ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
മിസ് ബ്രൂക്സ്മിത്ത് - ഒരു അനുസ്മരണം - ശ്രീ. വി വറുഗീസ് - സ്‍കൂൾ ഗവേണിംഗ് ബോഡി അംഗം
തിരുമൂലപുരം ബാലികാമഠം സ്‍കൂൾ ശതാബ്ദി വർഷത്തിലാണ് അതിൽ ആദ്യ 50 വർഷം സ്‍കൂളിന്റെ സാരഥ്യം വഹിച്ചത് മിസ് ബ്രൂക്സ്മിത്ത് എന്ന ആംഗലേയ വനിതയാണ്. - ഹെഡ് മിസ്ട്രസ്സ് എന്ന നിലയിലും. തുടർന്ന് മാനേജർ എന്ന നിലയിലും. ബ്രൂക്സ്മിത്തിനെ മാറ്റി നിർത്തി ബാലികാമഠത്തിന് ഒരു ചരിത്രവുമില്ല. ശ്രീ. കണ്ടത്തിൽ വറുഗീസ് മാപ്പിള ഒരു പെൺ പള്ളിക്കുടം സ്ഥാപിക്കുന്നതിന് തന്റെ കുടുംബസ്വത്തിന്റെ ഭാഗമായിരുന്ന 81/2 ഏക്കർ വരുന്ന ഒരു ചെറുകുന്ന് ദാനമായി നൽകി. അതിൽ അനിതരസാധാരണമായ രൂപകൽപനയിൽ ഒരു കെട്ടിടവും നിർമിച്ചു. കെട്ടിടത്തിന്റെ ഉൽഘാടനവും നടത്തി. പക്ഷെ ക്ലാസ്സുകൾ നടന്നു കാണാൻ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല. ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ അതിന് ഒരു ആംഗലേയവനിത നേതൃത്വം നൽകണമെന്ന വറുഗീസ് മാപ്പിളയുടെ ആഗ്രഹം അദ്ദേഹത്തിന്റെ മകൻ ശ്രി. കെ.വി ഈപ്പൻ നിറവേറ്റി. പെരുനാട് ബഥനി ആശ്രമത്തിന്റെ സ്ഥാപകപിതാക്കൾ സന്യാസ പ്രസ്ഥാനത്തെപ്പറ്റി പരിശിലനം നേടിയത് കൽക്കട്ടാ OXFORD MISSION ൽ നിന്നായിരുന്നു എന്നത് അദ്ദേഹത്തിന് സഹായകമായി. അങ്ങനെ ഇംഗ്ലണ്ടിൽ നിന്നും റിട്ടയർഡ് ഹോഡ്‍മിസ്ട്രസ്സ് മിസ്. ഹോംസും, OXFORD UNIVERSITY യിൽ നിന്നും English Literature ൽ ബിരുദമെടുത്ത യുവതിയായ മിസ് ബ്രൂക്സ്മിത്തും തിരുവല്ലായിൽ എത്തി. രണ്ടു മദാമ്മമാരെയും ഇവിടുത്തേ രീതികളുമായി പരിചയപ്പെടുത്തുന്നതിനും മറ്റും ഇലഞ്ഞിക്കൽ ജോൺ വക്കീലിന്റെ മകൾ ശ്രീമതി അച്ചാമ്മ ജോൺ സന്നദ്ധയായി - സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ധനമന്ത്രിയായിരുന്ന ഡോ. ജോൺ മത്തായുടെ സഹധർമ്മിണി - ശ്രീമതി അച്ചാമ്മ ജോൺ സ്‍കൂളിൽ താമസിക്കാനും സന്നദ്ധയായി. ആ മഹതിയോട് ബാലികാമഠം ഏറെ കടപ്പെട്ടിരിക്കുന്നു. മലയാള മനോരമ കുടുംമ്പത്തിന്റെ എല്ലാ വിധ സഹായവും സ്ഥാപനകാലം മുതൽ സ്‍കൂളിനും മദാമ്മമാർക്കും ലഭിച്ചു. റാന്നി പെരുനാട് ബഥനി ആശ്രമത്തിലെ വൈദികരും സന്യാസിനികളും അന്നും ഇന്നും ബാലികാമഠം കുട്ടികൾക്ക് മാർഗ്ഗ ദർശികളായി പ്രവർത്തിക്കുന്നു. ആശ്രമസുപ്പീരിയർ സ്‍കൂൾ ഭരണ സമിതിയിലെ Ex – office അംഗമാണ്.
നാലു വർഷത്തിന് ശേഷം മിസ് ഹോംസ് തിരികെ പോയി. മിസ്. ബ്രൂക്സ്മിത്ത് നേതൃത്വം ഏറ്റെടുത്തു. ആദ്യകാലത്ത് ഇത് പൂർണ്ണമായും ഒരു റെസിഡൻഷ്യൽ സ്‍കൂളായിരുന്നു. അദ്ധ്യാപികമാരും സ്‍കൂളിൽ തന്നെ താമസിച്ചിരുന്നു. എല്ലവരും അവിവാഹിതർ - ഒരു കൂട്ടുകുടുംബം - നല്ല തന്റേടമുള്ല ഒരു നേതാവിനോടൊത്ത് പ്രവർത്തിക്കുന്ന അനുയായികൾക്ക് സുരക്ഷിത ബോഭത്തോടെ തങ്ങളുടെ ചുമലതകൾ നിറവേറ്റുവാൻ സാധിക്കും. അവർ പലപ്പോഴായി രേഖപ്പെടുത്ടിയ സംഭവങ്ങൾ അതു തെളിയിക്കുന്നു. പുതിപ്പള്ളിയിൽ ഒരു വിവാഹത്തിൽ സംബന്ധിച്ച് തിരികെ വരുന്നതിന് കോട്ടയം ട്രാൻസ്‍പോർട്ട് സ്റ്റാന്റിൽ മദാമ്മയും അധ്യാപികമാരും ഒരു ബസ്സിൽ കയറാൻ നിൽക്കുകയാണ്. പക്ഷെ ഒരു ചെറുപ്പക്കാരൻ ഫുഡ്ബോർഡിനടുത്ത് നിൽക്കുകയാണ്. കയറുകയുമില്ല, മാറുകയുമില്ല , മദാമ്മയ്ക്ക് രോഗം മനസ്സിലായി. അവർ മുഷ്ടിചുരുട്ടി അയാളുടെ പുറത്ത് ഒറ്റ ഇടി!. തിരിഞ്ഞു നോക്കിയ അയാൾ കോപം കൊണ്ട് ജ്വലിച്ചു നിൽക്കുന്ന മദാമ്മയെ ആണ് കാണുന്നത്!. പിന്നീട് ബസ്സിൽ കയരുമ്പോഴൊക്കെ അയാൾ ഈ സംഭവം ഓർത്തിണ്ടുവണം..
മറ്റൊരു സംഭവം : അസമയത്ത് മദാമ്മയുടെ മുറിയുടെ വാതിലിൽ ഒരു മുട്ട് കേട്ടു. മദാമ്മ കതക് തുറന്നപ്പോൾ കണ്ടത് ഒരു ചെറുപ്പക്കാരൻ നല്ല ഇംഗ്ലീഷിൽ അവരോട് വിവാഹാഭ്യർത്ഥന നടത്തുന്നതാണ്. ടീച്ചർമാരുടെ വിലക്കിനെ വകവെയ്ക്കാതെ മദാമ്മ അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ച് താഴെയുള്ള ഗേറ്റിന് പുറത്ത് റോഡിലേക്ക് തള്ളിവിടുകയാണുണ്ടായത്. ഇങ്ങനെ വളരെ ധൈര്യശാലിയായ വനിതയായിരുന്നു മദാമ്മ. അനീതി കണ്ടാൽ അപ്പോൾ തന്നെ അവർ പ്രതികരിച്ചിരുന്നു.
ക്രമേണ സ്‍കൂളിൽ എല്ലവരും അവരെ "മമ്മി" എന്നു വിളിക്കുവാൻ തുടങ്ങി. അക്കാലത്തെ സ്‍കൂൾ വാർഷികവും, യുവജനോൽസവങ്ങളും ഒക്കെ മദാമ്മയുടെ കലാപാടവവും സംഘടന മികവും നേതൃത്വഗുണവും തെളിയിക്കുന്നവയായിരുന്നു. ഒരു വർഷം “speech day” എങ്കിൽ അടുത്ത വർഷം "sale day” നടത്തി വന്നു. രണ്ടിലും കലാപരിപാടികൾക്കും അവസരം നൽകിയിരുന്നു. “speech day” യിൽ പ്രഗൽഭരായ പ്രഭാഷകരെ കേൾക്കുവാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. “Sale day”-ൽ മദാമ്മ തന്നെ തയ്ച്ചുണ്ടാക്കിയ തുണികളായിരുന്നു വില്പനയ്ക്കു വച്ചിരുന്നത്. നല്ല നിറവും ഭംഗിയുമുള്ള ക്രോസ് സ്റ്റിച്ച് ഡിസൈനുകൾ തുന്നിച്ചേർത്ത ബെഡ് ഷീറ്റ്, ടേബിൾ ക്ലോത്ത്, കുഷ്യൻ കവർ എന്നിവ. സെയിലിൽ ചെറിയ തുകലാഭവും ലഭിച്ചിരുന്നു. മിക്കവാറും എല്ലാ തുണികലും വിറ്റുപോകുും, ശേഷിച്ചവ അദ്ധ്യാപികമാർ വിലയ്ക്ക് വാങ്ങും.
മദാമ്മ തയ്യാറാക്കുന്ന ചെറുനാടകങ്ങൾ കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചിരുന്നു. (ഇംഗ്ലീഷും, മലയാളവും). രാജാവ്, മന്ത്രി, രാജകുമാരി, സേനാധിപൻ, മറ്റു കളിക്കാർ - എല്ലാവർക്കുമുള്ള വേഷവിധാനങ്ങൾ നിർമ്മിച്ച് സ്ഥിരമായി സൂക്ഷച്ചുവച്ചിരുന്നു. കൈയ്യിൽ ചപ്ലാംകട്ടയുമായി "നാരായണ നാരായണ" എന്ന് ചൊല്ലി കയറി വരുന്ന നാരദനും, യാഗാശ്വത്തെ തടയുന്ന ലവനും കുശനും കാർഡ് ബോർഡിൽ വെട്ടിയെടുത്ത് നിറം കൊടുത്ത കുതിരയും....... എല്ലാ എന്റെ ഓർമ്മയിൽ തെളിഞ്ഞുവരുന്നു. സ്റ്റേജിൽ ഇതിനൊക്കെ മദാമ്മയ്ക്ക് സഹായിയായി പുതുപ്പള്ളി സ്വദേശി എം. വി. വർഗീസ് സാർ ഉണ്ടായിരുന്നു. ഇതി സാധൂകരിക്കുന്ന ഒരു ഉദ്ധരണി 1931 ജൂലൈ ലക്കം "OLD GIRLS LEAFLET” ൽ നിന്നും എടുത്തു ചേർക്കുന്നു. “Again Mr. M.V Varghese talent for manipulating cardboard, embellished the soldiers with helmets,swords, shields and spears. The sulthan had a head dress, faithfully copied from historic pictures.”
