ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 30 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sijimj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ .എൽ .പി .സ്കൂൾ ,മാട്ടറ @ 49

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ ഇരിക്കൂർ ഉപജില്ലയിൽ , ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ മലയോര - കുടിയേറ്റ ഗ്രാമങ്ങളായ , കർണാടക വനത്തിന്റെ ഓരം ചേർന്ന് സ്ഥിതിചെയ്യുന്ന മാട്ടറ, കാലാങ്കി , കടമനക്കണ്ടി, വട്ടിയാംതോട് തുടങ്ങിയ ഗ്രാമങ്ങളുൾപ്പെടുന്ന വളരെ വിസ്തൃതമായ ദേശത്ത് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രാഥമീകവിദ്യാഭ്യാസത്തിന് പോലും സൗകര്യമുണ്ടായില്ല എന്നത് വലിയ പോരായ്മയായി നിലനിന്നു. പത്തുപതിനഞ്ചു കിലോമീറ്ററുകൾ താണ്ടി കുന്ന് കയറിയും പുഴ കടന്നും സ്കൂൾ വിദ്യാഭ്യാസം തുടങ്ങാൻ അഞ്ച് വയസ്സുകാർ ഏറെ ദൂരം യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥ നാടിന് ദുഃഖമായി തുടർന്നു.

ഇതിന് ഒരു പരിഹാരം തേടി നാട്ടിലെ പൊതുപ്രവർത്തകർ 1970 കളുടെ ആദ്യം നടത്തിയ പരിശ്രമത്തിന്റെ വിജയമാണ് 1973 ൽ സ്ഥാപിക്കപ്പെട്ട മാട്ടറ ഗവ.എൽ.പി.സ്കൂൾ എന്ന സർക്കാർ പള്ളിക്കൂടം. ഒരു പ്രാഥമീക വിദ്യാലയമെങ്കിലും നാട്ടിൽ ഉണ്ടായി മക്കളുടെ പ്രൈമറിതല പഠനമെങ്കിലും നാട്ടിൽത്തന്നെ നടത്താനാവണമെന്ന ഗ്രാമീണരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് മാട്ടറയിൽ 1973 ൽ പൂവണിഞ്ഞത്.

മാട്ടറയിൽ ഒരു വിദ്യാലയം അനുവദിക്കപ്പെട്ടപ്പോൾ അതൊരു എയിഡഡ് - മാനേജ്‌മെന്റ് സ്കൂൾ ആയി മാറുവാൻ സാദ്ധ്യതകളേറെയായിരുന്നു. കാരണം സർക്കാർ സ്കൂളിനായി സൗജന്യമായി സ്ഥലവും കെട്ടിടവുമൊരുക്കാൻ നാട്ടുകാർക്ക് പരിമിതികളുണ്ടായിരുന്നു. എന്നാൽ നാടിന് അനുവദിക്കപ്പെട്ട സ്കൂൾ എന്നെന്നും നാട്ടുകാരുടെ സ്വന്തമാവുന്ന സർക്കാർ സ്കൂൾ തന്നെയാവണമെന്ന നാട്ടിലെ പൊതുപ്രവർത്തകരുടെ താല്പര്യത്തിനും കഠിനപരിശ്രമത്തിനും ഇച്ഛാശക്തിക്കും നിശ്ചയദാർഢ്യത്തിനും മുന്നിൽ പരിമിതികളുടെ മഞ്ഞുരുകി മാറാൻ കാലമേറെ വേണ്ടി വന്നില്ല. നാട്ടുകാരുടെ ഇടയിൽ നിന്നും ഒരു കമ്മിറ്റി സ്കൂളിന് വേണ്ടി ഉണ്ടായി.

