ജി യു പി എസ് വെള്ളംകുളങ്ങര/Say No To Drugs Campaign
ലഹരിമുക്ത കേരളം - ' സേ നോ ടു ഡ്രഗ്‍സ് ' സ്‍കൂൾതല ക്യാമ്പയിൻ
ജനജാഗ്രതാ സമിതി രൂപീകരണം
ലഹരിക്കെതിരെയുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടത്തി സ്കൂൾതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനായി സ്കൂൾതല ജന ജാഗ്രത സമിതിയുടെ രൂപീകരണം ഒക്ടോബർ -1 ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു.ജനജാഗ്രതാ സമിതിയുടെ അധ്യക്ഷനായി എസ്.എം.സി ചെയർമാൻ ഗിരീഷ് ആർ. കൺവീനറായി പ്രഥമാധ്യാപിക കെ.കെ.ഷൈല, രക്ഷാധികാരിയായി വാർഡ് മെമ്പർ ശ്രീ. ജയകൃഷ്ണൻ എന്നിവർ സ്ഥാനമേറ്റു.സ്‍കൂൾ വികസന സമിതി ചെയർമാൻ രവീന്ദ്രനാഥൻ നായർ, സ്കൂൾ വികസന സമിതി വൈസ് ചെയർപേഴ്സൺ രജനി, മാതൃസംഗമം പ്രസിഡണ്ട് അശ്വതി ഉണ്ണിത്താൻ, എസ്.എം.സി വൈസ് ചെയർപേഴ്സൺ അമ്പിളി,സ്കൂൾ സുരക്ഷാ സമിതി കൺവീനർ ശ്രീലാൽ,എസ്.എം.സി എക്സിക്യൂട്ടീവ് അംഗങ്ങളായ മായ, കൃഷ്ണപ്രഭ, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ അനൂപ് ( ടാക്സി ഡ്രൈവർ),അനു (വ്യാപാരി), വിജിത്ത് ലാൽ ( യുവകർഷകൻ, യുവജന സംഘടനാംഗം), അധ്യാപകരായ രജനീഷ് വി. ,സിന്ധു എസ്. ,സജിത ബി. എന്നിവരും സമിതിയിലെ എക്സിക്യൂട്ടീവ് അംഗങ്ങളായി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒക്ടോബർ 2 മുതൽ നവംബർ ഒന്നു വരെയുള്ള ഒരു മാസക്കാലം വിപുലമായ പരിപാടികൾ സ്കൂൾതലത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കുവാൻ സമിതിയുടെ ആദ്യ യോഗത്തിൽ തന്നെ തീരുമാനമായി. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ തീവ്രജ്ഞ പരിപാടിയുടെ തൽസമയ സംപ്രേഷണം കുട്ടികളെ കാണിച്ചുകൊണ്ട് പരിപാടികൾക്ക് തുടക്കമിടുവാൻ തീരുമാനിച്ചു.തുടർന്ന് കുട്ടികൾക്കായി അധ്യാപകർ നൽകുന്ന ബോധവൽക്കരണ ക്ലാസും നടത്തുവാൻ തീരുമാനമായി. ലഹരി വിരുദ്ധ സന്ദേശങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ നിന്നും ലഹരി വിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കിക്കൊണ്ടു വരുന്നതും, വീട്ടുകാരെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ പോസ്റ്റർ രചനയും നടത്തുന്നതും ഉചിതമായിരിക്കുമെന്ന അഭിപ്രായം യോഗത്തിലുണ്ടായി.
ലഹരിയുടെ വിപത്തുകളെ കുറിച്ച് മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്നതിനായി ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുവാനും,ലഹരി എന്ന മാരക വിപത്ത് എത്രത്തോളം വെറുക്കപ്പെടേണ്ടതും നശിപ്പിക്കപ്പെടേണ്ടതും ആണെന്ന് കുട്ടികളിൽ ബോധം ഉണർത്തുന്നതിനായി പ്രതീകാത്മക ലഹരി ഉൽപ്പന്നങ്ങൾ കുട്ടികളുടെ സാന്നിധ്യത്തിൽ കൂട്ടിയിട്ട് കത്തിക്കുവാനും തീരുമാനിച്ചു.ലഹരി എന്ന അന്ധകാരത്തിൽ നിന്നും രക്ഷനേടിയാൽ ജീവിതം പ്രകാശപൂരിതമാകും എന്നുള്ള സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ' ലഹരി വിരുദ്ധ ദീപം ' കുട്ടികൾ, അധ്യാപകർ, അനധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, എന്നിങ്ങനെ സ്കൂളുമായി സഹകരിക്കുന്ന എല്ലാവരുടെയും വീടുകളിൽ തെളിയിക്കണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു.കുട്ടികൾക്ക് നൽകിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് പുറമേ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിദഗ്ധനെ വരുത്തി ബോധവൽക്കരണ ക്ലാസ് നൽകുവാനും, ഇതിനുപുറമേ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ കലാപരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുവാനും തീരുമാനമായി. നവംബർ ഒന്നിന് 3 മണിക്ക് സ്കൂളിൽ ലഹരി വിരുദ്ധ ശൃംഖലയും, ലഹരിവിരുദ്ധ പ്രതിജ്ഞയും സമുചിതമായി നടത്തുവാനും തീരുമാനിച്ചു.