അന്ന് വിദ്യാലയങ്ങളിൽ അന്യമായിരുന്ന മറ്റൊരു കലാരൂപമായിരുന്നു മദാമ്മ തുടങ്ങി വച്ച "നിഴൽ നാടകം" മദാമ്മ കർട്ടനു പിന്നിൽ ഒരു ടോർച്ചുമായി നിന്ന് രംഗത്തിനു കൃത്യമായി വേണ്ട വെളിച്ചം നൽകിയിരുന്നു. പല വർഷങ്ങളിലും മത്സരങ്ങളിൽ ഈ ഇനത്തിന് ബാലികാമഠം സമ്മാനങ്ങൾ നേടിയിരുന്നു. സിണ്ടർലായും, ഉറങ്ങുന്ന സുന്ദരിയുമൊക്കെ നിഴലുകളായി വന്നത് ഓർക്കുന്നു. ബാലികാമഠം സ്‍കൂൾ കലാകായിക രംഗങ്ങളിലും പ്രശോഭിച്ച കാലയളവായിരുന്നു അത്. അന്നത്തെ തിരുവിതാംകൂറിലെ ഇംഗ്ലീഷ് സിലബസ്സും പാഠപുസ്തകങ്ങളും തയ്യാറാക്കുന്ന കമ്മറ്റിയിൽ അവർ വിലപ്പെട്ട സേവനം കാഴ്ച്ച വെച്ചിരുന്നു. ബാലികാമഠം കുട്ടികൾക്ക് വിശ്വസാഹിത്യവുമായി ബന്ധപ്പെടുവാൻ മദാമ്മയുടെ ക്ലാസ്സുകൾ അവസരം നൽകിയിരുന്നു. ഇംഗ്ലണ്ടിലെ രാജ്‍ഞിയുടെ സ്ഥാനാരോഹണ ചടങ്ങുകളും മറ്റും റേഡിയോയിലുടെ കേൾക്കുന്നതിനും അത് വിശദീകരിക്കുന്നതിനും മറ്റും അന്നത്തെ കുട്ടികൾക്ക് ലഭിച്ച അസുലഭ അവസരങ്ങളായിരുന്നു. എം.ജി.എം സ്‍കൂളിന്റെ ഭരണസമിതിയിൽ അവർ അംഗമായിരുന്നു. എം.ജിഎം ഹെഡ് മാസ്റ്ററായിരുന്ന E. VEDASTRI സാറിനെ ബാലികാമഠത്തിൽ ക്ഷണിച്ചു വരുത്തി രസതന്ത്ര ക്ലാസ്സുകൾ എടുപ്പിച്ചിരുന്നു.
ബാലികാമഠം സ്കൂൾ പണി പൂർത്തിയായ അവസരത്തിൽ നടത്തപ്പെട്ട ഉൽഘാടന ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്ന കേരള വർമ്മ വലിയ കോയി തമ്പുരാനെ പാലിയേക്കര കൊട്ടാരത്തിൽ നിന്നും ആനയിച്ച ഘോഷയാത്രയിൽ എം.ജി.എം സ്‍കൂളിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു. വിലിയ കേയി തമ്പുരാൻ സഞ്ചരിച്ചിരുന്ന പല്ലക്കിനെ എം.ജി.എം സ്കൗട്ടുകളാണ് അനുധാവനം ചെയ്തിരുന്നത്.
ബാലികാമഠം സ്‍കൂൾ പ്രഥമ ഹെഡ്മിസ്ട്രസ്സ് മിസ്സ. ഹോംസ് 4 വർഷത്തെ സേവനത്തിന് ശേഷം തിരികെ പോകുന്ന സന്ദർഭത്തിൽ എം.ജിഎം ഗ്രൗണ്ടിൽ വച്ച് തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തിൽ നൽകപ്പെട്ട യാത്രയയപ്പു സമ്മേളനം അക്കാലത്തെ ഒരു അവിസ്മരണീയ സംഭവമായിരുന്നു.
എന്റെ പിതാവ് പരേതനായ വി. ജി വർഗീസ് ബാലികാമഠം സ്‍കൂൾ ഓഫീസിന്റെ ചുമതല വഹിച്ചിരുന്നു. അദ്ദേഹം "റയിട്ടർ സാർ" എന്ന് വിളിക്കപ്പെട്ടിരുന്നു. ഞായറാഴ്ച്ച ഒഴികെ മിക്കവാറും എല്ലാ ദിവസവും അദ്ദേഹം സ്‍കൂളിൽ പോകുമായിരുന്നു. അതിനു സാധിക്കാത്ത അവസരത്തിൽ മദാമ്മ വീട്ടിൽ വന്ന് റയിട്ടർ സാറുമായി സംസാരിച്ചു തീരുമാനങ്ങൾ എടുത്തിരുന്നു. അവർ തിരികെ പോകുമ്പോൾ ഞാൻ അവരെ ഗയിറ്റുവരെ അനുധാവനം ചെയ്യുക പതിവായിരുന്നു. അത്തരം ഒരു സന്ദർഭത്തിൽ അവരെ കൊണ്ടുവന്ന റിക്ഷാക്കാരനോട് ഒരു കാര്യം അറിയിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തി .തോലശ്ശേരി കയറ്റത്തിൽ ചെല്ലുമ്പോൾ റിക്ഷാനിറുത്തി അവരെ ഇറക്കിയിട്ട് അവരെ കൂടാതെ കയറ്റം കയറണം - തുടർന്ന് അവർ റിക്ഷയിൽ കയറികൊള്ളാം. അയാൾ പറഞ്ഞു എന്റെ വണ്ടിയിൽ യാത്ര ചെയ്യുന്ന അവരെ ഞാൻ വഴിയിൽ ഇറക്കുകയില്ല ഞാൻ നിഷ്‍പ്രയാസം അവരെയും കൊണ്ട് പൊയ്‍ക്കൊള്ളാം. സാധാരണക്കാരനായ ആ മനുഷ്യനും മദാമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. 1964 മെയ് മാസത്തിൽ നടന്ന എന്റെ വിവാഹത്തിൽ സംബന്ധിക്കുന്നതിന് അവർക്ക് സാധിച്ചില്ല. അവർ ഇംഗ്ലണ്ടിൽ ആയിരുന്നു. പോകുന്നതിന് മുൻപുതന്നെ എനിക്കുള്ള വിവീഹ സമ്മാനം എന്റെ പിതാവിനെ ഏൽപ്പിച്ചിരുന്നു. - നല്ല പച്ച ക്രോസ് സ്റ്റിച്ചിൽ ഭംഗിയുള്ള ഡിസൈൻ തയ്ച്ച രണ്ട് ബെഡ് ഷീറ്റുകൾ 56 വർഷങ്ങൾക്കു ശേഷവും പുതുമ മാറാതെ അവ ഞങ്ങൾ സൂക്ഷിക്കുന്നു. അതോടൊപ്പം വിവാഹ ശുശ്രൂഷയ്ക്ക് വാഴ്ത്തുവാനുള്ള കുരിശുമാലയും അവർ എന്റെ പിതാവിനെ ഏൽപ്പിച്ചിരുന്നു. 1972 ൽ എന്റെ പിതാവ് മരിക്കുമ്പോൾ മദാമ്മ പെരുനാട് ബഥനി മഠത്തിൽ താമസിക്കുകയായിരുന്നു. അവിടെ നിന്നും ഏതാനും സന്യാസിനിമാരോടൊപ്പം അവർ വന്നപ്പോഴേക്കും ഞങ്ങൾ പാലിയേക്കരപ്പള്ളിയിൽ ശുശ്രൂഷ ആരംഭിക്കുകയായിരുന്നു. പെരുനാട്ടിലെ പൂന്തോട്ടത്തിൽ നിന്നും ശേഖരിച്ച പൂക്കൾക്കൊണ്ട് അവർ തന്നെ നിർമിച്ച wreath സമർപിച്ചു.
തോലശ്ശേരി സി.എസ്.ഐ പള്ളിയിൽ ആണ് ബ്രൂക്സ്മിത്ത് ആരാധനയ്ക്ക് പോയിരുന്നത്. അവിടെ തന്നെയുള്ള sewing guild ലേക്കും അവർ നടന്നുപോയിരുന്നു. പള്ളിയിലെ ഗായക സംഘത്തോട് ചേർന്ന് ഇംഗ്ലീഷ ഗാനങ്ങൾ മദാമ്മയും ഭംഗിയായി ആലപിച്ചിരുന്നു. അത് അവർക്കെല്ലാം ഒരു പ്രചോദനം ആയിരുന്നു. അവിടെ വഴിയരികിൽ റോഡ് പുറമ്പോക്കിൽ ഒരു വൃദ്ധ തനിയെ താമസിച്ചിരുന്നു. ആ കുടിൽ മേഞ്ഞിരുന്ന ഓലയിളക്കി അടുപ്പിൽ കത്തിക്കുക പതിവായിരുന്നു. അവിടെ asbestos sheet കൊണ്ടുമേയുകയും അവർക്ക് വിറക് മുടക്കം കൂടാതെ ലഭിക്കുന്നതിന് ക്രമീകരണവും മദാമ്മ ചെയ്തുകൊടുത്തു. തിരുമൂലപുരം, തോലശ്ശേരി ഭാഗത്തുള്ള പാവപ്പെട്ട പെൺകുട്ടികൾക്ക് ഒരു ഉപജീവനമാർഗ്ഗം എന്ന നിലയിലാണ് അവർ sewing guild സ്ഥാപിച്ചത്. പിൽകാലത്ത് പലർക്കും അത് ഉപകാരപ്പെട്ടു. വെല്ലൂരിലെ നഴ്സ്സിങ്ങ് കോളേജുമായി ബന്ധപ്പെട്ട് അർഹരായ ചില പെൺകുട്ടികളെ അവിടെ പഠിക്കാൻ അയക്കുകയും തുടർന്ന് ജോലിവാങ്ങി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസരംഗത്ത് അവർ പ്രശോഭിച്ചു. അന്നത്തെ തിരുവിതാംകൂറിലെ ഇംഗ്ലീഷ് സിലബസ്സ് കമ്മറ്റിയിൽ അംഗമായിരുന്നിട്ടുണ്ട്. ഒരു നല്ല അദ്ധ്യാപികയായിരുന്നു മദാമ്മ. ബാലികാമഠം സ്‍കൂളിൽ scripture ക്ലാസ്സുകൾക്ക് മദാമ്മ നേതൃത്വം നൽകി ഇംഗ്ലീഷ് സാഹിത്യവുമായി അടുക്കാൻ കുട്ടികൾക്ക് മദാമ്മ അവസരം നൽകി. ഇംഗ്ലീഷ് ഭാഷ ആയാസരഹിതമായി കൈകാര്യം ചെയ്യുന്നതിന് അന്നത്തെ ബാലികാമഠം കുട്ടികൾക്ക് സാധിക്കുമായിരുന്നു. മദാമ്മ സർവ്വവും ബാലികാമഠത്തിന് സമർപ്പിക്കുകയായിരുന്നു. സ്‍കൂൾ സർവീസ്സിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച provident fund തുക കൊണ്ടാണ് ചാപ്പലിന് സമീപമുള്ള കെട്ടിടം നിർമ്മിച്ചത്. ഇന്നത് കുട്ടികൾക്ക് ഒന്നിച്ചു കൂടാനുള്ള ഒരിടമായി ഉപയോഗപ്പെടുത്തുന്നു. മദാമ്മ വന്ന കാലം മുതൽ താമസിച്ചിരുന്ന മുറിയിൽ നിന്നും മാറുന്നത് അവരുടെ പണം കൊണ്ട് നിർമിച്ച ചെറിയ കെട്ടിടത്തിലേക്ക്. അവർ അതിനെ കോട്ടേജ് എന്ന് വിളിച്ചു.- ചങ്ങനാശ്ശേരി Assissi Publishers ന് വേണ്ടി തയ്യാറാക്കിയ desk work ന് ലഭിച്ച പ്രതിഫലം കൊണ്ടാണ് ഇത് നിർമിച്ചത്. എന്നോടെപ്പോഴും സ്നേഹ വാത്സല്യത്തോടെ പെരുമാറിയിരുന്ന മദാമ്മ എന്നോടു കോപിച്ച ഒരു സന്ദർഭം ഇതുമായി ബന്ധപ്പെട്ടുണ്ടായി. കോട്ടേജ് സന്ദർശിച്ച എന്നെ അവരുടെ മുറിയിലേക്ക് ആനയിച്ചു. “ too small a room for you “ എന്ന comment അവരെ ചൊടിപ്പിച്ചു. “This is enough for me. I want to put just a cot, a table, a chair and a shelf.” ഈ കെട്ടിടത്തോട് ചേർക്കലുകൾ നടത്തിയാണ് ഇപ്പോഴത്തെ എച്ച്.എസ്സ്.എസ്സ്, പ്രിൻസിപ്പാൾ ന്റെ റൂമും ഓഫീസും പ്രവർത്തിക്കുന്നത്.