ശ്രീ.പി.എം.തോമസ് പുളിയ്ക്കാട്ട് പ്രസിഡണ്ടും ജോസഫ് മുറിഞ്ഞകല്ലേൽ വൈസ് പ്രസിഡണ്ടും ഉള്ളാഹയിൽ ഇയ്യോബ് സെക്രട്ടറിയുമായി കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന, മണ്ണിനോടും മലയോടും കാടിനോടും കാട്ടാറിനോടും മത്സരിക്കുന്ന ദേശവാസികളുടെ മനസ്സ് ഒരുമിച്ചപ്പോൾ , ചെറിയ തുക സംഭാവനയായി കമ്മിറ്റിക്ക് ലഭിച്ചു. നാമമാത്രമായതെങ്കിലും ഒരു തുക നല്കിത്തന്നെ സ്കൂളിന് സ്ഥലം സ്വന്തമാക്കാൻ കമ്മിറ്റിക്ക് കഴിഞ്ഞു. കൊച്ചു പറമ്പിൽ കുഞ്ഞേട്ടനോട് സ്കൂളിനായി ഒരേക്കർ സ്ഥലം കമ്മിറ്റി വാങ്ങി. തുടർന്ന് സ്ഥലവും കെട്ടിടവും ഒരുങ്ങിയത് നാട്ടുകാരുടെ അദ്ധ്വാനത്തിന്റെ ശരവേഗത്തിലാണ്. ആദ്യമൊരു ഓലമേഞ്ഞ വിദ്യാലയപ്പുരയാണുണ്ടായത്. കാട്ടിലെ ഈറ്റകളാൽ ചുമരുകളൊരുക്കി ക്ലാസ്സുകൾ വേർതിരിച്ച നാലുകാലോലപ്പുര . ഈ സ്കൂളാരുക്കം പൂർത്തിയാകും വരെ മാട്ടറ ഗവ.എൽ.പി.സ്കൂൾ ക്ലാസ്സുകൾ നടന്നത് മാട്ടറയിലെ പള്ളിക്കെട്ടിടത്തിലാണ്.

മാടായി ഗവ.യു.പി.സ്കൂളിൽ നിന്നും സ്കൂളിനൊരു ടീച്ചറുമെത്തിയപ്പോൾ ജനങ്ങൾ സന്തോഷക്കപ്പലിലേറി. ശ്രീ.പി.എം. ഏലിക്കുട്ടി ടീച്ചറാണ് ആദ്യ പ്രഥമാദ്ധ്യാപികയായി [ ഇൻ ചാർജ്] സ്കൂളിലെത്തിയത്. വിദ്യാഭ്യാസ വകുപ്പു തലത്തിൽ ടീച്ചർക്ക് ഉപദേശനിർദ്ദേശങ്ങളുമായി എ.ഇ. ഒ. ശ്രീ കെ.കേളപ്പൻ നമ്പ്യാറും നാട്ടുകാരുടെ മനസ്സിനൊപ്പം ടീച്ചർക്ക് താങ്ങും തണലുമൊരുക്കി.

കർണാടക വനത്താൽ ചുറ്റപ്പെട്ട മാട്ടറയിൽ സ്ഥാപിതമായ സർക്കാർ പള്ളിക്കൂടത്തിൽ 125 കുട്ടികൾ ഒന്നാം തരത്തിൽ പ്രവേശനം നേടി. ആദ്യ വർഷം ഏകാദ്ധ്യാപിക വിദ്യാലയമായാണ് സ്കൂൾ പ്രവർത്തിച്ചത്. ക്ലാസ്സ് ടീച്ചറും ഹെഡ് ടീച്ചറുമൊക്കെ - " ഒന്നാം തരം . " - ടീച്ചറായ ശ്രീ പി.എം. ഏലിക്കുട്ടി തന്നെ. മാട്ടറ പള്ളിയിലെ ദൈവിക സാന്നിദ്ധ്യത്തിൽ പ്രവർത്തിച്ച വിദ്യാലയം, സ്വന്തമായി ഒരു സ്കൂൾ പുര തയാറായതോടെ ഇന്നത്തെ സ്കൂൾ സ്ഥലത്തേക്ക് മാറി. 1974 ൽ ഏലിക്കുട്ടി ടീച്ചർക്ക് കൂട്ടായി നുച്യാട് ഗവ.യു.പി.സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകനും കൂടി മാട്ടറ സ്കൂളിലെത്തി.

