 യുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ വരദ പി (9 A) തീർത്ഥ എസ് ( 8 C ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സ്വാതന്ത്ര്യദിനാഘോഷം നടത്തി

 

രാജ്യം 77 - മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ വിദ്യാർത്ഥികളിൽ ദേശീയവബോധമുണ്ടാക്കുവാനും ത്യാഗ്വോജ്ജ്വലമായ ജീവിതം നയിച്ച ഒട്ടനവധി സ്വതന്ത്രസമരനേതാക്കളേയും അനുസ്‍മരിച്ചുകൊണ്ട് പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂൾ സ്വാതന്ത്ര്യദിനാഘോഷം നടത്തി. വിദ്യാലയാങ്കണത്തിൽ എസ് പി സി, എൻ സി സി, ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ എച്ച് എം ദീതി ടീച്ചർ ദേശിയപതാക ഉയർത്തി. ചടങ്ങിൽ കുമാരി വരദ പി എ പ്രതിജ്ഞാവചാകം ചൊല്ലികൊടുത്തു. കുമാരി നിവേദ്യ പ്രസാദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സീനിയ‍ർ അസിസ്റ്റന്റ് രേഖ ടീച്ച‍ർ, പി ടി എ എൿസിക്യൂട്ടീവ് അംഗം ശാരി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിത്യ സി പി നന്ദി പറഞ്ഞു.

അഭിമാനനിമിഷം

 

രാജ്യത്തിന്റെ ശാസ്‍ത്ര, സാങ്കേതിക മേഖലയ്‍ക്കു കരുത്തേകുവാൻ അമ്പിളിമാമനെ ലക്ഷ്യമിട്ട് ചന്ദ്രയാൻ 3 ഇന്ന് (ജൂലൈ 15) 2:35 ന് പ്രയാണമാരംഭിച്ചു. ഭൂമിയിൽ നിന്നും 384000 കിലോമീറ്ററുകൾ താണ്ടി ഓഗസ്റ്റ് 23 ന് വൈകീട്ട് 5:47 ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് ഇസ്റോ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണ സമയത്ത് നമ്മുടെ വിദ്യാർത്ഥികൾ പ്രാർത്ഥനയോടെ സ്‍കൂൾ അങ്കണത്തിലൊത്തുചേർന്ന് പ്രതീകാത്മമായി റോക്കറ്റ് വിക്ഷേപണം നടത്തി. വിദ്യാലയത്തിൽ നിന്നും വിരമിച്ച സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പി ജി പാർത്ഥസാരഥി മാസ്റ്റർ ചന്ദ്രയാൻ പേടകത്തിന്റെ പ്രവർത്തനഘട്ടങ്ങൾ എന്തെല്ലാമെന്ന് വിദ്യാർത്ഥികൾക്ക് വിശദമായി വിവരിച്ചുകൊടുത്തു.

അമ്പിളികലതൊട്ടറിയാൻ…….

 

ശ്വോസഗതിവേഗങ്ങളെ സ്വയം തിരിച്ചറിഞ്ഞുകൊണ്ട് ഒരു ദിവസം നീളുന്ന കൗണ്ട് ഡൗണ് അവസാനിക്കുമ്പോൾ നൂറ്റിനാൽപത് കോടി ജനങ്ങളുടെ പ്രാർത്ഥനയുമായി ചന്ദ്രയാൻ 3 പ്രയാണമാരംഭിക്കുന്ന നിമിഷം തത്സമയം വീക്ഷിക്കുന്ന നമ്മുടെ വിദ്യാർത്ഥികൾ. രശ്മിടീച്ചറുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ശാസ്ത്രകുതുകികളായ നൂറോളം വിദ്യാർത്ഥികളാണ് കമ്പ്യൂട്ടറർ ലാബിൽ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷിയായത് .

അനുമോദനസദസ്സിൽ അഭിമാനപൂർവ്വം

 

അക്ഷരകൈരളി - കയ്‍പമംഗലം നിയോജകമണ്ഡലം വിദ്യാഭ്യാസ സമിതി 100% വിജയം നേടിയ സ്‍കൂളിനുള്ള പുരസ്‍കാരം ബഹു : മന്ത്രി കെ രാജനിൽ നിന്നും ഹെഡ്മിസ്ട്രസ്സ് പി പി ദീതി ടീച്ചർ ഏറ്റുവാങ്ങുന്നു. ബഹു : എം എൽ എ ഇ ടി ടൈസൺ മാസ്റ്ററാണ് തന്റെ മണ്ഡലത്തിലെ തിളക്കമാർന്ന വിജയംകൈവരിച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്‍കാരങ്ങൾ നൽകുന്നതിന് നേതൃത്വം നൽകിയത്. പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂളിൽ 2022 – 2023 അദ്ധ്യയന വർഷത്തിൽ 166 വിദ്യാർത്ഥികൾ എസ് എസ് എൽ സി പരീക്ഷയെഴുതിയതിൽ 26 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ്സ് നേടികൊണ്ട് സമ്പൂർണ്ണവിജയത്തിലേയ്‍ക്ക് നയിച്ച പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഹെഡ്മിസ്ട്രസ്സ് ദീതി ടീച്ചറാണ്. 2023 ജൂലൈ മൂന്നാം തിയ്യതി മതിലകത്ത് വച്ച് നടന്ന അനുമോദനസദസ്സിൽ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കുള്ള വ്യക്തിഗത ട്രോഫികളും നമ്മുടെ വിദ്യാർത്ഥികൾ എറ്റുവാങ്ങി. സീനിയർ ടീച്ചർ രേഖടീച്ചറും അഖിലേശ് മാസ്റററും ഓഫീസ് സ്റ്റാഫ് സജിൻ ആ‍ർ കൃഷ്ണൻ എന്നിവർ ഈ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.

 

ഇനിയും അരുതേ യുദ്ധം … !

1945 ഹിരോഷിമയിലെ അമേരിക്കയുെടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജാപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. അവൾക്ക് രണ്ട് വയസ്സുള്ളപ്പോളാണ് ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വ‍ർഷിക്കുന്നത്. മരണത്തിൽ നിന്ന് രക്ഷപ്പെട്ടങ്കിലും മാരകമായ അണുവികിരങ്ങൾ മൂലം രക്താ‍ർബുദം അവളെ വേട്ടയാടി. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. ആ വിശ്വാസത്തെ മുൻനിറുത്തി ആശുപത്രികിടക്കയിലിരുന്ന് സഡാക്കോ കൊക്കുകളെയുണ്ടാക്കാനാരംഭിച്ചു. എന്നാൽ 644 കൊക്കുകളെയുണ്ടാക്കിയപ്പോഴേക്കും അവൾ മരണത്തിനു കീഴടങ്ങി. പിന്നീട് അവളുടെ സുഹൃത്തുക്കൾ ചേർന്ന് ആയിരം കൊക്കുകൾ നിർമ്മിച്ചു അവളോടോപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും അവളുടെ ഓ‍ർഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. ഇന്നും ഹിരോഷിമാദിനത്തിൽ ജപ്പാനിൽ ആയിരം കടലാസ് കൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അവരെപ്പോലെ ഈ ഹിരോഷിമാദിനത്തിൽ(ആഗസ്റ്റ് 6) എച്ച് എസ് എസ് പനങ്ങാട് വിദ്യാലയത്തിലെ സൃഷ്‍ടി ക്രാഫ്റ്റ് ക്ലബ്ബിലെ അംഗങ്ങൾ ആയിരം കൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി കൈകോർക്കുന്നു.