രോഗാവസ്ഥയിലായ മദാമ്മയെ തിരുവല്ലായിലെ ഡോക്ടർ മാരുടെ നിർദ്ദേശപ്രകാരം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപിച്ചു. അവിടെ ഡോക്ടർ കെ.സി മാമ്മൻ ചികിത്സയിക്കു നേതൃത്വം നൽകി. പക്ഷെ രോഗം മൂർഛിച്ചു അവർ 1974 ആഗസ്റ്റ് മാസം 5-ാം തീയതി പരലോകം പ്രാപിച്ചു. തിരുവല്ലായിൽ എത്തിച്ച മൃതദേഹം തോലശ്ശേരി സി.എം.എസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഒരു മഞ്ചലിൽ ബാലികാമഠത്തിലേക്ക് ശ്രീ. കെ.സി വർഗീസ് മാപ്പിളയുടെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാരായിരുന്നു കൊണ്ടുവന്നത്. ചാപ്പലിൽ പൊതുദർശനത്തിനു വച്ച മൃതദേഹം ദർസിക്കാനും ആദരാഞ്ജലികൾ അർപ്പിപ്പാനും അദ്ധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും പൗരമുഖ്യന്മാരും ഉൾപ്പടെ ഉരു വലിയ സംഘം ആളുകൾ എത്തിയിരുന്നു. തിരുമേനിമാരുടേയും വൈദികരുടേയും ബഥനി മഠത്തിലെ സന്യാസിനിമാരുടേയും നേതൃത്വത്തിൽ നടന്ന ശുശ്രൂഷകൾക്ക് ശേഷം ചാപ്പലിനു വടക്കുവശത്ത് തയ്യാറാക്കിയിരുന്ന കുടീരത്തിലേക്ക് മൃതശരീരം വഹിച്ചുകൊണ്ടുവരുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. അവിടത്തെ പ്രാർത്ഥിനകൾക്ക് ശേഷം മൃതശരീരം കുഴിയിലേക്ക് ഇറക്കിവെയ്ക്കുന്നതിന് ശ്രീ. ബിജോയ് ഈപ്പൻ (grand son of Kandathil Varghese Mappilai) കുഴിയിലേക്ക് ഇറങ്ങി. പാദത്തിനടുത്ത് നിന്നിരുന്ന ഞാനും ഉടൻ തന്നെ കുഴിയിലേക്ക് ഇറങ്ങി. ഞങ്ങൾ ഇരുവരും ചേർന്ന് പേടകം ഇറക്കി വെച്ചു. അത്രയെങ്കിലും ചെയ്യാനുള്ള അവസരമോ ഭാഗ്യമോ എനിക്കു ലഭിച്ചു. അന്നു ഞാൻ ബാലികാമഠത്തിൽ ഒരു പദവിയും വഹിക്കുന്നില്ലായിരുന്നു.
ആഗസ്റ്റ് 5 ന് ശേഷം വരുന്ന ശനിയാഴ്ച്ച, എല്ലാ വർഷവും “old students day” ആയി ആചരിക്കുന്നു. നീണ്ട 54 വർഷങ്ങൾ! വിദൂരമായ ദേശത്തു നിന്നും വന്ന് നമ്മിൽ ഒരാളായി നമ്മുടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ സംഭാവനകൾ നൽകിയ ആ മഹതിയുടെ ഓർമ്മകൾക്കു മുൻപിൽ ശിരസ്സുനമിച്ചുകൊണ്ട് ഞാനും എന്റെ ഓർമ്മകുറിപ്പ് അവസാനിപ്പിക്കട്ടെ ശതാബ്ദി ആഘോഷിക്കുന്ന വിദ്യാലയത്തിന് സർവ്വ മംഗളങ്ങളും പ്രാർത്ഥനയും ഹൃദയപൂർവ്വം അർപ്പിച്ചുകൊള്ളുന്നു.
ബാലികാമഠം എന്റെ രണ്ടാം മാതൃ ഭവനം - പ്രൊഫ. അംബികാദേവി - പൂർവ്വ വിദ്യാർത്ഥിനി
ഏതാണ്ട് അര നൂറ്റാണ്ടിനു മുൻപ് ഞാനെന്റെ പ്രിയപ്പെട്ട ബാലികാമാഠത്തിന്റെ പടിയിറങ്ങി. പിന്നെ തിരുമൂലപുരം എന്ന സ്ഥലപ്പേരും ബാലികാമഠം എന്ന സ്ക്കൂളിന്റെ നാമധേയവും വ്യക്തിബോധത്തോടൊപ്പം എന്നിൽ പറ്റിക്കൂടി. ഒരു പതിനൊന്നു വയസ്സുകാരിയുടെ അമ്പരപ്പോടും സംഭ്രമത്തോടും ആശങ്കയോടും, സ്‌ക്കൂളിൽ അച്ഛനോടൊപ്പം ആദ്യമായെത്തിയത് മനസ്സിന്റെ താളിലെ മങ്ങാത്ത ചിത്രമാണ്. ഇരുവശവും കാറ്റാടി മരങ്ങൾ അതിരിടുന്ന ചരൽപ്പാതയും സയൻസ് ലാബിന്റെ മുമ്പിൽ ജൂൺ മാസത്തിലെ മഴയെ തോൽപിച്ച് നെറുകയിൽ ചുവന്ന പൂക്കുടകളുമായി വിലസി നിന്ന വാകമരവും ചാപ്പലിന്റെ പിറകിലെ പനിനീർ ചാമ്പയും, ഒരു ചാപ്പൽ തന്നെയും, ഒന്നും പരിചിതമായ ലോകമായിരുന്നില്ല. ആ കുട്ടി, അച്ഛൻ ഗേറ്റു കടന്നു പോയതോടെ ഒച്ചയുണ്ടാക്കാതെ കരയാനും തുടങ്ങി. ഒരുപാട് കൂട്ടുകാരികൾ, ചേച്ചിമാർ, കൊച്ചനിയത്തിമാർ എല്ലാവരും വീട്ടിലെ ഓമനകൾ. ആക്കുട്ടിയും അവരിലൊരാളായി. വലിയൊരു എട്ടു കെട്ടാണ് സ്‌ക്കൂൾ. എന്നെയും വിസ്മയിപ്പിച്ചു കൊണ്ട് രണ്ടു കെട്ടിലുമുള്ള നടു മുറ്റങ്ങൾ. ഒന്നിലൊരു ശക്കരശ്ലി മാവ്, മറ്റതിൽ പനിനീർ ചാമ്പമരം. ഭൂമിയെ തട്ടി നിരപ്പാക്കാതെ ഭൂമിയുടെ കിടപ്പനുസരിച്ച് പണിഞ്ഞ കൊട്ടാര സദൃശ്യമായ കെട്ടിടം. മരങ്ങൾക്കും കെട്ടിടങ്ങൾക്കുമുള്ളിൽ നടു മുറ്റങ്ങളെ ചുറ്റി ക്ലാസ് മുറികൾ. നടുക്ക് വിശാലമായൊരു ഹാൾ. മുകളിൽ വലിയ തട്ടിൻപുറം. പകലിൽ ക്ലാസു മുറികളായുള്ള ഹാളിലും തട്ടിമ്പുറത്തുമായി, രാത്രിക്കാലത്ത് കൂട്ടുകാരികളോടൊത്ത് പായ് വിരിച്ചുറങ്ങാം. നക്ഷത്രങ്ങളെ നോക്കി നോക്കി അവ അരികിൽ എത്തുന്നതും അമ്പിളി അമ്മാവനെ മാവിന്റെ ചില്ലയിലൂടെ എത്തുന്നതും അമ്മയുടെ സ്നേഹം നറുനിലാവായി പൊഴിയുന്നതും നിലാവിന്റെ കുഞ്ഞലകൾ താരാട്ടുപാടുന്നതും കണ്ട് സംഭ്രമിച്ചു നിന്ന അന്നത്തെ കുുട്ടി ബാലികാമഠത്തിന്റെ ഭാഗമായി മാറി.