എന്നാൽ വർഷാവസാനം അദ്ദേഹം സ്ഥലം മാറി മാട്ടറ വിട്ടു. 1974-75 വിദ്യാലയവർഷത്തിൽ ശ്രീ ഒ.എസ്. ബേബി, കെ.ഒ. ത്രേസ്യാമ്മ എന്നീ അദ്ധ്യാപികമാർ മാട്ടറ സ്കൂളിൽ നിയമിതരായി. ഒരു പൂർണ്ണ എൽ.പി.സ്കൂളായി മാറും വരെ നാല് കൊല്ലവും ശ്രീ. ഏലിക്കുട്ടി ടീച്ചർ തന്നെ ഹെഡ്മിസ്ടസ്സിന്റെ ഉത്തരവാദിത്തങ്ങൾ - " ഇൻ ചാർജ് " - എന്ന നിലയിൽ നിർവ്വഹിച്ചു. 1977 ൽ ശ്രീ.എം.ഒ. ജനാർദ്ദനൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി സ്കൂളിൽ ചുമതലയേറ്റു. 1981 ജൂലൈ മാസം വരെ അദ്ദേഹം അമരത്ത് തുടർന്നു. 24/07/1981 ന് ശ്രീ എൻ. പത്മാവതി പ്രഥമാദ്ധ്യാപികയായെത്തി. അവർ 1984 ൽ മാട്ടറയിൽ നിന്നും വിടവാങ്ങി. 1984 ജൂലൈ 20 ന് ശ്രീ എം.സി.രാഘവൻ മാസ്റ്റർ പ്രമോദ്ധ്യാപകനായി സ്കൂളിലെത്തി. അദ്ദേഹം മൂന്ന് വർഷം സേവനം തുടർന്നു. 16/07/1987 ന് ശ്രീ പി.എം.രാധാകൃഷ്ണൻ നമ്പ്യാർ ഹെഡ്മാസ്റ്റർ പദവിയിൽ മാട്ടറ ഗവ.സ്കൂളിലെത്തി. 1990 ൽ അദ്ദേഹം പോയ ഒഴിവിൽ ശ്രീ.വി.പി.ഗോവിന്ദൻ ഹെഡ്മാസ്റ്ററായെത്തി. അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചപ്പോൾ 13/12/1991 ന് ശ്രീ കെ.കെ. മുഹമ്മദ് മാസ്റ്റർ ഹെഡ്മാസ്റ്ററായി വന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1992 ൽ , സ്കൂളിന് ഒരു കളിസ്ഥലമൊരുക്കാൻ പ്രവർത്തനം നടന്നു.. നാട്ടുകാരുടെ പരിശ്രമം ശ്രമദാനമായി മാറിയപ്പോൾ സ്കൂളിലൊരു കളിസ്ഥലമുണ്ടായി. മുഹമ്മദ് മാസ്റ്റർ സ്ഥലം മാറി മാട്ടറയിൽ നിന്നും പോയതിനെ തുടർന്ന് 8/6/1993 ന് ശ്രീ.കെ.രാമചന്ദ്രൻ നമ്പ്യാർ ഹെഡ്മാസ്റ്ററായി വന്നു. അതിനു ശേഷം 1994 ൽ ശ്രീ എം.കെ.നാരായണനും 1995 ൽ ശ്രീ പി.കണ്ണനും പ്രധാനാദ്ധ്യാ കരായി സ്കൂളിലെത്തി. കണ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായപ്പോൾ സ്കൂളിന് ഒരു പുതിയ കെട്ടിടം നിർമ്മിക്കുവാൻ പി.ടി.എ. തീരുമാനമെടുത്തു. കർണാടക വനം ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കെട്ടിടത്തിനാവശ്യമായ മര ഉരുപ്പടികൾ കണ്ടെത്താൻ കഴിഞ്ഞത് വലിയ നേട്ടമായി. അങ്ങനെ 4 ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടം നിർമ്മിതമായി. അദ്ദേഹം സ്ഥലം മാറിയപ്പോൾ ശ്രീ സി.കുഞ്ഞിക്കണ്ണൻ ഹെഡ്മാസ്റ്ററായി വന്നു. മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം വിരമിച്ചപ്പോൾ ശ്രീ എം എം.രാമചന്ദ്രൻ ഹെഡ്മാസ്റ്ററായി വന്നു. അദ്ദേഹത്തിന്റെ പ്രവർത്തന കാലത്താണ് ശ്രീ എ.പി.അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട് ക്ലാസ്സ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന കെട്ടിടം നിർമ്മിച്ചത്.

2002 ൽ രാമചന്ദ്രൻ മാസ്റ്റർ വിരമിച്ചപ്പോൾ ഈ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീ മേരി 08/05/2002 ന് ഹെഡ്മിസ്ട്രസ്സായി സ്ഥാനക്കയറ്റം നേടി ഉത്തരവാദിത്തമേറ്റു. മേരി ടീച്ചറുടെ പ്രവർത്തന വേളയിൽ SSA പദ്ധതിയുടെ ഭാഗമായി 2 ക്ലാസ്സുമുറികളുള്ള കെട്ടിടം പണിതു. ഈ കാലത്ത് സ്കൂളിന് ചുറ്റുമതിൽ, സ്റ്റേജ്, മൂത്രപ്പുര, കക്കൂസ്, എന്നിവയെല്ലാം നിർമ്മിക്കാൻ സാധിച്ചു. 2005 ൽ ശ്രീ മേരിടീച്ചർ വിരമിച്ചു. തുടർന്ന് സ്കൂളിലെ അദ്ധ്യാപകൻ ശ്രീ കെ.കെ.സുരേന്ദ്രൻ പ്രധാനാദ്ധ്യാപകന്റെ ഉത്തരവാദിത്തം വഹിച്ചു. 18/06/2005 ൽ ശ്രീ കെ.ഷീല പ്രധാനാദ്ധ്യാപികയായി സ്കൂളിലെത്തി. ഷീല ടീച്ചർക്ക് ശേഷം ഹെഡ്മിസ്ടുസ്സായത് ശ്രീ ലത ടീച്ചറാണ്. പിന്നീട് 10/06/2011 വരെ ശ്രീ സുലോചന ടീച്ചറും 13/06/2011 മുതൽ 31/03/2011 വരെ സരസ്വതി ടീച്ചറും പ്രധാനാദ്ധ്യാപികമാരായി പ്രവർത്തിച്ചു. തുടർന്ന് സ്കൂളിലെ സീനിയർ ടീച്ചർ ശ്രീ ഡെയ്സി മാത്യു പ്രധാനാദ്ധ്യാപികയുടെ ചാർജ് വഹിച്ചു. 2016 ജൂൺ 15 ന് പ്രധാനാദ്ധ്യാപികയായെത്തിയ ശ്രീ സരസ്വതി ടീച്ചർ 1/6/2017 വരെ സ്ഥാനത്ത് തുടർന്നു. 1/6/2017 മുതൽ ഒരു വർഷം ശ്രീ സിറാജ് മാസ്റ്റർ ഹെഡ്മാസ്റ്ററായി. ശ്രീ സിറാജ് മാസ്റ്റർ സ്ഥലം മാറ്റം ലഭിച്ച് വിടുതലായ ശേഷം സ്കൂൾ ദേശത്ത് തന്നെ താമസിക്കുന്ന മോളി ടീച്ചർ ഹെഡ് ടീച്ചറായെത്തി. വർഗീസ് വരമ്പുങ്കൽ  04/07/2022 ന് ശ്രീമതി. നീന മേരി ജെ പ്രധാനാദ്ധ്യാപികയായി സ്കൂളിലെത്തി.മോളി ടീച്ചർ വിരമിച്ച ശേഷം 2019 ജൂൺ 7 ന് ശ്രീ വി ഇ.കുഞ്ഞനന്തൻ സ്കൂളിൽ പ്രധാനാദ്ധ്യാപകനായെത്തി.ശ്രീ. .കുഞ്ഞനന്തൻ സാറിന്റെ പ്രവർത്തനകാലത്തു കണ്ണൂർ എം.പി. ശ്രീ. ശ്രീമതി ടീച്ചർ അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യങ്ങൾ സ്കൂൾ ഹാളിലും ഇരിക്കൂർ എം.എൽ.എ. ശ്രീ കെ.സി.ജോസഫ് അനുവദിച്ച സ്മാർട് ക്ലാസ് റൂം സൗകര്യം ഒന്നാം ക്ലാസ്സിലും ക്രമീകരിച്ചു. ഇതോടെ മുഴുവൻ കുട്ടികളെ ഒന്നിച്ചിരുത്തി ഹാളിലും ഒരു ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമായി ഒരു ക്ലാസ്സ് മുറിയിലും ദൃശ്യ-ശ്രാവ്യ-ഉപകരണങ്ങളുടെ സഹായത്തോടെ ക്ലാസ്സ് നല്കാൻ സാധിക്കുന്നു. 2020 ജനുവരി 26 മുതൽ ഫെബ്രുവരി 25 വരെ ഒരു മാസക്കാലം മാട്ടറയുത്സവം എന്ന പേരിൽ സ്കൂൾ വാർഷികാഘോഷം ഏഴോളം വ്യത്യസ്ത പരിപാടികൾ ഉൾക്കൊള്ളിച്ച് ജനകീയമായി നടത്തുവാൻ സാധിച്ചത് സ്കൂൾ സമിതികൾക്കും നാട്ടുകാർക്കുമാകെ ഒരു പുതിയ അനുഭവമായി. സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 5 ലക്ഷം രൂപായുടെ മേജർ റിപ്പയർ വർക്സ് ഏറ്റെടുത്ത് നടത്തുക വഴി സ്കൂൾ ഹാൾ അടക്കമുള്ള കെട്ടിടങ്ങൾക്കും ടോയലറ്റ് അടക്കമുള്ള അനുബന്ധ സൗകര്യങ്ങളും നവീകരിക്കാൻ സാധിച്ചു. സ്കൂളിലെ 4 കുട്ടികൾക്ക് എൽ.