ബാലികാമഠത്തിലെ എന്റെ ജീവിതകാലം എന്നെ എനിക്കു തിരിച്ചറിയാൻ കഴിഞ്ഞ സുവർണ്ണകാലമാണ്. പല നാടുകളിൽ നിന്ന് പല സാഹചര്യങ്ങളിൽ നിന്ന് വരുന്ന കൂട്ടുകാരികൾ ഒന്നിച്ച് ഊണ് കഴിക്കുന്നു. ഒന്നിച്ച് ഉറങ്ങുന്നു. ആരും തമ്മിൽ വഴക്കിടാനോ നീണ്ടനാൾ പിണങ്ങി കഴിയാനോ സാദ്ധ്യമല്ല. എടി, പോടി, എടേ, ഇയ്യാൾ എന്നൊന്നും പരസ്പരം വിളിച്ചു കൂടാ. പേരു വിളിക്കാം, കുഞ്ഞേ എന്നു വിളിക്കാം. ഈ സദ്‍മനോഭാവത്തിന് കാരണം സ്‌ക്കൂളിന്റെ സർവ്വസ്വമായ മദാമ്മയും കൊച്ചമ്മമാരും നൽകുന്ന ജീവിത പാഠങ്ങളാണ്. ടീച്ചറില്ല, കൊച്ചമ്മയാണ് അതായത് ചേച്ചി. ഒരു കള്ളം പറയാൻ ബാലികാമഠത്തിൽ പഠിച്ച കുട്ടികളുടെ നാവു പൊങ്ങുകയില്ല, കൊച്ചു തെറ്റുകൾ പോലും ഒളിപ്പിക്കാതെ ഏറ്റു പറഞ്ഞു പോകുന്ന സംസ്കാരം മനസ്സിൽ ഊട്ടി ഉറപ്പിച്ചു തന്നു. കുമ്പസാരം എന്ന മഹനീയാചാരം സ്വയം ബോദ്ധ്യപ്പെടാൻ നൂറാവർത്തി തെറ്റു ചെയ്താലും മാപ്പുനൽകാനൊരു ശക്തിയുണ്ടെന്നും തെറ്റിൽ നിന്ന് ശരിയിലേക്കുള്ള മനസ്സിന്റെ തീർത്ഥയാത്രയാണ് ജീവിതമെന്നും എന്നൊക്കെ ബോർഡിംഗ് മിസ്സിസ് അന്നമ്മ കൊച്ചമ്മയും അമ്മുക്കുട്ടി കൊച്ച മ്മയും പഠിപ്പിച്ചു തന്നു. സ്റ്റെൽ നടപ്പുകാരിയായ ഗ്രേസി കൊച്ചമ്മയുടെ ബയോളജി ക്ലാസുകൾ ഓർക്കുന്നു. ദീനാമ്മ കൊച്ചമ്മയെ ഓർക്കുന്നത് സയൻസ് ലാബിൽ ഫിസിക്സ് പഠിപ്പിക്കാനെത്തുന്നതല്ല. കഥ പറയുന്ന ദീനാമ്മ കൊച്ചമ്മയെ ആണ്. ഒരു ചാന്തു കുപ്പിയോളമേയുള്ളു. ആളിനേക്കാൾ കൂടുതൽ തലമുടി. പാടുപെട്ട് ഒച്ച യെടുത്താണ് കഥ പറച്ചിൽ. എല്ലാ ശനിയാഴ്ചകളിലും അത്താഴമൂണു കഴിഞ്ഞാൽ 6B യിൽ ചെന്നിരിക്കാൻ ഹെഡ് ഗേളിന്റെ അറിയിപ്പു കിട്ടും. പഠിക്കുന്ന പുസ്തകം കൈകൊണ്ടു തൊടേണ്ടാത്ത ശനിയാഴ്ചകളിൽ നിലാവു മയങ്ങുന്ന, മഴ ചാറുന്ന രാത്രികളിൽ, ചാമ്പ മരച്ചില്ലയിൽ തിളങ്ങുന്ന ഇലകളെ നോക്കിയിരിക്കും. കൊച്ചമ്മ കഥ പറയാനെത്തി. ഇടത്തെ കൈ കവിളിൽ ചേർത്ത് “ഡ്രാക്കുള പുസ്തകം” മറ്റൊരു കൈയിൽ പിടിച്ച് കഥ തുടങ്ങുന്നു. കഥ രക്ത രക്ഷസ്സിന്റേതാണ്. “മാർത്താണ്ഡവർമ്മ'യും ഇതിഹാസ കഥകളും പരിചിതമായതിനാൽ ദംഷ്ട്രപ്പല്ലുകൾ നീണ്ട് ചോര കുടിക്കുന്ന ഡ്രാക്കുള കഥ കേട്ട് തരിച്ചിരുന്നു. പേടി തോന്നിയേയില്ല, പേടിക്കിവിടെ സ്ഥാനമില്ല. കണക്കിനു സ്ഥിരമായി പൂജ്യം ലഭിക്കുന്ന സ്ഥാനത്ത് നിൽക്കുന്ന എന്നെ വി.എം. മറിയാമ്മ കൊച്ചമ്മ കൊച്ചുകളിയാക്കലിലൂടെയാണ് ശിക്ഷിച്ചത്. അന്ന് നവ വധുവായിരുന്ന കൊച്ചമ്മയുടെ സ്വർണ്ണാഭരണങ്ങളും പ്രിന്റു ചെയ്ത തൂവെള്ളക്കവിണിയും നോക്കി ഞാനിരുന്നു. എന്നെ കണക്കു പഠിപ്പിക്കാൻ അസാദ്ധ്യം. വേറേ വിഷയങ്ങൾക്ക് മിടുക്കിയാ ണെന്നു വെച്ച് എന്നോടു ക്ഷമിച്ചു. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കാനൊരു സ്ക്കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച അഭിവന്ദ്യനായ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള യശ:ശരീരനായതിന്റെ നൂറാം വാർഷികത്തിൽ എന്റെ സ്‌ക്കൂൾ ജീവിതം മുഖ്യവിഷയമാക്കി നിലാമഴയെന്ന നോവൽ ഞാൻ എഴുതി. ആ മഹനീയ വേളയിൽ ബാലികാമഠത്തിലൊരു മുഖ്യാതിഥിയായി തിരിച്ചെത്തി, ഒരു ജന്മത്തിന്റെ സുകൃതം. എന്റെ മറിയാമ്മ കൊച്ചമ്മയുണ്ട് എന്നെ സ്വീകരിക്കാൻ. എന്നെ കൊച്ചമ്മ ഓർക്കുന്നില്ല. എന്നെക്കാൾ ഏഴു വർഷം മുമ്പ് പഠിച്ച എന്റെ സഹോദരി എസ്. രാധയുടെ ആരെങ്കിലുമാണോ എന്നൊരു ചോദ്യം. ഇന്നത്തെ ഗൈനക്കോളജിസ്റ്റ് ഡോ. രാധാ ഹരിലാൽ ആണ് അത്. കണക്കിന് നൂറിൽ നൂറ് മാർക്ക് വാങ്ങിയ എന്റെ അക്ക ഇരുന്ന സീറ്റ് കൂടി കൊച്ചമ്മ ഓർത്തിരിക്കുന്നു. ഒരമ്മയുടെ മക്കളായ ഞാനും അക്കയും തമ്മിൽ എന്തൊരു വ്യത്യാസം. റോസമ്മ കൊച്ചമ്മ എന്നെ തയ്യൽ പഠിപ്പിച്ചു മടുത്തു. എന്റെ അക്ക തുന്നിയ ക്രോസ് സ്റ്റിച്ച് വച്ച ഷീറ്റുകൾ പലതും ഉണ്ട് ഇന്നും എന്റെ വീട്ടിൽ. അമ്മുക്കുട്ടി കൊച്ചമ്മയെ അന്ന് ആരും ആരാധിച്ചു പോകുന്നൊരു മഹതിയാണ്. നല്ല പൊക്കവും ചുരുണ്ട മുടിയും നല്ല ചിരിയും കൊച്ചമ്മയെ അഴകുറ്റവളാക്കിയിരുന്നു. ഒരിക്കൽ സിക്ക് റൂമിൽ ഏകാകിനിയായി കിടന്ന എന്റെ അരികിലെത്തി കൊച്ചരിപ്പല്ലുകാട്ടി മനോഹരമായി ചിരിച്ച് എന്നെ സമാശ്വസി പ്പിച്ച കൊച്ചമ്മയുടെ കരുതലും സ്നേഹവും അറിഞ്ഞ ഞാൻ, ബാലികാമഠം സ്ക്കൂൾ എന്റെ രണ്ടാം മാതൃഭവനം ആണെന്ന് ഉറപ്പിച്ചു. ഒരു അന്യതാബോധവും വേണ്ടാ, ഈ വലിയ വീട്ടിലെ പ്രാധാന്യമുള്ളൊരു വ്യകതിയാണ് ഞാനും ശനിയാഴ്ച തോറും ചാപ്പലിൽ എത്തി താമസിച്ച് ഞങ്ങൾക്ക് സദാ ചാരനിഷ്ഠമായ ജീവിതത്തിന്റെ പാഠങ്ങൾ പകർന്നുതന്ന വന്ദ്യപുരോഹിതനെ ഞാൻ ഓർക്കുന്നു. രണ്ട് കന്യാസ്ത്രീകളെ ഞാൻ ആദരവോടെ ഓർക്കുന്നു. ഒരു വറ്റു പോലും പാഴിൽ കളയാതെ ഞങ്ങളെ അന്നത്തിന്റെ വില പഠിപ്പിച്ചു തന്ന സ്നേഹ വഴികൾ കളയുന്ന വറ്റിന് അവകാശികൾ ഉണ്ടെന്ന ബോധം. ഈ ഭൂമി എല്ലാവർക്കും ഉള്ളതാണെന്ന സമത്വ ദർശനം. പെൺകുട്ടികൾക്ക് വീട്ടുജോലികൾ പറഞ്ഞുതന്ന മ്രേടൻ തങ്കമ്മ കൊച്ചമ്മയേയും, ഏലിച്ചേടത്തി, ഭാരതി, അവറാൻ ചേട്ടൻ, ആരെയും എനിക്ക് മറക്കാനാവില്ല, ഏതാനും ദിവസം മാത്രം പഠിപ്പിച്ച അപ്പു കൊച്ചമ്മയേയും ഓർക്കുന്നു. സ്‌ക്കൂളിൽ ഞങ്ങൾക്കൊരു കാരണവർ ഉണ്ടായിരുന്നു. സ്ക്കൂളിലെ സകല കണക്കുകളും പണവും സൂക്ഷിക്കുന്ന ഞങ്ങളുടെ റൈട്ടർ സാർ. നേര്യത് വളച്ച് തോളിലിട്ട് നന്നേ വൃദ്ധനായൊരു ശാന്തശീലൻ. അമ്പലത്തിലെ ശാന്തിക്കാരനാണെന്നു തോന്നുന്ന സൌമ്യത. ഞങ്ങളെ റൈട്ടർ സാർ കൊച്ചു മക്കളായി കരുതി. ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ കുളിക്കുവാനും തോർത്തും സോപ്പുപെട്ടിയും സോപ്പും കൃത്യമായി ഉപയോഗിക്കണമെന്നും പഠിപ്പിച്ച അന്നമ്മ കൊച്ച മ്മയെ ഞാനോർക്കാറുണ്ട്. സോപ്പു പെട്ടിയിൽ വെള്ളവുമായി സോപ്പു കുഴമ്പു രൂപത്തിലാക്കി വെയ്ക്കുമ്പോൾ അന്നമ്മ കൊച്ചമ്മ പറയുമായിരുന്നു, ഇങ്ങനെ വെയ്ക്കരുതെന്ന്. സോഷ്യൽ സ്റ്റഡീസിനു ഞാൻ അത്ര മോശമല്ലാത്തതിനാൽ അനുഗ്രഹപൂർവ്വമായി എന്നെ നോക്കി മന്ദഹസിച്ചിരുന്ന ഏലിയാമ്മ കൊച്ചമ്മയെ ഞാനാദ്യം ഓർക്കേണ്ടതാണ്. ജൂൺ മാസത്തെക്കുറിച്ച് ഓർക്കു മ്പോൾ വിസ്മയകരമായ ഒരു കാര്യം ഉണ്ട്. അതു പറയാതെ വയു. ഞങ്ങളെ മലയാളം പഠിപ്പിച്ച എന്റെ മീനാക്ഷി ചേച്ചി കഴിഞ്ഞൊരു തവണയിലെ സ്ക്കൂൾ ഒത്തുകൂടലിൽ എത്തി എന്നെയും എന്റെ പേരക്കുട്ടികളെയും അനുഗ്രഹിച്ച ശേഷം രണ്ട് നാൾക്കുള്ളിൽ ഇഹലോകവാസം വെടിഞ്ഞു. രാമായണപാരായണത്തി ലൂടെ സാഹിത്യലോകത്തിലേക്കു എന്നെ കൈപിടിച്ചെത്തിച്ച സമാദരണിയായ ചേച്ചിയുടെ പാവനസ്മരണയുടെ മുമ്പിൽ തലകുനിക്കുന്നു. മലയാളം പഠിപ്പിച്ച പാപ്പി സാറിനെയും എം.എ. മറിയാമ്മ കൊച്ചമ്മയേയും ഹെഡ്മാസ്റ്റർ വർഗ്ഗീസ് സാറിനെയും ഞാൻ സ്മരിക്കുന്നു. ഈ ഓർമ്മകളിൽ എന്റെ സ്മരണകൾക്ക് പരിവേഷം അണയിക്കുന്നത് മിസ് പി. ബ്രുക്ക്സ്മിത്ത് എന്ന ഞങ്ങളുടെ പ്രിയംകരിയായ മദാമ്മയാണ്. ബാലികാമഠത്തിലെ പെൺകുട്ടികൾ ഭാവിയിൽ പകച്ചു നിന്നിട്ടില്ല. ഞങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കുവാനുള്ള കരുത്ത് ഞങ്ങൾക്കുണ്ടായിരുന്നു. കൃത്യനിഷ്ഠയും അച്ചടക്കവും സാമാന്യമര്യാദയും, കാരൂ ണ്യവും സഹിഷ്ണതയും പൊരുത്തപ്പെട്ടു പോകലും ഞങ്ങൾ കുരുന്നിലെ പഠിച്ച പാഠങ്ങളാണ്. അതു ഞങ്ങളെ പഠിപ്പിച്ചത് മദാമ്മയുടെ നേതൃത്വമാണ്. ലണ്ടനിലെ ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നി ന്നും നേടിയ ബിരുദത്തിന്റെ തിരിനാളം ഇങ്ങകലെ കേരളത്തിലെ ആയിരക്കണക്കിനു പെൺകുട്ടികൾക്ക് വെളിച്ചമായി. കേരളത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടിത്തറ ഉറപ്പിച്ച് വഴികാട്ടിയായി നിസംഗമായി കർമ്മം ചെയ്തതിന്റെ മഹനീയ മാ തൃകയാണ് മദാമ്മ. ഒരു അവാർഡും പ്രതീക്ഷിക്കാത്ത ദേവാത്മാവാണെന്റെ മദാമ്മ. മാറിയ കാലത്തിന്റെ വികൃതമായ പേടിപ്പിക്കുന്ന അവസ്ഥയുമായൊരു താരതമ്യം. അതിവിസ്തൃതമായ സ്‌ക്കൂൾ വളപ്പിൽ മുൻവശത്തൊരു തുരുമ്പിച്ച ഇരുമ്പു ഗേറ്റും മതിലുമുണ്ട്. ബാക്കി പുറകുവശത്തും, റോഡിനെ അഭിമുഖീകരിക്കുന്ന വശങ്ങളിലും പാമ്പു ചെടികൾ എന്നു ഞങ്ങൾ വിളിച്ച കാട്ടുചെടികളാണ് ഉയർത്തിപിടിച്ച കരങ്ങളുമായി മതിൽ തീർത്തത് കൊച്ചമ്മമാരും, മദാമ്മയും താമസി ക്കുന്ന കെട്ടിടങ്ങൾ സ്‌ക്കൂൾ കെട്ടിടത്തിൽ നിന്നുംവിട്ട് ഒരു നടുമുറ്റം കടന്ന് നാലഞ്ചുപടി അകലെയാണ്. വലിയ എട്ടു കെട്ടിലെ ക്ലാസുമുറികളിൽ ഹോളിൽ തട്ടിൻപുറത്ത് ഞങ്ങൾ അനേകം പെൺകൊച്ചുങ്ങൾ ഉറങ്ങുന്നു. ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്നവർ. ഞങ്ങൾ ഉറങ്ങാൻ കിടന്നോ എന്ന ഉറപ്പു വരുത്തി, ലൈറ്റുകൾ അണച്ച് അന്നമ്മ കൊച്ചമ്മ പടിയിറങ്ങി പോകുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികളോടോപ്പം ഉറങ്ങുന്ന മെലിഞ്ഞ ശരീരമുള്ള ലില്ലിക്കുട്ടി കൊച്ചമ്മ കൊട്ടാര വാതിലുകൾ അടയ്ക്കുന്നു. ഞങ്ങളുറങ്ങുന്നു. ശാന്ത രാത്രികൾ, ഒരു പേടിയുമില്ലാതെ. ഞങ്ങളെ ആരാണ് കാത്തു പോന്നത്. വിസ്തൃതമായ സ്‌ക്കൂൾ വളപ്പിൽ ഒരു കാവൽക്കാരനില്ല, കാവൽ നായ്ക്കളുമില്ല, മദാമ്മയുടെ പൂച്ച മാത്രം ഇരുട്ടിൽ നടക്കുന്നു. രണ്ടു മഹാ മരങ്ങൾ കെടിടത്തിനകത്തു ഉറങ്ങാതെ നിന്നു. കാലം, അതാണ് കാലം, ശാന്തമായ ജീവിതം. പരസ്പര വിശ്വാസം, സ്നേഹം ഇവ സുരക്ഷിതത്വം നൽകുന്നു. ഒരു പതിമൂന്നുകാരി ക്ക് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനി ൽ ഒറ്റയ്ക്കു ചെന്ന് ട്രെയിൻ കയറി പോകാം. വീട്ടിൽ നിന്ന് തിരിച്ചു തനിയെ വരാം. ഒരു പേടിയുമില്ലാതെ മകൾ സ്‌ക്കൂളിൽ എത്തിയോ എന്നറിയാൻ ഫോണില്ല. ഒരു ആശങ്കയും വേണ്ടാ, പരിഭ്രമവും ഇല്ല, അവൾ സുരക്ഷിതയായിരിക്കും. അതായിരുന്നു ആ കാലം. അതിനാൽ ഇരുട്ടു പരക്കുമ്പോഴും ഞങ്ങൾ പ്ലേ ഗ്രൌണ്ടിൽ കളിച്ചു നടന്നു. തൊട്ടടുത്ത റോഡിൽ നിന്നാരും ഞങ്ങളെ തുറിച്ചു നോക്കിയില്ല. ബാലികാമാത്തിലെ എന്റെ ജീവിതത്തിലെ ഓരോ ദിനവും എനിക്കിന്ന് ഓർക്കാനാവും. എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചു തന്ന പാഠങ്ങളാണ് ഞാൻ അവിടെയും പഠിച്ചത്. ഞങ്ങൾ ബാലികാമഠം പെൺകുട്ടികൾ എവിടെയും ശോഭിക്കുന്നു. ഞ ങ്ങൾക്ക് കള്ളം പറയാനാവില്ല. വലിയ തെറ്റുകളും ചതികളും ഞങ്ങൾക്ക് അസാദ്ധ്യമാണ്. ഞങ്ങൾ നല്ല വീട്ടുകാരികളാണ്. മിതവ്യയം ശീലിക്കുന്ന മാതൃകാ കുടുംബിനികൾ. സന്താനങ്ങളെ നേർവഴിക്കു നയിക്കുന്നവർ. മുതിർന്നവരെ നയിക്കാനും ആദരിക്കാനും ഇല്ലാത്തവരെ സഹായിക്കാനും ഞങ്ങൾ ആരുടേയും പിറകിലല്ല. സഹാനുഭൂതിയും സമഭാവനയും ജന്തുജാലങ്ങളെ പോലും സ് നേഹിക്കാനുള്ള സന്മനസ്സും ഞങ്ങൾക്കുണ്ട്. ഞങ്ങൾക്കെന്തല്ലാം ഗുണങ്ങളുണ്ടോ അതിനെല്ലാം ഞങ്ങൾ ബാലികാമഠം എന്ന മാതൃഭവനത്തോടു പൂർണ്ണമായും കടപ്പെട്ടിരിക്കുന്നു. എനിക്കെന്റെ സ്‌ക്കൂളിനെ ഇന്നും അനുഭവിക്കാനാകും. പവിഴമല്ലിപ്പൂക്കളുടെ സുഗന്ധം മദാമ്മയുടെ മുറിവാതിക്കലെ മോർണിംഗ്ലോറി പൂക്കളുടെ സൗമ്യസുഗന്ധം, വിസ്തൃതമായ സ്‌ക്കൂൾ വളപ്പിൽ അതിരിട്ടു നിന്ന കാട്ടു ചെടികളിൽ പൊട്ടി വിരിഞ്ഞപ്പൂക്കളിൽ നിന്ന് കാടിന്റെ മണം, ഡൈനിംഗ് ഹോളിലെ കൽമേശകളുടെ മണം. ഒഴിക്കാനായ് കിട്ടുന്ന മോരിന്റെ സ്വാദ് , മുളകു ചമ്മന്തിയുടെ രുചി, തുടിക്കുന്ന ഈ ഓർമ്മകൾ എന്നിൽ പെയ്ത് ഒഴിയില്ല. നിലാമഴയിലും അതു പെയ്തു തീർന്നില്ല. ചിലപ്പോഴെല്ലാം നിലാവും മഴയും ഇളം വെയിലുമായി ഓർമ്മകളെന്നെ അതിശീഘ്രം പുറകോട്ടു കൊണ്ടുപോയി പച്ചപാവാടയും വെള്ള ബ്ലൗസ്സുമിട്ടൊരു ബാലികയാക്കുന്നു. നിത്യഹരിതയായ എന്റെ സ്ക്കൂളിന് സഹാനുഭൂതിയുള്ള ഇന്നത്തെ അദ്ധ്യാപികമാർക്ക് സ്ക്കൂളിന്റെ മാനേജ്മെന്റിന്, എന്റെ നേർ അവകാശികളായ കൊച്ചനുജ ത്തിമാർക്ക് പൂർവ്വ വിദ്യാർത്ഥിനികൾക്ക് ഹൃദ്യമായ സ്നേഹം.