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ചതും ഈ വേളയിലെ പ്രത്യേക പരാമർശമർഹിക്കുന്ന കാര്യങ്ങളത്രെ. ഈ കാലത്ത് തന്നെയാണ് പി.ടി.എ.യെ കൂടാതെ സ്കൂളിൽ എസ്.എം.സി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ നല്ലൊരു ലാബ്, ഹാൾ, സ്റ്റേജ്, ആവശ്യമായ ഇരിപ്പിടങ്ങൾ ലൈബ്രറി, കളിസ്ഥലം, ശുചി മുറികൾ, മറ്റ് ഭൗതീക സാഹചര്യങ്ങൾ എന്നിവ സ്കൂളലുണ്ട്. സ്കൂളിൽ അടുക്കളയും സ്റ്റോർ മുറിയും ഉണ്ടെങ്കിലും അതിന് നവീകരണം ആവശ്യമാണ്. നല്ലൊരു അടുക്കളയും അനുബന്ധ സൗകര്യങ്ങളും സമീപ വർഷങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കുടിവെള്ളം ഇപ്പോഴത്തെ കിണറിൽ ആവശ്യത്തിന് ലഭിക്കുന്നുണ്ടെങ്കിലും കടുത്ത വേനലിൽ അത് വറ്റാറുണ്ട്. ജലലഭ്യതക്ക് താല്ക്കാലിക ബദൽ ഏർപ്പാടുകൾ ഉണ്ടെങ്കിലും വെള്ളം യഥേഷ്ടം ലഭിക്കാനും പുതുതായി ക്രമീകരണം ആവശ്യമാണ്. ശ്രീ. കുഞ്ഞനന്തൻ സാർ 31/05/2022 ന് വിരമിച്ചു. 04/07/2022 ന് ശ്രീമതി. നീന മേരി ജെ പ്രധാനാദ്ധ്യാപികയായി സ്കൂളിലെത്തി. ശ്രീ. വർഗീസ് വരമ്പുങ്കൽ പ്രസിഡണ്ടായ പി.ടി.എ യും ശ്രീ. കെ.സി. സാബു ചെയർമാനായ എസ്.എം.സി.യും ശ്രീമതി ലീന ജോസഫ് അദ്ധ്യക്ഷയായ മദർ പി.ടി.എ.യും ഒരൊറ്റ സമിതിയെന്നോണം ഒരുമിച്ച് സ്കൂളിനായി പ്രവർത്തിച്ചുവരുന്നു. എൽ.പി.എസ്.എ. ശ്രീമതി മറിയാമ്മ എം.ജെ. എസ്. ആർ.ജി കൺവീനറും എസ്.ഐ.ടി.സി യുമാണ്.സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എൽ.പി.എസ്.എ ശ്രീമതി പി.ജോളിക്കുട്ടി മാത്യു, എൽ.പി.എസ്.എ ശ്രീമതി ദീപ ടി.വി, പി.ടി.സി.എം ശ്രീ എം.കെ.ഹരീന്ദ്രനാഥൻ എന്നിവരാണ് ഹെഡ്മാസ്റ്റർക്കൊപ്പം സ്കൂളിലുള്ള ജീവനക്കാർ. ഒപ്പം പ്രീ-പ്രൈമറി ടീച്ചർ ശ്രീ ആൻസി സണ്ണിയും പാചക ജോലിക്കാരി സുഷ അനിൽക്കുമാറും സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് ഇന്ന് നിലവിലുള്ള എല്ലാവിധ നന്മയും സ്കൂൾ അദ്ധ്യാപികമാരുടേയും മറ്റ് ജീവനക്കാരുടേയും പ്രവർത്തന സവിശേഷതയും കൂട്ടായ്മയും പി.ടി.എ. തുടങ്ങിയ സ്കൂൾ സമിതികളുടെ പ്രവർത്തന മികവും കാരണമാണ് കൈവരിക്കാൻ സാധിച്ചിട്ടുള്ളത്.

നിലവിൽ സ്കൂളിൽ കുട്ടികളുടെ എണ്ണക്കുറവ് അനുഭവപ്പെടുന്നത് പ്രത്യയത്തിൽ ഒരു പോരായ്മ തന്നെയാണ്.

എന്നാൽ സ്കൂൾപ്രദേശത്തെ കുട്ടികളുടെ കുറവും അതിന് കാരണമാണ് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്