ഹരിത വിദ്യാലയം അരനുഭവം - കുമാരി. ഷാലു എൽസ ജേക്കബ് - പൂർവ്വ വിദ്യാർത്ഥിനി
2010 2011 കാലഘട്ടത്തിലായിരുന്നു ഞങ്ങളുടെ പത്താം ക്ലാസ് കലോത്സവം സാമൂഹ്യശാസ്ത്രമേള എക്കോ ക്ലവ് സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങി നിരവധി ഓർമ്മകൾ തിങ്ങി നിൽക്കുന്ന സുവർണ്ണകാലഘട്ടം ആ കൊല്ലം പതിവുപോലെ പാർലമെൻററി സിസ്റ്റം ഇഷ്ടത്തിൽ സ്കൂൾ സ്കൂൾ ലീഡർ ആകുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു പതിവുപോലെ സ്കൂൾ പ്രവർത്തനം അമ്മമാരോടൊപ്പം ചുക്കാൻ പിടിക്കണം എന്നതിലുപരി വലിയ ജോലി ഭാരങ്ങൾ ഒന്നും തന്നെ വരില്ല എന്ന് ഞാനും കരുതി എന്നാൽ ആ സമയത്താണ് ദൂരദർശൻ ചാനലിൽ ഹരിതവിദ്യാലയം എന്ന റിയാലിറ്റി ഷോ തരംഗമാകുന്നത് കേരളത്തിലെ മികച്ച സ്കൂളുകളെ തിരഞ്ഞെടുക്കുന്ന ചൂടൻ മത്സരത്തിലേക്ക് ഞങ്ങളുടെ പെൺപടയും രണ്ടുംകൽപ്പിച്ച് ഇറങ്ങാൻ തീരുമാനിച്ചു എന്ന നിലയിൽ എനിക്കിത് ഒരു സുവർണ്ണ അവസരം ആയി തോന്നി ഒരു ടെലിവിഷൻ ചാനൽ നോമ്പിൽ ഞങ്ങളുടെ സ്കൂളിനെക്കുറിച്ച് വാനോളം വർണിക്കുവാൻ ഉള്ള അവസരം അന്ന് ഞങ്ങൾക്ക് പൂർണപിന്തുണയുമായി എല്ലാം കൊച്ചമ്മമാര് നിന്നും പ്രധാനമായും ചുക്കാൻ പിടിച്ചവർ സൂസൻ k ജോസഫ് കൊച്ചമ്മ ജിനു കൊച്ചമ്മ ജൂലി കൊച്ചമ്മ ജെസ്സി കൊച്ചമ്മ അന്നമ്മ ചെറിയാൻ കൊച്ചമ്മ എന്നിവരായിരുന്നു. യഥാർത്ഥത്തിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോയ ഒരു അനുഭവമായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ( ഒന്നാംഘട്ടം- ഞങ്ങൾ തയ്യാറാവുന്നു) മലയാള മനോരമ പത്രത്തിൽ വായിച്ചിട്ടുള്ള ഒരു ചെറിയ കേട്ടുകേൾവി മാത്രമേ ഞങ്ങൾക്ക് ആദ്യം ഈ പരിപാടിയെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ എന്നാൽ ഞങ്ങൾക്ക് എല്ലാ ആത്മവിശ്വാസവും തന്ന് കൂടെ നിന്നത് ഞങ്ങളുടെ കൊച്ചമ്മമാർ ആണ് ദൂരദർശനിൽ പല സ്കൂളുകൾ എങ്ങനെയാണ് തയ്യാറെടുപ്പോടെ വന്നിരുന്നത് എന്ന് ഞങ്ങൾ കണ്ടു മനസ്സിലാക്കി ചില സർക്കാർ സ്കൂളുകളിലും മറ്റും പ്രവർത്തനങ്ങളും സൗകര്യങ്ങൾ കണ്ടു ഞങ്ങൾ ആദ്യം ഒന്ന് പകച്ചു എന്നാൽ പരിമിതികളെ മറികടന്ന് നമ്മുടെ പെൺപട എങ്ങനെ സ്കൂളിനെ മികവുറ്റതാക്കി മുന്നോട്ടു കൊണ്ടു പോകുന്നു എന്ന് കേരള സംസ്ഥാനത്തെ കാണിച്ചുകൊടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് കൊച്ചമ്മമാർ ഞങ്ങൾക്കൊപ്പം നിന്നും നേരിട്ട് ചാനലിൽ പോകുംമുമ്പ് ഹരിതവിദ്യാലയം സംഘാടകർ സ്കൂളും പ്രവർത്തനങ്ങളും മുഴുവനായി ഷൂട്ട് ചെയ്യുവാൻ ഒരു ദിവസം എത്തും അതിനുശേഷമാണ് ജഡ്ജസ് മായുള്ള ഇൻട്രൊഡക്ഷൻ സ്മാർട്ട് ക്ലാസ് റൂമുകളും ക്ലബ് പ്രവർത്തനങ്ങളും കൂട്ടിയിണക്കി ഞങ്ങൾ തയ്യാറായി.
(രണ്ടാംഘട്ടം- ബാലികാമഠം ക്യാമറക്കണ്ണിലൂടെ) ആ ദിവസം ഇന്നും മായാതെ നിൽക്കുന്നു സ്കൂളും പ്രവർത്തനങ്ങളും മുഴുവൻ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത് പോകുന്നു രാവിലെ അസംബ്ലി മുതൽ ഓരോ ചെറിയ കാര്യങ്ങളും അവർ കവർ ചെയ്തു ഏലിയാമ്മ കൊച്ചമ്മയുടെ നേതൃത്വത്തിലുള്ള സോഷ്യൽ സയൻസ് ക്ലബ്ബിൻറെ അന്നത്തെ സെക്രട്ടറി ഞാൻ ആയിരുന്നു അതിനാൽ സ്കൂൾ ഞങ്ങളുടെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ പ്രകീർത്തിക്കാൻ എനിക്കും ഒരു സുവർണ്ണ അവസരം ലഭിച്ചു തുടർന്ന് എക്കോ ക്ലബ്ബിൻറെ പച്ചക്കറിതോട്ടം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് ഐടി ലാബിലെ പ്രവർത്തനങ്ങൾ തുടങ്ങിയവ അവർസസൂക്ഷ്മം വീക്ഷിച്ചു സ്മാർട്ട് ക്ലാസ്സ് റൂം എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിലയിരുത്തി അന്ന് ഞങ്ങളുടെ വെണ്ണയിൽ ജൂലി കൊച്ചമ്മയുടെ തകർപ്പൻ ഇംഗ്ലീഷ് ക്ലാസും ബ്ലോക്ക് മന്ത്രിയും ഇടംനേടി 2 ഓർമ്മ ശരിയാണെങ്കിൽ അന്ന് കൊച്ചമ്മ ഇംഗ്ലീഷ് ഇംഗ്ലീഷ് സെക്കൻഡിൽ എ ഷേക്സ്പിയർ ഡ്രാമ ആണ് പഠിപ്പിച്ചുകൊണ്ടിരുന്ന തുടർന്ന് ലൈബ്രറികളും മറ്റ് സ്കൂൾ പ്രവർത്തനങ്ങളും നിരീക്ഷിച്ചു ഹരിതവിദ്യാലയം ടി അനന്തപുരിയിലേക്ക് പോയി (അവസാനഘട്ടം - അങ്കത്തട്ട് ലേക്ക്) രാവിലെ തന്നെ ഞങ്ങൾ ഏകദേശം 10 വിദ്യാർഥികളുമായി കൊച്ചമ്മമാരുടെ സംഘം ഒരു മിനി വാനിൽ തിരുവനന്തപുരം ലക്ഷ്യമാക്കി യാത്ര തിരിച്ചു പല എപ്പിസോഡുകൾ കണ്ട് ഞങ്ങൾ അത്യാവശ്യം നല്ല തയ്യാറെടുപ്പോടെയാണ് പുറപ്പെട്ടത് ആദ്യമായി ഒരു ഷൂട്ടിംഗ് സെറ്റിലേക്ക് പോകുന്ന കൗതുകവും ഞങ്ങൾക്ക് ഉണ്ടായിരുന്നു ഞങ്ങൾ അവിടെ എത്തിയപ്പോൾ മലപ്പുറം പോലീസ് സെക്കൻഡറി സ്കൂൾ ആയിരുന്നു പങ്കെടുത്ത് കൊണ്ടിരുന്നത് ടിവിയിൽ എപ്പിസോഡ് കണ്ടതിൽ അപ്പുറം ജഡ്ജ് നേരിട്ട് കൊതിക്കുമ്പോൾ ഉള്ള അനുഭവം എങ്ങനെയെന്ന് ഞങ്ങൾ അത് കണ്ട് മനസ്സിലാക്കി മലയാളത്തിൻറെ പ്രിയ എഴുത്തുകാരി കെ ആർ മീര യൂണിസെഫ് ഇന്ത്യയുടെ പ്രതിനിധിയും മലയാളിയുമായ പിയൂഷ് ആൻറണി പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോക്ടർ ആർ വി ജി മേനോൻ പ്രശസ്ത ചെറുകഥാകൃത്ത് അക്ബർ കക്കട്ടിൽ തുടങ്ങിയവരായിരുന്നു പ്രധാന വിധികർത്താക്കൾ അക്ബർ സാറിൻറെ ഉതുപ്പാൻ കിണർ എന്ന ചെറുകഥ ഞങ്ങൾ എട്ടാം ക്ലാസിൽ പഠിച്ചിരുന്നു കഥാന്ത്യത്തിൽ പുതു പാൻറ് മരണത്തെ ഉപ്പാൻറെ രേഖ സെറ്റ് ആക്കണം ഗോപനം ചെയ്തു എന്ന് എത്ര മനോഹരമായി വർണിച്ചു എന്ന് ഷൂട്ടിങ്ങിനു ശേഷം കിട്ടിയ അവസരത്തിൽ മലയാളം അധ്യാപിക ചമയം ഞങ്ങളും അദ്ദേഹത്തോട് തന്നെ പങ്കുവെച്ചത് മറക്കാനാവാത്ത നിമിഷം ആണ് സ്കൂൾ ലീഡർ എന്ന നിലയ്ക്ക് എനിക്ക് പല ചോദ്യങ്ങൾക്കും മറുപടി നൽകേണ്ടി വന്നു ഡോക്യുമെൻററി യിൽ കണ്ട് അതിനുമപ്പുറം ആയി എന്തൊക്കെ മാറ്റങ്ങൾ സ്കൂളിൽ കൊണ്ടു വരാൻ ആഗ്രഹിക്കുന്നു എന്നൊക്കെ ആർ ബിജി സാർ ചോദിച്ചു പിയൂഷ് മാഡത്തിന് പുഞ്ചിരിയോടെ ഉള്ള ചോദ്യങ്ങൾ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി പെൺകുട്ടികൾ മാത്രം എന്നത് ഒരു പരിമിതിയായി കാണാതെ ഞങ്ങൾ ഒന്നായി ഇത്രയധികം പ്രവർത്തനങ്ങൾ ചെയ്തേനെ അവർ എല്ലാവരും പ്രകൃതി ച്ചപ്പോൾ അത് ഞങ്ങൾക്ക് അഭിമാന നിമിഷം ഞങ്ങൾ നൂറിൽ 92.5 മാർക്ക് നേടി എന്നാൽ സെമിഫൈനൽ കടക്കുവാൻ 93 മാർക്ക് ആയതിനാൽ ഞങ്ങൾക്ക് ഫൈനൽ വേദി കാണുവാൻ ആയില്ല എന്നിരുന്നാലും ഞങ്ങളുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ഇത്തരമൊരു പരിപാടി സംപ്രേഷണം ചെയ്തപ്പോൾ കിട്ടിയ അനുഭൂതി വേറൊന്നും തന്നെയായിരുന്നു. യൂട്യൂബ് ഒന്നും സജീവമല്ലാത്ത അന്ന് പിറ്റേന്ന് രാവിലെ എട്ടുമണിക്ക് റിപ്പീറ്റ് ടെലികാസ്റ്റ് ഞങ്ങൾ കണ്ടു. 10 വർഷങ്ങൾക്കിപ്പുറം ഈ ഓർമ്മകളിലേക്ക് പോകുമ്പോൾ അന്നും താങ്കൾ നിന്ന് എല്ലാ അധ്യാപകർക്കും ഒരായിരം നന്ദി
എന്റെ വിദ്യാലയ സ്മരണകൾ - പ്രൊഫ. അന്നമ്മ വർഗ്ഗീസ് - ബാലികാമഠം പൂർവ്വ വിദ്യാർത്ഥിനി സംഘടനയുടെ പ്രസിഡന്റ്
യശ:ശരീരനായ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ ദീർഘവീക്ഷണത്തിൻറെ ഫലമായി 1920 ൽ സ്ത്രീകൾക്കു മാത്രമായി ആരംഭിച്ച് തിരുമൂലപുരം ബാലികാമഠം സ്കൂൾ ഇന്ന് 100 വയസ്സുള്ള ഒരു മുത്തശ്ശിയായി മാറിയിരിക്കുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും അവർ വെറും വീട്ടമ്മമാർ ആയിരുന്നാൽ മതിയെന്നും ശഠിച്ചിരുന്നകാലത്ത് ഇങ്ങനെ ഒരു വിദ്യാലയം സ്ഥാപിച്ചതിനാൽ അനേകം സ്ത്രീകൾക്ക് അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു വരുന്നതിനും , ശാകതികരണം ലഭിക്കുന്നതിനും തദ്വാര വിവിധ മേഖലകളിൽ പ്രവർത്തിക്കുവാനും സാധിച്ചു, ഇന്നും സാധിച്ചുകൊണ്ടിരിക്കുന്നു. ഒരു വ്യക്തിയെ ഉത്ക്കൃഷ്ഠനാക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണ് . ഒരു പുരുഷനു വിദ്യാഭ്യാസം നൽകിയാൽ ഒരു വ്യകതി മാത്രമേ നന്നാകുകയുള്ളു. എന്നാൽ ഒരു സ്ത്രീയ്ക്ക് വിദ്യ നൽകിയാൽ ലോകം മുഴുവൻ നന്നാകുന്നു എന്ന പണ്ഡിറ്റ് നെഹറുജി യുടെ വാക്കുകൾ അന്വർത്ഥമാക്കുന്നു. കണ്ടത്തിൽ വർഗീസ് മാപ്പിളയോടൊപ്പം പ്രവർത്തിച്ച ആംഗലേയ വനിതകളായ മിസ് ഹോംസിനെയും മിസ് ബ്രൂക്സ്മിത്തിനെയും സ്മരിക്കുകയും അവരുടെ സ്മരണകളുടെ മുമ്പിൽ എന്റെ ശിരസ്സ് നമിച്ചു കൊണ്ട് എെൻറ വിദ്യാലയത്തെപ്പറ്റിയുള്ള ഓർമ്മകൾ അയവിറക്കട്ടെ. എതാണ്ട് അര നൂറ്റാണ്ടു മുൻപാണ് ഞാൻ എന്റെ വിദ്യാലയത്തെ പറ്റിയുള്ള ഓർമ്മകൾ അയവിറക്കട്ടെ. ഏതാണ്ട് അര നൂറ്റാണ്ടു മുൻപാണ് ഞാൻ എന്റെ സഹോദരന്റെ കൈയ്യിൽ തൂങ്ങി ഈ വിദ്യാലയത്തിന്റെ പടികൾ കയറിയത്. അന്നത്തേതിൽ നിന്നും ഈ സ്ഥാപനത്തിന്റെ കെട്ടും മട്ടും മാറിയിരിക്കുന്നു. വിദ്യാഭ്യാസ രീതിക്കു തന്നെ മാറ്റം സംഭവിച്ചിരിക്കുന്നു.
ഒരു ബോർഡിംഗ് സ്കൂളിൽ പഠിക്കണം എന്നത് എന്റെ സ്വപ്നമായിരുന്നു. അങ്ങനെ ഈ സ്കൂളിന്റെ ബോർഡിംഗിലേക്ക് വളരെ പ്രതീക്ഷയോടെയാണ് ഞാൻ എത്തിയത്. എന്നാൽ ആദ്യ ദിനങ്ങളിൽ എനിക്ക് വലിയ പ്രയാസമായിരുന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും പട്ടണ പ്രദേശത്തേക്ക് ആദ്യമായി വീട്ടിൽ നിന്നും മാറി നിന്നതിന്റെ പ്രയാസം . നേഴ്സറി മുതൽ പഠിച്ചിരുന്ന കുട്ടികൾ ഒക്കെ എന്നേക്കാൾ വളരെ മിടുക്കരെന്ന തോന്നൽ, അപചിതരായ അദ്ധ്യാപകർ, ഇതൊക്കെ എന്നെ വളരെയധികം നിരാശപ്പെടുത്തി. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞാൻ പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേർന്നു. അതിന് എന്നെ സഹായിച്ചത് സിസ്റ്റർ സാറായുടെയും സിസ്റ്റർ മറിയത്തിന്റെയും സ്നേഹസ്മൃണമായ പെരുമാറ്റവും ഉപദേശവുമാണ്. അവരെ നന്ദിപൂർവ്വം സ്മരിക്കുന്നു. അന്ന് Day scholar നെക്കാൾ കൂടുതൽ boarders ഉണ്ടായിരുന്നു. Rose Jasmine, Lotus Tulsi എന്ന നാലു ഗ്രൂപ്പുകളായി ഞങ്ങളെ തിരിച്ചിരുന്നു. ഓരോ ഗ്രൂപ്പിനും ഒരോ ലീഡർ, ഓരോ ക്ലാസ്സിനും ഓരോ മോണിറ്റർ, കൂടാതെ മൊത്തം കുട്ടികൾക്ക് ഒരു ഹെഡ് ഗേൾ.
രാവിലെ 5 മണിക്ക് പത്തിലെ കുട്ടികളും, മറ്റു കുട്ടികൾ ആറു മണിക്കു എഴുനേൽക്കണമായിരുന്നു. പ്രഭാതചര്യകൾക്കു ശേഷം 6.15 മുതൽ 6.30 വരെ Self Devotion. അതിനു ശേഷം 7 മണി വരെ പ്രാർത്ഥന. 7 മുതൽ 7.15 വരെ കുട്ടികൾക്ക് നൽകിയിരുന്ന ചില്ലറ വീട്ടു ജോലികൾ (തൂക്കുക, ഊണുമുറിയിൽ അവരവരുടെ പാത്രങ്ങൾ നിരത്തുക etc.) ചെയ്യണം. ഇതൊക്കെ ക്ലാസ്സ് മോണിറ്ററന്മാർ പരിശോധിക്കും വൃത്തിയായി ചെയ്യാത്തവർക്ക് Badmark ഇടുകയും ചെയ്യുമായിരുന്നു. അതിനു ശേഷം 8.30 വരെ അവരവരുടെ ക്ലാസ്സ് മുറികളിലിരുന്നുള്ള പഠിത്തം. തുടർന്ന പ്രഭാത ഭക്ഷണം. ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ കഞ്ഞിയും പയറുമായിരുന്നു. പയറിന്റെ കൂടെ തരുന്ന ചുവന്ന മുളകു സമന്തിയുടെ സ്വാദ് ഇപ്പോഴുമോർക്കുന്നു. ഞായറാഴ്ച തടിയൻ ദോശയും സാമ്പാറും. ഇന്ന് ഇതുനൊക്കെ മാറ്റം വന്നിരിക്കുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ആയിരുന്നു പഠന സമയം. മറ്റൊരു പ്രത്യേകത 4 മണി മുതൽ 6 മണി വരെയുള്ള സമയം പുസ്തകം തൊടാൻ പാടില്ലായിരുന്നു. ആ സമയം കളിയ്ക്കുന്നതിനും (Games- Volley Ball, Ring Tennis, Hand Ball etc.) കളിയ്ക്കുന്നതിനും മറ്റുമാണ്. ആരെങ്കിലും അത് തെറ്റിച്ചാൽ ബാഡ് മാർക്ക് ഉറപ്പാണ്. അവരവരുടെ ക്ലാസ്സ് റൂമിൽ ഓരോരുത്തരുടെയും പേരെഴിതിയ ചാർട്ട് തൂക്കിയിരിക്കും. അതിൽ ബാഡ് മാർക്ക് രേഖപ്പെടുത്തിയിരിക്കും. എല്ലാ തിങ്കളാഴ്ച്ചയും മദാമ്മയുടെ അദ്ധ്യക്ഷതയിൽ അന്നത്തെ മെയിൻ കെട്ടിടത്തിന്റെ ഹാളിൽ അസംബ്ലി കൂടും. അന്നേരം ക്ലാസ്സ് ടെസ്റ്റിനു ലഭിച്ച ഗ്രേഡ് വായിക്കും. അതോടൊപ്പം ബാഡ് മാർക്കിന്റെ എണ്ണവും. മദാമ്മ തക്ക ശിക്ഷ നർകുമായിരുന്നു.. ഭാഗ്യമെന്നു പറയട്ടെ എനിക്ക് പത്താം ക്ലാസ്സ് വരെ ഒരു ബാഡ് മാർക്കു ലഭിച്ചില്ല. ഇങ്ങനെയൊക്കെയുള്ള ശിക്ഷണ നടപടികൾ അന്ന് കുട്ടികൾ അതൃപ്തി ഉളവാക്കിയെങ്കിലും പിൽകാലത്ത് അവരുടെ ജീവിതത്തിൽ വളരെയധികം ശിക്ഷണം ഉണ്ടാക്കി എന്ന് പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല.
ഭക്ഷണ സാധനങ്ങൾ Waste ആക്കാൻ പാടില്ലായിരുന്നു. ( ഇഷ്ടമില്ലെങ്കിലും). ഭക്ഷണ ശാലയിൽ നിന്നും പാത്രം കഴുകാൻ പോകുന്ന സമയത്ത് എന്തെങ്കിലും പാത്രത്തിൽ മിച്ചം വെച്ചിട്ടുണ്ടൊ എന്ന് നോക്കും. ഇങ്ങനെ അവിടെ നിന്നും ലഭിച്ച ചിട്ടകൾ ഞാൻ തുടരുന്നു. ഒരു സാധനം പോലും waste ചെയ്യാറില്ല. സ്കൂളിലെ ഓരോ മുക്കും മൂലയും എനിക്ക് പ്രയപ്പെട്ടതായിരുന്നു. തട്ടേലായിരുന്നു ഞങ്ങളുടെ പെട്ടികൾ വച്ചിരുന്നത്. എല്ലാവരുടെയും പെട്ടികൾ ഇരുമ്പു പെട്ടികളായിരുന്നു. എല്ലാവർക്കും തുല്ല്യസ്ഥാനമായിരുന്നു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ലായിരുന്നു.
ശനിയാഴചയും ഞായറാഴ്ചയും ആയിരുന്നു Visitors day. Visitors വരുമ്പോൾ മദാമ്മയുടെ അടുക്കൽ പോയി അനുവാദം വാങ്ങണമായിരുന്നു. വീട്ടിൽ നിന്നും എന്തെങ്കിലും ഭക്ഷണസാധനങ്ങൾ കൊണ്ടുവന്നാൽ അവർ പോകുന്നതിനു മുന്ർപായി തിന്നു തീർക്കണമായിരുന്നു. വൈകിട്ട് പ്രാർത്ഥന, പഠനം , ഭക്ഷണം ഇവയ്ക്ക് ശേഷം പത്തിലെ കുട്ടികൾ 10 മണിക്കും ബാക്കി 9 മണിക്കും ഉറങ്ങാൻ കിടക്കണം. കിടന്നു കഴിഞ്ഞാൽ ആരും സംസാരിക്കരുത്. ഞങ്ങളെ ചെക്ക് ചെയ്യാനായി ലില്ലി കൊച്ചമ്മ പൂച്ച വരുന്നതു പോലെ പതിയെ വരും. കൊച്ചമ്മയുടെ ടോർച്ചിന്റെ പ്രകാശം കാണുമ്പോഴേക്കും എല്ലാവരും നിശബ്ദരായിക്കഴിയും. ക്ലാസ്സ് മുറികളിൽ തന്നെ നിലത്ത് പായ് വിരിച്ചാണ് ഉറങ്ങിയിരുന്നത്. രാവിലെ പായ് നല്ലവണ്ണം തൊറുത്ത് വരാന്തയിൽ ഭംഗിയായി അടുക്കി വെയ്ക്കണമായിരുന്നു. വരാന്തയിൽ ഉണങ്ങാൻ ഇടുന്ന തുണികൾ ഉണങ്ങികഴിഞ്ഞാലുടൻ തന്നെ മടക്കി വെയ്ക്കണം. അങ്ങനെ ചെയ്യാത്തവർക്ക് Badmark കിട്ടും. തുണികൾ Gp No. തയ്ച്ചിരിക്കുന്നതിനാൽ ആളുകളെ കണ്ടു പിടിക്കാൻ പ്രയാസമില്ലായിരുന്നു. എന്തിനും ഏതിനും നല്ല ശിക്ഷണം. ഇന്ന് ഞാൻ ഇത്രയും systematic ആകാൻ കാരണം ഈ സ്കൂളിൽ നിന്നും ലഭിച്ച് ചിട്ടകൾ ആണെന്നുല്ളത് തർക്കമറ്റ സംഗതിയാണ്.
പഠിത്തത്തിനു പുറമെ മോറൽ ക്ലാസുകൾക്കും പ്രാധാന്യം നൽകിയിരുന്നു. വ്യക്തിത്വ വികസനത്തിന് എല്ലാ വിധത്തിലും സഹായിച്ചിരുന്നു. വെള്ളിയാഴ്ച്കളിൽ മദാമ്മ ഇംഗ്ലീഷ് പാട്ടുകൾ ഹാർമോണിയം വെച്ച് പഠിച്ചിരുന്നു. ശനിയാഴ്ചകളിൽ ദീനാമ്മ കൊച്ചമ്മ കഥ പറച്ചിലിന് നേതൃത്വം നൽകിയിരുന്നു. ഞായറാഴ്ചകളിൽ ഗ്രൂപ്പ് തിരിച്ച് Variety Entertainment നടത്തിയിരുന്നു. വർഷത്തിലൊരിക്കൽ സെയിൽ ക്രമീകരിച്ചിരുന്നു. കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ല വേദികളായിരുന്നു ഇവയൊക്കെ.
മദാമ്മയുടെ പിറന്നാൾ ദിവസം ആയിരുന്നു എന്നും ഓർക്കുന്നത്. അന്നത്തെ ദിവസം ചാപ്പലിൽ ആരാധനയുണ്ട്. മദാമ്മയെ ഒരുക്കി ചാപ്പലിൽ ഇരുത്തും. ശുഭ്രവസ്ത്രധാരികളായ കുട്ടികൾ ഈ രണ്ടീരണ്ടായി കൈകോർത്തു നിൽക്കും. ചാപ്പൽ മുതൽ മദാമ്മയുടെ മുറി വരെ വെള്ളത്തോരണങ്ങളാൽ അലങ്കരിച്ചിരിക്കും. ബർത്ത്ഡേ പാട്ടു പാടുമ്പോൾ മദാമ്മ ചാപ്പലിൽ നിന്നു മുറിയിലേക്ക് പോകും. കുട്ടികൾക്ക് എല്ലാം മിഠായി നൽകുമായിരുന്നു. . തോലശ്ശേരി സി.എസ്.ഐ പള്ളിയിലെ ആരാധനയ്ക്ക് സിഎസ്.ഐ കുട്ടികളെ മദാമ്മ കൊണ്ടുപോകുമായിരുന്നു. ആ പോക്കു വരവിനിടയിൽ മദാമ്മ സ്ഥാപിച്ച നെയ്തേതു ശാലകളിൽ കയറി നെയ്ത്തുകാരുടെ കുശലങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. ഇന്നും ആ നെയ്ത്തു യൂണിറ്റുകളിൽ ചിലതൊക്കെ പ്രവർത്തിക്കുന്നുണ്ട്. തോലശ്ശേരി ഷീറ്റുകൾ പ്രസിദ്ധമാണെല്ലോ. വിദേശത്തുനിന്നും തന്റെ നല്ല പ്രായത്തിൽ മദ്ധ്യതിരുവിതാംകൂറിൽ വന്ന് സ്ത്രീകൾക്കുവേണ്ടി തന്റെ ജീവിതം ഹോമിച്ച ആ ആദർശ വനിതയെപ്പറ്റി ഓർക്കുമ്പോൾ ഞാൻ പുളകിതയാകുകയാണ്. അവരുടെ തയ്യൽ, ഇംഗ്ലീഷ് സാഹിത്യത്തിലുള്ള പ്രാവീണ്യം, പാട്ടിലുള്ള വാസന കുട്ടികളുടെ ഇരിപ്പ്, നടത്തം എന്നിവയിലുള്ള ശ്രദ്ധ, പ്രകൃതിയോടുള്ള സ്നേഹം എല്ലാം എല്ലാം അതുല്യമായിരുന്നു. അവ വർണ്ണിക്കുവാൻ എനിക്കു വാക്കുകളില്ല . എന്റെ എസ്.എസ്.എൽ.സി ബുക്കിന്റെ അവസാനത്തെ പേജിൽ എന്നെ പറ്റിയുള്ള ഡീറ്റേൽസ് അവരുടെ സ്വന്തം കൈപ്പടയിലുള്ളതാണ്. ആ എഴുത്തുകൾ വളരെ വിലയേറിയതായി ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നു.
എന്റെ അദ്ധ്യാപകരിൽ കൂടുതൽ പേരും ബോർഡിംഗിൽ താമസിക്കുന്നവരായിരുന്നു. ഇന്നത്തേക്കാൾ അദ്ധ്യാപക-ശിഷ്യബന്ധങ്ങൾ സുദൃഡമായിരുന്നു. ഇന്ന് ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടിയിരിക്കുന്നു. വിദ്യാഭ്യാസമേഖല തന്നെ വ്യവസായവത്ക്കരിക്കപ്പെട്ടിരിക്കുന്നു. എന്റെ ഇഷ്ട വിഷയമായ കണക്കു പഠിപ്പിച്ച വി.ഐ മറിയാമ്മ കൊച്ചമ്മ, ഇംഗ്ലീഷും സയൻസും പഠിപ്പിച്ച അമ്മുക്കുട്ടി കൊച്ചമ്മ, സോഷ്യൽ സയൻസ് - ഏലിയാമ്മ കൊച്ചമ്മ, മലയാളം - മീനാക്ഷി ചേച്ചി, ഹെഡ്‍മാസ്റ്റർ - പി.വി വർഗീസ് സാർ, റൈട്ടർ സാർ, തയ്യൽ - റോസമ്മ കൊച്ചമ്മ, വീണ ചേച്ചി എല്ലാവരും എന്റെ സ്മൃതി മണ്ഡലത്തിൽ ഉണ്ട്.
ചാപ്പൽ എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. അനേകം 4 മണികൾ ഞാൻ അവിടെ ചെലവഴിച്ചിട്ടുണ്ട്. ആ പ്രാർത്ഷനാ ശീലം ഇന്നും അഭംഗുരം തുടരുന്നു. അങ്ങനെ ബാലികാമഠം സ്‍കൂളിൽ ഹൈസ്‍കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ എല്ലാ മേഖലകളിലും നല്ല ചിട്ടകൾ എനിക്ക് ലഭിച്ചിരുന്നു. എന്റെ ഔദ്യോഗിക ജീവിതം വിജയപ്രദമാകാൻ സാധച്ചത്. ഇവിടെ നിന്നും ലഭിച്ച പരിശീലനമാണെന്ന് പറയുന്നതിന് എനിക്ക് സന്തോഷമുണ്ട്.
ഇന്ന് എനിക്ക് സ്‍ക്കൂളുമായി നല്ല ബന്ധമുണ്ട്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിനിസംഘടനയുടെ പ്രസിഡന്റായി ഞാൻ പ്രവർത്തിച്ചു വരുന്നു. ശതാബ്തിയിടെ നിറവിലായിരിക്കുന്ന എന്റെ വിദ്യാലയത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നെ ഞാനാക്കിയ എന്റെ സ്ക്കൂൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായ പ്രാർത്ഥനയോടുകൂടി എന്റെ പൂർവ്വകാല സ്മരണകൾക്ക് വിരാമമിടുന്നു.